രചന : അപ്പു
::::::::::::::::::::::::::::
” പണ്ട്.. നമ്മുടെ കുട്ടിക്കാലത്തു.. നമ്മൾ കണ്ണാരം പൊത്തി കളിച്ചിരുന്നത് ഓർമ്മയുണ്ടോ..? “
അവൻ ചോദിച്ചപ്പോൾ അവൾ മൂളി.
” അന്ന് നീ എന്റെ കൈയിൽ നിന്ന് പിടി വിടില്ലായിരുന്നു. അത്ര ഇഷ്ടമായിരുന്നു നിനക്ക് എന്നെ.. “
അതിന് മറുപടി ആയിട്ടും അവൾ മൂളിയതേയുള്ളൂ .
” നിനക്ക് ഓർമ്മയുണ്ടോ.. അന്ന് നമ്മുടെ വീടിനടുത്ത് ഉണ്ടായിരുന്ന വീണ എന്റെ കയ്യിൽ പിടിച്ചതിന് നീ അവളെ തള്ളി താഴെ ഇട്ടത്..? എന്നിട്ട് അന്ന് നീ ഒരു ഡയലോഗും പറഞ്ഞു.. “
ആ രംഗം മുന്നിൽ കണ്ടതുപോലെ അവൻ ഒന്ന് ചിരിച്ചു.
” ഉണ്ണിയേട്ടൻ എന്റെ ആണ്.. ഉണ്ണിയേട്ടന്റെ കയ്യിൽ ഞാൻ മാത്രം പിടിച്ചാൽ മതി.. നീ ഉണ്ണിയേട്ടനെ തൊടണ്ട.. “
വാശിയോടെ വിളിച്ചു പറയുന്ന ഒരു പെൺകുട്ടിയെ അവൻ ഓർത്തെടുത്തു. അവളും ആ രംഗങ്ങൾ ഓർക്കുകയാണ് എന്ന് അവളുടെ മുഖത്തെ പുഞ്ചിരിയിൽ നിന്ന് തന്നെ മനസ്സിലാക്കാം.
” അന്നൊക്കെ എന്ത് രസമായിരുന്നു അല്ലേ..? ശരിക്കും പറഞ്ഞാൽ നമ്മളാരും വളരണ്ടായിരുന്നു.. വളർന്നത് കൊണ്ടല്ലേ അന്നത്തെ ആ കാഴ്ചകളും ആ സന്തോഷങ്ങളും മുഴുവൻ നമുക്ക് നഷ്ടമായത്..? “
അത് പറയുമ്പോൾ അവരുടെ മുഖത്ത് വല്ലാത്തൊരു നഷ്ടബോധം പ്രകടമായിരുന്നു.
” എന്റെ കാര്യത്തിൽ മാത്രം നീ ഭയങ്കര സ്വാർത്ഥയായിരുന്നു. എവിടെ പോകുമ്പോഴും എങ്ങോട്ട് തിരിയുമ്പോഴും നീ മാത്രം എന്നോടൊപ്പം ഉണ്ടാകണമെന്ന് നീ ആഗ്രഹിച്ചു. എന്നോടുള്ള നിന്റെ ആ സമീപനം കൊണ്ടാണ് മുതിർന്നപ്പോൾ എന്റെയുള്ളിൽ നിന്നോട് ഒരു പ്രണയം മൊട്ടിട്ടത്. പക്ഷേ അത് നിന്നോട് പറയാൻ എനിക്ക് ഭയമായിരുന്നു.. “
അവളുടെ നോട്ടം കണ്ടപ്പോൾ അവൻ തലതാഴ്ത്തി.
” ഉണ്ണിയേട്ടന് എന്നോട് അങ്ങനെയൊരു ഇഷ്ടമുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു.”
പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു.
“നിന്നോട് പറയാൻ വൈകിയതാണ് ഞാൻ ചെയ്ത തെറ്റ്.നേരത്തെ നിന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ നമ്മുടെ രണ്ടാളുടെയും ജീവിതം ഇങ്ങനെയൊന്നും ആകുമായിരുന്നില്ല..”
അവൻ നിരാശയോടെ പറഞ്ഞു.
” നമ്മൾ അനുഭവിക്കേണ്ടതൊക്കെ നമ്മൾ അനുഭവിച്ചു തന്നെയാകണം. ഏട്ടൻ അതൊക്കെ പറഞ്ഞിരുന്നെങ്കിലും ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമായിരുന്നു. “
അവൾ പറഞ്ഞപ്പോൾ അവനും അത് ശരിയാണെന്ന് തോന്നി. എന്തൊക്കെ പറഞ്ഞാലും വിധി എന്നൊന്നുണ്ടല്ലോ..!
” സത്യം പറഞ്ഞാൽ ഞാൻ കുറച്ചു കൂടി വലുതായി കഴിഞ്ഞതിനു ശേഷം നിന്നോട് ഇഷ്ടം പറയണം എന്നായിരുന്നു ഞാൻ ചിന്തിച്ചത്. അപ്പോഴും അത് തുറന്നു പറഞ്ഞു കഴിയുമ്പോൾ നിന്റെ പെരുമാറ്റം എങ്ങനെയാകും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. ഒരുപക്ഷേ നീ എന്നെ അങ്ങനെ കണ്ടിട്ടില്ല എങ്കിൽ അന്നുവരെയുള്ള നമ്മുടെ ബന്ധത്തിന് ഈയൊരു കാര്യം കൊണ്ട് വിള്ളൽ വീഴുമോ എന്നുള്ള കാര്യത്തിൽ എനിക്ക് ഭയമുണ്ടായിരുന്നു. “
ആശങ്കയോടെ അവൻ പറഞ്ഞു.
” അന്ന് ഉണ്ണിയേട്ടൻ അത് തുറന്നു പറയാതിരുന്നത് നന്നായി. അല്ലെങ്കിൽ ഒരുപക്ഷേ ഇപ്പോൾ ഉണ്ണിയേട്ടൻ പറഞ്ഞതു പോലെ നമ്മൾ തമ്മിലുള്ള സൗഹൃദം പോലും നഷ്ടമായി പോയേനെ.”
അവൾ പറഞ്ഞപ്പോൾ അവനും തലയാട്ടി.
” നിനക്ക് വേണ്ടിയാണ് 18 വയസ്സ് പൂർത്തിയായപ്പോൾ മുതൽ പി എസ് സി ടെസ്റ്റുകൾ എഴുതി തുടങ്ങിയത്. ആദ്യത്തെ ടെസ്റ്റിൽ തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയും എന്നൊന്നും ആ സമയത്ത് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. എന്തായാലും നിനക്ക് വിവാഹം നോക്കി തുടങ്ങുന്ന പ്രായമാകുമ്പോഴേക്കും എനിക്ക് നല്ലൊരു ജോലി വേണം എന്നൊരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയാണെങ്കിൽ വീട്ടുകാർ വഴി ഒരു പ്രൊപ്പോസൽ ആയി അവതരിപ്പിക്കാം എന്നൊരു ചിന്ത കൂടി മനസ്സിൽ ഉണ്ടായിരുന്നു. “
അവൻ പറഞ്ഞപ്പോൾ അവൾ അവനെ തുറിച്ചു നോക്കി.
“സത്യം.. നിനക്ക് വേണ്ടിയായിരുന്നു ഞാൻ പഠിച്ചതും ജോലി നേടിയതും മുഴുവൻ. ആദ്യത്തെ ശ്രമത്തിൽ തന്നെ പരീക്ഷ പാസാകും എന്നും നല്ലൊരു ജോലിയിൽ പ്രവേശിക്കാൻ കഴിയും എന്നും ഒന്നും താൻ ചിന്തിച്ചിട്ട് പോലും ഇല്ല. എന്തായാലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അത് നടന്നു. ആ സമയത്ത് നീ പഠിക്കാൻ പോവുകയായിരുന്നല്ലോ.. “
അവൻ പറഞ്ഞപ്പോൾ അത് ശരി വെച്ച് കൊണ്ട് അവളും തലയാട്ടി.
” നീ ഡിഗ്രിക്ക് എങ്കിലും എത്തിക്കഴിഞ്ഞതിനു ശേഷം ഇഷ്ടം പറയാം എന്നൊരു ചിന്തയായിരുന്നു മനസ്സിൽ. പക്ഷേ അതേ സമയത്താണ് തീരെ പ്രതീക്ഷിക്കാതെ എനിക്ക് ട്രാൻസ്ഫർ കിട്ടിയത്. ജോലിയിൽ കയറിയ സമയം ആയതുകൊണ്ട് തന്നെ അവർ പറയുന്നത് അനുസരിക്കുക എന്നല്ലാതെ മറ്റൊന്നും തനിക്ക് കഴിയില്ലായിരുന്നു. എല്ലാ ദിവസവും മുൻപ് എനിക്ക് നിന്നെ കാണാൻ കഴിയുമായിരുന്നു. പക്ഷേ ട്രാൻസ്ഫർ കിട്ടി പോകുമ്പോൾ എല്ലാ ദിവസവും നിന്നെ കാണാൻ കഴിയില്ല എന്നൊരു ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്ന വിഷമം. എന്തായാലും ആഴ്ചയിൽ ഒരിക്കലെങ്കിലും നാട്ടിലേക്ക് വരാമല്ലോ എന്നൊരു ചിന്ത കൂടി മനസ്സിൽ ഉണ്ടായിരുന്നു. അപ്പോഴൊക്കെ നിന്നെ കാണാൻ ആകും എന്ന് ചിന്തിച്ചു. അതേ ചിന്തകളോടെ ആണ് പെട്ടിയും പാക്ക് ചെയ്തു ഞാൻ നാടുവിട്ടത്.”
ആ ഓർമയിൽ അവൻ ഒന്ന് ചിരിച്ചു.
” പക്ഷെ.. ജീവിതം എപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ആവില്ലല്ലോ.. മുൻപ് നമ്മൾ സ്ഥിരമായി എവിടെയെങ്കിലും ഒക്കെ വച്ചു കാണാറുണ്ടായിരുന്നു. പക്ഷെ, ഞാൻ ജോലിക്ക് വേണ്ടി പോയതിനു ശേഷം നമ്മൾ തമ്മിലുള്ള കാഴ്ചകൾ കുറഞ്ഞു. ഞാൻ ലീവിന് വരുമ്പോൾ പോലും നിന്നെ കാണാറുണ്ടായിരുന്നില്ല.. “
അവൻ പറഞ്ഞപ്പോൾ ആ സംഭവങ്ങളെ കുറിച്ച് അവളും ഓർത്തു.
” ശരിയാണ്.. ആ സമയത്ത് എനിക്ക് പഠിക്കാൻ ഒക്കെ ആയി തിരക്കായിരുന്നു. പിന്നെ അധികം വൈകാതെ വിവാഹം നടന്നല്ലോ.. വിവാഹം ഉറപ്പിച്ചതിനു ശേഷം പിന്നെ എല്ലാം ആളുടെ നിയന്ത്രണത്തിൽ ആയിരുന്നല്ലോ.. “
അവൾ പറഞ്ഞപ്പോൾ ഒരു നിരാശ പ്രകടമായിരുന്നു. അവനും ആകെ വല്ലായ്മ തോന്നി.
” നിന്നെ പതിനെട്ടു വയസ്സിൽ വിവാഹം കഴിപ്പിക്കും എന്നൊരു സൂചന പോലും എനിക്കുണ്ടായിരുന്നില്ലല്ലോ. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ നേരത്തെ തന്നെ ഞാൻ എന്റെ ഇഷ്ടം നിന്നെ അറിയിച്ചേനെ. നിന്റെ വീട്ടിലേക്ക് എങ്കിലും ഒരു ആലോചനയുമായി വരാൻ ഞാൻ ശ്രമിച്ചേനെ.. പക്ഷേ നിന്റെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷം മാത്രമാണ് അങ്ങനെ ഒരു കാര്യത്തിനെ കുറിച്ച് ഞാൻ അറിഞ്ഞത്. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി പോയി. അല്ലെങ്കിൽ ഒരുപക്ഷേ നീ ഇന്ന് ഇത്രത്തോളം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു.. “
അവൻ പറഞ്ഞത് കേട്ടപ്പോൾ ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.
” എന്റെ വിധിയായിരിക്കും ഇത്. 18 വയസ്സിൽ തന്നെയുള്ള വിവാഹം 19 ആം വയസ്സിലുള്ള പ്രസവം.. ഭർത്താവിന്റെ സംശയ രോഗം.. പിന്നീട് ഇങ്ങോട്ട് അയാളുടെ കഠിനമായ ഉപദ്രവങ്ങൾ.. എല്ലാം കൊണ്ടും എന്റെ വിധി തന്നെയായിരിക്കണം ഇത്. അല്ലെങ്കിൽ ഒരു സ്ത്രീയെ ഉപദ്രവിക്കാൻ എങ്ങനെയാണ് ഇത്രത്തോളം സാധിക്കുക..? ഇതിപ്പോൾ പ്രസവിച്ച വളർത്തിയ മകൾക്ക് പോലും അമ്മയെ വേണ്ട. അച്ഛൻ പറയുന്നത് മാത്രമാണ് വേദവാക്യം എന്നുള്ള രീതിയിലാണ് മകളുടെ രീതി.സത്യം പറഞ്ഞാൽ ഭർത്താവ് ഉപദ്രവിക്കുമ്പോഴും സംശയരോഗം നിമിത്തം ഓരോന്ന് പറയുമ്പോഴോ ഞാൻ ഇത്രയും വിഷമിച്ചിട്ടില്ല. പക്ഷേ ഇതിപ്പോൾ മകൾ പോലും അമ്മയെ വേണ്ട അമ്മ ചീത്തയാണ് എന്ന് പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.. “
അവൾ പറഞ്ഞു നിർത്തിയതും പൊട്ടിക്കരഞ്ഞു പോയിരുന്നു. പക്ഷേ അത് കേട്ടപ്പോൾ, അവനും ചിന്തിച്ചത് അതിനെക്കുറിച്ച് ആയിരുന്നു.
അവളോടുള്ള തന്റെ ഇഷ്ടം തുറന്നു പറയാൻ പോലും സാധിക്കാതെ ഇരുന്ന സമയത്താണ് അവളുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അധികം നാളുകൾ ആകുന്നതിനു മുൻപ് തന്നെ അവൾക്ക് വിശേഷം ഉണ്ട് എന്ന് പറഞ്ഞു. അതോടെ മനസ്സ് ആകെ തകർന്നു പോയി.
ഇനി ഒരിക്കലും അവളെ തനിക്ക് കിട്ടില്ല എന്ന് ഉറപ്പായിരുന്നു. പ്രസവം കഴിഞ്ഞതിനു ശേഷം മകൾ മാത്രമായിരുന്നു അവളുടെ ലോകം. സ്വന്തം വീട്ടിലേക്ക് പോലും ഒരുപാട് ദിവസങ്ങൾ അവൾ വന്നു നിൽക്കാറുണ്ടായിരുന്നില്ല.
ഒരു രാത്രി പോലും അവിടെ തങ്ങാതെ അവൾ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു പതിവ്. ഒരുപക്ഷേ അത് അയാളോടുള്ള സ്നേഹം കൊണ്ടായിരിക്കാം എന്നാണ് ഇതുവരെയും ധരിച്ചിരുന്നത്.
പക്ഷേ അയാളുടെ സംശയരോഗവും അയാളുടെ നിയന്ത്രണങ്ങളും ആയിരുന്നു കാരണങ്ങൾ എന്ന് അറിയാതെ പോയി.
ഇപ്പോൾ അവൾക്ക് 33 വയസ്സ് ഉണ്ട്. മകൾക്ക് 15.. ഇത്രയും കാലം അവളെ പൊന്നു പോലെ നോക്കി വളർത്തിയ അമ്മയേക്കാൾ അവൾക്ക് അവളുടെ അച്ഛനാണ്.
“ഞാൻ എത്രയൊക്കെ സഹിക്കുന്നു എന്ന് കേൾക്കുന്നവർക്ക് ഒരിക്കലും മനസ്സിലാകില്ല. 15 വയസുള്ള എന്റെ മകൾ എന്റെ മുഖത്ത് നോക്കി പറഞ്ഞത് എന്താണെന്ന് അറിയാമോ..?അമ്മയ്ക്ക് മറ്റ് ആരോ ആയി ബന്ധമുണ്ടെന്ന് മകൾ പോലും സംശയിക്കുന്നു എന്ന്. അമ്മ അവളോടൊപ്പം ഉള്ളത് അവളുടെ ജീവിതത്തിന് ദോഷമാണ് എന്ന്. അവളുടെ ഭാവിയും ജീവിതവും ഒന്നും നശിപ്പിക്കാതെ ഞാൻ അവളുടെ ജീവിതത്തിൽ നിന്ന് ഒഴിവായി കൊടുക്കണമെന്ന്. ഇത്രയൊക്കെ എന്നോട് പറയാൻ ആ കുട്ടിക്ക് എങ്ങനെ തോന്നി..? ഒരുപക്ഷേ അവളുടെ അച്ഛൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ അതേപടി അവൾ ഛർദ്ദിക്കുകയായിരുന്നു. എങ്കിലും സ്വന്തം അമ്മയോടാണ് സംസാരിക്കുന്നത് എന്നെങ്കിലും അവൾക്ക് ഓർക്കാമായിരുന്നില്ലേ..? അവൾ പറഞ്ഞതുപോലെ എനിക്ക് മറ്റു ബന്ധങ്ങളുണ്ട് എന്നുള്ള തരത്തിലുള്ള ഒരു സൂചന എങ്കിലും അവൾക്കുണ്ടോ..? ഇനി ഞാൻ ആർക്കു വേണ്ടിയാണ് ജീവിച്ചിരിക്കേണ്ടത്..? ഏട്ടൻ പറയൂ ..”
ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവളെ ഒരു മലയുടെ മുകളിൽ നിന്നാണ് ഞാൻ കണ്ടെത്തിയത്. ഓഫീസിൽനിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ എന്തോ ഒരു തോന്നൽ കൊണ്ടാണ് ആ മലമുകളിലേക്ക് ഓടി കയറിയത്. ഇന്നുവരെയും ആ വഴിക്ക് സഞ്ചരിക്കാത്ത ഞാൻ ഇന്ന് ആദ്യമായി അവിടേക്ക് പോയത് ഒരുപക്ഷേ അവളെ രക്ഷപ്പെടുത്താൻ വേണ്ടി ആയിരിക്കണം.
അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ കാര്യം എന്തായിരിക്കും എന്ന് ഊഹിച്ചിരുന്നു.
” നിനക്ക് നിന്റെ വീട്ടുകാരില്ലേ..? “
അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
“ഏതു വീട്ടുകാരുടെ കാര്യമാണ്..? പതിനെട്ടാം വയസ്സിൽ തന്നെ ശല്യം ഒഴിവാക്കുന്നതുപോലെ എന്നെ അയാളോടൊപ്പം പറഞ്ഞയച്ച എന്റെ വീട്ടുകാരുടെ കാര്യമാണോ..? വിവാഹം കഴിപ്പിച്ചു വിട്ട മകൾ അവിടെ സുഖമായി ഇരിക്കുന്നു അവൾക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് പോലും അന്വേഷിക്കാത്ത മാതാപിതാക്കളാണ് എന്റേത്. ഞാൻ എന്തെങ്കിലും വിഷമങ്ങളും പറഞ്ഞ് വീട്ടിലേക്ക് വന്നാൽ ഒരു രാത്രി പോലും എന്നെ ഇവിടെ നിർത്താതെ തിരികെ പറഞ്ഞയക്കും. വിവാഹം കഴിഞ്ഞാൽ പിന്നെ പെൺകുട്ടികളുടെ ലോകം ഭർത്താവും അവരുടെ വീടും ആണത്രേ. കെട്ടിച്ചു വിട്ട പെൺമക്കൾ വീട്ടിലേക്ക് തിരിച്ചു വന്ന് നിൽക്കുന്നത് കുടുംബത്തിന് ചീത്തപ്പേരാണ്.. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന എന്റെ വീട്ടുകാർ എന്നെ ആ വീട്ടിൽ നിർത്തുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ..? ഇന്നും ഇത്തരം ഇടുങ്ങിയ ചിന്താഗതിയുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്..”
പുച്ഛത്തോടെ അവൾ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അവനും തോന്നി. പക്ഷേ അറിഞ്ഞു കൊണ്ട് ഒരു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിയിടാൻ തനിക്ക് ആവില്ല.
” ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല എന്ന് താൻ പറഞ്ഞു കേട്ടിട്ടില്ലേ..? തന്റെ വീട്ടുകാർക്ക് തന്നെ വേണ്ടെങ്കിൽ വേണ്ട. പക്ഷേ അശരണരായവർക്ക് അഭയം കൊടുക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ നമുക്ക് ചുറ്റുമുണ്ട്.അതിൽ എവിടെയെങ്കിലും തനിക്ക് അഭയം കിട്ടാതെ ഇരിക്കില്ല. എന്തെങ്കിലും കൈത്തൊഴിൽ പഠിച്ച് അത് ഒരു വരുമാന മാർഗ്ഗം ആക്കി തനിക്ക് മുന്നോട്ട് പോകാമല്ലോ.. ഇന്നിപ്പോൾ മകൾ പറഞ്ഞതിന്റെ പേരിൽ വിഷമിച്ച് താൻ ആത്മഹത്യ ചെയ്താൽ ഒരുപക്ഷേ അവൾ പറഞ്ഞത് ശരിയാണ് എന്ന് അവൾ ധരിക്കും. അതിനപ്പുറം ഒരു കുറ്റബോധം പോലും അവൾക്കോ നിന്റെ ഭർത്താവിനോ തോന്നില്ല. അതേസമയം നീ അവർക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ജീവിക്കുമ്പോൾ നിന്റെ മകളെങ്കിലും മാറി ചിന്തിക്കും. അമ്മയുടെ ഭാഗത്ത് എന്തെങ്കിലും ശരിയുണ്ടോ എന്ന് അവർ അന്വേഷിച്ചു കണ്ടെത്തും. പേടിച്ച് ഒളിച്ചോടുന്ന പോലെയാണ് ആത്മഹത്യ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലാത്ത കാലത്തോളം എന്തിന് പേടിക്കണം..? “
അവൻ ചോദിച്ചപ്പോൾ ഒരു നിമിഷം അവൾ മൗനമായിരുന്നു. പക്ഷേ അവൻ പറയുന്നതാണ് ശരി എന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.
“എനിക്ക് ഒരു സഹായം ചെയ്തു തരാമോ..? എന്നെ ഏതെങ്കിലും ഒരു അഭയ സ്ഥാനത്തിൽ കൊണ്ടാക്കാമോ..?”
അവൾ ചോദിച്ചത് കേട്ട് അവൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ പുഞ്ചിരിച്ചു.
ദൈവം തന്ന ആയുസ്സ് വേണ്ടെന്നു വയ്ക്കാൻ ആർക്കും അധികാരമില്ല. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ആത്മഹത്യ ഒന്നിനും പരിഹാരവും അല്ല.
പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയുമായി അവൾ അവനോടൊപ്പം ചുവടു വയ്ക്കുമ്പോൾ വർഷങ്ങളായുള്ള അവന്റെ കാത്തിരിപ്പിനും അവസാനം ഉണ്ടാകുമോ എന്നൊരു ചിന്തയിലായിരുന്നു അവൻ…!
✍️ അപ്പു