രചന: അപ്പു
:::::::::::::::::::
” മോനെ.. ഇനിയും നീ ഇങ്ങനെ നിന്റെ ജീവിതം ഇല്ലാതാക്കി കളയുന്നത് കൊണ്ട് അർഥമുണ്ടോ..? നിനക്കും ഒരു ജീവിതം വേണ്ടേ..? “
അമ്മയുടെ ചോദ്യം കേട്ടപ്പോൾ ചായ കുടിക്കുന്നത് മതിയാക്കി അമ്മയെ ഒന്ന് നോക്കി.
” എന്റെ ഈ ജീവിതത്തിനു എന്താ ഇപ്പോൾ കുഴപ്പം..? സന്തോഷം തന്നെ അല്ലെ..? “
അവൻ ചോദിച്ചപ്പോൾ അതിൽ ഒളിഞ്ഞിരുന്ന സങ്കടം മനസ്സിലാക്കാൻ അമ്മയ്ക്ക് അധികം ഒന്നും കഷ്ടപ്പെടേണ്ടി വന്നില്ല.
അവർ സങ്കടത്തോടെ അവനെ നോക്കി.
” അങ്ങനെയല്ല മോനെ.. ഞാൻ ഇനിയെത്ര കാലം എന്നു വെച്ചിട്ടാണ്..? എന്റെ കാലം കഴിഞ്ഞാലും നിനക്ക് ആരെങ്കിലുമൊക്കെ വേണ്ടേ..? “
അവൻ അതിയായ സങ്കടത്തോടെ അമ്മയെ നോക്കി.
“എനിക്ക് അതിന് കഴിയുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ..? “
അവൻ ചോദിച്ചപ്പോൾ അവർ മറുപടി പറയാതെ തലതാഴ്ത്തി.
അല്ലെങ്കിലും അവൻ ഇനി ഒരിക്കലും മറ്റൊരു പെൺകുട്ടിയെ ജീവിത പങ്കാളിയായി സങ്കൽപ്പിക്കുക പോലുമില്ല എന്നറിയാം. എങ്കിലും ഒരു പ്രതീക്ഷ..!
അമ്മയുടെ മറുപടിയില്ലാത്ത മുഖത്തേക്ക് ഒന്ന് നോക്കിക്കൊണ്ട് അവൻ തന്റെ മുറിയിലേക്ക് കയറി പോയി. ബെഡിലേക്ക് വെറുതെ കിടക്കുമ്പോൾ അവന്റെ മുന്നിൽ തെളിഞ്ഞു വന്നത് പുഞ്ചിരിക്കുന്ന കണ്ണുകൾ ഉള്ള ആ പെൺകുട്ടിയായിരുന്നു.
ധ്വനി.. അതായിരുന്നു അവളുടെ പേര്.. അവളെ ആദ്യമായി കാണുന്നത് അമ്മ അയച്ചു തന്ന ഒരു ഫോട്ടോയിലൂടെ ആയിരുന്നു.
ദുബായിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു താൻ.പ്രായം 28 വയസ്സ് ആയപ്പോൾ തന്നെ ഒരുപാട് വയസ്സായി പോയി എന്നു പറഞ്ഞ് അമ്മ വിവാഹം കഴിപ്പിക്കാനുള്ള ബഹളങ്ങൾ തുടങ്ങി.
വിവാഹം ഇപ്പോൾ വേണ്ട എന്ന് എത്രയൊക്കെ പറഞ്ഞിട്ടും അമ്മ അതിന് തയ്യാറായിരുന്നില്ല.എന്റെ കഷ്ട കാലത്തിനാണോ അതോ അമ്മയുടെ നല്ല കാലത്തിനാണോ എന്നറിയില്ല അമ്മ ഏതോ ഒരു ജ്യോത്സനെ പോയി കണ്ടപ്പോൾ എനിക്ക് ഇപ്പോൾ വിവാഹസമയമാണ് എന്ന് പറയുന്നത് കേട്ടു.
അതും കൂടി ആയപ്പോൾ പിന്നെ അമ്മ എങ്ങനെയായാലും വിവാഹം നടത്തിയേ പറ്റൂ എന്നൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നു.
ഞാൻ നാട്ടിലെത്തുന്നതിന് മുൻപ് തന്നെ എനിക്ക് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തി വയ്ക്കും എന്നുള്ളത് അമ്മയുടെ തീരുമാനമായിരുന്നു. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ എന്ന് ഞാനും കരുതി.
ഈ പ്രായത്തിനിടയിൽ പ്രണയം ഒന്നും ഉണ്ടായിട്ടില്ല.എന്നു കരുതി പെൺകുട്ടികളോട് വെറുപ്പോ അങ്ങനെയൊന്നുമില്ല.
പലരോടും ആകർഷണം തോന്നിയിട്ടുണ്ട് എന്നല്ലാതെ ആത്മാർത്ഥമായ ഒരു പ്രണയം ആരോടും തോന്നിയിട്ടില്ല. ഒരുപക്ഷേ മനസ്സിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടെത്താത്തതു കൊണ്ടായിരിക്കാം.
എന്തായാലും ആ കാര്യത്തിൽ അമ്മ കുറച്ചു ബുദ്ധിമുട്ടട്ടെ എന്ന് തന്നെ കരുതി. അങ്ങനെയെങ്കിലും വിവാഹം കഴിക്കാനുള്ള സമയം നീണ്ടു പോകുമല്ലോ എന്നാണ് ചിന്തിച്ചത്..
എന്നാലും നേരത്തെ പറഞ്ഞതു പോലെ തന്നെ അമ്മ പല ബ്രോക്കർമാരുടെ കയ്യിൽ നിന്നും മാട്രിമോണി സൈറ്റിൽ നിന്നും ഒക്കെ കുറെ പെൺകുട്ടികളുടെ ഫോട്ടോകൾ ദിനംപ്രതി വാട്സാപ്പ് വഴി തനിക്ക് അയച്ചു തരാൻ തുടങ്ങി.
സത്യം പറഞ്ഞാൽ ആ സമയത്ത് ഫോണിൽ പെൺകുട്ടികളുടെ ഫോട്ടോ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.
അമ്മ അയച്ചു തന്ന ഫോട്ടോകൾ ഒന്നും എനിക്കിഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് മടക്കി കൊടുക്കുമ്പോൾ അമ്മയ്ക്ക് വല്ലാതെ വിഷമം വരുന്നുണ്ട് എന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
” കുറേ ആയില്ലേടാ ഞാൻ ഇങ്ങനെ ഓരോ പെൺകുട്ടികളുടെ ഫോട്ടോയും കൊണ്ട് നിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്… നീ മനപൂർവ്വം വാശിയിൽ ഓരോന്നും വേണ്ടെന്നു വയ്ക്കുന്നതാണോ എന്ന് എനിക്ക് നല്ല സംശയമുണ്ട്.”
ഒരിക്കൽ ഫോൺ ചെയ്തപ്പോൾ അമ്മ പരാതി പോലെ പറഞ്ഞു. അത് കേട്ടപ്പോൾ ചിരിയാണ് വന്നത്.
” ഞാൻ അങ്ങനെ മനപ്പൂർവ്വം വേണ്ടെന്നു വയ്ക്കുന്ന ഒന്നുമല്ല. എനിക്ക് കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ മാത്രമല്ലേ ബാക്കി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ. അമ്മ കാണിച്ച ഒരു ഫോട്ടോയും എനിക്കിഷ്ടപ്പെട്ടില്ല.. “
തന്റെ വാക്കുകൾ അമ്മയെ വേദനിപ്പിച്ചു എന്ന് അന്ന് തന്നെ തോന്നിയിരുന്നു. പിന്നീട് കുറച്ച് നാളത്തേക്ക് വിവാഹത്തിന്റെ കാര്യം പറഞ്ഞ് അമ്മ ശല്യം ചെയ്തതേയില്ല. അത് ഒരാശ്വാസം പോലെയാണ് തോന്നിയത്.
ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പിന്നീട് ഒരു വിവാഹാലോചനയെക്കുറിച്ച് അമ്മ പറയുന്നത്.
“ഞാൻ ഒരു പെൺകുട്ടിയുടെ ഫോട്ടോ നിനക്ക് അയച്ചിട്ടുണ്ട്. സമയം കിട്ടുമ്പോൾ അതൊന്നു നോക്കിയേക്കണം. ഇത്തവണ എന്തായാലും നീ എന്നെ നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.”
അമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ ഒരു വല്ലായ്മ തോന്നി. ഇനി അഥവാ തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അമ്മയെ വേദനിപ്പിക്കും എന്നുള്ളത് ഉറപ്പാണ്.
എങ്കിലും എനിക്കിഷ്ടപ്പെടും എന്ന് അമ്മ ഇത്രയും കോൺഫിഡൻസ് പറയണമെങ്കിൽ അത് അത്രയും നല്ലൊരു പെൺകുട്ടി ആയിരിക്കണം. ആ ഒരു ഉറപ്പോടെയാണ് ഫോണിൽ അവളുടെ ഫോട്ടോ നോക്കിയത്.
ഫോട്ടോ കണ്ടിട്ട് അതിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല എന്ന് പറയുന്നതാണ് സത്യം.ആ ഫോട്ടോയിൽ ഞാൻ അവളെ കണ്ടപ്പോൾ ആ മുഖം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.
കുറെയേറെ സമയം അവളുടെ ഫോട്ടോയിൽ തന്നെ നോക്കിയിരുന്നു. കുട്ടിത്തം നിറഞ്ഞു നിൽക്കുന്ന ഒരു മുഖമാണ് അവളുടെത്.അതുതന്നെയാണ് എന്നെ ഏറ്റവും അധികം ആകർഷിച്ചത്.
ആ ഫോട്ടോ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് ഇവൾ തന്നെ മതി എന്റെ ജീവിതസഖി എന്നാണ് തോന്നിയത്. അതുകൊണ്ട് സന്തോഷത്തോടെയാണ് അമ്മയെ വിളിച്ചു പറഞ്ഞത് മറ്റുള്ള കാര്യങ്ങൾ പ്രോസീഡ് ചെയ്യാൻ..!
ആ വാക്കുകൾ കേട്ടപ്പോൾ അമ്മയ്ക്ക് അതിശയം തന്നെയായിരുന്നു.ഇത്രയും കാലവും ഞാൻ പറഞ്ഞിരുന്നതുപോലെ എതിർപ്പ് പറയും എന്നുതന്നെയാണ് അമ്മ കരുതിയിരുന്നത്.പക്ഷേ അതിനു പകരമായി വിവാഹം നോക്കാൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് ആകെ ഒരു വല്ലാത്ത അവസ്ഥയായിരുന്നു.
അമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണോ ഞാൻ അങ്ങനെയൊരു തീരുമാനമെടുത്തത് എന്നുള്ള സംശയം അമ്മയുണ്ടായിരുന്നു. അമ്മയുടെ വിഷമങ്ങൾ ഒക്കെ മറികടക്കാൻ കുറച്ചു നേരം ഞാൻ സംസാരിച്ചാൽ മാത്രം മതിയായിരുന്നു.
ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ഒത്തു നോക്കിയതിനു ശേഷം പൊരുത്തം ഉണ്ടെങ്കിൽ മാത്രം പെണ്ണുകാണൽ ചടങ്ങ് നടത്തിയാൽ മതി എന്നു പറഞ്ഞത് ഞാനായിരുന്നു. അതുപ്രകാരം ഏതോ ഒരു ജ്യോത്സനെ കണ്ട് അവർ ഞങ്ങളുടെ നാളുകൾ ഒത്തു നോക്കിയിരുന്നു.
നല്ല പൊരുത്തമുള്ള ജാതകങ്ങളാണ് എന്ന് കണ്ടതോടെ ഞങ്ങളെ കൂട്ടിയോജിപ്പിക്കാൻ തന്നെ വീട്ടുകാർ തീരുമാനിച്ചു. പെണ്ണുകാണൽ ചടങ്ങിന് വേണ്ടി വീട്ടിൽ നിന്ന് അമ്മയും കുറച്ചു ബന്ധുക്കളും കൂടിയാണ് പോയത്.
എനിക്ക് അവളെ കാണാൻ വേണ്ടി മാത്രം അവിടെ വച്ച് അമ്മ വീഡിയോ കോൾ ചെയ്തിരുന്നു. സത്യം പറഞ്ഞാൽ അമ്മ ദിവസം ആ ഒരു കാര്യത്തിനു വേണ്ടി മാത്രം വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു ഞാൻ.
ഒരു മൊബൈൽ സ്ക്രീനിന്റെ വെളിച്ചത്തിൽ ആദ്യമായി ഞാൻ അവളെ കണ്ടു. ആ കാഴ്ചയിൽ തന്നെ അവളിൽ എന്തൊക്കെയോ പരിഭ്രമങ്ങൾ ഉടലെടുത്തിരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
രണ്ടാൾക്കും പരസ്പരം ഇഷ്ടം ആയതു കൊണ്ട് തന്നെ എത്രയും വേഗം വിവാഹം നടത്താം എന്ന് തീരുമാനമായി. പക്ഷേ എന്റെ ലീവിന്റെ കാര്യം പ്രശ്നമായതോടെ എൻഗേജ്മെന്റ് നടത്താം എന്നും അതുകഴിഞ്ഞ് ഒരു വർഷത്തിനു ശേഷം വിവാഹം നടത്താം എന്നും തീരുമാനമായി.
അമ്മയാണ് വളയിട്ട് ആ ബന്ധം ഉറപ്പിച്ചത്. പിന്നീട് ഫോണിലൂടെ ഞങ്ങൾ പരസ്പരം ഒരുപാട് സംസാരിക്കുമായിരുന്നു.
ആദ്യമൊക്കെ അവൾക്ക് സംസാരിക്കാൻ മടിയായിരുന്നു എങ്കിലും പിന്നെ പിന്നെ അത് മാറി കിട്ടി. അവളെ ഒന്നു നേരിൽ കാണാൻ വല്ലാത്തൊരു കൂടി തനിക്ക് തോന്നുന്നുണ്ടായിരുന്നു.
ഫോണിലൂടെ ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ നെയ്തെടുത്തു. ഞങ്ങളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളിൽ സൂക്ഷിച്ചു.
വിവാഹത്തിന് കൃത്യം ഒരാഴ്ച മുൻപാണ് എനിക്ക് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് കിട്ടിയത്. എന്നാണ് ഞാൻ നാട്ടിലേക്ക് എത്തുന്നത് എന്ന് പറയാതെ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാനാണ് തീരുമാനമായത്.
അതിന്റെ മുന്നോടിയായി അന്ന് അവളോട് ഫോണിൽ സംസാരിച്ചത് ഇല്ല. എന്നെ പെട്ടെന്ന് കാണുമ്പോഴുള്ള അവളുടെ പെരുമാറ്റം എങ്ങനെ ആയിരിക്കും എന്ന് എനിക്ക് അറിയണമായിരുന്നു.
അവളെ വിഷമിപ്പിക്കാൻ കഴിയില്ലെങ്കിലും അവളോട് അമ്മ ദിവസം മിണ്ടാതെ ചെലവഴിക്കാൻ തന്നെയാണ് തീരുമാനിച്ചത്. ഫോണും സ്വിച്ച് ഓഫ് ചെയ്തു വെച്ച് ഫ്ലൈറ്റ് കയറി.
നാട്ടിലെത്തിക്കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോയി. അവിടെ എല്ലാവരെയും ഒന്ന് തല കാണിച്ചിട്ട് വൈകുന്നേരം അവളുടെ കോളേജിന് മുന്നിൽ പോയി അവളെ ഞെട്ടിക്കാം എന്നുള്ള തീരുമാനമായിരുന്നു.
അത് പ്രകാരം ഞാനും ഒരു സുഹൃത്തും കൂടി കോളേജിലേക്ക് പോയി.വിഷമത്തോടെ ഫോണും നോക്കി കോളേജിൽ നിന്ന് ഇറങ്ങി വരുന്ന അവളെ പുറത്തു നിന്നു തന്നെ ഞാൻ കണ്ടിരുന്നു.
കോളേജിലെ മുന്നിലെ റോഡിന് മറുവശത്ത് ആയിരുന്നു ആ സമയത്ത് അവൾ. പെട്ടെന്ന് അവളുടെ കൂട്ടുകാരികളിൽ ആരോ എന്നെ ശ്രദ്ധിച്ചു എന്ന് തോന്നി. അവൾ ഞൊടിയിടയിൽ തലയുയർത്തി എന്നെ നോക്കുന്നതും അവളുടെ കണ്ണുകൾ നിറയുന്നതും ഞാൻ ദൂരെ നിന്ന് തന്നെ മനസ്സിലാക്കി.
പിന്നെ ചുറ്റുപാടും ശ്രദ്ധിക്കാതെ അവൾ എന്റെ അടുത്തേക്ക് ഒരു ഓട്ടം ആയിരുന്നു. പക്ഷേ വിധി അവളെ കൊണ്ട് ചെന്ന് എത്തിച്ചത് മരണക്കിടക്കയിൽ ആയിരുന്നു.
ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്തതു കൊണ്ട് അവൾക്ക് കിട്ടിയ പ്രതിഫലം.. എന്റെ കൺമുന്നിൽ തന്നെ അവൾ പിടഞ്ഞു തീർന്നു..!
ഓർമ്മയിൽ നിന്ന് ഞെട്ടി ഉണരുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
വിവാഹിതർ ആയിട്ടില്ലെങ്കിലും എന്റെ മനസ്സിൽ എന്നും അവൾക്ക് ഭാര്യയുടെ സ്ഥാനം തന്നെയാണ്. അപ്പോൾ പിന്നെ ഞാൻ എങ്ങനെ മറ്റൊരു കുട്ടിയെ ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കും..? ഒരിക്കലും എനിക്ക് അതിന് സാധിക്കില്ല..
അവൻ അവന്റെ തീരുമാനം ഉള്ളിൽ ഉറപ്പിക്കുമ്പോൾ, നാളെ അവന്റെ അമ്മ അവന്റെ തീരുമാനം ഒന്നു മാറി കിട്ടണം എന്നുള്ള ഉള്ളുരുകിയ പ്രാർത്ഥനയിലായിരുന്നു..!!
✍️ അപ്പു