രചന : അപ്പു
:::::::::::::::::::::::
മുറ്റത്തെ ബഹളങ്ങൾ കേട്ടപ്പോൾ അറിയാതെ തന്നെ ബാലയുടെ കണ്ണുകൾ അവിടേക്ക് ചലിച്ചു.
അവിടെ… കല്യാണ പന്തൽ ഉയരുകയാണ്..! അതെ.. രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം ആണ്.. താൻ ആഗ്രഹിച്ച താലി.. അത് ചേച്ചിക്ക് സ്വന്തം ആകാൻ പോകുന്ന മുഹൂർത്തം..!!
ഓർക്കവേ അവൾക്ക് സങ്കടവും ദേഷ്യവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.
പക്ഷേ അതൊന്നും പുറത്ത് പ്രകടിപ്പിക്കാൻ കഴിയാതെ അവൾ നിന്ന് ഉരുകുകയായിരുന്നു..!
അവൾ ശ്രീബാല. അച്ഛന്റെയും അമ്മയുടെയും രണ്ട് പെൺകുട്ടികളിൽ രണ്ടാമത്തവളയായിരുന്നു ശ്രീബാല.അവളുടെ ചേച്ചി ശ്രീലക്ഷ്മി..
അമ്മയുടെ തറവാടിന്റെ അടുത്ത് അമ്മയ്ക്ക് ഷെയർ കിട്ടിയ സ്ഥലത്തായിരുന്നു വീട് വെച്ച് അച്ഛനും അമ്മയും താമസമായത്. അതുകൊണ്ടു തന്നെ ചെറുപ്പം മുതലേ അമ്മയുടെ വീട്ടുകാരോട് ആയിരുന്നു അടുപ്പം.
അമ്മയുടെ ഒരേയൊരു ആങ്ങളയുടെ മകനാണ് നന്ദൻ. അമ്മാവന് ആകെ ഒരു മകൻ മാത്രമേയുള്ളൂ. ഞങ്ങൾ മൂന്നാളും ചെറുപ്പം മുതൽ തന്നെ നല്ല കൂട്ടുകാരായിരുന്നു.
ചേച്ചിക്ക് ഇത്തിരി കുശുമ്പ് കൂടുതലായിരുന്നു എന്ന് മാത്രം. അതുകൊണ്ടുതന്നെ നന്ദേട്ടൻ തന്നോട് കൂടുതൽ സംസാരിക്കുന്ന സമയത്ത് അവൾ കുശുമ്പ് കൂട്ടി മാറിയിരിക്കാറുണ്ട്. അത് കാണുമ്പോൾ നന്ദേട്ടനും താനും പരസ്പരം പറഞ്ഞ് പൊട്ടിച്ചിരിക്കും.
അതും കൂടി കണ്ടാൽ അവൾക്ക് ദേഷ്യം ഇരട്ടിക്കും. പിന്നെ എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഞങ്ങളോട് പിണങ്ങി അവൾ തറവാട്ടിലേക്ക് മടങ്ങി പോകും.
കുറച്ചു കഴിയുമ്പോൾ നന്ദേട്ടൻ പിന്നാലെ പോയി പിണക്കം മാറ്റി കൊണ്ടു വരുന്നത് കാണാം.എങ്കിലും ചേച്ചിയെക്കാൾ ഒരു പടി മേലെ നന്ദേട്ടനു ഇഷ്ടം തന്നോട് ആണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
വളർന്നു വലുതായിട്ടും നന്ദേട്ടനുമായുള്ള ഞങ്ങളുടെ സൗഹൃദം അവസാനിച്ചിട്ടുണ്ട് ആയിരുന്നില്ല. പക്ഷേ ആ സൗഹൃദത്തിനിടയിൽ എപ്പോഴാണ് തനിക്ക് നന്ദേട്ടനോട് പ്രണയം തോന്നിയത് എന്ന് ഈ നിമിഷവും അറിയില്ല.
പ്രണയമല്ല പ്രാണനായിരുന്നു ആ മനുഷ്യൻ..!
ആ മുഖത്തു നോക്കി പ്രണയം പറയാൻ തനിക്ക് മടിയായിരുന്നു.
ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല നീ എന്റെ സഹോദരി മാത്രമാണ് എന്നെങ്ങാനും അദ്ദേഹം പറഞ്ഞാലോ എന്നൊരു ഭയം..!
എന്നോടും നന്ദേട്ടനു ഒരു താല്പര്യം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമയമാകുമ്പോൾ പറയാം എന്നോർത്ത് കാത്തിരുന്നു.
ഓരോ ദിവസവും നന്ദേട്ടനെ കാണാൻ വേണ്ടി മെയ്യും മനവും തുടിക്കുമായിരുന്നു.
ഇല്ലാത്ത കാരണങ്ങൾ ഓരോന്നും പറഞ്ഞുണ്ടാക്കി എല്ലാ ദിവസവും അമ്മാവന്റെ വീട്ടിലേക്ക് താൻ പോകാറുണ്ടായിരുന്നു. നന്ദേട്ടനെ കാണുക എന്നുള്ളത് മാത്രമായിരുന്നു ആ പോക്ക് വരവിന്റെ ഉദ്ദേശം.
നന്ദേട്ടനെ കണ്ടാൽ അദ്ദേഹവും ഞാനും മാത്രമുള്ള ഒരു ലോകത്തിലേക്ക് താൻ ചുരുങ്ങി പോകാറുണ്ടായിരുന്നു.
ഒരിക്കൽ നന്ദേട്ടന്റെ മുറിയിൽ ഒരു ഡയറി ഇരിക്കുന്നത് കണ്ടപ്പോൾ അതിനകത്ത് എന്താണ് എഴുതിയിട്ടുള്ളത് എന്നറിയാൻ വല്ലാത്തൊരു കൗതുകം തോന്നി.
അതുകൊണ്ടാണ് അത് തുറന്നു നോക്കിയത്..
” എന്റെ ശ്രീക്കുട്ടിക്ക്… “
അതായിരുന്നു അതിലെ ആദ്യത്തെ വാചകം.അത് വായിച്ചതോടെ ഉള്ളം തരളിതമായി.എന്നെ ആരെങ്കിലും ശ്രീക്കുട്ടി എന്ന് വിളിക്കുന്നുണ്ടെങ്കിൽ അത് നന്ദേട്ടൻ മാത്രമായിരുന്നു.
മറ്റാരും അങ്ങനെയൊരു പേരിൽ എന്നെ വിളിക്കുന്നത് പോലും എനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ ആ ഡയറി എനിക്കുള്ളതാണ് എന്ന് എനിക്ക് അറിയാമായിരുന്നു.
അതിന്റെ ഉള്ളടക്കം ഞാൻ വായിക്കുന്നതിനു മുൻപ് തന്നെ ആരോ അത് എന്നിൽ നിന്ന് തട്ടിയെടുത്ത് കഴിഞ്ഞിരുന്നു. നോക്കുമ്പോൾ ചേച്ചി ആയിരുന്നു.
അവൾ എപ്പോഴാണ് വന്നത് എന്ന് പോലും താൻ അറിഞ്ഞിരുന്നില്ല.
” നീയെന്താടി നന്ദേട്ടന്റെ മുറിയിൽ..? “
അവൾ രൂക്ഷമായി ചോദിച്ചപ്പോൾ താൻ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു.
“ഞാൻ എല്ലാ ദിവസവും കയറിയിറങ്ങുന്ന സ്ഥലത്ത് എനിക്ക് എന്താ കാര്യം എന്ന് ചോദിച്ചാൽ ഞാനെന്തു പറയാനാ.. പിന്നെ നന്ദേട്ടൻ നിന്റെ മാത്രം സ്വന്തം അല്ലല്ലോ.. എന്റെ നന്ദേട്ടൻ ആണ്…”
അവളോട് വാശിയോടെ പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.
” ഇങ്ങനെ കണ്ണിൽ കാണുന്ന ആണുങ്ങളുടെ എല്ലാം മുറിയിൽ കയറിയിറങ്ങാൻ പാടില്ല.. നിന്റെ പ്രായം മുന്നോട്ട് ആണ് പോകുന്നത് എന്നൊരു ചിന്ത വേണം.. ആദ്യം നീ മുറിയിൽ നിന്ന് പുറത്തിറങ്ങി പോകാൻ നോക്ക്.. “
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കൈയിലിരുന്ന ഡയറി ബെഡിലേക്ക് വച്ചിട്ട് അവൾ എന്നെയും പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
ആ നിമിഷം എനിക്ക് അവളോട് അതിയായ ദേഷ്യം തോന്നി. ആ ഡയറിയിൽ ഉള്ള കണ്ടന്റ് എന്താണെന്ന് അറിയാൻ അവൾ സമ്മതിക്കാത്തത് കൊണ്ടുള്ള ദേഷ്യം..
ഒരുപക്ഷേ എന്നോടുള്ള പ്രണയം ആയിരിക്കണം നന്ദേട്ടൻ അതിൽ എഴുതി നിറച്ചിട്ടുണ്ടായിരിക്കുക.. അങ്ങനെയെങ്കിൽ തനിക്ക് അത് വായിച്ച് അറിയണം.. പിന്നീട് എപ്പോഴെങ്കിലും തനിക്ക് അതിനൊരു അവസരം കിട്ടുമെന്ന് താൻ കരുതി..
കാത്തിരിപ്പ് മുഴുവൻ ആ അവസരത്തിനു വേണ്ടി ആയിരുന്നുവെങ്കിലും പിന്നീട് ഒരിക്കലും അങ്ങനെ ഒരു അവസരം തനിക്ക് കൈ വന്നില്ല.
ഞാൻ നന്ദേട്ടന്റെ വീട്ടിൽ പോകാൻ ഇറങ്ങുമ്പോഴൊക്കെയും അവൾ എന്നോടൊപ്പം വരുന്നത് പതിവായി. അതുകൊണ്ടുതന്നെ എനിക്ക് അവളുടെ കണ്ണ് വെട്ടിച്ച് നന്ദേട്ടനോടൊപ്പം സംസാരിക്കാനോ ആ മുറിയിലേക്ക് കയറാനോ കഴിഞ്ഞില്ല.
ഞങ്ങൾ രണ്ടാളും കൂടി എവിടെയെങ്കിലും ഒന്ന് സംസാരിക്കുകയാണെങ്കിൽ കൃത്യമായും അവളും ഞങ്ങളോടൊപ്പം വന്നു നിൽക്കാറുണ്ട്. അപ്പോഴൊക്കെ നന്ദേട്ടൻ അവളെ ശ്രദ്ധിക്കുന്നത് താൻ കാണാറുമുണ്ട്.
അതൊന്നും തനിക്കൊരു പ്രശ്നമായി തോന്നിയിരുന്നില്ല..
പക്ഷേ പെട്ടെന്നൊരു ദിവസം ചേച്ചിക്ക് ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, വിവാഹം ഉടനെ നടത്തണമെന്നും ഒക്കെ അമ്മ വീട്ടിൽ പറയുന്നത് കേട്ടപ്പോൾ എനിക്കെന്തോ മനസ്സിൽ വല്ലാത്ത ഒരു ഭയം തോന്നിത്തുടങ്ങി.
” വിവാഹം പെട്ടെന്ന് നടക്കണമെങ്കിൽ ചെക്കനെ ആലോചിച്ച് ഇനി ബുദ്ധിമുട്ടേണ്ട കാര്യമില്ലല്ലോ.. നമ്മുടെ നന്ദൻ ഉണ്ടല്ലോ.. “
അച്ഛനും അമ്മാവനും ഒക്കെ ഈ കാര്യത്തിൽ ഒരേ അഭിപ്രായമായിരുന്നു. പക്ഷേ അവർ പറയുന്നത് കേട്ട് നെഞ്ച് പിടഞ്ഞ് ഞാനൊരുത്തി അവിടെ നിൽക്കുന്നുണ്ടെന്ന് അവർ ആരും അറിഞ്ഞില്ല..
ചേച്ചിയോട് സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ അവൾക്ക് ഒരു നൂറുവട്ടം സമ്മതമാണ് എന്നാണ് അവൾ പറഞ്ഞത്.
പറയാതെ ഒളിപ്പിച്ചു വെച്ച ഒരു പ്രണയം അവളുടെ ഉള്ളിലും ഉണ്ടത്രേ..!!
അത് കേട്ടപ്പോൾ വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു. നന്ദേട്ടന് അവളെ ഇഷ്ടമല്ലല്ലോ.. അപ്പോൾ സ്വാഭാവികമായും വിവാഹത്തിന്റെ കാര്യം പറയുമ്പോൾ നന്ദേട്ടൻ എതിർക്കും. അതായിരുന്നു തനിക്ക് ആകെ ഉണ്ടായിരുന്ന പ്രതീക്ഷ..!
പക്ഷേ എന്റെ പ്രതീക്ഷകളെ മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ട് നമ്മുടെ വിവാഹത്തിന് സമ്മതിച്ചു എന്നൊരു വാർത്തയാണ് ഒരു ദിവസം കോളേജിൽ നിന്ന് വന്നപ്പോൾ ഞാൻ കേൾക്കുന്നത്.
അമ്മയുടെയും അച്ഛന്റെയും മുന്നിൽ കരഞ്ഞു പോകാതിരിക്കാൻ താൻ കഴിയുന്നതും ശ്രമിച്ചു.
ഓടി മുറിയിൽ കയറി അവിടെ ബെഡിൽ തലചായ്ച്ചു കിടക്കുമ്പോൾ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അപ്പോൾ നന്ദേട്ടനു എന്നെ ഇഷ്ടമായിരുന്നില്ലേ..? സ്നേഹമായിരുന്നില്ലേ..? അപ്പോൾ ആ കണ്ണുകളിൽ എന്നോട് ഉണ്ടായിരുന്ന ആ വികാരം എന്തായിരുന്നു..?
ചോദ്യങ്ങൾ പലതും ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും തുറന്നു ചോദിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പലപ്പോഴും നന്ദേട്ടനെ കണ്ടെങ്കിലും ഏട്ടനോടൊപ്പം തന്നെ ചേച്ചിയും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഇനി മുതൽ നന്ദേട്ടൻ ചേച്ചിയുടെ മാത്രമാണ് എന്ന് മനസ്സിൽ പറഞ്ഞു ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
കാത്തു കാത്തിരുന്ന് വിവാഹം ഇങ്ങെത്തി.. നാളെ നന്ദേട്ടൻ ചേച്ചിയുടെ കഴുത്തിൽ താലി ചാർത്തുന്നത് കണ്ടു നിൽക്കാൻ തനിക്ക് കഴിയുമോ..?
പതിവു പോലെ കണ്ണുനീർ വാർത്തു കൊണ്ട് അവൾ അന്നും കിടന്നു.
പിറ്റേന്ന് കല്യാണമാണ് എന്നുള്ളതു കൊണ്ടു തന്നെ നിർവികാരമായിട്ടാണ് അവൾ എഴുന്നേറ്റത്. കൺമുന്നിൽ അരങ്ങേറാൻ പോകുന്ന കാഴ്ചകൾ തനിക്ക് ഒരിക്കലും നല്ലതാവില്ല എന്നൊരു ചിന്ത അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.
യാന്ത്രികമായി എന്തൊക്കെയോ ചെയ്തു തീർക്കുമ്പോഴും ചേച്ചി വളരെയധികം സന്തോഷത്തിലാണ് എന്ന് അവൾ കണ്ടിരുന്നു. ഒരിക്കലും തുറന്നു പറയാത്ത തന്റെ ഇഷ്ടം അവളുടെ ജീവിതത്തിൽ ഒരു വിലങ്ങുതടിയായി മാറരുത് എന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മുഹൂർത്തത്തിന്റെ സമയമായപ്പോഴേക്കും നന്ദേട്ടൻ മണ്ഡപത്തിലേക്ക് കയറിയിരുന്നു കഴിഞ്ഞിരുന്നു. എന്നാൽ നിമിഷങ്ങൾ കഴിഞ്ഞിട്ടും ചേച്ചിയെ കാണാതായതോടെ എല്ലാവരും വെപ്രാളത്തോടെ അന്വേഷണം തുടങ്ങി.
ഇവിടെയൊക്കെ അന്വേഷിച്ചിട്ടും അവളെ കാണാതായതോടെ അവൾ ചതിച്ചു എന്നൊരു തോന്നൽ എല്ലാവരുടെയും ഉള്ളിൽ ഉണ്ടായി. അത് ഊട്ടിയുറപ്പിക്കുന്നത് പോലെ നിമിഷങ്ങൾക്കകം ഒരു ലെറ്റർ എല്ലാവരുടെയും കയ്യിൽ കിട്ടുകയും ചെയ്തു.
അവൾക്കിഷ്ടപ്പെട്ട ഒരാളിനോടൊപ്പം പോകുന്നു എന്നും നന്ദേട്ടനെ സ്വന്തം സഹോദരനായി മാത്രമേ കണ്ടിട്ടുള്ളൂ എന്നുമൊക്കെയാണ് അവൾ അതിൽ എഴുതി വെച്ചിരുന്നത്.
തലകുനിച്ചു നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ആ നിമിഷം അവളോട് വല്ലാത്ത ദേഷ്യം തോന്നിപ്പോയി.
അങ്ങനെ ആയിരുന്നെങ്കിൽ എന്തുകൊണ്ട് അവൾ ഇതൊന്നും നേരത്തെ വീട്ടിൽ പറഞ്ഞില്ല..? ഒരുപക്ഷേ ആദ്യം കുറച്ചൊക്കെ അച്ഛൻ എതിർപ്പ് കാണിച്ചാലും അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും അച്ഛൻ സാധിച്ചു കൊടുക്കാതെ ഇരിക്കില്ല.. ഇപ്പോൾ ഈ കാണുന്ന നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ മുന്നിൽ അച്ഛനെയും അമ്മയെയും ഒക്കെ അവൾ നാണം കെടുത്തി..
അവരെ മാത്രമല്ല അവൾക്കു വേണ്ടി മണവാളനായി ഒരുങ്ങി വന്ന എന്റെ നന്ദേട്ടനെയും…!!
അതൊക്കെ ഓർത്തപ്പോൾ ബാലയുടെ കണ്ണുകൾ നീറി പുകഞ്ഞു..
” ഈ മുഹൂർത്തത്തിൽ എന്തായാലും നന്ദന്റെ വിവാഹം നടക്കും. വധു ശ്രീ ബാലയായിരിക്കും.. ഞങ്ങളെ ചതിച്ചുകൊണ്ട് ഇറങ്ങിപ്പോയ അവളെ ഇനി ഞങ്ങളുടെ മകളായി ഞങ്ങൾ ആരും അംഗീകരിക്കുന്നില്ല.. “
അച്ഛൻ അങ്ങനെ ഒരു പ്രസ്താവന നടത്തിയപ്പോൾ വിറയൽ ആയിരുന്നു.
നന്ദേട്ടനെ താൻ ആഗ്രഹിച്ചിട്ടുണ്ട്.. പക്ഷേ അത് ഇങ്ങനെ… ചേച്ചിയുടെ പകരക്കാരിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കയറി ചെല്ലണം എന്നല്ല താൻ ആഗ്രഹിച്ചത്.മറിച്ച് തങ്ങളുടെ പ്രണയം കൊണ്ടാവണം ആ ഒന്നുചേരൽ എന്നൊരു ചിന്തയായിരുന്നു..!
അവളോട് ആരും ഒന്നും ചോദിച്ചില്ല. യാന്ത്രികമായി അവളും അവരോടൊപ്പം മുന്നോട്ടു പോയി.നന്ദന്റെ പേര് കൊത്തിയ താലി അവളുടെ കഴുത്തിൽ വീഴുമ്പോൾ അവൾക്ക് പ്രാർത്ഥിക്കാൻ പോലും അറിയില്ലായിരുന്നു.
ചടങ്ങുകൾ എല്ലാം അവസാനിപ്പിച്ച് നന്ദന്റെ വീട്ടിലേക്ക് വലതു കാൽ വച്ച് കയറിയിട്ട് പോലും അവൾ ഒരിക്കൽപോലും നന്ദന്റെ മുഖത്തേക്ക് നോക്കിയില്ല. ആ മുഖത്ത് തന്നോടുള്ള ദേഷ്യം ആണെങ്കിൽ അത് സഹിക്കാൻ തനിക്ക് ആവില്ല എന്ന് അവൾക്കറിയാം.
അന്ന് രാത്രിയിൽ എന്തൊക്കെയോ ചിന്തകളുമായി ബാൽക്കണിയിൽ നിന്നിരുന്ന ശ്രീബാലയുടെ അകത്തേക്ക് നന്ദൻ നടന്നെത്തി.
” കല്യാണം കഴിഞ്ഞ് ഇത്രയും സമയമായിട്ടും എന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും എന്റെ ശ്രീക്കുട്ടിക്ക് പറ്റിയില്ലല്ലോ.. അതെന്താ അങ്ങനെ..? “
അവൻ ചോദിച്ചപ്പോൾ ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി. അവിടെ നിറഞ്ഞ പുഞ്ചിരി തന്നെയാണ്. ഇന്ന് ഒരു വിവാഹം മുടങ്ങിപ്പോയതാണ് എന്നൊരു ചിന്തയൊന്നും അദ്ദേഹത്തിന് ഉണ്ട് എന്ന് തോന്നുന്നില്ല.
അവളുടെ അത്ഭുതം കണ്ടിട്ട് ആവണം അവൻ അവളെ ചേർത്തു പിടിച്ചത്. പിന്നെ ഒരു കഥ പോലെ അവൻ പലതും പറഞ്ഞു തുടങ്ങി.
” ലച്ചുവിന് ഒരു പ്രണയം ഉണ്ടായിരുന്നു എന്നെനിക്കറിയാമായിരുന്നു. അവൻ അന്യമതസ്ഥൻ ആയതുകൊണ്ട് തന്നെ നമ്മുടെ തറവാട്ടിൽ ആരും അതൊന്നും അംഗീകരിച്ചു കൊടുക്കില്ല എന്ന് അവൾക്കും അറിയാം. വിവാഹം പെട്ടെന്ന് വേണമെന്ന് പറഞ്ഞപ്പോൾ അവൾക്ക് അതിനു സമ്മതിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. വരനായി എന്റെ പേര് തന്നെ എല്ലാവരും നിർദ്ദേശിച്ചപ്പോൾ അവൾ എന്നോട് എല്ലാം തുറന്നു പറഞ്ഞു. സഹായിക്കണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചു. അതുകൊണ്ടാണ് അവളോടൊപ്പം ഞാനും കൂട്ടുനിന്നത്. ഇന്ന് അവളെ മണ്ഡപത്തിൽ നിന്ന് ഇറക്കി കൊണ്ടു പോകാൻ അവനെ സഹായിച്ചതു ഞാനായിരുന്നു.”
നന്ദേട്ടൻ അത് പറഞ്ഞപ്പോൾ ശ്രീബാലയ്ക്ക് അവനോട് ചെറിയൊരു ദേഷ്യം തോന്നി. എന്തൊക്കെ പറഞ്ഞാലും തന്റെ അച്ഛനും അമ്മയും ഇന്ന് അത്രയും ആളുകളുടെ മുന്നിൽ തലകുനിച്ചു നിന്നത് അവൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
” തന്റെ വിഷമം എനിക്ക് മനസ്സിലാകും. അച്ഛനെയും അമ്മയെയും ഒന്നും മനപൂർവ്വം അങ്ങനെ നിർത്തിയതല്ല. അവരോട് മുന്പ് തന്നെ അവൾ തന്നെ ഇഷ്ടത്തിന് കുറിച്ച് തുറന്നു പറഞ്ഞതാണ്. പക്ഷേ അത് അവർ അംഗീകരിച്ചില്ല എന്ന് മാത്രമല്ല അവളെ ഒരുപാട് ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും നീ അറിയാതെ പോയി എന്നു മാത്രം.. “
അത് കേട്ടപ്പോൾ അച്ഛനോടും അമ്മയോടും ചെറിയൊരു ദേഷ്യം തോന്നി.
” എന്തായാലും നിന്നോട് ഞാൻ കൂടുതൽ ഒന്നും പറയേണ്ടതില്ല എന്ന് എനിക്ക് തോന്നുന്നു. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന പെണ്ണിനെ താലി ചാർത്തി സ്വന്തമാക്കിയ നിമിഷമാണ്. ആ നിമിഷത്തിൽ പോലും സന്തോഷിക്കാൻ എനിക്ക് പറ്റിയിട്ടില്ല. കാരണം മറ്റുള്ളവരുടെ മുന്നിൽ ഒരു കല്യാണം മുടങ്ങി പോയ ആളാണല്ലോ ഞാൻ.. നീയാണെങ്കിൽ എന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല.. ഇനിയെങ്കിലും മനസ്സ് തുറന്ന് സന്തോഷിക്കാനുള്ള ഒരു അവസരം എനിക്ക് തരാമോ..?”
ഒരല്പം കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ ബാല നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…!!
✍️ അപ്പു