രചന : അപ്പു
::::::::::::::::::::::::::
” ഞാൻ… ഞാനിനി എന്തിനാടാ ജീവിച്ചിരിക്കുന്നേ..? അവൾക്ക് ഞാൻ എന്ത് കുറവ് വരുത്തിയിട്ടാ അവൾ ഇങ്ങനെ..,? “
സങ്കടം കൊണ്ട് അരുൺ വിങ്ങിപ്പൊട്ടി.
അവനെ സങ്കടത്തോടെ നോക്കി നിൽക്കുകയായിരുന്നു അവന്റെ സുഹൃത്ത് കിരൺ..!
” നീ ഇങ്ങനെ വിഷമിച്ചു എന്ന് കരുതി പോയവർ തിരിച്ചു വരുമോ..? അവൾ പോട്ടെടാ..”
കിരൺ അവന്റെ തോളിൽ തട്ടി. ദയനീയമായി അരുൺ അവനെ ഒന്ന് നോക്കി. അതിലുണ്ടായിരുന്നു അവനു പറയാനുള്ളതെല്ലാം..!
“നിനക്ക് എത്ര എളുപ്പത്തിൽ അത് പറയാൻ സാധിച്ചു..? പക്ഷേ അനുഭവിക്കുന്നത് മുഴുവൻ ഞാനല്ലേടാ.. അവളെ ഞാൻ എത്രത്തോളം പ്രണയിച്ചതാണെന്ന് നിനക്കറിയില്ലേ..? അവളെ സ്നേഹിച്ചതു പോലെ ഈ ഭൂമിയിൽ എന്തിനെയെങ്കിലും ഞാൻ സ്നേഹിച്ചത് ആയിട്ട് നിനക്കറിയാമോ..? “
സങ്കടത്തോടെ എണ്ണിപ്പറക്കി അവൻ ഓരോന്നും ചോദിക്കുമ്പോൾ മറുപടിയില്ലാതെ കിരൺ തല കുനിച്ചു.
ശരിയാണ്… അവൻ അവളെ പ്രണയിച്ചതു പോലെ ഈ ഭൂമിയിൽ ഒരാളും മറ്റൊരാളിനെ പ്രണയിച്ചിട്ടുണ്ടാവില്ല.. എന്നിട്ടും അവൾ എന്തിനാണ് ഇങ്ങനെയൊരു ചതി അവനോട് ചെയ്തത് എന്നാണ് മനസ്സിലാവാത്തത്..!
കിരൺ ഓർത്തു..
അരുണും അവന്റെ ഭാര്യ മായയും ഈ നഗരത്തിലേക്ക് വന്നു താമസമായിട്ട് അധികം നാളുകൾ ആയിട്ടില്ല.. അരുണിന് ഇവിടത്തെ ഒരു ബാങ്കിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോഴാണ് അവർ രണ്ടാളും കൂടി ഇവിടേക്ക് വരുന്നത്.
തൊട്ടടുത്ത വീട്ടിലുള്ള കിരൺ അരുണിന്റെ ഏകദേശം ഒരേ പ്രായത്തിലുള്ള ആളായത് കൊണ്ട് തന്നെ അവർ തമ്മിൽ പെട്ടെന്ന് കൂട്ടായി.അത് പരസ്പരം കുടുംബപരമായിട്ടുള്ള ഒരു അടുപ്പുമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.
മായയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു നാട്ടിൻപുറത്തുകാരി പാവം പെൺകുട്ടി എന്നാണ് കിരണിനും അവന്റെ ഭാര്യ ദിവ്യക്കും തോന്നിയത്.
” മായ എന്തൊരു സാധു പെൺകുട്ടിയാണ് അല്ലേ.. ഇന്നത്തെ കാലത്തെ പെൺകുട്ടികളെപ്പോലെ യാതൊരു ഒരുക്കവും ചമയവും ഒന്നുമില്ലാതെ ഒരു പാവം പെൺകുട്ടി..അരുണിന് അവളെപ്പോലെ ഒരു പെൺകുട്ടിയെ കിട്ടിയത് ഭാഗ്യമാണ്.. “
അവർ രണ്ടുപേരും ആദ്യമായി അവളെ കുറിച്ച് പറഞ്ഞത് അങ്ങനെയായിരുന്നു.
ഒരു പരിധി വരെ അത് ശരിയായിരുന്നു താനും.
അരുണിന്റെയും മായയുടെയും അറേഞ്ച്ഡ് മാരേജ് ആയിരുന്നു. അവന്റെ അമ്മയുടെ നിർബന്ധം കൊണ്ടാണ് അവൻ വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹത്തിന് തയ്യാറായത്.
വിവാഹം കഴിക്കുന്ന സമയത്ത് അരുണിന് 26 വയസ്സ് മാത്രമായിരുന്നു പ്രായം. അവന്റെ അതേ പ്രായത്തിലുള്ള കുട്ടികൾ യാതൊരു ഉത്തരവാദിത്വവുമില്ലാതെ കറങ്ങി നടക്കുമ്പോൾ അവൻ ഒരു കുടുംബത്തിന്റെ കാര്യം നോക്കാൻ പ്രാപ്തനായി.
അവന് ചെറിയ പ്രായത്തിൽ തന്നെ ജോലി കിട്ടിയതും ഒരു ഘടകമായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകനായിരുന്നു അരുൺ. അതുകൊണ്ടു തന്നെ അവനെ എത്രയും പെട്ടെന്ന് ഒരു കുടുംബം ഉണ്ടായി കാണണമെന്ന് അവന്റെ അമ്മയും അച്ഛനും ഒരുപോലെ ആഗ്രഹിച്ചു.
ചെറുപ്പം മുതലേ അവരുടെ വാക്കിനെ എതിർത്ത് ശീലം ഇല്ലാതെ ഇരുന്ന അരുൺ അത് സമ്മതിച്ചു കൊടുക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അച്ഛനും അമ്മയും തന്നെയാണ് മാട്രിമോണി സൈറ്റുകളിൽ രജിസ്റ്റർ ചെയ്തതും അല്ലാതെ ബ്രോക്കർമാർ വഴി അന്വേഷണം തുടങ്ങിയതും.
അവൻ ആദ്യം തന്നെ പറഞ്ഞിരുന്നു എല്ലാ കാര്യങ്ങളും ഒത്തുവരാതെ എല്ലാ വീടുകളിലും കയറിയിറങ്ങി പെണ്ണുകാണാൻ ഒന്നും അവനു പറ്റില്ല എന്ന്.
ജാതകത്തിന്റെ ഒക്കെ കാര്യത്തിൽ അവന്റെ അച്ഛനും അമ്മയ്ക്കും കുറച്ചു നിർബന്ധം ഒക്കെ ഉള്ള ആളുകളാണ്. അതുകൊണ്ടുതന്നെ അതിലെ ചേർച്ച ഒക്കെ നോക്കിയതിനു ശേഷം മാത്രം പെണ്ണ് കാണാൻ പോയാൽ മതി എന്ന് അവൻ ആയിരുന്നു തീരുമാനിച്ചത്.
അവൻ വിവാഹത്തിന് സമ്മതിച്ചല്ലോ എന്നൊരു സന്തോഷത്തിൽ അവന്റെ അച്ഛനും അമ്മയും ആ വാക്കുകൾ അംഗീകരിച്ചു കൊടുക്കുകയും ചെയ്തു.
അതിന്റെ ഭാഗമായി കുറെ പെൺകുട്ടികളെ അച്ഛനും അമ്മയും ഇഷ്ടപ്പെട്ടു നോക്കിയെടുത്തുവെങ്കിലും ജാതകത്തിലെ ചേർച്ച ഇല്ലായ്മയും മറ്റു പല കാരണങ്ങൾ കൊണ്ടും അത് മുടങ്ങി പോവുകയായിരുന്നു.
അച്ഛനും അമ്മയ്ക്കും ഒക്കെ ഒരുപോലെ ഇഷ്ടപ്പെട്ട ആലോചനയായിരുന്നു മായയുടേത്. ഫോട്ടോ അരുണിനെ കാണിച്ചപ്പോൾ അവനും താൽപര്യക്കുറവൊന്നും ഉണ്ടായിരുന്നില്ല.
പെണ്ണുകാണൽ ചടങ്ങ് നടക്കുന്നതിനു മുൻപ് ജാതകം നോക്കണം എന്ന് തീരുമാനം എടുത്തിരുന്നത് കൊണ്ട് തന്നെ അവരുടെ ജാതകത്തിലെ പൊരുത്തവും ഒത്തുനോക്കി. ഭാഗ്യം എന്ന് തന്നെ പറയട്ടെ അവരുടെ ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തം ആയിരുന്നു.
അതോടെ അവരെ രണ്ടുപേരെയും പരസ്പരം വിവാഹം കഴിപ്പിക്കാം എന്നൊരു തീരുമാനത്തിലേക്ക് രണ്ട് വീട്ടുകാരും എത്തിച്ചേർന്നു.
ആദ്യ കാഴ്ചയിൽ തന്നെ മായ അരുണിന്റെ മനസ്സ് കീഴടക്കിയിരുന്നു.പക്ഷേ അരുണിന്റെ മുഖത്തേക്ക് നോക്കാതെ നിലത്തു നോക്കി നിൽക്കുകയായിരുന്നു അന്ന് മായ ചെയ്തത്.
ഗ്രാമീണ തനിമയുള്ള പെൺകുട്ടി എന്നാണ് മായയെ കുറിച്ച് അരുൺ പറഞ്ഞത്.
ചെറിയ രീതിയിൽ ഒരു നിശ്ചയം നടത്തിയിരുന്നു.അതിനുശേഷം പലപ്പോഴും അരുൺ അവളെ ഫോണിൽ വിളിച്ചെങ്കിലും മുക്കിയും മൂളിയും ഓരോന്ന് പറയും എന്നല്ലാതെ അവൾ നല്ല രീതിയിൽ ഒന്നും അരുണിനോട് സംസാരിച്ചിട്ടില്ല.
അതിലൊന്നും അരുൺ പരാതിയും പറഞ്ഞില്ല.അവൾ സാധാരണ ഇന്നത്തെ പെൺകുട്ടികളെ പോലെ അല്ല എന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അരുണിന് മനസ്സിലായിരുന്നു. ചില കാര്യങ്ങളിൽ ഒക്കെ അവളുടെ ചിന്താഗതി പഴമക്കാരുടേതു പോലെയാണ്.
ഒന്ന് രണ്ട് തവണ അവളെയും കൂട്ടി പുറത്ത് എവിടെയെങ്കിലും കറങ്ങാൻ പോകാം എന്ന് അരുൺ ആഗ്രഹിച്ചു എങ്കിലും കൂടെ ചെല്ലാൻ അവൾ തയ്യാറായിരുന്നില്ല. വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒന്നും പ്രശ്നമില്ലെങ്കിലും വിവാഹത്തിനു മുൻപ് ഇതൊന്നും പാടില്ല എന്നുള്ള തീരുമാനമായിരുന്നു അവളുടേത്.
അതോടെ അവൻ അങ്ങനെയുള്ള പ്ലാനുകൾ എല്ലാം മാറ്റിവെച്ചു. ഒരു ദിവസം പോലും മുടക്കാതെ അരുൺ അവളെ ഫോൺ വിളിക്കാറുണ്ടെങ്കിലും അവൾക്ക് വലിയ താല്പര്യമൊന്നും ഉണ്ടാകാറില്ല. അവളുടെ സ്വഭാവം അറിയുന്നതുകൊണ്ടു തന്നെ അവൻ അതൊന്നും കാര്യമാക്കിയതുമില്ല.
ആറുമാസം കഴിഞ്ഞപ്പോഴേക്കും അവരുടെ വിവാഹം നടന്നു. അത്യാവശ്യം നല്ല രീതിയിൽ ആഡംബരത്തോടെ തന്നെയായിരുന്നു അത് നടത്തിയത്.
അരുണിന്റെ വീട്ടിലേക്ക് അവൾ കയറി വന്നത് മുതൽ അവൾ ആ വീട്ടിലെ മകൾ തന്നെയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒക്കെ അവൾ പ്രിയങ്കരി ആയിരുന്നു . പക്ഷേ അരുണിന്റെ കാര്യത്തിൽ മാത്രം അവൾ ചെറിയൊരു അടുപ്പ കുറവ് കാണിച്ചു.
അത് എന്തിനാണെന്ന് അവന് മനസ്സിലായതുമില്ല. അവനോട് ഒരു അന്യനെപ്പോലെ അവൾ പെരുമാറുന്നത് കണ്ട് ഒരിക്കൽ അവൻ കാര്യം അന്വേഷിച്ചു.
അവൾക്ക് വിവാഹത്തിനു മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും അതിൽ നിന്നും പുറത്തു വരാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നുമാണ് അവൾ പറഞ്ഞ മറുപടി.
ഇന്നത്തെ കാലത്ത് പ്രണയം ഇല്ലാത്തവർ ആരുമില്ല എന്നുള്ള ചിന്ത ഉള്ളതുകൊണ്ടുതന്നെ അരുൺ അവളെ കുറ്റപ്പെടുത്തിയില്ല. മറിച്ച് അവൾ ഒന്ന് ഒക്കെ ആവുന്നത് വരെ അവൾക്ക് സമയം കൊടുക്കാം എന്ന് അവൻ തീരുമാനിച്ചു..
അതോടെ അവർ തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു.ആ സമയത്താണ് അവന് നഗരത്തിലേക്ക് ട്രാൻസ്ഫർ വരുന്നത്. ദിവസേന വീട്ടിൽ പോയി വരുന്നത് ബുദ്ധിമുട്ട് ആയതു കൊണ്ട് തന്നെ അവൻ നഗരത്തിൽ താമസമാക്കാം എന്ന് തീരുമാനമായി.
വിവാഹം കഴിഞ്ഞ് അധികനാൾ ആയിട്ടില്ലാത്തതു കൊണ്ട് തന്നെ അവരെ രണ്ടാളെയും പിരിച്ചു നിർത്താൻ അച്ഛനും അമ്മയ്ക്കും താല്പര്യം ഉണ്ടായിരുന്നില്ല.
അവരുടെ കൂടി നിർബന്ധം കൊണ്ടാണ് അരുണും അവനൊപ്പം മായയും ഈ നഗരത്തിലേക്ക് വന്നത്.അവളെ നല്ലൊരു സുഹൃത്തിനെ പോലെ കാണുന്നതുകൊണ്ടു തന്നെ അവളുടെ എല്ലാ ആവശ്യങ്ങളും അവൻ കണ്ടറിഞ്ഞു ചെയ്തിരുന്നു.
അവളെ അവൻ കെയർ ചെയ്യുന്നത് കണ്ടിട്ട് പലപ്പോഴും കിരൺ പറയാറുണ്ട് മായ ഭാഗ്യവതിയാണെന്ന്..!!
അപ്പോഴൊക്കെ മായ ഒരു പുഞ്ചിരിയോടെ അവരെ കേട്ടു നിൽക്കാറുമുണ്ട്.
നഗരത്തിലേക്ക് ആദ്യം എത്തിയ സമയത്ത് അരുണിനോട് അവൾ ഒരു അടുപ്പ കൂടുതൽ കാണിച്ചിരുന്നു. ഒരുപക്ഷേ തന്റെ കാത്തിരിപ്പ് അവസാനിക്കാറായി എന്ന് അരുൺ കരുതി.
പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി അവളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു.അരുണിനോട് അധികം ഒന്നും സംസാരിക്കാറില്ല. എന്തിനധികം പറയുന്നു കിടപ്പ് പോലും രണ്ടു മുറികളിലേക്ക് മാറി..!
അതിന്റെ കാരണം അറിയാതെ അവൻ ഉഴറി നടക്കുന്ന സമയത്താണ്, അവളെ കാണാതായത്..
അവനെ ഉപേക്ഷിച്ചു പോകുമ്പോൾ അവൾ ഒരു കത്തും എഴുതി വച്ചിട്ടുണ്ടായിരുന്നു..
” പ്രിയപ്പെട്ട അരുണേട്ടന്..
ഞാൻ എന്റെ പ്രിയപ്പെട്ടവനെ ഈ നഗരത്തിൽ വച്ച് കണ്ടെത്തി.. സാഹചര്യം കൊണ്ട് മാത്രം അകന്നു നിൽക്കേണ്ടി വന്നവരാണ് ഞങ്ങൾ. ഇനിയും ഈ അകൽച്ച ഞങ്ങൾക്ക് താങ്ങാൻ ആവില്ല. ഞാനും അരുണേട്ടനും തമ്മിൽ പ്രത്യേകിച്ച് ബന്ധങ്ങളൊന്നും ഇല്ല എന്ന് അദ്ദേഹത്തിന് പറഞ്ഞു മനസ്സിലാക്കിയത് കൊണ്ട് എന്നെ സ്വീകരിക്കാൻ അദ്ദേഹം തയ്യാറാണ്. നമ്മൾ തമ്മിൽ ഭാര്യ ഭർത്താക്കന്മാർ ആയി ജീവിച്ചിട്ടില്ല എന്ന് നമുക്കറിയാമല്ലോ..! ഇനി അരുണേട്ടൻ എന്നെ അന്വേഷിച്ചു വരരുത്.. ഞാൻ എനിക്ക് പ്രിയപ്പെട്ടവനോടൊപ്പം പോകുകയാണ്..
ഇതുവരെ ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും നന്ദി…”
ഇത്രയും ആയിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്.
അവളുടെ ഇറങ്ങിപ്പോക്ക് എല്ലാവർക്കും ഒരു ഷോക്ക് തന്നെയായിരുന്നു..
ഈ നിമിഷം വരെയും അതിൽ നിന്ന് പുറത്തു വരാത്തത് അരുൺ മാത്രമായിരുന്നു..
” എടാ നിന്നെ വേണ്ട എന്ന് പറഞ്ഞ് അവൾ പോയപ്പോൾ, അവളുടെ മനസ്സിൽ നിന്ന് നിന്നെ പടിയിറക്കി എന്ന് തന്നെയാണ് അർഥം.. നീ ഇങ്ങനെ കരഞ്ഞതു കൊണ്ടോ കണ്ണീരൊഴുക്കിയത് കൊണ്ടോ അവൾ തിരിച്ചു വരില്ല.. നീ നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഓർക്ക്..അവർക്ക് നീയല്ലാതെ മറ്റാരുമില്ല.. നിന്റെ സ്നേഹം മനസ്സിലാക്കാതെ കടന്നുപോയ അവളെ ഓർത്ത് നീ ഒരിക്കലും വേദനിക്കരുത്. നിന്നെക്കാത്ത് നല്ലൊരു ജീവിതം ഇനിയും ബാക്കിയുണ്ട്.. “
കിരൺ പറഞ്ഞപ്പോഴാണ് അവന്റെ മനസ്സിലേക്ക് അച്ഛന്റെയും അമ്മയുടെയും മുഖം കടന്നു വന്നത്.
ശരിയാണ് തന്റെ തകർച്ച ഏറ്റവും അധികം ബാധിക്കുന്നത് അവരെയാണ്..! എന്നെ സ്നേഹിച്ചിട്ടില്ലാത്ത എന്നെ മനസ്സിലാകാത്ത അവൾക്കു വേണ്ടി ഞാൻ എന്തിന് എന്റെ ജീവിതം ഇല്ലാതാക്കണം..!
ഇല്ല ഇനിയും അവളെ ഓർത്ത് ഞാൻ കരയില്ല..!!
ഉള്ളിൽ ഒരു ഉറച്ച തീരുമാനമെടുക്കുന്നുണ്ടെങ്കിലും അവനെ വേദനിപ്പിച്ചുകൊണ്ട് അവളുടെ മുഖവും ഉള്ളിൽ ഉണ്ടായിരുന്നു.
എപ്പോഴെങ്കിലും ആ മുഖം മനസ്സിൽ നിന്നും പറിച്ചുമാറ്റാൻ കഴിയണം എന്നൊരു പ്രാർത്ഥനയോടെ അവൻ അച്ഛനെയും അമ്മയെയും തേടി…