രചന : അപ്പു
:::::::::::::::::::::::::::
” എടാ നിന്നെ ചതിച്ചിട്ട് അവൾ ഇനിയും ജീവിച്ചിരിക്കണം എന്നാണോ നീ പറയുന്നത്..? നിന്നെ അവൾക്ക് വേണ്ടാത്തതു കൊണ്ടാണല്ലോ അവൾ ഇങ്ങനെ ഓരോ പരിപാടികൾ കാണിക്കുന്നത്.. അപ്പോൾ പിന്നെ നീയെന്തിന് ഇനിയും അവളെയും ഓർത്ത് നിന്റെ ജീവിതം നശിപ്പിക്കണം.. നിന്നെ വേണ്ട എന്നു പറഞ്ഞ് അവളുടെ ജീവിതം അവസാനിപ്പിക്കുകയാണ് വേണ്ടത്.. “
വൈകുന്നേരത്തുള്ള മദ്യപാനസഭയിൽ സുഹൃത്തിന്റെ ഉപദേശം കേട്ടപ്പോൾ അതാണ് ശരിയെന്ന് ഒരു നിമിഷം മനുവിന് തോന്നി..
അവൻ അതിനെക്കുറിച്ച് ആയിരുന്നു ആലോചിച്ചത്.
അവന്റെ ആലോചന ഒക്കെ കണ്ടപ്പോൾ തന്നെ മറ്റൊരു സുഹൃത്തിന് കാര്യം മനസ്സിലായി.
” എടാ ഇവൻ പറയുന്നതു പോലെ നീ എടുത്തു ചാടി ഓരോ തീരുമാനങ്ങൾ എടുക്കരുത്.. അത് നിന്റെ നാശത്തിൽ ആയിരിക്കും ചെന്ന് അവസാനിക്കുന്നത്.. “
അഭി ഉപദേശിച്ചത് മനുവിന് ഇഷ്ടപ്പെട്ടില്ല.
” അവൻ പറഞ്ഞതിൽ എന്ത് തെറ്റാടാ ഉള്ളത്..? എന്നെ അവൾ ചതിച്ചത് തന്നെയല്ലേ..? അല്ലെങ്കിൽ പിന്നെ കഴിഞ്ഞ നാലു വർഷത്തെ ഇഷ്ടം ഒരു കറിവേപ്പില പോലെ വലിച്ചെറിയാൻ അവൾക്ക് എങ്ങനെയാണ് കഴിഞ്ഞത്..? “
മനു ചോദിച്ചപ്പോൾ അഭി ഒന്ന് പകച്ചു. മനുവിന്റെ ആ ചോദ്യത്തിൽ നിന്ന് തന്നെ അവന്റെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
” എടാ അവൾ നിന്നെ എങ്ങനെ ചതിച്ചു എന്നാണ്..? അവൾക്ക് മറ്റൊരു ബന്ധവും ഉള്ളതായി നമുക്ക് ആർക്കും അറിയില്ലല്ലോ.. നീയുമായി അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകാൻ അവൾക്ക് പറ്റില്ല എന്ന് മാത്രമാണ് അവൾ പറഞ്ഞത്.. എന്ന് കരുതി അതിന്റെ അർത്ഥം അവൾ നിന്നെ ചതിച്ചു എന്നൊന്നുമല്ല.. അവൾ മാന്യമായി കാര്യം പറഞ്ഞതാണ്.. “
അഭി തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ മനുവിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
” നീ വെറുതെ അവളുടെ വക്കാലത്തും കൊണ്ട് എന്റെ അടുത്തേക്ക് വരരുത്… അവളുടെ മനസ്സിൽ എന്താണെന്ന് ഒക്കെ കൃത്യമായി മനസ്സിലാക്കിയിട്ട് തന്നെയാണ് ഞാൻ ഇവിടെ ഇരിക്കുന്നത്.. “
മനു വാദിച്ചു.
” നീ എന്തിനാടാ വെറുതെ അവളെ സപ്പോർട്ട് ചെയ്യുന്നത്..? അല്ലെങ്കിൽ തന്നെ നീ ഒന്ന് ഓർത്തു നോക്കൂ കഴിഞ്ഞ നാല് വർഷമായി അവളും ഇവനും തമ്മിൽ കൊണ്ട് പിടിച്ച പ്രേമം ആയിരുന്നില്ലേ..? എന്നിട്ടിപ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇവനെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല ഇവൻ സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്നൊക്കെ പറഞ്ഞ് ഇവനെ ഇട്ടിട്ടു പോകാനും മാത്രം എന്ത് പ്രശ്നമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നത്..? “
പ്രശാന്ത് ചോദിച്ചപ്പോൾ അഭി മൗനം പാലിച്ചു.
” അതാണ് നീ അങ്ങനെ ചോദിക്ക്.. അവൾക്ക് എന്ത് സ്വാതന്ത്ര്യ കുറവാണ് ഞാൻ കൊടുത്തത് എന്ന് അവൾ പറയണം.. അവളുടെ അച്ഛനും അമ്മയും പോലും ഒരുപക്ഷേ അവളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ ചെലുത്തിയിട്ടുണ്ടാവില്ല.. അത്രയും കാര്യമായി ഞാൻ നോക്കിയതാണ് അവളെ.. അവളുടെ ഓരോ കാര്യങ്ങളും ഞാൻ അറിയണം എന്ന് വാശി പിടിച്ചത് അവൾ തെറ്റായ വഴിയെ പോകാതിരിക്കാൻ വേണ്ടി മാത്രമാണ്.. ഇപ്പോഴത്തെ ആൺപിള്ളേരുടെ ഒക്കെ സ്വഭാവം നമ്മൾ ഊഹിക്കുന്നതിനും അപ്പുറമാണ്.. ചിലപ്പോൾ വെറുതെ ഒന്നു നോക്കി ചിരിക്കുന്ന പെൺപിള്ളേരെ വരെ അവന്മാർ ഉപദ്രവിച്ചു എന്ന് വരും. അതൊക്കെ ഒഴിവാക്കാൻ വേണ്ടിയാണ് അവളോട് ആരോടും അധികം സൗഹൃദം ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞത്. പ്രത്യേകിച്ച് ആൺകുട്ടികളോട്.. അവൾക്ക് ഏറ്റവും ചേരുന്ന വസ്ത്രങ്ങൾ ചുരിദാർ ആണ്.. അതുകൊണ്ടാണ് അതുമാത്രം ഇട്ടാൽ മതി എന്ന് ഞാൻ വാശി പിടിച്ചത്. അല്ലാതെ അത് അവളോടുള്ള ഇഷ്ടക്കുറവ് ഒന്നുമല്ല..ഇതിനെയൊക്കെയാണോ അവൾ സ്വാതന്ത്ര്യ കുറവ് എന്ന് പറയുന്നത്..? ഇത്രയും കാലം അവൾക്ക് ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ഞാനെന്തു പറഞ്ഞാലും അതൊക്കെ അനുസരിക്കാൻ അവൾ തയ്യാർ ആയിരുന്നു.. എന്നിട്ട് ഇപ്പോ… “
അവന് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു.
” ഇതാണ് ഞാൻ പറഞ്ഞത് അവൾക്ക് നിന്നെക്കാൾ നല്ല വേറെ ആരെയോ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് നിന്നെ ഒഴിവാക്കാൻ വേണ്ടി ഒരു കാരണം കണ്ടുപിടിക്കുന്നത് പോലെയാണ് അവൾ ഇപ്പോൾ ഇതൊക്കെ പറയുന്നത്.. “
എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ പ്രശാന്ത് പറഞ്ഞു.
” എടാ നീ ഒന്ന് വെറുതെയിരുന്നേ.. “
പേടിയോടെ അഭി അവനെ വിലക്കി.
” ഞാൻ അവളെ എന്ത് ചെയ്യണം എന്നാണ്..? “
അഭി പറഞ്ഞത് ശ്രദ്ധിക്കുക പോലും ചെയ്യാതെ മനു മറ്റുള്ളവരോട് ചോദിച്ചു.
” നീ ജസ്റ്റ് അവളെ ഒന്ന് പേടിപ്പിച്ചാൽ മതിയെടാ.. പെട്രോൾ ഒഴിച്ച് കത്തിക്കും എന്നോ, കുത്തിക്കൊല്ലും എന്നോ മറ്റോ പറഞ്ഞാൽ മതി.. അല്ലെങ്കിൽ നീ ആ ത്മ ഹത്യ ചെയ്യുമെന്ന് പറയു.. അവളുടെ പേര് എഴുതി വെച്ചിട്ട് നീ ചാകും എന്ന് പറഞ്ഞാൽ അവൾ ഉറപ്പായും പേടിക്കും.. അതോടെ അവൾ പോയ പോലെ നിന്നിലേക്ക് തന്നെ തിരികെ വരുകയും ചെയ്യും.. “
അവൻ പറഞ്ഞത് കേട്ടപ്പോൾ അത് നല്ലൊരു വഴിയായിട്ടാണ് മനുവിന് തോന്നിയത്..
“അപ്പോൾ നാളെ അങ്ങനെ തന്നെ ചെയ്യാം..”
മനു അത് മനസ്സിൽ ഉറപ്പിച്ചു.
” മനു അവസാനമായി ഞാൻ നിന്നോട് ഒരു കാര്യം പറയുകയാണ്.. നാശത്തിലേക്ക് ആണ് നീ ഈ കാലെടുത്തു വയ്ക്കുന്നത്.. നീ ചെയ്യാൻ പോകുന്നതിന്റെ പ്രത്യാഘാതം എത്ര വലുതായിരിക്കും എന്ന് നിനക്ക് ഊഹിക്കാൻ എങ്കിലും കഴിയുമോ..? “
അഭി ചോദിച്ചപ്പോൾ മനു വലിയ താല്പര്യം ഇല്ലാതെ അവനെ നോക്കി.
” എനിക്കൊരു ചേച്ചി ഉണ്ടായിരുന്നു.. അവൾ മരിച്ചു പോയി എന്ന് നിങ്ങൾക്കൊക്കെ അറിയില്ലേ..?”
അഭി ചോദിച്ചപ്പോൾ മനു അറിയാം എന്ന് തലയാട്ടി.
” അവൾ എങ്ങനെയാ മരിച്ചത് എന്ന് നിങ്ങൾക്കറിയാമോ..? “
അഭി ചോദിച്ചപ്പോൾ മനു ഒരു നിമിഷം ആലോചിച്ചു.
“അത് ആക്സിഡന്റോ മറ്റോ ആണെന്നല്ലേ നീ പറഞ്ഞത്..?”
പ്രശാന്ത് പെട്ടെന്ന് ഓർത്തത് പോലെ ചോദിച്ചു.
” അതെ അങ്ങനെയാണ് ഞാൻ നിങ്ങളോട് പറഞ്ഞത്.. പക്ഷേ അത് ആയിരുന്നില്ല സത്യം.. ചേച്ചി കോളേജിൽ പഠിക്കുന്ന സമയത്ത് അവളുടെ പിന്നാലെ നടന്ന ഒരു പയ്യൻ പ്രണയം നിരസിച്ചു എന്നുള്ളതിന്റെ പേരിൽ ചേച്ചിയുടെ മേത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതാണ്. അതും പോരാഞ്ഞിട്ട് അവൻ സ്വന്തം വണ്ടി കയറ്റി ഇറക്കിയാണ് ചേച്ചിയെ കൊന്നത്.. ആ വിഷമത്തിൽ നിന്ന് കരകയറാൻ വേണ്ടി മാത്രമാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഞങ്ങൾ ഇവിടെ വന്ന് വീടു വാങ്ങി താമസിക്കുന്നത്. എന്റെ ചേച്ചിക്ക് സംഭവിച്ച ആഘാതത്തിൽ നിന്ന് ഞങ്ങൾ ആരും ഇതുവരെയും കര കയറിയിട്ടില്ല.. ചേച്ചിയെ കൊന്നവനെ ജയിലിൽ പോയി കാണേണ്ട അവസ്ഥയാണ് ഇപ്പോൾ അവന്റെ വീട്ടുകാർക്ക്.. അവനാണെങ്കിൽ വീട്ടിൽ ഒരേയൊരു മകനായിരുന്നു.. അവനെ മാത്രം പ്രതീക്ഷിച്ച ജീവിച്ച അവന്റെ അച്ഛനും അമ്മയും ഇപ്പോൾ മകന്റെ പ്രവർത്തി ദോഷം കൊണ്ട് കേറിയിറങ്ങാത്ത അമ്പലങ്ങളും പള്ളികളും ഒന്നുമില്ല.. അവൻ ചെയ്ത പാപങ്ങൾ അവരുടെ ജീവിതത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കരുത് എന്നൊരു പ്രാർത്ഥനയോടെ.. ഈ ജീവിതങ്ങളൊക്കെ നേരിൽ കണ്ട അനുഭവത്തിൽ ഞാൻ പറയുകയാണ്.. നാളെ നീ ആ പെൺകുട്ടിയെ ദ്രോഹിക്കാൻ തുടങ്ങുന്നത് സ്വന്തം വീട്ടിൽ ആർക്കെങ്കിലും ഇങ്ങനെ ഒരു അനുഭവം വന്നാൽ എന്ത് സംഭവിക്കും എന്നൊരു ചിന്ത പോലുമില്ലാതെയാണ്.. അവളെ പേടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾക്ക് എന്തെങ്കിലും ഒരു അപകടം സംഭവിച്ചാൽ.. അവൾ മരണപ്പെട്ടു പോയി കഴിഞ്ഞാൽ അവളുടെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും എന്ന് നീ ഓർത്തിട്ടുണ്ടോ..? അതുപോട്ടെ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്നെ അവളുടെ വീട്ടുകാരും പോലീസ് ഒക്കെ വെറുതെ വിടുമെന്ന് ചിന്തിക്കുന്നുണ്ടോ..? അങ്ങനെ സംഭവിച്ചാൽ നിന്റെ വീട്ടുകാർക്ക് പിന്നെ ആരാണുള്ളത്..? നിന്റെ അനിയത്തിക്ക് നല്ലൊരു വിവാഹം എങ്കിലും നടക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..? നല്ല പ്രായം മുഴുവൻ ജയിലിൽ കിടന്നു നരകിക്കേണ്ടി വരും.. അവളെ നിന്റെ കയ്യിൽ കൊന്നു കളഞ്ഞതിന്റെ കുറ്റബോധം വേറെയും…വെറുതെ എന്തിനാടാ കുറെ ജീവിതങ്ങൾ നശിപ്പിച്ചു കളയുന്നത്..? അവൾക്ക് നിന്നെ വേണ്ടെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ അവൾക്ക് നിന്നോടൊപ്പം അഡ്ജസ്റ്റ് ചെയ്യാൻ അത്രയും പറ്റാതായതു കൊണ്ടായിരിക്കും.. അതിന് അവളോട് പ്രതികാരം തീർക്കാതെ പ്രശ്നം എന്താണെന്ന് പരസ്പരം ചർച്ച ചെയ്തു പരിഹാരം കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്..? “
അഭി ചോദിച്ചപ്പോൾ മനുവിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു..
അഭി പറഞ്ഞത് തന്നെയാണ് ശരിയെന്ന് മനു ആ നിമിഷം മനസ്സിൽ ഉറപ്പിച്ചു…