രചന : അപ്പു
:::::::::::::::::::::::::
” എടൊ.. തനിക്കൊന്നും ഞങ്ങളുടെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ല.. പണത്തിന്റെ കൊഴുപ്പിൽ എന്ത് അഹങ്കാരവും കാണിക്കുന്ന താനൊക്കെ ഉണ്ടല്ലോ.. ഒരു ദിവസമെങ്കിലും ഞങ്ങളെക്കുറിച്ച് ഒന്നോർത്തു നോക്കണം.. ഞങ്ങൾ ജീവിക്കുന്നതു പോലെ ജീവിക്കാൻ കഴിയുമോ എന്ന് വെറുതെയെങ്കിലും ഒന്ന് ഓർക്കണം..”
തന്റെ മുന്നിൽ നിന്ന് പറയുന്ന ആ പെൺകുട്ടിയെ അവൻ പുച്ഛത്തോടെ നോക്കി..
അവൾ പറയുന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നൊരു ഭാവത്തോടെ അവൻ ചുറ്റും നിൽക്കുന്നവരെ നോക്കി..
” എനിക്കറിയാം തന്റെ ഉള്ളിൽ ഇപ്പോൾ എന്നെ ഓർത്ത് പുച്ഛം മാത്രമാണെന്ന്.. പക്ഷേ ഒരിക്കൽ താൻ എന്നെ ഓർക്കും.. താൻ ചെയ്തു കൂട്ടിയതൊക്കെ എത്രത്തോളം വലിയ പാപങ്ങളായിരുന്നു എന്ന് താൻ മനസ്സിലാക്കും.. അന്ന് ഒരുപക്ഷേ തന്റെ ക്ഷമാപണം കേൾക്കാൻ ഞാൻ ഉണ്ടായി എന്ന് വരില്ല.. “
കത്തുന്ന കണ്ണുകളോടെ അവനോടു അത്രയും പറഞ്ഞു കൊണ്ട് തന്റെ അടുത്ത് പൊട്ടിക്കരഞ്ഞു നിൽക്കുന്ന പെൺകുട്ടിയെയും ചേർത്തു പിടിച്ച് അവൾ പുറത്തേക്ക് നടന്നു.
പക്ഷേ തീരെ പ്രതീക്ഷിക്കാതെ അവരെ ഒരു കൂട്ടം ആളുകൾ വളഞ്ഞു.. അവർ ആ പെൺകുട്ടികൾക്ക് നേരെ കൂക്കി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു..
അതൊക്കെ കേൾക്കുമ്പോൾ കരഞ്ഞു നിന്നിരുന്ന ആ പെൺകുട്ടി അവളിലേക്ക് കൂടുതൽ കൂടുതൽ ചേർന്നു നിന്നു.. ആരെയും തലയുയർത്തി നോക്കുക പോലും ചെയ്യാതെ അവൾ തലകുനിച്ചു.
അപ്പോഴും മുന്നിൽ നടക്കുന്ന രംഗങ്ങൾ ഒക്കെയും ഇഷ്ടപ്പെട്ടതു പോലെ അവൻ പുഞ്ചിരിയോടെ അതൊക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
കണ്ണീരോടെ അതിലേറെ പകയോടെ ആ പെണ്ണ് അവനെ തിരിഞ്ഞു നോക്കി. അവന്റെ ചുണ്ടിലെ പുഞ്ചിരി കണ്ടപ്പോൾ താൻ ഇല്ലാതായി പോകുന്നു എന്നാണ് അവൾക്ക് തോന്നിയത്.
പക്ഷേ അവനു മുന്നിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല.
കൂടി നിൽക്കുന്ന ജനങ്ങളെ തള്ളിമാറ്റിക്കൊണ്ട് അവൾ എങ്ങനെയൊക്കെയോ ആ പെൺകുട്ടിയെ പുറത്തെത്തിച്ചു. അവളെയും കൊണ്ട് വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ തങ്ങളെ കാത്തിരിക്കുന്ന വിധി എന്തായിരിക്കും എന്ന ഊഹം പോലും അവൾക്കുണ്ടായിരുന്നില്ല..
അവൾ കാവ്യ.. കൂടെയുണ്ടായിരുന്നത് അവളുടെ സഹോദരിയാണ് ഗൗരി.. ഇണ പിരിയാത്ത ചങ്ങാതിമാരെ പോലെയായിരുന്നു അവർ രണ്ടാളും..
ഗൗരി കോളേജിൽ പഠിക്കാൻ പോയ സമയത്താണ് അവളുടെ ഒരു സീനിയർ അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞു വരുന്നത്.. പക്ഷേ അതൊക്കെ ക്യാമ്പസ് കാലത്തെ തമാശകൾ മാത്രമായി മാറും എന്നറിയാവുന്നതു കൊണ്ടു തന്നെ ഗൗരി ആ ഇഷ്ടം നിരസിച്ചു.
പക്ഷേ അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞ് വന്ന ഹേമന്ത് എന്ന ചെറുപ്പക്കാരൻ അവളുടെ ഉടലഴക് മാത്രം നോക്കി അവളെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു. എന്നുമാത്രമല്ല അവൻ അവളുടെ ശരീരം മാത്രമായിരുന്നു മോഹിച്ചത്..
അവളിലെ പെണ്ണിനെ മനസ്സിലാക്കാനോ അവളെ സ്നേഹിക്കാനോ അല്ല അവൻ ശ്രമിച്ചത്..!
അവൾക്ക് പിന്നാലെ വീണ്ടും വീണ്ടും ഇഷ്ടം പറഞ്ഞു ചെല്ലുമ്പോൾ ഒക്കെയും അവൾ അത് നിരസിച്ചു കൊണ്ടേയിരുന്നു.
എങ്ങനെയും അവളുടെ ഇഷ്ടം നേടിയെടുക്കണം എന്ന ചിന്ത മാത്രം ഉള്ളിൽ കൊണ്ടു നടന്ന അവൻ ഒരു ദിവസം അവളെ പിടിച്ചു നിർത്തി.
” എനിക്ക് നിന്നെ ഇഷ്ടമാണെന്ന് എത്ര തവണ ഞാൻ പറഞ്ഞു.. എന്നിട്ടും എന്റെ ഇഷ്ടം മാത്രം നീയെന്താ മനസ്സിലാക്കാത്തത്..? “
അവൻ ചോദിച്ചപ്പോൾ അവൾ നോക്കിയത് അവൻ പിടിച്ചിരുന്ന അവളുടെ കയ്യിലേക്ക് ആയിരുന്നു.
” താൻ കയ്യെടുക്ക്.. തന്നോട് എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടവുമില്ല എന്ന് തന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞു.. എന്നിട്ടും വീണ്ടും വീണ്ടും എന്റെ പിന്നാലെ നടന്നു എന്നെ ശല്യം ചെയ്യാൻ തനിക്ക് നാണമാകുന്നില്ലേ..? “
ചുറ്റും കൂടി നിൽക്കുന്ന കുട്ടികളെ പോലും ശ്രദ്ധിക്കാതെ അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന് അപമാനം തോന്നി. കോളേജ് ഹീറോയെ പോലെ വിലസുന്ന അവന് അത് വലിയൊരു അപമാനം തന്നെയായിരുന്നു..
” നിനക്ക് എന്നെ ഇഷ്ടപ്പെട്ടാൽ എന്താ..? എനിക്ക് സൗന്ദര്യം ഇല്ലേ..? പണമില്ലേ..? നീ എന്നിൽ കണ്ടെത്തുന്ന കുറവ് എന്താണെന്ന് ആദ്യം പറയൂ.. “
അവൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ട് അവളുടെ കൈ അവന്റെ കയ്യിൽ നിന്നും വേർപെടുത്തി.
” നീ പറഞ്ഞത് ശരിയാണ് നിനക്ക് പണവും സൗന്ദര്യവും ഒക്കെയുണ്ട്.. പക്ഷേ അതൊക്കെ ഒരു പെണ്ണ് നിന്നെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ ആണോ..? നീ ഇവിടെ കോളേജ് ഹീറോയായി വിലസുന്നത് നിന്റെ അച്ഛന് രാഷ്ട്രീയത്തിലുള്ള പിടിപാടു കൊണ്ടു മാത്രമാണ്.. ഇവരെല്ലാവരും നിന്നെ ഭയക്കുന്നത് ആ ഒരു കാരണം കൊണ്ട് മാത്രമാണ്.. പക്ഷേ എനിക്ക് നിന്നെ ഭയന്ന് ജീവിക്കേണ്ട ആവശ്യമില്ല… എനിക്ക് നിന്നെ ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ ഞാൻ പറയും. അതുതന്നെയാണ് ആദ്യ അവസാനം ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത്. താനുമായി ഒരു പ്രണയ ബന്ധത്തിന് എനിക്ക് താല്പര്യമില്ല.. “
അവൾ പറഞ്ഞു നിർത്തിയപ്പോൾ ചുറ്റും കൂടി നിൽക്കുന്ന പലരുടെയും മുഖത്ത് തന്നോടുള്ള പരിഹാസം അവൻ കണ്ടിരുന്നു. അത് അവളോടുള്ള പക കൂട്ടാൻ മാത്രമാണ് ഉപകരിച്ചത്.
പിന്നീട് അവൻ ഒരു അവസരം കാത്തിരിക്കുകയായിരുന്നു.കോളേജിൽ താൻ എത്രത്തോളം അപമാനം നേരിട്ടോ.. അത് അതേ അളവിൽ തന്നെ അവളും നേരിടണം എന്നുള്ളത് അവന്റെ വാശിയായിരുന്നു.
ഇന്ന് കോളേജ് ഡേയ്ക്ക് എല്ലാ കുട്ടികളും കോളേജിൽ എത്തിയപ്പോൾ അവളുടെ സഹപാഠിയുടെ സഹായത്തോടെ അവളെ ലൈബ്രറിയിലേക്ക് എത്തിച്ചു അവിടെ വച്ച് അവൻ അവളുടെ ശരീരം കവർന്നെടുത്തു. അവളുടെ അലറി കരച്ചിലുകളും എതിർപ്പുകളും ഒന്നും അവനെ യാതൊരു തരത്തിലും സ്പർശിച്ചില്ല..
അവൻ തന്നെ ഏർപ്പാടാക്കിയ അവന്റെ ആളുകൾ ടീച്ചർമാരുടെ സഹായത്തോടെ മുറി തുറന്നപ്പോൾ കാണുന്നത് അവളെയും അവളോട് ഒപ്പമുള്ള അവനെയും ആയിരുന്നു.
തങ്ങൾ ആദ്യമായി അല്ല ഇങ്ങനെ കൂടുന്നത് എന്നും.. മിക്കപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട് എന്നുമൊക്കെ അവൻ ടീച്ചർമാരോടും കൂടി നിൽക്കുന്ന കുട്ടികളോടും പറയുമ്പോൾ അവൾ തൊലി ഉരിഞ്ഞത് പോലെയാണ് അവിടെ നിന്നത്.
കോളേജിലെ പരിപാടികൾ കാണാൻ വേണ്ടി അവളുടെ സഹോദരിക്ക് കാവ്യ അവിടേക്ക് എത്തിയതുകൊണ്ട് മാത്രം അവൾക്ക് ആ സമയത്ത് തുണയായി ഒരാൾ ഉണ്ടായിരുന്നു.
വീട്ടിലെത്തി കഴിഞ്ഞിട്ടും ഗൗരിയുടെ മൂകതയ്ക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ആരോടും സംസാരിക്കാനോ ആരുടെയും മുഖത്ത് നോക്കാനോ പോലും അവൾ തയ്യാറായില്ല.
മകളുടെ അവസ്ഥ കണ്ട് അച്ഛനും അമ്മയും ഒക്കെ അലറി കരയുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അവളെ സ്പർശിച്ചില്ല. ആരും പറയുന്നതോ ചെയ്യുന്നതോ ഒന്നുമറിയാതെ മറ്റ് ഏതോ ഒരു ലോകത്തായിരുന്നു അവൾ..
അവളുടെ അവസ്ഥ കൂടുതൽ മോശമാകുന്നു എന്ന് കണ്ടതോടെയാണ് അവളെ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. അവിടുത്തെ ചികിത്സ കൊണ്ട് ഫലമില്ലാതെ ആയതോടെ അവളെ ഒരു ആയുർവേദ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.
പതിയെ പതിയെ അവൾ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങി..
അവൾക്ക് ഓർമ്മകൾ തിരിച്ചു കിട്ടിയപ്പോൾ തനിക്ക് സംഭവിച്ച ദുരന്തം ഓർത്ത് അവൾ അലറി കരഞ്ഞു. തന്നെ നശിപ്പിച്ചവനെ തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധം അവൾക്കുണ്ടായിരുന്നു.
പക്ഷേ അത് തുടച്ചു മാറ്റാൻ കാവ്യ അവളോട് മറ്റൊരു വാർത്ത പറഞ്ഞു..
ഹേമന്തിന്റെ അനിയത്തി ഹിമയ്ക്ക് നേരിടേണ്ടി വന്ന ഒരു അപമാനത്തിന്റെ കഥ.. അവളുടെ സഹപാഠികൾ ജ്യൂസിൽ മദ്യം കലക്കി കൊടുത്ത് അവളെ നശിപ്പിച്ച കഥ.. ആ ഒരു സംഭവത്തോട് കൂടി ഓർമ്മ നഷ്ടമായ അവളെ സംരക്ഷിച്ചു നിൽക്കുന്ന അവളുടെ ഏട്ടന്റെ കഥ.. മകളുടെ അവസ്ഥ താങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടി മരിച്ച അവരുടെ അച്ഛന്റെ കഥ.. അച്ഛന്റെ വേർപാട് കൂടെ തളർന്നു പോയ അമ്മ പിന്നീട് ആത്മഹത്യ ചെയ്ത കഥ..
ഒരു മനുഷ്യൻ ഉണ്ടാവുന്ന ദുരന്തത്തിന്റെ പേരിൽ ഒരിക്കലും സന്തോഷിക്കരുത് എന്ന് പഠിച്ചിട്ടുള്ളവരാണ് കാവ്യയും ഗൗരിയും.
പക്ഷേ എന്തുകൊണ്ടോ ഹേമന്തിനുണ്ടായ തകർച്ച ഗൗരിയയെ സന്തോഷിപ്പിച്ചു..
അവൾ ജീവിതത്തിലേക്ക് ഓരോ ചുവടും മുന്നിലേക്ക് വയ്ക്കുമ്പോൾ, തന്റെ അനിയത്തിയെ സംരക്ഷിക്കുന്നതിനോടൊപ്പം താൻ കാരണം ജീവിതം നശിച്ചു പോയ ഒരു പെണ്ണിനെയും അവൻ ഓർക്കുന്നുണ്ടായിരുന്നു..