പരിഭവങ്ങൾ – രചന: സൂര്യകാന്തി
ശ്യാമേ… ഡീ…ഞാൻ ഇന്നലെ ഇവിടെ വെച്ച ആ ഫയലെവിടെ…? അല്ലേലും ഈ വീട്ടിലൊരു സാധനം വെച്ചാൽ വെച്ചേടത്ത് കാണില്ല…
അലമാരയിലെ സാധനങ്ങൾ മുഴുവനും വാരിയിട്ടിട്ടും തിരഞ്ഞു കൊണ്ടിരുന്ന ഫയൽ കിട്ടാതിരുന്നപ്പോൾ ദേഷ്യം വന്നു തുടങ്ങിയിരുന്നു രമേശന്…
എടി ശ്യാമേ…
ആരും വന്നില്ല.
നാശം പിടിക്കാനായിട്ട്…ഇവളിതെവിടെ പോയി കിടക്കാണാവോ…?
എന്തിനാ രമേശേട്ടാ ഇങ്ങനെ ഒച്ചയിടുന്നേ…ഞാൻ അമ്പലത്തിൽ പോവാണെന്ന് പറഞ്ഞിട്ടല്ലേ പോയത്…?
അവളുടെ നെറ്റിയിലെ ചന്ദനക്കുറിയിലേക്കും കൈയിൽ ചുരുട്ടി പിടിച്ച വാഴയിലയിലേക്കും നോക്കി അയാൾ ചോദിച്ചു.
ഇന്നിപ്പോ പതിവില്ലാതെ എന്താ ഒരമ്പലത്തിൽ പോക്ക്…?
ശ്യാമ എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ രമേശൻ പെട്ടെന്നെന്തോ ഓർത്ത പോലെ ചോദിച്ചു.
ഞാനിന്നലെ അലമാരിയ്ക്കകത്ത് വെച്ച ആ ചുവന്ന ഫയലെവിടെ…?
അപ്പോഴാണ് ശ്യാമ ശ്രദ്ധിച്ചത് അലമാരിയിലുള്ള മൊത്തം സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ടിട്ടുണ്ട്. മേശപ്പുറത്തേക്ക് കണ്ണെത്തിയതും രമേശനെ രൂക്ഷമായൊന്നു നോക്കി ശ്യാമ മേശക്കടുത്തേക്ക് നടന്നു.
എന്റെ രമേശേട്ടാ നിങ്ങൾ തന്നെയല്ലേ ഇന്നലെ രാത്രി ഇവിടെ ഇതും തുറന്നു വെച്ചോണ്ട് ഇരുന്നത്. ന്നിട്ടിപ്പോ ആ അലമാരിയിലെ സാധനങ്ങൾ മുഴുവനും വാരി വലിച്ചിട്ടേക്കുന്നു…
രമേശൻ തല ചൊറിഞ്ഞു കൊണ്ട് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു…
“ന്റെ പെണ്ണേ നീയിവിടെ ഇങ്ങനെ എന്നെ പേടിപ്പിക്കാൻ നിൽക്കാതെ പോയി ചായ എടുത്തു വെക്ക്, ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇന്ന് നേരത്തേ പോണെന്ന്. ഇന്ന് ഓഡിറ്റിങ്ങുണ്ട്..”
“ഓ.. ഈ ഓഡിറ്റിങ്ങ് കണ്ടു പിടിച്ചവനെ തല്ലണം”
പിറുപിറുത്തു കൊണ്ടു പോവുന്ന ശ്യാമയെ നോക്കി ചിരിച്ചു കൊണ്ടു രമേശൻ ഫയൽ എടുത്തു ബാഗിൽ വെച്ചു. രമേശൻ റെഡി ആയി കഴിക്കാൻ ചെന്നപ്പോൾ മീനുവും കിച്ചുവും കഴിച്ചെഴുന്നേൽക്കുന്നുണ്ടായിരുന്നു.
ഇഡ്ഡലിയും സാമ്പാറും ഡൈനിങ്ങ് ടേബിളിൽ ഉണ്ടായിരുന്നു. രമേശൻ കഴിക്കാൻ തുടങ്ങിയപ്പോഴാണ് സ്കൂൾ ബസിന്റെ ഹോണടി കേട്ടത്. ശ്യാമ ലഞ്ച് ബോക്സുമായി അവർക്ക് പിന്നാലെ ഓടുന്നത് കണ്ടു.
അവൾ തിരികെ വരുമ്പോഴേക്കും അയാൾ കഴിച്ചെഴുന്നേറ്റിരുന്നു. ഇറങ്ങുമ്പോൾ ലഞ്ച് കിറ്റുമായി അവൾ കോലായിലുണ്ടായിരുന്നു. സമയം വൈകിയത് കൊണ്ട് അതും വാങ്ങി ധൃതിയിൽ വണ്ടി സ്റ്റാർട്ട് ആക്കി ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കാൻ അയാൾ മറന്നു.
ഗേറ്റ് അടച്ചു അകത്തേക്ക് നടക്കുമ്പോൾ ശ്യാമയുടെ കൺപീലികൾ നനഞ്ഞിരുന്നു. ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം റെഡിയാക്കി, രമേശേട്ടന്റെയും മക്കളുടെയും തന്റെയും മുഷിഞ്ഞ തുണികളെല്ലാം അലക്കിയിട്ട്, വീട് അടിച്ചു തുടച്ചു വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും ഉച്ചയായിരുന്നു. വിശപ്പ് തോന്നിയില്ല…
ചെന്നു കിടന്നപ്പോൾ യാദൃശ്ചികമായാണ് മേശപ്പുറത്തെ ഫോട്ടോയിൽ കണ്ണെത്തിയത്. കല്യാണം കഴിഞ്ഞ നാളുകളിലെപ്പോഴോ എടുത്തതാണ്…
സ്കൂളിൽ പഠിക്കുമ്പോഴേ ഇഷ്ടം തോന്നിയതാണ്…പഠിക്കാൻ മിടുക്കനായ, ഒരു കള്ളച്ചിരി കണ്ണുകളിലൊളിപ്പിച്ചു വെച്ച രമേശനെന്ന പൊടി മീശക്കാരനോട്. വളരുന്നതിനനുസരിച്ച് ഇഷ്ടവും കൂടി വന്നതേയുള്ളു.
പക്ഷേ അടുത്തെത്തുമ്പോൾ പേടിയായിരുന്നു…കൈയും കാലും വിറയ്ക്കും. ഒരിക്കൽ ഇടവഴിയിൽ വെച്ച് കണ്ടപ്പോൾ ധൈര്യം സംഭരിച്ച് ആ മുഖത്തേയ്ക്കൊന്ന് നോക്കി. തിരിച്ചൊന്ന് ചിരിച്ചപ്പോൾ നിധി കിട്ടിയത് പോലെയായിരുന്നു.
പിന്നീട് പലയിടങ്ങളിലും വെച്ച് കാണാൻ തുടങ്ങി. അമ്പലത്തിലും കുളക്കടവിലും ബസിലും ഇടവഴികളിലുമൊക്കെ വെച്ച് കണ്ടപ്പോൾ യാദൃശ്ചികമാണെന്നേ കരുതിയുള്ളൂ. അങ്ങനെയല്ലായിരുന്നുവെന്ന് മനസ്സിലായത് വീണ്ടുമൊരിക്കൽ ഇടവഴിയിൽ വെച്ച് കണ്ടപ്പോഴാണ്. മുഖം താഴ്ത്തി കടന്നു പോവുമ്പോഴാണ് പിറകിൽ നിന്ന് വിളിച്ചത്.
“ഡോ…”
ഞെട്ടലോടെ തിരിഞ്ഞു നോക്കി. മുഖവുരയൊന്നുമില്ലായിരുന്നു.
“എനിക്ക് തന്നെ ഇഷ്ടമാണ്. വെറുതെ ഒരിഷ്ടമല്ല, താലി കെട്ടി കൂടെ കൂട്ടാനുള്ള ഇഷ്ടം “
ഒന്ന് നിർത്തി അരികിലേക്ക് വന്നു പറഞ്ഞു. “പടിപ്പുരയ്ക്കലെ കുട്ടിയോട് ചേർന്നു നിൽക്കാനുള്ള യോഗ്യത ഉണ്ടോന്നൊന്നും അറിയില്ല. ആരും സമ്മതിക്കില്ലെന്നും അറിയാം. എനിക്ക് തന്റെ ഇഷ്ടം മാത്രം അറിഞ്ഞാൽ മതി “
ശ്യാമയ്ക്ക് അപ്പോഴും ശബ്ദം തിരിച്ചു കിട്ടിയിരുന്നില്ല. “ശരിക്കും ആലോചിച്ചിട്ട് പറഞ്ഞാൽ മതി, കാരണം, പിന്നെ വിട്ടു കൊടുക്കില്ല ഞാൻ ആര് പറഞ്ഞാലും…”
രമേശേട്ടൻ പോയിട്ടും ഇത്തിരി കൂടെ കഴിഞ്ഞാണ് നടന്നു നീങ്ങിയത്. പിന്നെ കണ്ടപ്പോഴും ഒന്നും പറയാൻ സാധിച്ചില്ല. അന്ന് അമ്പലത്തിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ആൾ തന്റെ അരികിലെത്തി.
“ഇങ്ങനെ പിറകെ നടക്കാനൊന്നും വയ്യ. എനിക്കൊരു മറുപടി വേണം. അതെന്തായാലും…”
“എനിക്ക് ഇഷ്ടമാണ്…”
ആ ചിരിക്കുന്ന മുഖത്ത് നോക്കാൻ സാധിക്കാതെ ധൃതിയിൽ നടക്കുമ്പോഴും താൻ തന്നെയാണോ പറഞ്ഞതെന്ന് ആലോചിക്കുകയായിരുന്നു.
പിന്നെ പ്രണയകാലമായിരുന്നു…പ്രേമിച്ചു കറങ്ങി നടക്കാനുള്ള ധൈര്യമൊന്നും ഈ പാവം തമ്പുരാട്ടി കുട്ടിയ്ക്കില്ലെന്ന് രമേശേട്ടനുമറിയാമായിരുന്നു. കാണുമ്പോൾ ഉള്ള ചിരിയിലും നോട്ടത്തിലും വല്ലപ്പോഴുമുള്ള വാക്കുകളിലും ഒതുങ്ങുന്നതായിരുന്നുവെങ്കിലും മനസ്സിലെ പ്രണയം തീവ്രമായിരുന്നു.
ഒരു ദിവസം കലി തുള്ളിയാണ് അച്ഛനെത്തിയത്. രമേശേട്ടൻ അച്ഛനോട് പെണ്ണ് ചോദിച്ചുവെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. ഒരു കീഴ് ജാതിക്കാരന് എങ്ങനെ ധൈര്യം വന്നു എന്റെ മകളെ ചോദിക്കാനെന്നു പറഞ്ഞു…അച്ഛൻ ഉറഞ്ഞു തുള്ളി.
നാളെ ഇവളെ കാണാൻ ഒരു കൂട്ടർ വരും. അവർക്കിഷ്ടമായാൽ ഞാനതുറപ്പിക്കും എന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടപ്പോൾ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. രമേശട്ടന്റെ കൂടെ ഇറങ്ങി പോരുമ്പോൾ മനസ്സ് കൊണ്ട് അച്ഛനോടും അമ്മയോടും മാപ്പ് പറഞ്ഞു. അതിനെ കഴിയുമായിരുന്നുള്ളൂ…
തന്റെ സ്ഥാനത്തു മീനുവായിരുന്നെങ്കിൽ എങ്ങനെയാവും താൻ പ്രതികരിക്കുക എന്നാലോചിച്ചിട്ടുണ്ട്. രമേശേട്ടനോട് ചോദിച്ചപ്പോൾ ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ.
“അവൾ ആഗ്രഹിക്കുന്ന ജീവിതത്തിന് സമ്മതം മൂളാൻ ഒറ്റ കാര്യമേ ഞാൻ നോക്കുകയുള്ളൂ, അവൾ സുരക്ഷിതയായിരിക്കുമോ എന്ന് മാത്രം…”
അച്ഛൻ കിടപ്പിലായതിന് ശേഷം അവസാന ആഗ്രഹമെന്നോണം പറഞ്ഞപ്പോഴാണ് ഏട്ടന്മാർ തന്നെ വിളിച്ചത്…പോയി…കണ്ടു. അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.
ഏച്ചിമാർക്കും ഏട്ടന്മാർക്കും പേടിയുണ്ടായിരുന്നു സ്വത്തിൽ ഒരു ഭാഗം കൂടെ വീതിക്കേണ്ടി വരുമോന്ന്…ആ പേടി കൂട്ടാൻ നിന്നില്ല. അച്ഛൻ മരിച്ചപ്പോൾ പോയി. പിന്നെ ഇടയ്ക്ക് അമ്മയെ കാണാൻ പോവുമായിരുന്നു. അമ്മയും പോയതോടെ പിന്നെ അങ്ങോട്ട് പോവേണ്ടതില്ലായിരുന്നു. ഭരണമൊക്കെ ഏട്ടത്തിമാർ ഏറ്റെടുത്തിരുന്നു….
മീനുവും കിച്ചുവും വരുന്നതിന് മുൻപേ പഴം പൊരി ഉണ്ടാക്കി വെച്ചു. അപ്പോഴാണ് ഉച്ചയ്ക്ക് കഴിച്ചില്ലല്ലോന്ന് ഓർത്തത്. കഴിക്കാൻ തുടങ്ങുമ്പോഴേക്കും സ്കൂൾ ബസ് എത്തി.
അന്ന് പതിവിലും വൈകിയാണ് രമേശേട്ടൻ എത്തിയത്. കുളി കഴിഞ്ഞു വന്നു നേരേ സോഫയിൽ മൊബൈലുമായി ഇരിക്കുന്നത് കണ്ടു. കഴിക്കാനുള്ളതെല്ലാം എടുത്തു വെച്ച് അരികെ ചെന്നിരുന്നപ്പോഴും ആൾ മൊബൈലിൽ തന്നെ ആയിരുന്നു.
വെറുതെ ടീവി യിലെ ന്യൂസിൽ കണ്ണും നട്ടിരുന്നു. അന്തിചർച്ചയിലെ പരസ്പരമുള്ള ചെളിവാരിയെറിയൽ കണ്ടു മടുത്തപ്പോൾ പതിയെ എഴുന്നേറ്റു. രമേശേട്ടൻ മൊബൈലിൽ നോക്കി ചിരിക്കുന്നതും ടൈപ്പ് ചെയ്യുന്നതുമൊക്കെ കണ്ടു കൊണ്ടാണ് അകത്തേക്ക് നടന്നത്…
ജോലിയെല്ലാമൊതുക്കി എത്തിയപ്പോൾ കുട്ടികൾ ഉറങ്ങിയിരുന്നു. അവരെ പുതപ്പിച്ചു ലൈറ്റ് ഓഫ് ചെയ്തു ബെഡ്‌റൂമിൽ എത്തിയപ്പോൾ രമേശേട്ടൻ മൊബൈലിൽ നോക്കി കട്ടിലിൽ കിടപ്പുണ്ടായിരുന്നു…പതിയെ ചരിഞ്ഞു കിടന്നു കണ്ണടച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് ഓഫ് ചെയ്തതറിഞ്ഞു. ഇരുളിൽ തേടിയെത്തിയ കൈകളിൽ വിധേയത്വത്തോടെ ചേർന്നു കിടക്കുമ്പോഴും മനസ്സിലെവിടെയോ നോവുന്നുണ്ടായിരുന്നു. എപ്പോഴോ രമേശേട്ടനത് തിരിച്ചറിഞ്ഞു കാണണം.
എന്ത് പറ്റി തനിക്ക്…?
എന്ത് പറ്റാൻ…രമേശേട്ടന് തോന്നുന്നതാവും…
ഇടറിയെങ്കിലും പറഞ്ഞൊപ്പിച്ചു. ശരീരത്തിൽ പരതി നടന്ന കൈകൾ നിശ്ചലമായത് കണ്ണിലെ നനവ് ആ കവിളിൽ തട്ടിയപ്പോഴാവണം. ലൈറ്റ് ഓൺ ആയി.
എന്താ തന്റെ പ്രശ്നം…? ഇങ്ങനെ കണ്ണു നിറയ്ക്കാതെ കാര്യം പറഞ്ഞൂടെ…?
ഈർഷ്യയുണ്ടായിരുന്നു ആ ശബ്ദത്തിൽ…ശ്യാമ പതിയെ എഴുന്നേറ്റിരുന്നു. പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…
എനിക്കൊരു പ്രണയമുണ്ടായിരുന്നു. ആ പ്രണയം ഞാൻ സ്വന്തമാക്കിയിട്ട് ഇന്നേക്ക് പതിമൂന്ന് വർഷം തികഞ്ഞു…ഒന്നും പറയാതെ രമേശൻ കട്ടിലേക്കിരുന്നു.
രണ്ടു ദിവസം മുൻപ് രമേശേട്ടൻ സ്കൂൾ ഗ്രൂപ്പിലെ രജനിയെ വിളിച്ചു പിറന്നാൾ ആശംസകൾ അറിയിക്കുന്നത് ഞാൻ കേട്ടിരുന്നു. എന്നോടും പറഞ്ഞിരുന്നു. അങ്ങനെ പലരുടെയും ബർത്ത്ഡെയ്ക്കും ആനിവേഴ്‌സറിയ്ക്കുമൊക്കെ വിളിച്ചു വിഷ് ചെയ്യുന്നത് കണ്ടിട്ടുണ്ട്…പെട്ടെന്ന് ശ്യാമ രമേശന്റെ ചുമലിലേക്ക് മുഖമമർത്തി.
“ഈ തിരക്കുകളെല്ലാം ഞങ്ങൾക്ക് വേണ്ടിയാണ്…എനിക്കറിയാം. ജീവനേക്കാൾ ഞങ്ങളെ സ്നേഹിക്കുന്നുമുണ്ട് അതുമറിയാം…” മുഖമുയർത്തി നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ നോക്കി.
“ഈ ദിവസം ഓർമ്മിക്കാത്തതിന് ഞാൻ കുറ്റപ്പെടുത്തുന്നില്ല…അറിയാം തിരക്കുകളാണ്. പിന്നെ പട്ടുസാരികളോ ഡയമണ്ട് നെക്‌ലേസുകളോ ഞാൻ ആഗ്രഹിക്കാറുമില്ല…” അവളൊന്ന് തേങ്ങി പോയി.
“വല്ലപ്പോഴും എന്റെ അരികെ ഇത്തിരി നേരം ഇരുന്നാൽ മതി. ഇടയ്ക്കൊക്കെ സ്നേഹത്തോടെ ഒന്ന് നോക്കിയാൽ മതി പഴയത് പോലെ…”
“എന്റെ ലോകം ചെറുതാണ്. അവിടെ രമേശേട്ടനും കുട്ടികളും മാത്രമേയുള്ളു. പക്ഷേ നിങ്ങളുടേതിൽ ഞാനും കുട്ടികളും മാത്രമല്ല…ഓഫീസ്, സുഹൃത്തുക്കൾ, പാർട്ടികൾ, എല്ലാത്തിനും മുകളിൽ മൊബൈലും. ഒന്നും വേണ്ടെന്ന് പറയുന്നില്ല…”
“ഇടയ്ക്ക് എനിക്ക് വല്ലാതെ ഒറ്റപ്പെട്ടു പോയത് പോലെ തോന്നും, തനിച്ചായി പോയതുപോലെ. ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ പോലും ആരുമില്ലാത്തത് പോലെ…”
രമേശൻ അവളെ ഇറുകെ പുണർന്നു. അതിൽ കൂടുതൽ കേൾക്കാൻ അയാൾക്കാവുമായിരുന്നില്ല.
പതിമൂന്നാം വർഷത്തിൽ രമേശൻ അവളെ സ്നേഹിച്ചത് പണ്ടത്തെ അതേ തീവ്രതയോടെയായിരുന്നു…മനസ്സ് കൊണ്ട്…ശ്യാമ ആഗ്രഹിച്ചത് പോലെ…
ഇത്രയേയുള്ളൂ…