അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നിട്ടും ഞാനില്ലാത്ത തക്കം നോക്കി അവൻ എന്റെ ഗേളിന്റെ ഗോൾ പോസ്റ്റിൽ…

പ്രണയം

രചന: സജി മാനന്തവാടി

::::::::::::::::::

” എടാ മനു, നമുക്ക് പിരിയാം “

“Are you kidding? നീയെന്താ തമാശ പറയാ? ഒൻപത് കൊല്ലം പ്രണയിച്ചു കഴിഞ്ഞപ്പോഴാണോ നിനക്ക് പിരിയാമെന്ന് തോന്നിയത് ? “

“നമ്മളെ കണ്ടാൽ Made for each other എന്നൊക്കെ തോന്നും. പക്ഷേ ഈ രൂപസാദൃശ്യം ഒഴിച്ചാൽ നമ്മൾ തമ്മിൽ പൊരുത്തങ്ങളൊന്നുമില്ല എന്നാലോ പൊരുത്തക്കേട് ഇഷ്ടം പോലെയുണ്ട് താനും. “

“ഇത്രയും കാലം നീ എന്നെ സ്നേഹിച്ചത് അല്ല നീ അഭിനയിച്ചത് ഈ പൊരുത്തക്കേട് കണ്ടിട്ടല്ലേ ? ഒരു പരിധിയോളം നമ്മൾ ലീവിങ് റ്റുഗർ അല്ലായിരുന്നോ ? ഇത്ര പൊരുത്തക്കേട് ഉണ്ടായിട്ടും നീ എന്തിനാണ് പലപ്പോഴും അപ്പ കഷ്ണങ്ങൾ ഇട്ടു തരുന്നത് പോലെ ചുംബനങ്ങൾ നൽകിയത് ? “

“അന്ന് ഞാൻ അവനെ കണ്ടില്ലാരുന്നു.ഒരുപക്ഷേ നിങ്ങളെക്കാൾ മുമ്പ് അവനെ പരിചയപ്പെട്ടിരുന്നുവെങ്കിൽ അല്ല ആഴത്തിൽ പരിചയപ്പെട്ടിരുന്നുവെങ്കിൽ ഞാൻ നിങ്ങളെ സ്നേഹിക്കുമായിരുന്നില്ല “

“അതാരാ അങ്ങനെ ഒരു അവതാരം? “

“ജോയൽ “

“ആര് എന്റെ സുഹൃത്ത് ജോയലോ ?”

അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നിട്ടും ഞാനില്ലാത്ത തക്കം നോക്കി അവൻ എന്റെ ഗേളിന്റെ ഗോൾ പോസ്റ്റിൽ ഗോളടിച്ചിരിക്കുന്നു.ഞാൻ മനസ്സിൽ പറഞ്ഞു

ഞാൻ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ അവൾ വീണ്ടും മൊഴിഞ്ഞു

“ജോയലിന് നിന്നെക്കാൾ പണമുണ്ട് മാത്രമല്ല അവന്റെ വീട്ടിലും ഇഷ്ടം പോലെ കാശുണ്ട്. അവന് പറയാൻ നല്ല ജോലിയുമുണ്ട്. നിനക്ക് സ്ഥിരമായൊരുജോലിയുണ്ടോ? ജോലിയും കൂലിയുമില്ലാത്ത ഒരുവനെ എന്റെ ഭർത്താവായി നിയമിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നാലക്ക ശമ്പളം വാങ്ങുന്നവൻ .കാര്യം പറഞ്ഞാൽ ജോയലിന് നിന്റെയത്രയും സൗന്ദര്യമില്ല. പക്ഷേ ഈ സൗന്ദര്യം കൊണ്ട് ജീവിതം മുന്നോട്ട് പോകുമോ? Be practical man. “

ഒൻപത് കൊല്ലത്തെ പ്രശാന്തസുന്ദരമായ പ്രണയ ജീവിതം അവസാനിപ്പിച്ച് അവൾ മടങ്ങുമ്പോൾ തിരിഞ്ഞുനോക്കി കണ്ണിറുക്കി കാണിക്കാനും അവൾ മടിച്ചില്ല.

വഞ്ചകി !ഞാൻ വിയർപ്പുകൊണ്ട് നേടിയ പണവും എന്റെ വിലയേറിയ സമയവും സ്വപ്നങ്ങളും ഒരു പിടി ചാരമാക്കി അവൾ പോകുന്നു .അവളെ വെറുതെ വിടാൻ പാടില്ല. അവൾക്കെതിരെ കേസ് കൊടുക്കണമെന്നാണ് ഞാൻ ആദ്യം ചിന്തിച്ചത് .പക്ഷേ ഒരു പെൺകുട്ടി തേച്ചിട്ട് പോയതിന്റെ പേരിൽ കേസ് കൊടുത്താൽ നിയമം എന്നെ നോക്കി കൊഞ്ഞനം കുത്തും. ആളുകൾ പരിഹസിക്കും .അത് വേണ്ട. അവളെ കൊല്ലണം .എങ്ങനെ കൊല്ലും ? ഞാൻ ചിന്തിച്ചു. ഇന്ന് പല കാമുകി കാമുകന്മാർ ഉപയോഗിക്കുന്ന ആസിഡ് ആക്രമണത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു .അവളുടെ സൗന്ദര്യമാണല്ലോ എന്റെ ആത്മാർത്ഥ സുഹൃത്തിന് അവളെ സ്നേഹിക്കാൻ പ്രേരിപ്പിച്ചത്. അതുകൊണ്ട് അവളുടെ സൗന്ദര്യം നശിപ്പിക്കണം. എന്റെ പേശികൾ വലിഞ്ഞു മുറുകി. ആസിഡ് ഒഴിക്കുമ്പോൾ അവൾക്കുണ്ടാകുന്ന വേദന ഞാൻ മനസ്സിൽ കണ്ടു. സൗന്ദര്യമില്ലാത്ത അവളെ ജോയൽ ഉപേക്ഷിക്കുന്നത് മനസ്സിൽ കണ്ട് സായൂജ്യമടഞ്ഞു. “അവൾക്ക് അത് തന്നെ വേണം ! ” എന്ന് പറഞ്ഞു തലകുനിക്കുന്ന നാട്ടുകാരെയും ഞാൻ മനസ്സിൽ കണ്ടു.

പക്ഷേ ഇതിന് ഉപയോഗിക്കുന്ന ആസിഡ് ഏതായിരിക്കാം ?സൾഫ്യൂരിക് ആസിഡ് ,അസറ്റിക് ആസിഡ് അതോ ഫോമിക് ആസിഡ് അതുമല്ലെങ്കിൽ ഹൈഡ്രോക്ലോറിക് ആസിഡോ ? പക്ഷേ ഈ ആസിഡ് ഒന്നും അത്ര എളുപ്പത്തിൽ വാങ്ങാൻ കഴിയില്ല. എളുപ്പത്തിൽ വാങ്ങാൻ കഴിയുന്നു ഒരേ ഒരു ആസിഡ് റബർ ഷീറ്റുണ്ടാക്കാനുള്ള ഫോമിക് ആസിഡാണ് .ഏതായാലും അത് വാങ്ങി കൊണ്ടുവന്നു. പിന്നെ അബദ്ധവശാൽ ഈ ഉദ്യമം നടന്നില്ലെങ്കിൽ ഇതുകൊണ്ട് റബ്ബർ ഷീറ്റ് ഉണ്ടാക്കാമല്ലോ .ചിന്തകൾ കാടുകയറി.

അപ്പോഴാണ് ഞാൻ ചിന്തിച്ചത് എന്തിനാണ് അവളെ നശിപ്പിക്കുന്നത് .അവൾ സുഖമായി ജീവിക്കട്ടെ . ഏതായാലും ഞാൻ മരിച്ചാൽ അതല്ലേ എനിക്കും അവൾക്കും നല്ലത് .ആത്മഹത്യ ചെയ്യാനുള്ള ആയിരത്തൊന്നു വഴികൾ എന്ന പുസ്തകം വാങ്ങിച്ചു വായിച്ചു .അതിൽ പറഞ്ഞിരിക്കുന്ന പല വഴികളും എനിക്ക് അനുയോജ്യമായി തോന്നിയില്ല .അവസാനം ബഹുഭൂരിപക്ഷം പേരും തെരഞ്ഞെടുക്കുന്ന ട്രെയിനിന്റെ മുന്നിൽ ചാടി മരിക്കാൻ തീരുമാനിച്ചു . പ്രണയം പൂവണിഞ്ഞത് ട്രെയിനിൽ വച്ചായാതുകൊണ്ട് അവിടെ തലവെച്ച് മരിക്കുന്നതാണ് അതിന്റെയൊരു ശരി. അടുത്ത ടെയിനിന്റെ സമയം രാത്രി 12 മണിക്കാണ് .പാളത്തിലേക്ക് ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട് .പക്ഷേ പോകുന്ന വഴിയിൽ പള്ളി സെമിത്തേരിയുണ്ട്. പൊതുവേ സെമിത്തേരി കാണുന്നതും അവിടെ പോകുന്നതും എനിക്ക് വളരെയധികം ഭയമുള്ള കാര്യമാണ്. മരിക്കാൻ പോവുകയാണെങ്കിലും ഭയത്തിന്റെ കാര്യത്തിൽ ഞാനൊരു ഭയങ്കരനാ. സെമിത്തേരിയിലേക്ക് ഞാനൊന്ന് പാളി നോക്കി. അതാ ഒരു കല്ലറയ്ക്ക് മുകളിൽ എൻ്റെ കാമുകി അലീന കൂസലില്ലാതെ ഇരിക്കുന്നു. മാത്രമല്ല അവളുടെ കയ്യിൽ ആസിഡ് നിറച്ച് ക്യാനും

” രാത്രിയിൽ എന്താ പരിപാടി?”

അവളുടെ ചോദ്യം എന്നെ അത്‌ഭുതപ്പെടുത്തി.

“നിങ്ങൾ ഇന്നലെ ആസിഡ് വാങ്ങുന്നത് ഞാൻ കണ്ടിരുന്നു. എന്റെ മുഖത്ത് ഒഴിക്കാനായിരിക്കുo അല്ലേ ? നിങ്ങളുടെ മുഖത്ത് അത് ഒഴിച്ചാൽ ഉണ്ടാകുന്ന വേദന നിങ്ങളെ ഒന്ന് അറിയിക്കണമെന്ന് തോന്നി .അതിനാണ് ഞാൻ നിങ്ങൾക്ക് മുമ്പേ ഇവിടെ എത്തി കാത്തിരുന്നത് .അവൾ ക്യാനിന്റെ അടപ്പ് തുറക്കുന്നത് ഞാൻ ഭയത്തോടെ നോക്കി . ആസിഡ് തട്ടിത്തെറിപ്പിച്ച് അവളുടെ കഴുത്തിൽ അമർത്തിയതും കിട്ടി ആഞ്ഞൊരു ചവിട്ട് . അതോടെ എന്റെ പിടി വിട്ടു.

“എന്താ മനുഷ്യാ എന്റെ കൊല്ലാൻ നോക്കുകയാണോ ?”

“അവൾ , അവൾ എന്നെ കൊ ല്ലാൻ നോക്കിയതാ “

ഞാൻ വിക്കി വിക്കി പറഞ്ഞു

” ഏതവൾ ? ആര് നിങ്ങളുടെ പൂർവ്വകാമുകി അലീനയോ ?

“ങും “

” പെണ്ണും കെട്ടി രണ്ട് മക്കളുടെ തന്തയായിട്ടും നിങ്ങളിപ്പോഴും ആ പഴയ കാമുകി ഓർത്തിരിക്കുകയാണല്ലേ? നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് ?

സ്വപ്നത്തിൽ പോലും സ്വെര്യം തരാത്ത പൂർവ്വകാമുകിയെ ശപിച്ചുകൊണ്ട് അടുത്ത ഉറക്കത്തിനായി ഞാൻ കാത്തുക്കിടക്കുമ്പോഴും ഭാര്യ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.