ഞെട്ടൽ മാറാതെ പരിസരം മറന്നു നിന്ന് പോയ എന്റെ മുഖത്തിനു നേരെ കയ്യൊടിച്ച് അവൻ ചോദിച്ചു…

സഹ്യന്റെ മാത്രം ❤

രചന: ബിന്ധ്യ ബാലൻ

:::::::::::::::::::::::::

“മായീ… “

ഷോപ്പിംഗ് കോംപ്ലക്സിലെ തിരക്കിനിടയിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നാ വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ എവിടെയോ കണ്ട് മറന്നൊരു മുഖമെന്നെ നോക്കി ചിരിക്കുന്നു. ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ പാഞ്ഞത് പോലെ ആ ചിരിയെന്റെ ഉയിരിനെ എടുത്തിട്ട് കുടഞ്ഞു. അരികിലേക്ക് നടന്നു വരുന്ന ആളെ ഓർത്തെടുക്കാൻ ശ്രമിച്ചു തോറ്റങ്ങനെ നിൽക്കുമ്പോൾ ആണ്, അടുത്തു വന്നയാൾ അതേ ചിരിയോടെ ചോദിച്ചത്

“മായീ…..നിനക്കെന്നെ മനസിലായില്ലേ? “

ആ ചിരിയും നോട്ടവും കവിളിൽ തെളിഞ്ഞ നുണക്കുഴികളും ഒരൊറ്റ നിമിഷം കൊണ്ട് എന്നെ പതിനാലു കൊല്ലം മുൻപത്തെ സാറ ടീച്ചറിന്റെ കണക്ക് പീരിയഡിൽ കൊണ്ട് ചെന്നിരുത്തി..

ടീച്ചർ ചോദിച്ചൊരു ചോദ്യത്തിന് ഉത്തരം പറയാൻ അറിയാതെ തപ്പിത്തടഞ്ഞു നിന്നൊരു മരംകേറിപെണ്ണ്..ടീച്ചറിന്റെ ശകാരം കേട്ട് തല കുനിച്ചു നിന്നവളെ ഇടം കണ്ണിട്ട് നോക്കി കളിയാക്കി ചിരിച്ച ഒറ്റ നുണക്കുഴിയുള്ളൊരു തെമ്മാടിച്ചെക്കനെ സ്കൂൾ വിട്ട നേരത്ത് ഒളിച്ചിരുന്നു കല്ലെറിഞ്ഞു നെറ്റി പൊട്ടിച്ചതും അവന്റെ നെറ്റിയിൽ നിന്നൊഴുകിയ ചുവപ്പിൽ തലകറങ്ങി വീണതും, പിന്നെയങ്ങോട്ട് പരസ്പരം കണ്ടാൽ കടിച്ചു കീറാൻ നിൽക്കുന്ന ബദ്ധ ശത്രുക്കൾ ആയതും, വഴക്കുണ്ടാക്കിയതും ആ ദേഷ്യത്തിൽ പേന വലിച്ചെറിഞ്ഞതും അതിന്റെ പേരിൽ ജീവിതത്തിൽ ആദ്യമായൊരു ആൺകുട്ടിയുടെ അടിയേറ്റ് കവിൾ ചുവന്നതും അവനെ തിരിച്ചു തല്ലിയതും, പിന്നെയങ്ങോട്ട് ഓരോ പീരിയഡുകളിലും ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്ന, മിടുക്കനായ ഒരുവനോടുള്ള വാശി കണക്കെ പഠിച്ചു മുന്നേറിയതും, ഒടുക്കം പത്താം ക്ലാസ്സിലേ ഫെയർവെൽ ദിനത്തിൽ പരസ്പരം ഒരോട്ടോഗ്രാഫ് പോലും എഴുതി വാങ്ങാതെ ശത്രുക്കൾ ആയിത്തന്നെ പിരിഞ്ഞതും എല്ലാം എല്ലാം ആ ഇത്തിരി നേരം കൊണ്ടെന്റെ മനസ്സിൽ നിറഞ്ഞു. നിനച്ചിരിക്കാതെ അതേ അവനെ നീണ്ട പതിനാലു കൊല്ലം കഴിഞ്ഞു കണ്ടതിന്റെ ഷോക്കോടെ ഞാൻ വിളിച്ചു

“സഹ്യൻ… “

എന്റെ ഞെട്ടൽ കണ്ടൊരു ചിരിയോടെ അവൻ പറഞ്ഞു

“ഇത്രയും ടൈം വേണമായിരുന്നോ നിനക്കെന്നെ തിരിച്ചറിയാൻ.. അപ്പൊ പതിനാലു കൊല്ലം കൊണ്ട് ഞാൻ ഒത്തിരി മാറിയില്ലേ മായീ? “

അവന്റെ ഓരോ നോക്കിലും വാക്കിലും കണ്ണെറിഞ്ഞ് പതിനാലു വർഷം മുൻപത്തെ സഹ്യനെ ഞാൻ ഓർത്തെടുത്തു.ആ സഹ്യൻ ഇതായിരുന്നില്ല.തിളക്കമുള്ള കണ്ണിൽ നിറയെ ചിരിയുള്ള സഹ്യൻ…നേർത്ത ചെമ്പൻ നിറമുള്ള മുടിയുള്ള, കട്ടിയുള്ള പുരികങ്ങളും ഇടതൂർന്ന കൺപീലികളുമുള്ള സഹ്യൻ.അമ്പിളിവട്ടം പോലൊരു മുഖമുണ്ടായിരുന്നവൻ..

കാലങ്ങൾക്കിപ്പുറം ഇപ്പൊ വന്നവനിങ്ങനെ മുന്നിൽ നിൽക്കുമ്പോൾ സഹ്യനിൽ അന്നും ഇന്നും ആകെയുള്ളത് ഇടംകവിളിലെ ആ നുണക്കുഴി മാത്രം.

ഞെട്ടൽ മാറാതെ പരിസരം മറന്നു നിന്ന് പോയ എന്റെ മുഖത്തിനു നേരെ കയ്യൊടിച്ച് അവൻ ചോദിച്ചു

“ഇനിയും ഞെട്ടൽ മാറിയില്ലേ നിന്റെ..? “

പരിസരബോധം വീണ്ടെടുത്ത് ഞാൻ പറഞ്ഞു

“എനിക്ക് വിശ്വസിക്കാൻ പറ്റണില്ല സഹ്യൻ. ഒരുപാട് മാറി നീ. പണ്ട് ആ ഫെയർവെൽ അവസാനിച്ച് പിരിയുമ്പോൾ ഞാൻ കണ്ട സഹ്യൻ.. അതിൽ നിന്നൊക്കെ ഒത്തിരി മാറിപ്പോയി നീ… “

ഞാൻ പറഞ്ഞത് കേട്ട് ഒരു ചിരിയോടെ കണ്ണടയൂരി പോക്കറ്റിൽ വച്ച് കൊണ്ട് അവൻ പറഞ്ഞു

“വർഷങ്ങൾ എത്ര കഴിഞ്ഞു മായീ.. “

“അപ്പൊ ഇത്രയും തിരക്കിനിടയിലും നീയെന്നെ തിരിച്ചറിഞ്ഞതോ,? എനിക്ക് മാറ്റമൊന്നും ഇല്ല എന്നതല്ലേ അതിന്റെ അർത്ഥം… “

ഞാൻ ചോദിച്ചു. എന്റെ ചോദ്യത്തിന് ഒരു കുഞ്ഞ് പൊട്ടിച്ചിരിയോടെ അവൻ പറഞ്ഞു

“അത് നേരാണ്. നിനക്ക് വലിയ മാറ്റമൊന്നുമില്ല മായീ.. നീയിപ്പോഴും ആ പത്താംക്ലാസ്സുകാരി പെണ്ണ് തന്നെ.. “

ഞാൻ വെറുതെ ചിരിച്ചു. പിന്നെ അവനോട് പറഞ്ഞു

“എന്തായാലും കുറെ കൊല്ലം കഴിഞ്ഞു ശത്രുക്കൾ വീണ്ടും കാണുവല്ലേ, വാ ഒന്നിച്ചിരുന്നൊരു കപ്പ് കാപ്പി കുടിക്കാം… വിശേഷങ്ങൾ പറയാം. “

ഷോപ്പിംഗ് മാളിലേ റെസ്റ്റോറന്റിൽ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് കഴിഞ്ഞ കാലത്തെക്കുറിച്ച് ഞങ്ങൾ വീണ്ടും ഓർക്കാൻ തുടങ്ങി.കുട്ടിക്കാലത്തെ തല്ലുപിടുത്തവും വഴക്ക് കൂടലുകളും ഒക്കെ ഓർത്തെടുത്ത് പറഞ്ഞ് ചിരിക്കുമ്പോൾ ഞാൻ ഓർത്തു, കാലം മനുഷ്യനെ എത്ര വേഗമാണ് വേറൊരാൾ ആക്കുന്നത്.

“ചോദിക്കാൻ വിട്ടു, ഇപ്പൊ നീ എവിടെയാ ജോലി ചെയ്യുന്നത്…പതിനാലു കൊല്ലം മുൻപത്തെ സ്കൂൾ ഫസ്റ്റ് റാങ്ക് ഹോൾഡർ സഹ്യൻ നാരായണിന്റെ ഇപ്പോഴത്തെ ഡെസിഗ്നേഷനെ പറ്റി ചോദിക്കേണ്ട ആവശ്യം ഇല്ല..ന്നാലും പറയ് കേൾക്കട്ടെ “

ഒരു കവിൾ കാപ്പി ഊതി കുടിച്ച് കൊണ്ട് ഞാൻ അവന്റെ വിശേഷങ്ങൾ തിരക്കി.

“നിന്റെ മുന്നിലിരിക്കുന്ന എന്നെ കണ്ടിട്ട് നിനക്കതു പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്നുണ്ടോ മായീ.. “

ഒരു ചിരിയോടെ അവൻ ചോദിച്ചു.അവന്റെ ചോദ്യം കേട്ട്, അവനെ ഒരു സെക്കന്റ്‌ ഒന്ന് നോക്കിയിട്ട് ഞാൻ പറഞ്ഞു

“ഒന്നെങ്കിൽ ഒരു കോളേജ് ലെക്ചറർ.. ഒരു ഡോക്ടർ.. അല്ലെങ്കിൽ പിന്നെയൊരു സിവിൽ സർവീസ് സെർവെൻറ്. എനിക്കറിയാവുന്ന സഹ്യന് ഇതിൽ കുറഞ്ഞതൊന്നും ചേരില്ല.. “

“എത്ര വേഗമാണ് നീയെന്റെ ജോലി കണ്ടു പിടിച്ചത്… നീ പറഞ്ഞത് ശരിയാണ്, മായീ എന്ന മൈത്രേയിക്ക് അറിയാവുന്ന സഹ്യന് മിനിമം ഒരു ഐ എ എസ് എങ്കിലും വേണം. ശരിയാണ്, പതിനഞ്ചു വയസ്സുള്ളൊരു കൗമാരക്കാരന് ആയുസിലെ പതിനാലു വർഷങ്ങൾ മതി അവനാഗ്രഹിച്ച കരിയർ നേടാൻ. പക്ഷെ മായീ.. നിനക്ക് മുന്നിൽ ഇപ്പൊ ഇരിക്കുന്ന സഹ്യൻ വെറുമൊരു വട്ടപ്പൂജ്യമാണ്.. എ ബിഗ് സീറോ…ഒന്നും ആയില്ല.. എവിടെയും എത്തിയില്ല..തോറ്റു പോയവനാണ് ഞാൻ “

ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി ഒരിടർച്ചയിൽ അവൻ പറഞ്ഞു നിർത്തുമ്പോൾ
വീണ്ടുമൊരു ഞെട്ടലിന്റെ കുത്തൊഴുക്കിൽ കലങ്ങി മറിയുകയായിരുന്നു ഞാൻ.

“സഹ്യൻ.. നീ എന്തൊക്കെയാ ഈ പറയുന്നത്.. എന്താ നിനക്ക് പറ്റിയെ… പറയ്.. എനിക്കറിയണം.. “

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ പറയാൻ തുടങ്ങി അവന്റെ പരാജയപ്പെട്ടു പോയ പ്രണയത്തെക്കുറിച്ച് ദിയ എന്ന പെൺകുട്ടിയെക്കുറിച്ച്..അഞ്ച് വർഷം നീണ്ട അവരുടെ പ്രണയത്തെക്കുറിച്ച്…ലൈഫിൽ അവനേറ്റവും സന്തോഷിച്ച ആ ദിവസങ്ങളെക്കുറിച്ച്..ഒടുവിൽ അവനെക്കാൾ നല്ലതെന്ന് തോന്നിയ ഒരാളോടൊപ്പം നടന്ന് പോയവളെ നോക്കി നിന്ന് പൊട്ടിക്കരഞ്ഞ ആ ദിവസത്തെക്കുറിച്ച്.

ഒന്നും മിണ്ടാതെ അവന്റെ നൊമ്പരങ്ങളെ നെഞ്ചിലേറ്റു വാങ്ങി മരവിച്ചിരിക്കുകയായിരുന്നു ഞാൻ. എന്റെ ഇരുപ്പ് കണ്ടൊരു ദയനീയതയോടെ ഒന്ന് നിർത്തി പിന്നെയും അവൻ പറഞ്ഞു

“അവളുടെ ഒരിഷ്ടങ്ങൾക്കും ഞാൻ എതിര് നിന്നിട്ടില്ല മായീ. എനിക്ക് അവളെ അത്ര ഇഷ്ടം ആയിരുന്നു. അവൾക്കെന്നെയും.. അല്ല ഞാൻ അങ്ങനെ വിശ്വസിച്ചു. പക്ഷെ ഒരു ദിവസം എന്നേക്കാൾ നല്ലതെന്നു തോന്നിയ ഒരുവനെ കണ്ട് എന്നെ വേണ്ടന്ന് പറഞ്ഞു അവന്റെ വിരലിൽ തൂങ്ങി അവൾ പോയി. ഒരു തിരിഞ്ഞു നോക്കൽ പോലുമില്ലാതെ അത്ര മാത്രം അപരിചിതത്വം മനസ്സിൽ നിറച്ച് എന്നിൽ നിന്നകന്നു പോയ ദിയ എന്റെ മനസിന്റെ താളം തെറ്റിച്ചു. ഞങ്ങളുടെ പ്രണയം എവിടെയോ ഇല്ലാതായി. അവളെ ആലോചിച്ച് അവളെക്കുറിച്ച് മാത്രം ഓർത്തോർത്ത് പതിയെ ഡിപ്രെഷനിലേക്ക് വീണു ഞാൻ. പിന്നെ എപ്പോഴാ അറിഞ്ഞു ദിയ കല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം ഓസ്ട്രേലിയയ്ക്ക് പോയെന്ന്. അന്ന് എല്ലാം നഷ്ട്ടപ്പെട്ടവനെപ്പോലെ അലറി ഞാൻ. കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊട്ടിച്ചു. ജീവിതത്തോട് മുഴുവൻ വെറുപ്പായി. പിന്നെയങ്ങോട്ട് കള്ളിനോടായിരുന്നു പ്രണയം മുഴുവൻ. കുടിച്ചു കുടിച്ച് ഇല്ലാതാകുമെന്ന് വീട്ടുകാർക്ക് തോന്നിയപ്പോൾ നേരെ കൊണ്ടേ ഡി അഡിക്ഷൻ സെന്ററിൽ ആക്കി. ഒന്നര വർഷം അവിടെ. മദ്യം പിന്നെ കൈ കൊണ്ട് ഇന്നേ വരെ തൊട്ടിട്ടില്ല. എങ്കിലും ജീവിതമിപ്പോഴും ഇങ്ങനെ എങ്ങോട്ടെന്നറിയാതെ. മകൻ പേരെടുത്തോരു ഡോക്ടർ ആയി കാണാൻ മോഹിച്ച അച്ഛനും അമ്മയും..അവരെ വേദനിപ്പിച്ചു.. എനിക്കറിയാം ചെയ്യുന്നത് തെറ്റാണെന്നു. പക്ഷെ എന്നെക്കൊണ്ട് തിരുത്താൻ കഴിയണില്ല. ആ കുറ്റബോധം സഹിക്കാൻ വയ്യാതെ ആകുമ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും. മനസിന്റെ കലമ്പൽ മാറാൻ. ഇന്നും അങ്ങനെ ഇറങ്ങിപ്പോന്നതാണ്.പക്ഷെ നിന്നെ ഇങ്ങനെ ഇവിടെ കാണുമെന്നു ഒട്ടും വിചാരിച്ചില്ല ഞാൻ “

കഴിഞ്ഞ ഏതാനും വർഷത്തെ അവന്റെ കെട്ടു പോയ ജീവിതത്തെക്കുറിച്ച് പതിനഞ്ചു മിനിറ്റ് കൊണ്ട് എനിക്ക് മുന്നിൽ കുടഞ്ഞിടുമ്പോൾ, അന്നാദ്യമായി അവന് വേണ്ടി.. അവനെ ഓർത്തെന്റെ കണ്ണുകൾ നിറഞ്ഞു.

“നീയെന്തിനാ മായീ കരയണേ..ഓഹ്.. ഇത് ആനന്ദക്കണ്ണീർ ആയിരിക്കും അല്ലേ.. നിനക്കെന്നോട് ഭയങ്കര വെറുപ്പ് അല്ലേ. അപ്പൊ പിന്നെ ഞാൻ നശിച്ചു കാണാൻ നിനക്ക് ഇഷ്ടം ആവുമല്ലേ “

എന്നെ നോക്കിയൊരു ചിരിയോടെ അവനത് പറഞ്ഞതും, എഴുന്നേറ്റ് നിന്ന് കൈ വീശി അവന്റെ കവിളിൽ ആഞ്ഞടിച്ച് ദേഷ്യം തീർത്ത്, ഒരു കഷ്ണം പേപ്പറിൽ മൊബൈൽ നമ്പർ എഴുതി അവന്റെ മുന്നിലേക്കിട്ട് അവിടെ നിന്നിറങ്ങി പോരുമ്പോൾ ഒന്ന് പൊട്ടിക്കരയണമെന്നു തോന്നിയെനിക്ക്

അന്ന് ഫോൺ നമ്പർ അവന്റെ മുന്നിലേക്കിട്ട് കൊടുത്ത് പോരുമ്പോൾ ഞാൻ കരുതിയിരുന്നില്ല, ആഴ്ചകൾക്കിപ്പുറം അവൻ വിളിക്കുമെന്ന്. ഒന്ന് കാണണം, വൈകിട്ട് ബീച്ചിൽ ഉണ്ടാകും അത്ര മാത്രം പറഞ്ഞ് അവൻ കോൾ കട്ട് ചെയ്യുമ്പോൾ എന്റെ മനസ് തണുത്തിരുന്നു. പിറ്റേന്ന് അവൻ പറഞ്ഞ സമയത്ത് ചെല്ലുമ്പോൾ എനിക്ക് മുന്നേ വന്നവൻ കാറ്റാടി മരത്തിന്റെ തണല് പറ്റി എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. ഗൗരവം ഒട്ടും വിടാതെ അവനരികിൽ ചെന്ന് നിന്ന് ഞാൻ ചോദിച്ചു

“എന്തിനാണ് വരാൻ പറഞ്ഞത്. എനിക്ക് നിന്നോട് വെറുപ്പാണ് സഹ്യൻ.. നീ നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നൊരാളെ നീയെന്തിന് കാണണം. “

ഒരു തണുത്ത ചിരിയോടെ “ഈ ഗൗരവം നിനക്കൊട്ടും ചേരില്ല മായീ “

എന്നവൻ പറഞ്ഞതും അറിയാതെ ഞാനും ചിരിച്ചു പോയി. മെല്ലെ അവനരികിലേക്ക് ഇരിക്കുമ്പോൾ അവൻ പറഞ്ഞു

“നിനക്കെന്നോട് ഒരു തരി പോലും വെറുപ്പില്ലെന്നു അന്ന് നിന്റെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് മനസിലായി. പിന്നെ എന്നെ തല്ലിയപ്പോ അതെനിക്ക് ഉറപ്പായി. കാലം നമ്മളെ ഒത്തിരി മാറ്റി അല്ലേ? “

“ശരിയാണ്.. ഒത്തിരി മാറ്റി.. നീയാഗ്രഹിച്ച ജീവിതം നിനക്കും ഞാൻ ആഗ്രഹിച്ച ജീവിതം എനിക്കും കിട്ടിയില്ല… “

ദൂരേ ഇരമ്പിയാർക്കുന്ന കടലിലേക്ക് നോക്കിയാണ് ഞാൻ പറഞ്ഞത്.

“മായീ…നീയെന്താ അങ്ങനെ പറഞ്ഞത്? “

അവൻ ചോദിച്ചു.

“പ്ലസ് ടുവും ഡിഗ്രിയും കഴിഞ്ഞു എം എ യ്ക്ക് പഠിക്കുമ്പോൾ ആയിരുന്നു മാധവിന്റെ ആലോചന വന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഒറ്റ മകൻ.. വെൽ സെറ്റിൽഡ് ഇൻ ബാംഗ്ലൂർ എന്നൊക്കെ കേട്ടപ്പോ അച്ഛനും അമ്മയും വേറൊന്നും ആലോചിച്ചില്ല. കല്യാണം കഴിഞ്ഞ് മാധവിനൊപ്പം ബാംഗ്ലൂർ ചെല്ലുമ്പോൾ മനസ്സിൽ ഒരായിരം മോഹങ്ങൾ ആയിരുന്നു.പക്ഷെ ഒന്നും വിചാരിച്ച പോലെ ആയിരുന്നില്ല. അയാളൊരു സാഡിസ്റ്റ് ആയിരുന്നു. ചാവാതെ ചത്ത ഒരു വർഷം. മനസും ശരീരവും ഒരുപോലെ അയാൾ തല്ലിയുടച്ചു. ഒടുവിൽ സഹിക്കാൻ കഴിയാതെ ഒക്കെ അവസാനിപ്പിക്കാൻ ഒരുങ്ങിയെങ്കിലും എന്തോ സാധിച്ചില്ല. ജീവിക്കാൻ വാശി തോന്നി. എല്ലാം ഇട്ടെറിഞ്ഞു നാട്ടിലേക്കു പോന്നു. പിന്നെ കോടതി ഡിവോഴ്സ് ഒക്കെ ആയി കുറെ കാലം. എല്ലാം കഴിഞ്ഞു ഫ്രീ ആയപ്പോ മുടങ്ങി പോയ എം എ കംപ്ലീറ്റ് ചെയ്തു. ബി എഡ് എടുത്തു ഇപ്പൊ നമ്മൾ പഠിച്ച സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ ആയി ജോലി…ഇതാണ് സഹ്യൻ ഇപ്പോഴത്തെ മൈത്രേയി. “

പറഞ്ഞു നിർത്തി ഒരു നെടുവീർപ്പിൽ തികട്ടി വന്ന കണ്ണീരിനെ പിടിച്ചു നിർത്തി എനിക്കരികിലിരിക്കുന്ന സഹ്യനെ നോക്കിയൊരു ചിരിയോടെ ബാക്കിയെന്നോണം ഞാൻ പറഞ്ഞു

“അതേ പത്ത് ബി യിലെ ടീച്ചർ ആണ് ട്ടോ ഞാൻ.. ജീവിതത്തിലേ നല്ല നാളുകൾ എല്ലാം അവിടെ ആയിരുന്നല്ലോ.. ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണുകൾ ക്ലാസ്സ്‌ മുറിയാകെ പരതും എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന ഒരു തെമ്മാടി ചെക്കനവിടെയെങ്ങാനും ഉണ്ടോ എന്ന് .. “

അവൻ വെറുതെ ചിരിച്ചു. അവന്റെ ചിരിയിലേക്ക് കുറച്ചു നേരം നോക്കിയിരുന്നിട്ട്
ഞാൻ ചോദിച്ചു

“സഹ്യൻ നിനക്കിനിയും ആ പഴയ സഹ്യൻ ആയിക്കൂടെ… കാണാൻ എനിക്കാഗ്രഹമുണ്ട്.പാതി വഴിയിൽ നിന്ന് പോയ നിന്റെ ജീവിതം…പഠനം വീണ്ടും തുടങ്ങിക്കൂടെ…നിന്റെ കൂടെ എല്ലാത്തിനും ഞാൻ ഉണ്ടാകും. നിന്റെ അച്ഛനും അമ്മയും ആഗ്രഹിച്ചത് പോലെയൊക്കെ ആയിക്കൂടെ സഹ്യൻ. നിന്നെക്കൊണ്ട് പറ്റും. കാരണം നിന്റെ കണ്ണുകളിൽ തിരിച്ചു വരാൻ കൊതിക്കുന്ന ആ പഴയ സഹ്യനെ ഞാൻ കാണുന്നുണ്ട്.. പ്ലീസ് സഹ്യൻ.. “

ഏറെ നേരത്തെ എന്റെ നിർബന്ധിക്കലുകൾക്കും സങ്കടങ്ങൾക്കും മുന്നിൽ, അച്ഛനെയും അമ്മയെയും ഇനിയും വിഷമിപ്പിച്ചു കൂട എന്ന തോന്നലും അവനെക്കൊണ്ട് ഒരു തീരുമാനം എടുപ്പിച്ചു. നിന്ന് പോയ അവന്റെ പഠനം പൂർത്തിയാക്കാൻ അവൻ തീരുമാനിച്ചു.സന്തോഷം കൊണ്ട് വീണ്ടും എന്റെ കണ്ണുകൾ അവന് വേണ്ടി നിറഞ്ഞു.

പിന്നെയുള്ള രണ്ടാഴ്ചക്കാലം മുഴുവൻ ഞങ്ങൾ അവന്റെ കോളേജിലും യൂണിവേഴ്സിറ്റിയിലുമൊക്കെ കയറിയിറങ്ങി. അവസാന രണ്ടു സെമസ്റ്ററുകൾ മാത്രമാണ് അവന് നേടാനുണ്ടായിരുന്നത്. ആ പേപ്പറുകളെല്ലാം ശരിയാക്കി അവൻ വീണ്ടും മെഡിസിന് ചേർന്നു.. പഠിക്കാൻ മിടുക്കനായിരുന്നത് കൊണ്ട് അവനെ എല്ലാവർക്കും ഇഷ്ട്ടമായിരുന്നു.

എങ്കിലും ഇടയ്ക്ക് പഴയ ഓർമ്മകൾ തികട്ടി വരുമ്പോൾ ലീവെടുത്തു ഓടിയെന്റെ അടുത്ത് വന്ന് ഞാനിനി പഠിക്കുന്നില്ല എന്ന് പറയുമവൻ.

സ്നേഹത്തോടെ പറഞ്ഞു കൊടുത്തും ദേഷ്യം വരുമ്പോൾ ശാസിച്ചും അവനെ ഞാൻ കൂടുതൽ കൂടുതൽ ചേർത്ത് നിർത്തി. എന്റെ മനസ്സിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, അവനെ ഓർത്തിനി ആ അച്ഛനും അമ്മയും കരയാൻ പാടില്ല.

പ്രാർത്ഥനകളൊന്നും വെറുതെ ആയില്ല

എവിടെയോ വച്ച് എല്ലാവർക്കും നഷ്ട്ടമായ ആ പഴയ സഹ്യൻ വീണ്ടും പുനർജനിക്കുകയായിരുന്നു അവിടുന്നങ്ങോട്ട്…

******************

“ഡിയർ സഹ്യൻ, ഈ കോളേജിൽ ഉണ്ടായ അപൂർവം ചില സംഭവങ്ങളിൽ ഒന്നാണ് സഹ്യന്റെ ഈ കോൺവൊകേഷൻ. പാതി വഴിയിൽ നിന്ന് പോയ മെഡിക്കൽ പഠനം വീണ്ടും തുടങ്ങുക എന്നത് തന്നെ വളരെ ടഫ് ആകുമ്പോൾ ഇങ്ങനെ വലിയൊരു വിജയം എങ്ങനെയാണ് നേടിയത്. എല്ലാം നേടി ഇപ്പൊ ഇങ്ങനെ എല്ലാവർക്കും മുന്നിൽ നിൽക്കുമ്പോൾ യൂണിവേഴ്സിറ്റി ടോപ് റാങ്ക് ഹോൾഡർ സഹ്യൻ നാരായണിന് എന്താണ് വരും തലമുറയോട് പറയാനുള്ളത്..

ആ വർഷത്തെ മെഡിക്കൽ ബാച്ചിന്റെ കോൺവൊകേഷൻ കഴിഞ്ഞിറങ്ങുമ്പോൾ അവനെ കാത്തു നിന്ന മീഡിയ ചോദിച്ച ചോദ്യത്തിന് ഒരു ചെറിയ ചിരി മാത്രമായിരുന്നു അവനുണ്ടായിരുന്നത്.

“പ്ലീസ് സഹ്യൻ പറയൂ.. എല്ലാവർക്കും ഒരു ഇൻസ്പിറേഷൻ ആയി നിൽക്കുന്ന സഹ്യൻ നാരായൺ, വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് സഹ്യനെപ്പോലെ ആകാൻ എന്ത് ടിപ്പ് ആണ് പറയാനുള്ളത്.?”

ഒരു ചിരിയോടെ അവൻ പറഞ്ഞു

“ഒരിക്കലും ആരും സഹ്യനെപ്പോലെ ആവാതിരിക്കുക. കാരണം ഇപ്പൊ നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ സഹ്യന് വളരെ മോശമായൊരു പാസ്ററ് ഉണ്ടായിരുന്നു. പറയാൻ തോറ്റു പോയവന്റെ ചരിത്രം ഉണ്ട് . എനിക്ക് പിന്നിൽ വളർന്ന് വരുന്ന കുട്ടികളോട്, എന്നെ സ്നേഹിക്കുന്ന എല്ലാവരോടും എനിക്കൊന്നേ പറയുന്നുള്ളൂ, ജീവിതത്തിൽ നമുക്ക് മാത്രമായി എപ്പോഴുമൊരു ചിരിയുണ്ടാവണം. തോറ്റു പോയി എന്ന് തോന്നുന്നിടത്തെല്ലാം കൂടുതൽ വാശിയോടെ ഉയിർത്തെഴുന്നേൽക്കാൻ ഉയിരിനെ മോഹിപ്പിക്കുന്നൊരു ചിരി…ഓക്കേ കൂടുതൽ ഒന്നും പറയാനില്ല.. ഇനിയുള്ള ജീവിതം നല്ലൊരു ഡോക്ടർ ആയി ജനങ്ങൾക്ക്‌ നല്ലത് ചെയ്യണം. അത്ര മാത്രമാണ് ഇപ്പൊ ആഗ്രഹം.. “

ഇത്തിരി ഇമ്മിണി വാക്കുകളിൽ ഒക്കെ പറഞ്ഞവസാനിപ്പിച്ച് ആ ഓഡിറ്റോറിയത്തിന്റെ ഒരു മൂലയിൽ അവനെ കണ്ണ് നിറയെ നോക്കി നിന്ന എന്നെയും കൂട്ടി അവൻ നേരെ പോയത് അവന്റെ വീട്ടിലേക്കായിരുന്നു.

ഇത്രയും നാള് കൊണ്ട് തന്നെ അവന്റെ അച്ഛനും അമ്മയ്ക്കും ഞാൻ അത്രയേറെ പ്രിയപ്പെട്ടവൾ ആയി മാറിക്കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെയാണ് ആ പാവം അമ്മ സഹ്യന്റെ ഭാര്യയായി മോൾക്ക്‌ വരാമോ എന്ന് ചോദിച്ചത്.

“വേണ്ട അമ്മേ… ഞാനും സഹ്യനും ഒരിക്കൽ ശത്രുക്കൾ ആയിരുന്നു. ഇപ്പോ ഇത്രയും കാലം കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടിയപ്പോൾ ഒരിക്കൽ പങ്കിടാൻ കഴിയാതെ പോയ ആ സൗഹൃദം ഞങ്ങൾ പങ്കിട്ടു. അവൻ നന്നായി ജീവിക്കണം. അതേയുള്ളൂ മോഹം. അതെന്തായാലും നടന്നു. ഞാൻ എപ്പോഴും അമ്മേടെ മകന്റെ നല്ല സുഹൃത്തായിരിക്കും. എന്നിട്ട് ഞാൻ തന്നെ മുന്നിൽ നിന്ന് അമ്മയ്ക്ക് നല്ലൊരു മരുമകളെ കണ്ടുപിടിച്ചു തരും.. പോരെ? “

അമ്മയെ ഇത്തിരി നോവിച്ചു കൊണ്ട് തന്നെ ആ ക്ഷണം ഞാൻ നിരസിച്ചു. അവന് വേണ്ടി. ഇനിയും ഉയരങ്ങളിൽ എത്താനുള്ള അവന്റെ ഭാവിക്ക് വേണ്ടി.

അമ്മയോട് അത്രയും പറഞ്ഞിട്ട് നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ പുറത്തേക്കിറങ്ങുമ്പോൾ ആണ് ഒക്കെ കേട്ട് അവിടെ നിന്നിരുന്ന സഹ്യനെ ഞാൻ കണ്ടത്.

ഒന്നും മിണ്ടാതെ അവനെ മറി കടന്നു പോയ എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ച് വലിച്ചു കൊണ്ട് പോയി അവന്റെ മുറിയിലേക്ക് തള്ളി വാതിലിന്റെ കൊളുത്തിട്ട് എന്നെ തന്നെ നോക്കി നിൽക്കുന്ന സഹ്യനെ കണ്ടപ്പോൾ സത്യത്തിൽ ഞാൻ ഭയന്ന് പോയി. വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട സഹ്യനായി അവൻ.

“നീയെന്താ ഈ കാണിക്കുന്നത്. വാതിൽ തുറക്ക് എനിക്ക് പോണം “

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി ഞാൻ വാതിൽ കൊളുത്തിൽ പിടിച്ചു.

“ഇത്തിരി നേരത്തേക്ക് ഞാൻ ആ പഴയ തെമ്മാടി ആകുവാണ്… “

എന്ന് പറഞ്ഞു കൊണ്ട് എന്റെ അരക്കെട്ടിലൂടെ കൈ ചുറ്റി അവന്റെ നെഞ്ചിലേക്ക് എന്നെ ചേർത്ത് പിടിച്ച് അവൻ പറഞ്ഞു

“നീ എന്റെയാണ് മായീ… എപ്പോഴോ നിന്നോട് ഉള്ളിലൊരു ഇഷ്ടം തുടങ്ങിയിരുന്നു. പക്ഷെ നീ പറയാറുള്ളത് പോലെ നിനക്ക് പരിചയമുള്ള ആ പഴയ സഹ്യന് മാത്രമേ അവന്റെ ഈ പെണ്ണിനോട് ഇഷ്ട്ടാണ് നിന്നെ എന്ന് പറയാനുള്ള ധൈര്യം ഉള്ളൂ. ആ സഹ്യനവാൻ കാത്തിരുന്നതാ ഞാൻ. നിന്റെ ആഗ്രഹം ഞാൻ നടത്തി തന്നു. അച്ഛന്റേം അമ്മേടേം അവരാഗ്രഹിച്ച മകൻ ആയി.എല്ലാം എന്റെ കൈയിൽ വച്ച് തന്നിട്ട് ഇപ്പൊ നിനക്ക് പോകണം അല്ലേടി കാന്താരി… ദേ ഈ പിടിച്ച പിടി ഇനി വിടണമെങ്കിൽ സഹ്യൻ ചാവണം “

ഒന്നും മിണ്ടാൻ കഴിയാതെ തരിച്ചു നിന്ന എന്റെ മേലുള്ള പിടുത്തം ഒന്നുകൂടി മുറുക്കി അവൻ ചോദിച്ചു

“എനിക്ക് വേണം മോളെ നിന്നെ.. പണ്ട് ഞാൻ നിന്നെ ഒത്തിരി കരയിച്ചിട്ടുണ്ട്. അതിനെല്ലാം പകരമായി ഇനിയങ്ങോട്ട് കൊതി തീരേ സ്നേഹിക്കാൻ എനിക്ക് വേണമെടി നിന്നെ. പറയ്… എന്റെ ആയിക്കൂടെ നിനക്ക്? “

അവന്റെ മുഖത്ത് കുറെ നേരം നോക്കി നിന്നിട്ട് ഒരു വിതുമ്പലോടെ ഞാൻ പറഞ്ഞു

“മറ്റൊരാളുടെ കൂടെ ജീവിച്ചവൾ ആണ് സഹ്യൻ ഞാൻ. നിനക്ക് തരാൻ നല്ലൊരു ശരീരം ഇല്ലാത്തവൾ. കഴുത്തിൽ താലി കെട്ടിയവൻ തല്ലിച്ചതച്ച ഈ ശരീരം നിനക്ക് എന്തിനാണ് സഹ്യൻ? വേണ്ട… നിനക്ക് എന്നേക്കാൾ നല്ലൊരു…. “

പറഞ്ഞു മുഴുവനക്കാൻ സമ്മതിക്കാതെ അവന്റെ ചൂണ്ട് വിരൽ എന്റെ ചുണ്ടിൽ വച്ച്

“ഷട്ടപ്പ് യൂ ഇഡിയറ്റ്.. മോഹം തോന്നിയത് നിന്റെ ശരീരത്തോടല്ല പെണ്ണേ.. ഈ മനസിനോടാണ്..ഇത് ഈശ്വരന്റെ തീരുമാനം ആണ് മായീ. നീ എനിക്ക് വേണ്ടിയും ഞാൻ നിനക്ക് വേണ്ടിയും ജനിച്ചതാണ്. അത് കൊണ്ട് തന്നെയാണ് ഒരിക്കൽ ശത്രുക്കൾ ആയി പിരിഞ്ഞിട്ടും കാലമിങ്ങനെ നമ്മളെ കൂട്ടി മുട്ടിച്ചത്. അത് നിനക്കിനിയും മനസിലായില്ലേ. എന്റെ ആവാമെന്ന് ഒന്ന് സമ്മതിക്കെടി.. പ്ലീസ്.. ഒരു സങ്കടവും വരുത്താതെ പൊന്നു പോലെ കാത്തോളം ഞാൻ. പറയെടി ഇനിയെങ്കിലും, മൈത്രേയി ഈ സഹ്യന്റെ ആണെന്ന്. ” എന്ന് പറഞ്ഞ് അവൻ കണ്ണുകൾ നിറച്ചതും,ഒന്നും മിണ്ടാതൊരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് ചേർന്നു ഞാൻ

എന്നെ തലോടുന്ന ആ കൈകളുടെ കരുത്തിൽ സമാധാനിച്ചും ചേർത്ത് പിടിച്ച നെഞ്ചിലേ ചൂടിൽ ആശ്വസിച്ചും ഏതാനും നിമിഷങ്ങൾ.

കുറച്ചു നേരം അങ്ങനെ നിന്ന് മനസൊന്നു ശാന്തമായപ്പോൾ മെല്ലെ മുഖം ഉയർത്തി പണ്ട് കല്ലെറിഞ്ഞ് ഞാൻ പൊട്ടിച്ച അവന്റെ വലത് നെറ്റിയിലെ ആ കറുത്ത മുറിപ്പാടിൽ ചുണ്ടമർത്തി. പിന്നെ ഞാൻ മെല്ലെ പറഞ്ഞു

“പ്രാണനാണ് സഹ്യൻ നീയെന്റെ “

അത് കേട്ടൊരു ചിരിയോടെ എന്നെ നെഞ്ചിൽ നിന്നടർത്തി മാറ്റി മെല്ലെയെന്റെ മുഖം കൈകളിൽ താങ്ങി ചുണ്ടിൽ നിന്നെന്റെ പ്രാണനൂറ്റും പോലൊരു ചുംബനം തന്ന്

“എനിക്കറിയാം പെണ്ണേ.. “

എന്ന് പറഞ്ഞവൻ ചിരിച്ചു.

അവന്റെ ആ ചിരി കാൺകെ അവൻ പറഞ്ഞതോർമ്മ വന്നു.അതേ, ജീവിതത്തിൽ നമുക്ക് മാത്രമായൊരു ചിരി വേണം…തോറ്റു പോയി എന്ന് തോന്നുന്നിടത്തെല്ലാം കൂടുതൽ വാശിയോടെ ഉയിർത്തെഴുന്നേൽക്കാൻ ഉയിരിനെ മോഹിപ്പിക്കുന്നൊരു ചിരി