സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
ഒരുപാട് സ്നേഹിച്ചവളെ നിങ്ങളു കാവിലെ ഉത്സവത്തിരക്കിനിടയിൽ വെച്ചുകണ്ടിട്ടുണ്ടോ…? മറ്റൊരുത്തന്റെ ഭാര്യയായിട്ട്…
സാഹചര്യംകൊണ്ട്, അല്ലെങ്കിൽ കാമുകി എന്നതിലുപരി നല്ലൊരു “മകൾ”ആയതുകൊണ്ടു മറ്റൊരാളുടെ ഭാര്യ ആവേണ്ടി വന്നവളെ…?
തമ്മിൽ കാണുന്ന നിമിഷം ആ ഉത്സവപറമ്പു നിശബ്ദമാവുന്നത് അറിഞ്ഞിട്ടുണ്ടോ…?
നെഞ്ചിടിപ്പിന്റെ താളം തെറ്റുന്നത് അനുഭവിച്ചിട്ടുണ്ടോ…?
അരുത് എന്നു മനസുകൊണ്ടു ഉറപ്പിച്ചിട്ടും അറിയാതെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ…?
ഉണ്ടായിരിക്കും…അതാടോ പ്രണയം…ഉള്ളിൽ വന്ന വിഷമം പുറത്തുകാണിക്കാതെ അവളെ നോക്കി ഒന്നുചിരിച്ചു, തിരിച്ചൊരു നടപ്പുണ്ട്…കുഴിച്ചുമൂടാൻ ശ്രമിച്ച ഓർമകളുടെ ഭാണ്ഡവും പേറികൊണ്ട്.
അതെ…നിന്റെ ഓർമകളുടെ ചങ്ങലക്കണ്ണികൾ ഉരഞ്ഞു മനസിനേറ്റ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. പാടവരമ്പിലൂടെ നടക്കുമ്പോൾ എതിരെ വരുന്ന പരിചയക്കാരുടെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ ഉത്തരങ്ങൾ പറഞ്ഞു മുന്നോട്ട് നടക്കുമ്പോൾ, മനസു അതിലും വേഗത്തിൽ ഭൂതകാലത്തിൽ എത്തിയിരുന്നു.
അച്ഛൻ വാങ്ങിച്ചുതന്ന കുപ്പിവള പൊട്ടിച്ചപ്പോൾ അവളെന്നോട് പിണങ്ങിയില്ല. ആ കുപ്പിവളപൊട്ടു വെച്ചു സ്നേഹനോക്കി കളിച്ചപ്പോൾ കുറഞ്ഞു പോയി എന്നുപറഞ്ഞു മുഖം വീർപ്പിച്ചു പിണങ്ങിപോയവളാണ്.
പോണെങ്കിൽ പൊയ്ക്കോ, എനിക്കൊരു ചുക്കും ഇല്ലാന്ന് പറഞ്ഞപ്പോൾ…നിനക്കൊരു ചുക്കും ഇല്ലേന്നും പറഞ്ഞു കയ്യിൽ പരിഭവത്തിന്റെ മൂർച്ചയിൽ നഖം കൊണ്ടു മുറിവേൽപ്പിച്ചവൾ…
വലുതാവും തോറും ആ ഇഷ്ട്ടം കൂടി കൂടി വന്നു. അതിനനുസരിച്ചു പിണക്കങ്ങളും…കണ്ണുപൊട്ടുന്ന ചീത്തപറയാറുണ്ട്. കണ്ണു നിറയുന്നത് കണ്ടാലും ദേഷ്യം കുറക്കാതെ മുഖം കേറ്റിപിടിച്ചു നടക്കാറും ഉണ്ട്.
എനിക്കൊന്നു ദേഷ്യപ്പെടാൻ നീയേ ഉള്ളു എന്നത് കൊണ്ടാണ്, എത്ര ദേഷ്യപ്പെട്ടാലും ഇട്ടിട്ടു പോവില്ല എന്നു അറിയാവുന്നതു കൊണ്ടാണ്…
കല്യാണം ഉറപ്പിക്കാൻ പോവാണ് എന്നു കേട്ടപ്പോൾ, മനസൊന്നു പിടഞ്ഞു. നീയില്ലാതെ പറ്റില്ല എന്നറിയാവുന്നതു കൊണ്ടുതന്നെയാണ് വിളിച്ചിറക്കി കൊണ്ടുവരാൻ വീട്ടിൽ വന്നത്.
നിന്റെ ചേട്ടന്റെ ചവിട്ടുകൊണ്ടു നിലത്തേക്ക് വീണപ്പോഴും എന്റെ സ്നേഹം ജയിക്കും എന്നു തന്നെയായിരുന്നു എന്റെ വിശ്വാസം…നിന്റെ വാക്കുകൾ കേൾക്കും വരെ…
എനിക്കു വേണ്ടി ആരും തമ്മിൽ തല്ലണ്ട, ഞാൻ ഇറങ്ങി വരില്ല…അപ്പൊ മാത്രമേ ഞാൻ തോറ്റതായി എനിക്കു തോന്നിയിട്ടുള്ളൂ. തിരിഞ്ഞുനോക്കാതെ നടക്കുമ്പോഴും എനിക്കു കാണാമായിരുന്നു, നിറഞ്ഞകണ്ണുകൾ കാഴ്ച്ച മറച്ചു നിൽക്കുന്ന നിന്നെ….
അല്ലെങ്കിലും ആത്മാർത്ഥ സ്നേഹത്തിനേക്കാൾ കൂടുതൽ സാമ്പത്തിക ഭദ്രതനോക്കുമ്പോഴാണ് പല പ്രണയങ്ങളും തോറ്റുപോകുന്നത്. വിവാഹത്തിന്റ അന്ന് നല്ലത് വരണേ എന്നു തന്നെയേ പ്രാർത്ഥിച്ചിട്ടുള്ളു…സുഖായി ജീവിക്കട്ടെ എന്നു തന്നെയേ ആഗ്രഹിച്ചിട്ടുള്ളു….
കൂട്ടുകാരൊക്കെ നൈസ് ആയിട്ടു ഒഴിവാക്കിയല്ലേ എന്നൊക്കെ പറഞ്ഞു കളിയാക്കുമ്പോഴും ഒരു ചിരിയിൽ മറുപടി ഒതുക്കാറെയുള്ളൂ അന്നും ഇന്നും…
എന്നാലും ഇടക്കൊക്കെ നിന്റെ ഭംഗിയുള്ള കൈയക്ഷരത്താൽ എനിക്കെഴുതിയ കടലാസെടുത്തു ഞാൻ വായിക്കാറുണ്ട്.
” നീ പോകാൻ പറയുന്ന കാലം വരെ ഞാൻ ഉണ്ടാവും കൂടെ “