അവൾ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം മനസ്സിലാവാതെ അവൻ അവളെ തുറിച്ചു നോക്കി.

രചന : അപ്പു

” എനിക്ക്… അവസാനമായി ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി.എന്തിനായിരുന്നു എന്നെക്കൊണ്ട് ഒരു വിഡ്ഢി വേഷം കെട്ടിച്ചത്..? അതിൽ നിന്ന് നിനക്ക് കിട്ടിയ സംതൃപ്തി എന്തായിരുന്നു..? “

അവന്റെ ചോദ്യം കേട്ടപ്പോൾ അവളിൽ തെല്ലും വേദന തോന്നിയില്ല. മറിച്ച് സന്തോഷം മാത്രമായിരുന്നു അവൾക്കുണ്ടായിരുന്നത്. മറ്റാരോടൊക്കെയോ ഉള്ള പകയും..!

” വിഡ്ഢി വേഷം കെട്ടിയത് നിങ്ങളല്ല ഞാനായിരുന്നു..! എല്ലാവരും കൂടി എന്നെ അങ്ങനെ ഒരു അവസ്ഥയിലേക്ക് കൊണ്ടു വന്നു നിർത്തിയതാണ്..”

അവൾ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം മനസ്സിലാവാതെ അവൻ അവളെ തുറിച്ചു നോക്കി.

” എന്റെ കഴിവിന്റെ പരമാവധി ഞാൻ എല്ലാവരോടും പറഞ്ഞതാണ് നിങ്ങളെ വിവാഹം കഴിക്കാൻ എനിക്കിഷ്ടമല്ല എന്ന്. എനിക്ക് മറ്റൊരു പ്രണയമുണ്ട് എന്ന് എന്റെ വീട്ടിൽ ഞാൻ അവതരിപ്പിച്ചപ്പോൾ അത് കേട്ട ഭാവം പോലും അവർ നടിച്ചില്ല.പക്ഷേ അവനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കാൻ എനിക്ക് പറ്റില്ല.. അവനെ മാത്രമേ സ്നേഹിക്കാൻ എനിക്ക് പറ്റൂ..!”

അവൾ പറഞ്ഞ വാക്കുകൾ അവനിൽ ഏൽപ്പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല.

“എന്നാൽ പിന്നെ ഇതൊക്കെ നിനക്ക് വിവാഹത്തിന് മുമ്പും എന്നോട് പറയാമായിരുന്നില്ലേ..?”

അവൻ ദയനീയമായി ചോദിച്ചപ്പോൾ അവൾ അവനെ നോക്കി പുച്ഛിച്ചു.

” വിവാഹത്തിനു മുൻപ് നിങ്ങളോട് ഇത് പറയാൻ എത്ര തവണ ഞാൻ നിങ്ങളെ വിളിച്ചതാണ്..? അപ്പോഴൊക്കെ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ഒഴിഞ്ഞു മാറിയത് നിങ്ങളായിരുന്നില്ലേ..? എന്നിട്ട് ഇപ്പോൾ കുറ്റം മുഴുവൻ എന്റെ മേൽ കൊണ്ടു വന്ന് വയ്ക്കാം എന്നാണോ..? “

അവൾ ചോദിച്ചപ്പോൾ അവൻ ഞെട്ടലോടെ അവളെ നോക്കി.

“നീ എപ്പോഴാണ് അതിനു എന്നെ വിളിച്ചത്..?”

അവൻ ചോദിച്ചപ്പോൾ ഇത്തവണ അവളിലും ഒരു പരിഭ്രമം പ്രകടമായി.

“കല്യാണം ഉറപ്പിച്ചതിനു ശേഷം നിങ്ങളുടേതാണ് എന്ന് പറഞ്ഞ് ഏട്ടൻ ഒരു നമ്പർ എന്റെ കയ്യിൽ തന്നിട്ടുണ്ടായിരുന്നു.ആ നമ്പറിലാണ് ഞാൻ വിളിച്ചത്..”

അവൾ പറഞ്ഞപ്പോൾ അവൻ ഒന്നാലോചിച്ചു.

“നിന്റെ ഏട്ടന്റെ കയ്യിൽ ഞാൻ നമ്പർ കൊടുത്തിരുന്നു എന്നുള്ളത് ശരിയാണ്.പക്ഷേ ആ നമ്പർ.. അതിലേക്ക് നിന്റെ ഒരു കോൾ പോലും വന്നതായിട്ട് എനിക്കറിയില്ല. നിന്റെ നമ്പർ അവരാരും എന്റെ കയ്യിൽ തരാത്തത് കൊണ്ട് നിന്നെ വിളിക്കാൻ പോലും എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.”

അവൻ പറഞ്ഞപ്പോൾ അവൾക്ക് സംശയമായി. അവൾ വേഗത്തിൽ തന്റെ ഫോണെടുത്ത് അതിൽ നിന്ന് അവന്റെത് എന്ന് പറഞ്ഞ് സേവ് ചെയ്തിരുന്ന നമ്പർ തപ്പിയെടുത്തു.

“ഇതല്ലേ നിങ്ങളുടെ നമ്പർ..?”

ആ നമ്പർ അവനെ കാണിച്ചു കൊടുത്തു കൊണ്ട് അന്വേഷിച്ചപ്പോൾ അവൻ ഒന്ന് സംശയിച്ചു ഫോണിലേക്ക് നോക്കി.പിന്നെ അല്ലെന്ന് തലയാട്ടി.

“അല്ലേ..?”

അവൾ ഞെട്ടലോടെ ചോദിച്ചപ്പോൾ അവൻ വീണ്ടും അല്ല എന്ന് തന്നെ തലയാട്ടി.

സംശയം കൊണ്ട് അവൾ അപ്പോൾ തന്നെ ആ ഫോണിലേക്ക് വിളിക്കുകയും ചെയ്തു. അത് റിങ്ങ് ചെയ്യുന്നതും മറ്റാരോ മറുവശത്ത് കോൾ അറ്റൻഡ് ചെയ്യുന്നതും അവൾ അറിഞ്ഞു.

“ഹലോ..”

മറുവശത്തു നിന്ന് ഗാംഭീര്യം ഉള്ള ഒരു ശബ്ദം കേട്ടപ്പോൾ അവൾ ഫോൺ സ്പീക്കറിൽ ഇട്ടു.

“ഹലോ…”

അവൾ പ്രതിവചിച്ചു.

“എന്റെ പൊന്നു പെങ്ങളെ നിങ്ങളായിരുന്നോ..? നിങ്ങളോട് കുറേ ദിവസമായി ഞാൻ പറയുകയല്ലേ ഞാൻ അല്ല ഞാനല്ല എന്ന്..? എത്ര പറഞ്ഞാലും നിങ്ങൾക്ക് എന്താ മനസ്സിലാവാത്തത്..? ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവരുടെ നമ്പർ കൃത്യമായി ചോദിച്ചു മനസ്സിലാക്കിയിട്ട് വേണം വിളിക്കാനും ഭീഷണിപ്പെടുത്താനും ഒക്കെ.. അല്ലാതെ വെറുതെ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കരുത്..”

ദേഷ്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് കോൾ കട്ട് ആയപ്പോൾ അവൾ ആകെ വല്ലാത്തൊരു അവസ്ഥയിലായി.

അവന്റെ അവസ്ഥയും തീരെ മോശമായിരുന്നു.

ആഗ്രഹിച്ച മോഹിച്ചു പെണ്ണുകാണാൻ ചെന്ന് സ്വന്തമാക്കിയതാണ് നിവേദ്യയെ..! ആദ്യ കാഴ്ചയിൽ തന്നെ അവൾ മനസ്സിൽ കയറി കൂടുകയും ചെയ്തു.

നാളുകൾ തമ്മിൽ പൊരുത്തമുണ്ട് എന്നറിഞ്ഞപ്പോൾ വിവാഹം നടക്കുകയാണെങ്കിൽ നന്നായിരുന്നു എന്ന് തന്നെയാണ് ചിന്തിച്ചത്.

പക്ഷേ അപ്പോഴും പെണ്ണുകാണലിന് ഒരു തെളിച്ചവുമില്ലാതെ അവളുടെ മുഖം ഓർമ്മയിൽ ഉണ്ടായിരുന്നു. അത് എന്തുകൊണ്ടാണെന്ന് അന്ന് അവിടെ അന്വേഷിച്ചപ്പോൾ, അവൾക്കിപ്പോൾ വിവാഹത്തിന് താൽപര്യമില്ലെന്ന് പഠിക്കാനാണ് താല്പര്യം എന്നും ഒക്കെ അവളുടെ ഏട്ടൻ പറയുന്നുണ്ടായിരുന്നു.

അത് കേട്ടപ്പോൾ തനിക്ക് ചിരിയാണ് വന്നത്.

“വിവാഹം കഴിഞ്ഞെന്നു കരുതി തന്റെ പെങ്ങളെ ഞാൻ വീട്ടിൽ പൂട്ടിയിടാൻ ഒന്നും പോകുന്നില്ല.. പഠിക്കാനാണ് ഇഷ്ടമെങ്കിൽ അവൾക്ക് പഠിക്കാൻ പോകാം.. ജോലിക്ക് പോകണമെങ്കിൽ അങ്ങനെയും ആകാം.. അതിലൊന്നും ആരും തടസ്സമല്ല..”

അന്ന് ആ സദസ്സിൽ വച്ച് അങ്ങനെ ഒരു വാക്ക് കൊടുക്കാൻ എന്നെ പ്രേരിപ്പിച്ചത് അവളോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെയായിരുന്നു.ആ ഒരു കാരണം പറഞ്ഞു അവൾ എനിക്ക് നഷ്ടമാകരുത് എന്നൊരു തോന്നൽ..!

പിന്നീടുള്ള ഓരോ ദിവസങ്ങളും അവളോടൊപ്പം ഉള്ള ജീവിതം ആയിരുന്നു സ്വപ്നത്തിൽ..! വിവാഹദിനത്തിലേക്ക് അടുക്കുംതോറും അവൾ ഇനി എപ്പോഴും തന്നോടൊപ്പം ഉണ്ടാകും എന്നൊരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്..!

ഒരിക്കൽ പോലും അവളുടെ ഫോൺ കോളുകൾ തേടിയെത്താത്തത് തനിക്ക് വേദനയായെങ്കിലും ഇടയ്ക്കൊക്കെ അവളുടെ വീട്ടിലേക്ക് വിളിക്കുമ്പോൾ അവളുടെ ശബ്ദം കേൾക്കാൻ ശ്രമിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ അവൾക്ക് എന്തോ ഇഷ്ടക്കുറവ് തനിക്ക് തോന്നിയിരുന്നു.പക്ഷേ അത് പുതിയൊരു സാഹചര്യത്തിലേക്ക് വന്നതിന്റെ പ്രശ്നമാകും എന്നാണ് കരുതിയത്.

എന്നാൽ അത് അങ്ങനെയല്ല എന്ന് മനസ്സിലായത് ഒരു ദിവസം അവളുടെ തോളിൽ തൊട്ടപ്പോൾ തട്ടിയെറിഞ്ഞതിലൂടെയാണ്. തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവൾ വെട്ടി തിരിഞ്ഞ് അന്ന് മുറിയിൽ നിന്നിറങ്ങിപ്പോയി.

പിന്നീട് തന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ പ്രതിഷേധിച്ചപ്പോൾ താൻ അവളെ തൊട്ടത് അവൾക്ക് ഇഷ്ടമായിരിക്കില്ലേ എന്നൊരു ചിന്തയാണ് ഉണ്ടായത്.

ഇന്ന് അതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത് മുഴുവൻ പുറത്തുവരുന്നത്.

ഇനി എന്ത് ചെയ്യണമെന്നറിയാതെ അവൻ തളർന്ന് ബെഡിലേക്ക് ഇരുന്നു.

ഇത്തവണ അവൾക്കും അവനോട് സഹതാപം തോന്നി. കാരണം അവൾ അവനോട് വിവരങ്ങൾ പറഞ്ഞിരുന്നു എന്നുള്ള ചിന്തയിലാണ് അവനോട് പ്രതികാരം തീർത്തിരുന്നത്.

എന്നാൽ ഇപ്പോൾ ഒന്നുമറിയാതെ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് താൻ കാരണം ഇല്ലാതാകുന്നത് എന്ന ചിന്ത അവളെ വന്നു മൂടി.

“ഒരേയൊരു കാര്യം മാത്രമാണ് എനിക്ക് തന്നോട് ചോദിക്കാനുള്ളത്.. കഴിഞ്ഞു പോയതൊക്കെ ഒരു സ്വപ്നം പോലെ ഞാൻ മറക്കാം. പക്ഷേ തനിക്ക് എന്നെ സ്നേഹിച്ച് എന്റെ ഭാര്യയായി ഇവിടെ ജീവിക്കാൻ ആവുമോ എന്നെനിക്കറിയണം..”

കുറച്ചു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അവൻ ചോദിച്ചപ്പോൾ, കൃത്യമായി എന്തു മറുപടി പറയണം എന്നറിയാതെ അവൾ പരുങ്ങി.

പക്ഷേ അപ്പോഴും അവൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു തന്റെ പ്രണയത്തിനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ അവൾക്ക് കഴിയില്ല എന്ന്..!

“ഇല്ല.. ഒരിക്കലും കഴിയില്ല.. കാരണം ഇപ്പോഴും ഞാൻ തിരികെ ചെല്ലുന്നതും പ്രതീക്ഷിച്ചു അവൻ എന്നെയും കാത്തിരിപ്പുണ്ട്. അവനെ ചതിക്കാൻ എനിക്ക് പറ്റില്ല. ഈ ജന്മം ഞാൻ അവനെയാണ് സ്നേഹിച്ചത്. അവനെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ എനിക്ക് കഴിയുകയുമില്ല..”

അവൾ ഒരു ഉറച്ച തീരുമാനം പോലെ പറഞ്ഞപ്പോൾ അതുതന്നെയായിരിക്കും നല്ലത് എന്നൊരു ചിന്തയായിരുന്നു അവന്റെ ഉള്ളിലും.

” നിനക്ക്… നിനക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ പോകാം..പക്ഷേ അതിനു മുൻപ് രണ്ട് വീട്ടിലും കാര്യങ്ങൾ നീ പറഞ്ഞു ബോധ്യപ്പെടുത്തിയിരിക്കണം. നാളെ നാട്ടുകാർ എന്തായാലും എന്നെ കഴിവുകെട്ടവൻ എന്ന പേരിലായിരിക്കും വിളിക്കുക.പക്ഷേ അതിനിടയിൽ വീട്ടുകാർ കൂടി എന്റെ നേരെ ദുർമുഖം കാണിക്കുന്നത് എനിക്ക് കാണാൻ വയ്യ.എന്റെ തെറ്റ് കൊണ്ടല്ല നീ പോകുന്നത് എന്നെങ്കിലും എനിക്ക് അവരെ മനസ്സിലാക്കണം.. “

അവൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ചു.

പിറ്റേന്ന് രണ്ടു വീട്ടിലേയും കുടുംബാംഗങ്ങളെ മുഴുവൻ വിളിച്ചുവരുത്തി അവരുടെ മുന്നിൽ അവൾ കാര്യങ്ങൾ തുറന്നു പറയുമ്പോൾ കൈകെട്ടി ഒരു കാണിയായി അവനും അവർക്കിടയിൽ ഉണ്ടായിരുന്നു.

പലതരത്തിലുള്ള വാദ പ്രതിവാദങ്ങൾ അവിടെ ഉയർന്നെങ്കിലും, അവളുടെ കാമുകനല്ലാതെ അവൾ ജീവിക്കില്ല എന്ന ഒരു വാദത്തിൽ അവൾ ഉറച്ചു നിൽക്കുമ്പോൾ, അവളെ അവനോടൊപ്പം പറഞ്ഞയക്കാൻ തന്നെ എല്ലാവരും തീരുമാനിച്ചു.

അവൻ കെട്ടിയ താലിയൂരി അവനെ ഏൽപ്പിച്ചു അവൾ പടിയിറങ്ങുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒരു നീർത്തുള്ളി അതിൽ വീണു ചിതറി..