മുഖത്ത് വരുത്തിയ ഗൗരവം ഓടി എത്തിയ ഞങ്ങളെ കണ്ടതും ഒരു ചിരിയായി മാറി കൈയ്യിൽ കരുതിയ പലഹാരങ്ങൾ…

മറുപുറം

രചന: രാജു പി കെ കോടനാട്,

::::::::::::::::::::::::::::::

അകത്തെ മുറിയിൽ കണ്ണുകൾ ഇറുകെ അടച്ച് ഇനി ഒരിക്കലും ഉണരാതെ ഉറങ്ങുന്ന അച്ഛൻ്റെ മുഖത്ത് നോക്കി.

എങ്കിലും നിങ്ങളെന്നെ തനിച്ചാക്കിപ്പോയല്ലോ എന്ന് പറഞ്ഞ് അച്ഛൻ്റെ മാറിലേക്ക് വീണ് പതം പറഞ്ഞ് കരയുന്ന അമ്മയെയും അരികിൽ നിറകണ്ണുകളോടെ ഇരിക്കുന്ന അനിയത്തിയേയും കണ്ടപ്പോൾ മനസ്സിലൂടെ തലേ ദിവസത്തെ രംഗങ്ങൾ കടന്ന് വന്നു.

കൂട്ടുകാരോടൊപ്പം ഈസ്റ്റർ ആഘോഷവും കഴിഞ്ഞ് അപ്പൻ തിരിച്ചെത്തുമ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു.അപ്പൻ്റെ കണ്ണുകൾക്കന്ന് ചോ രച്ചുവപ്പായിരുന്നു.

മുഖത്ത് വരുത്തിയ ഗൗരവം ഓടി എത്തിയ ഞങ്ങളെ കണ്ടതും ഒരു ചിരിയായി മാറി കൈയ്യിൽ കരുതിയ പലഹാരങ്ങൾ അനിയത്തിയെ ഏൽപ്പിച്ച് ഞങ്ങളേയും ചേർത്ത് പിടിച്ച് നടക്കുമ്പോൾ കാറ്റിനോടൊപ്പം കലിതുള്ളിപ്പെയ്യുന്ന പെരുമഴയേപ്പോലെ അമ്മയെത്തി..

നന്നായി കേറ്റിയിട്ടുണ്ടല്ലോ..നിങ്ങളോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് കുടിച്ചിട്ടിങ്ങോട്ട് വരരുതെന്ന് വളർന്ന് വരുന്ന ഒരു മകളുണ്ടെന്ന വിചാരമെങ്കിലും നിങ്ങൾക്കുണ്ടോ..?

എനിക്ക് വയ്യ ഞാൻ മടുത്തു നിങ്ങളോടൊപ്പമുള്ള ജീവിതം..

ഞാൻ അത്രയ്ക്കൊന്നും കഴിച്ചിട്ടില്ല നീ ഒന്ന് പതിയെപ്പറയെൻ്റെ ആനി ആളുകൾ ശ്രദ്ധിക്കുന്നു..

അറിയട്ടെ എല്ലാരും അറിയട്ടെ നിങ്ങടെ തനി ഗുണം.

ഉറഞ്ഞ് തുള്ളുന്ന അമ്മയുടെ നേർക്ക് വിരലുയർത്തി അപ്പൻ പറഞ്ഞു നിർത്തടി ഇനി നീ ഒരക്ഷരം മിണ്ടിപ്പോവരുത്

നിൻ്റെ ചോദ്യം ചെയ്യൽ കേട്ടാൽ തോന്നുമല്ലോ ഞാൻ എന്നും കുടിച്ച് നാല്കാലിൽ വരുന്നവനാണെന്ന്..

വല്ലപ്പോഴും വരുന്ന ഇതുപോലുള്ള ആഘോഷങ്ങളിലാണ് ഞാൻ കൂട്ടുകാരോടൊപ്പം അല്പം കഴിക്കുന്നത് അല്ലാതെ നിൻ്റെ അപ്പൻ ഔസേപ്പിനേപ്പോലെ കുടിച്ച് ലക്കില്ലാതെ വല്ലവളുമാരുടേയും വീട്ടിൽ ചെന്ന് കയറി തല്ല് വാങ്ങുന്ന സ്വഭാവം ഒന്നും സാജനില്ല ഇനിയൊട്ട് ഉണ്ടാവുകയുമില്ല..

ദേ എൻ്റെ അപ്പനേപ്പറഞ്ഞാലുണ്ടല്ലോ…

ആർക്കറിയാം നിങ്ങളും അപ്പനേപ്പോലാവില്ലെന്ന് ഇപ്പോൾ എനിക്ക് നിങ്ങളെ അല്പം സംശയവും ഇല്ലാതില്ല..

ഫ്ഭാ എ ര ണം കെ ട്ട വളേ നിൻ്റെ അപ്പൻ്റെ ഒപ്പം എന്നെ കൂട്ടുന്നോ എന്ന് പറഞ്ഞതും അമ്മയുടെ കവിളിൽ ജീവിതത്തിൽ ആദ്യമായി അപ്പൻ്റെ അടിവീണു..

നിങ്ങൾ എന്നെ തല്ലി അല്ലേ ഇനി നിങ്ങളോടൊത്ത് ഞങ്ങളില്ല ഇന്നു മുതൽ നിങ്ങടെ ഇഷ്ടം പോലെ ജീവിച്ചോ എന്ന് പറഞ്ഞ് ഞങ്ങളേയും കൂട്ടി പുറത്തിറങ്ങുമ്പോൾ അയൽവാസികൾ ജനലിനും പാതി തുറന്ന വാതിലിനു മിടയിലൂടെയും എത്തിനോക്കുന്നത് കാണാമായിരുന്നു.

അവരെ കണ്ടതും നിങ്ങളേപ്പോലുള്ള ഒരു കാലമാടനെയാണല്ലോ തമ്പുരാൻ എനിക്ക് തന്നത് എൻ്റെ വിധി ഇനി നമ്മൾ ഒരുമിച്ചൊരു ജീവിതം ഉണ്ടാവില്ല എന്ന് പറഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്നിറങ്ങുന്നത്

രാവിലെ അപ്പൻ മരിച്ച വിവരമറിയിച്ച് ആളെത്തുമ്പോൾ.ഒരു ചെറിയ അപകടം ആൾ ആശുപത്രിയിലാണ് എന്ന് മാത്രമാണ് ഞങ്ങളോട് പറയുന്നത്..

വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത് തനിച്ചാക്കി ഞങ്ങൾ പോന്നപ്പോൾ കുടിച്ച മദ്യത്തിൻ്റെ ലഹരിയിൽ ഒരു മുഴം കയറിൽ അപ്പൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്ന്.

അപ്പൻ്റെ ദേഹത്ത് നിന്നും അമ്മയെ അടർത്തിമാറ്റി അകത്തെ കട്ടിലിലേക്ക് കിടത്തുമ്പോൾ പുറത്ത് ജനലിനരികിൽ നിന്ന് അടുത്ത വീട്ടിലെ വനജേച്ചി അടക്കം പറയുന്നുണ്ട് എന്ത് തങ്കം പോലത്തെ മനുഷ്യനായിരുന്നു അവൾ ഒരാളു കാരണാ അവൻ പോയതെന്ന്..

മറുപടിയായി അതെ അല്ലെങ്കിലും അവൾക്ക് ആണുങ്ങടെ തൻ്റേടമാണെന്ന് മിനിച്ചേച്ചിയും.

വർഷങ്ങളായി അപ്പനെ നേരിൽ കണ്ടാൽ മുഖം തിരിച്ച് നടന്ന് പോകാറുള്ള അപ്പൻ്റെ ഒരേ പെങ്ങൾ ഡയ്സി ആൻ്റി വന്ന് കയറിയതും നീ എൻ്റെ ആങ്ങളയെ കൊലയ്ക്ക് കൊടുത്തല്ലോടീ ഇനി എനിക്കാരുമില്ലേ എൻ്റെ ഇച്ചായ ഒന്ന് കണ്ണ് തുറന്ന് എന്നെ ഒന്ന് നോക്ക് ഞാൻ റോസക്കുട്ടിയാ എന്ന് ഉച്ചത്തിൽ അലമുറയിട്ട് പതം പറഞ്ഞ് കരയുന്നുണ്ട്.

ഇങ്ങനെ വല്ലപ്പോഴും കുടിച്ചാണ് പതിയെ വലിയ കുടിയനാവുന്നത് നീ വിചാരിച്ചാൽ ഇതെല്ലാം നിർത്തിക്കാമെന്ന് പറഞ്ഞ് അമ്മയെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ച അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും പുറത്താരോടോ പറയുന്നുണ്ട് സാജൻ വല്ലപ്പോഴും രണ്ടെണ്ണം കഴിച്ചാലും വീട് നോക്കുന്നവനായിരുന്നു ആരോടും വഴക്കിനും പോവില്ല ഇന്നത്തെക്കാലത്ത് അല്ലെങ്കിൽ ആരാ കഴിക്കാത്തത് പെണ്ണുങ്ങൾ പോലും കുടിച്ച് കൂത്താടുന്ന കാലമാണ് അവൾക്കൊന്ന് ക്ഷമിക്കാമായിരുന്നു. അതെങ്ങനാ അവൾക്ക് ഭയങ്കര മുൻ ദേഷ്യമല്ലേ അത് കുറയ്ക്കാൻ എത്ര പറഞ്ഞാലും കേൾക്കണ്ടേ..

പൊട്ടിക്കരഞ്ഞുകൊണ്ട് ഇതെല്ലാം കേട്ട് കിടക്കുന്ന അമ്മ പെട്ടന്ന് ഞെട്ടി ഉണർന്നപോലെ ശരിയാ ഞാനാ എല്ലാത്തിനും കാരണം എനിക്കറിയാം എന്ത് ചെയ്യണമെന്ന് എന്ന് പറഞ്ഞു കൊണ്ട് എന്നെ മുറുകെ നെഞ്ചോട് ചേർക്കുമ്പോഴും അമ്മയുടെ മുഖം വല്ലാതെ വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു.

അവസാനമായി അപ്പനെ യാത്രയാക്കുമ്പോഴും അമ്മയുടെ നിശബ്ദത എന്നെ എന്തോ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.ബന്ധുക്കളിൽ പലരും ആൻ്റി ഉൾപ്പടെ പലരും പള്ളിയിൽ നിന്നു തന്നെ പിരിഞ്ഞു പോയിരുന്നു..

സന്ധ്യാനേരത്ത പതിവില്ലാതെ വിശിയടിച്ച കാറ്റിലും മഴയിലും തൊടിയിലെ നാരകം നിലംപതിക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ബന്ധുക്കളിൽ ചിലർ അപ്പൻ്റെ മരണവും ലഹ രിയിൽ ആഘോഷമാക്കുന്ന നേരത്ത് പറയുന്നുണ്ടായിരുന്നു അവൻ്റെ ആത്മാവ് ഇവിടം വിട്ടു പോയിട്ടില്ല ഇനി ഒരാൺ തുണയില്ലാതെ എങ്ങനെ രണ്ട് കുട്ടികളെ ഇവൾ വളർത്തുമെന്ന്.

രാത്രിയിൽ അമ്മയുടെ ഇരുവശത്തുമൊരു കാവലായി കെട്ടിപ്പുണർന്ന് കിടന്ന ഞങ്ങളെ എപ്പോഴോ ഞങ്ങളറിയാതെ അടർത്തിമാറ്റി അച്ഛൻ അവസാനം ഉണരാതെ ഉറങ്ങിയ അതേ മുറിയിൽ അച്ഛനോടൊപ്പം അമ്മയും ഞങ്ങളെ തനിച്ചാക്കി യാത്ര പറയുമ്പോൾ..

മുറ്റത്ത് കൂടിയവരിൽ ചിലർ തളർന്നിരിക്കുന്ന ഞങ്ങളെ നോക്കി പരസ്പരം പറയുന്നുണ്ട് എങ്കിലും എന്ത് ഉറച്ച മനസ്സാണ് ഈ കുട്ടികളെ തനിച്ചാക്കി പോവാൻ അവൾക്ക് എങ്ങനെ കഴിഞ്ഞെന്ന്..

NB ആ ത്മ ഹ ത്യകൾ ഒന്നിനും പരിഹാരമല്ല അതുപോലെ മ ദ്യപാ നം ആരോഗ്യത്തിന് ഹാനികരം…