എന്നെ പകച്ചു നോക്കുന്ന കുഞ്ഞിനെ കണ്ടില്ലെന്ന് നടിച്ച് നിലത്ത് കിടക്കുന്ന കളിപ്പാട്ടമാണ് ഞാൻ ശ്രദ്ധിച്ചത്.

രചന : അപ്പു

:::::::::::::::::::::::::::

” എന്താടീ ഇത്..? ഏഹ്.? എന്താ കാണിച്ചു വച്ചേക്കുന്നേ എന്ന്..? “

ദേഷ്യത്തോടെ അലറിക്കൊണ്ട് മകളുടെ അടുത്തേക്ക് ചെല്ലുമ്പോൾ ഒരുപക്ഷേ എന്റെ ഭാവ മാറ്റത്തിൽ അവൾ പകച്ചു പോയിരിക്കണം.

അവളുടെ ആറാം വയസ് ആണിത്.ഈ പ്രായത്തിനിടയിൽ അമ്മയുടെ ഇങ്ങനെ ഒരു രൂപം അവൾ കാണുന്നത് ആദ്യമായിട്ടായിരിക്കും. ആദ്യമായിട്ട് ആയിരിക്കണം അവളെ ഞാൻ ഇത്രയും ദേഷ്യത്തിൽ വഴക്ക് പറയുന്നത്.

എന്നെ പകച്ചു നോക്കുന്ന കുഞ്ഞിനെ കണ്ടില്ലെന്ന് നടിച്ച് നിലത്ത് കിടക്കുന്ന കളിപ്പാട്ടമാണ് ഞാൻ ശ്രദ്ധിച്ചത്. കീ കൊടുത്താൽ ഓടുന്ന ഒരു കാർ.. വർഷങ്ങൾ പഴക്കമുള്ളതാണ്.. പക്ഷേ എനിക്ക് എന്നും വിലപ്പെട്ടതാണ്..

അതിനെയാണ് അവൾ നിലത്ത് എറിഞ്ഞ് പൊട്ടിച്ചു വച്ചിരിക്കുന്നത്.. എങ്ങനെ സഹിക്കാൻ പറ്റും..?

ഞാൻ വഴക്കു പറഞ്ഞതിന്റെ വിഷമവും അവളെ ശ്രദ്ധിക്കാതെ കളിപ്പാട്ടം നോക്കുന്നതിന്റെ ദേഷ്യവും ഒക്കെ കൂടി അവൾ അലറി കരഞ്ഞു.

ഇവിടുത്തെ ബഹളങ്ങളൊക്കെ കേട്ടു കൊണ്ട് അജയൻ മുറിയിൽ നിന്ന് ഇറങ്ങി വന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

” എന്താ ഇവിടെ..? മോൾ എന്തിനാ കരയുന്നത്..? “

ആ ചോദ്യം കൂടി ആയതോടെ അവൾ എങ്ങൾ അടിച്ചു കരയാൻ തുടങ്ങി. അതിനിടയിൽ എന്തൊക്കെയോ തപ്പി പെറുക്കി അച്ഛനോട് പറയുന്നുമുണ്ട്.

” എന്താ രശ്മി..? താൻ മോളെ ഇങ്ങനെ ചീത്ത പറയാത്തതാണല്ലോ..”

കുഞ്ഞിനെ വാരിയെടുത്തു കൊണ്ട് അജയൻ ചോദിച്ചപ്പോൾ രശ്മി അയാളെ ഒന്ന് നോക്കി.

” അവൾ കാണിച്ചു വച്ചതിന് അവളെ ചീത്ത പറയുകയല്ല അവൾക്ക് രണ്ട് കൊടുക്കുകയാണ് വേണ്ടത്.. “

ദേഷ്യത്തോടെ രശ്മി അങ്ങനെ പ്രതികരിച്ചപ്പോൾ അജയനും പകച്ചു പോയി. രശ്മി ഒരിക്കലും ഇങ്ങനെ ബഹളങ്ങൾ ഉണ്ടാക്കുന്ന കൂട്ടത്തിൽ ഉള്ളതല്ല. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ക്ഷമയോടെ കൈകാര്യം ചെയ്യാൻ മാത്രമേ രശ്മി ശ്രമിക്കാറുള്ളൂ.. ഇതിപ്പോൾ പെട്ടെന്ന് എന്ത് പറ്റിയതാണെന്ന് ഒരു ഊഹവും ഇല്ല..

അജയൻ അത് ചിന്തിക്കുന്നതിനിടയിലാണ് ആ ടോയി കാറും കൊണ്ട് രശ്മി നിലത്തു നിന്ന് എഴുന്നേൽക്കുന്നത്. അത് കണ്ടതോടെ അജയനു കാര്യങ്ങളൊക്കെ ഏകദേശം വ്യക്തമായി.

” ഇതെങ്ങനെയാടോ നിലത്ത് വീണത്..? “

അയാൾ ചോദിച്ചപ്പോൾ രശ്മി കണ്ണീരോടെ അജയനെ നോക്കി.

” ഒക്കത്തിരിക്കുന്ന പുന്നാര മോളോട് ചോദിക്ക്.. ഞാൻ ഒരിടത്ത് ഒതുക്കി വെച്ചിരുന്ന ഈ സാധനം എന്തിനാ എടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞത് എന്ന്.”

സങ്കടത്തോടെ അവൾ പറഞ്ഞപ്പോൾ അദ്ദേഹം ആകെ വിഷമം തോന്നി.

അവളുടെ ജീവിതത്തിൽ ആ കളിപ്പാട്ടത്തിനുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് അജയൻ അറിയാം. അതുകൊണ്ടു തന്നെ അതിന് എന്തെങ്കിലും കേടുപാട് ഉണ്ടായാൽ അവൾക്ക് സഹിക്കാനാവില്ല എന്നും അറിയാം.

ഇതിപ്പോൾ കുഞ്ഞിനെ ആശ്വസിപ്പിക്കണമോ ഭാര്യയെ ആശ്വസിപ്പിക്കണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലായി പോയി അജയൻ.

“താൻ വിഷമിക്കാതിരിക്കുക.. ഇതിപ്പോ മോളെ ഒന്ന് നോക്കിയെ.. ഇതുവരെ താനിവളെ ഒന്നു നുള്ളി നോവിച്ചിട്ട് പോലുമില്ലല്ലോ.. അങ്ങനെയുള്ളപ്പോൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ താൻ ദേഷ്യപ്പെട്ടാൽ അവൾക്ക് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..?”

അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ രശ്മി കുഞ്ഞിനെ ശ്രദ്ധിച്ചു. അവൻ പറഞ്ഞത് ശരിയാണ്. കരഞ്ഞ് കണ്ണീർ വറ്റിയ മുഖവുമായി ഇരിപ്പുണ്ട്.

അത് കണ്ടപ്പോൾ അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞില്ലാതായതു പോലെയാണ് രശ്മിക്ക് തോന്നിയത്. പകരം കുഞ്ഞിനെ ഓർത്ത് വല്ലാതെ വേദനിച്ചു.

തന്റെ ഒരു നിമിഷത്തെ ദേഷ്യം കുഞ്ഞിന് ഇത്രയും വലിയ ആഘാതം കൊടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അജയന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് അതിനെ ആശ്വസിപ്പിക്കുമ്പോൾ ഇടയ്ക്കൊക്കെ അവൾ വാശി കാണിച്ചു. എങ്കിലും അമ്മയുടെ താരാട്ടിൽ അലിയാത്ത കുഞ്ഞുങ്ങൾ ആരുമില്ലല്ലോ..!!

കുറെ നേരത്തെ വാശിയും കരച്ചിലും അതിന്റെ ക്ഷീണവും ഒക്കെയായപ്പോൾ കുഞ്ഞ് വേഗം തന്നെ ഉറങ്ങിപ്പോയി. അവളെ മുറിയിൽ കൊണ്ട് കിടത്തിയതിനു ശേഷം ഉമ്മറത്തേക്ക് വന്നതായിരുന്നു രശ്മി.

അവളെയും പ്രതീക്ഷിച്ചു കൊണ്ട് അജയൻ സിറ്റൗട്ടിൽ ഇരിപ്പുണ്ടായിരുന്നു. അവന്റെ അടുത്തേക്ക് ചെന്ന് ആ തോളിൽ മെല്ലെ തല ചായ്ച്ചു.

അവളുടെ ഉള്ളം അറിഞ്ഞതു പോലെ അവൻ അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.

” തനിക്ക് ആ കളിപ്പാട്ടത്തിനോടുള്ള സെന്റിമെന്റ്സ് എത്രത്തോളം ആണെന്ന് എനിക്കറിയാം. പക്ഷേ അതൊന്നും അവൾക്കറിയില്ലല്ലോ.. അവളെ സംബന്ധിച്ച് അത് വെറുമൊരു കളിപ്പാട്ടമാണ്.. അവളുടെ സാധാരണ എല്ലാ കളിപ്പാട്ടങ്ങളും അവൾ എറിഞ്ഞുടയ്ക്കുന്നതു പോലെ, അതിൽ ഓരോ കോപ്രായങ്ങൾ കാണിക്കുന്നതു പോലെ ഇതും അവൾ ചെയ്തു എന്നെ ഉള്ളൂ. ഒരുപക്ഷേ താൻ പറഞ്ഞാൽ കാര്യങ്ങൾ ഒന്നും അവൾക്ക് മനസ്സിലാകാനുള്ള പ്രായമായിട്ടുണ്ടാവില്ല. പക്ഷേ ഇങ്ങനെ അവളെ വേദനിപ്പിക്കരുത്.. “

അജയൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

” എടോ തന്നെ ഞാൻ കുറ്റപ്പെടുത്തിയതല്ല. പക്ഷേ ആദ്യമായി അവൾ ഇങ്ങനെ എങ്ങൾ അടിച്ചു കരയുന്നത് കണ്ടപ്പോൾ വല്ലാത്ത വേദന..”

അജയൻ പറഞ്ഞപ്പോൾ അവൾക്കും ആ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

” എന്റെ അവസ്ഥ അജയേട്ടൻ ഊഹിക്കാവുന്നതാണ്.. എനിക്ക് സ്വന്തം എന്ന് പറഞ്ഞ് ചേർത്തു വയ്ക്കാൻ ഇനി ഇതൊക്കെ മാത്രമേ ബാക്കിയുള്ളൂ.. എന്റെ അനിയൻകുട്ടന്റെ ഓർമ്മയ്ക്ക് എന്നിൽ ആകെ അവശേഷിക്കുന്നത് അതാണ്. അവന്റെ സാമീപ്യം ഞാൻ അറിയുന്നത് ആ കളിപ്പാട്ടം കൊണ്ടാണ്. അങ്ങനെ ഒരു വസ്തു അവൾ എറിഞ്ഞുടക്കുമ്പോൾ അത് എന്റെ അനിയന് വേദനിക്കുന്നത് പോലെ തന്നെയല്ലേ..? അങ്ങനെയൊക്കെ ചിന്തിച്ചപ്പോൾ അറിയാതെ ശബ്ദം ഉയർന്നു പോയതാണ്.. “

അവൾ പറഞ്ഞപ്പോൾ സാരമില്ല എന്ന് പറഞ്ഞ് അവൻ അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

അപ്പോഴും അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നത് തന്റെ ബാല്യകാലമായിരുന്നു.

അച്ഛനും അമ്മയും അനിയൻകുട്ടനും അവളും അടങ്ങുന്ന ഒരു സ്വർഗ്ഗം. അനിയന് രണ്ടു വയസ്സ് പ്രായം ഉണ്ടായിരുന്നുള്ളൂ.. ആ സമയത്ത് ആയിരുന്നു അവളുടെ ആറാം പിറന്നാൾ.

സാധാരണ പിറന്നാളിനും മറ്റും കേക്ക് മുറിക്കലും ആഘോഷങ്ങളും ഒന്നും ഉണ്ടാകാറില്ല. പക്ഷേ അന്ന് പതിവുകൾ തെറ്റിച്ചു കൊണ്ട് ബിരിയാണി ഉണ്ടാക്കി. അവൾക്ക് കഴിക്കാൻ ഒരുപാട് കൊതിയുണ്ടായിരുന്ന ആഹാരം..!!

വൈകുന്നേരം നാലാളും ഒന്നിച്ചു തന്നെയാണ് ആഹാരം കഴിക്കാൻ ഇരുന്നത്. ആഹാരം കഴിച്ചു കഴിഞ്ഞു കിടന്നുറങ്ങിയ അവൾ പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ അവൾക്ക് സ്വന്തമായിരുന്ന അവരൊക്കെയും ഭൂമി വിട്ട് യാത്രയായിരുന്നു.

അവളുടെ തളർച്ചയും ക്ഷീണവും കാരണം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് എത്തിയപ്പോൾ അവൾ കാണുന്നത് വെള്ള പുതച്ച് കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും അനിയൻകുട്ടന്റെയും ശരീരങ്ങൾ ആയിരുന്നു.

ചുറ്റും കാണുന്നതും നടക്കുന്നതും എന്താണെന്നറിയാതെ പകച്ചു നിന്നപ്പോൾ അവൾ കേൾക്കുന്നത് കടബാധ്യത കേറി ആത്മഹത്യ ചെയ്ത അച്ഛന്റെ കഥകൾ ആയിരുന്നു.

അതിൽ പലതിന്‍റെയും അർത്ഥം ഗ്രഹിക്കാൻ അവൾക്ക് കഴിഞ്ഞില്ല. പക്ഷേ തനിക്ക് ചുറ്റും സംരക്ഷണം ആയിരുന്ന ആ കുടുംബം ഇനി ഇല്ല എന്നൊരു ചിന്ത മാത്രം അവൾക്ക് മനസ്സിലായി.

ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ അവളെ ആരു ഏറ്റെടുക്കും എന്നൊരു ചർച്ച അവിടെ നടക്കുന്നത് കണ്ടപ്പോൾ എന്റെ അച്ഛനും അമ്മയും ഇവിടെയുണ്ടല്ലോ എന്ന് പറയാനാണ് അവൾക്ക് തോന്നിയത്.

പക്ഷേ ആ ശബ്ദം പുറത്തു വരുന്നതിനു മുൻപ് തന്നെ സർക്കാർ വക ബാലിക മന്ദിരത്തിലേക്ക് അവളെ അയക്കാൻ തീരുമാനമായി. താല്പര്യമില്ലാതെയാണെങ്കിലും അച്ഛനും അമ്മയും അനിയൻകുട്ടനും ഉറങ്ങുന്ന മണ്ണ് വിട്ട് അവൾക്ക് പോകേണ്ടി വന്നു.

അന്ന് അവിടം വിട്ടിറങ്ങുമ്പോൾ അവൾ അവസാനമായി നെഞ്ചോട് ചേർത്ത് എടുത്തിരുന്നത് അച്ഛന്റെ ഒരു ഷർട്ടും അമ്മയുടെ ഒരു സാരിയും അനിയൻകുട്ടന്റെ കളിപ്പാട്ടവും ആയിരുന്നു.

ഈ നിമിഷവും അതിൽ ഒരെണ്ണത്തിന് പോലും കേടുപാട് സംഭവിക്കാതെ അവളുടെ പ്രാണനെ പോലെ അവൾ അത് കാത്തു സൂക്ഷിക്കുന്നുണ്ട്. അതിനിടയിലാണ് ഇങ്ങനെ ഒരു സംഭവം..

ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നപ്പോഴും അജയന്റെ നെഞ്ചിൽ തന്നെയായിരുന്നു അവൾ.

” താൻ വിഷമിക്കണ്ട. അതിന് കേടൊന്നും പറ്റിയില്ലല്ലോ.. “

അവൻ അത് പറയുമ്പോൾ ആ വാക്കിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൾ..!!