കനൽചിരികൾ
രചന: ലിസ് ലോന
:::::::::::::::::::::::::::::::
രാവിലെ ഓഫിസിൽ പോകാനിറങ്ങുന്ന കെട്ട്യോനെ ജാലകവാതിലിലൂടെ നോക്കി യാത്ര പറയാറുണ്ടായിരുന്നു ഞാൻ മുൻപൊക്കെ ..
അന്നൊക്കെ കാർ ഗേറ്റിനു പുറത്തെടുക്കുമ്പോളും …ഗേറ്റ് അടക്കാൻ നേരത്തും…കാർ നിർത്തിയിട്ടും….പുള്ളി നോക്കി ഇരിക്കും .
ഇപ്പോ ജാലകത്തിന്റെ ലോക്കിൽ കൈ വക്കുമ്പോളേക്കും മീർകേറ്റിനെ പോലെ കാലെത്തിപിടിച്ചു ജന്നലിൽ കൂടി തല പൊക്കി നോക്കുന്ന മോളെയും ബെഡിൽ കിടക്കുന്ന തീരെ പൊടിയെയും പൊക്കിപിടിച്ചുള്ള യാത്ര പറച്ചിൽ ഞാനങ്ങു നിർത്തി .
ഓഫിസിലെ തിരക്കുപിടിച്ച ഒരു ദിവസത്തിൽ മുങ്ങാംകുഴിയിട്ട് വൈകുന്നേരം വീട്ടിൽ വന്നു കയറുമ്പോഴേ ബേബിസിറ്റിങ് പണി കിട്ടുന്നത് കൊണ്ട് നേരം വെളുക്കുമ്പോളേക്കും കെട്ട്യോൻ ഓടുന്ന ഓട്ടത്തിൽ വീട്ടിലെ കണ്ടത്തില് മാത്രല്ല അയൽപക്കത്തെ ഈജിപ്ഷന്റെ കണ്ടത്തിൽ വരെ പുല്ലില്ല .
അങ്ങനെ ഒരു ദിവസം പുറത്തേക്കു ഇറങ്ങിയ കെട്ട്യോനോട് ഒരു പരിചയവുമില്ലാത്ത ഒരാൾ വന്നു മിണ്ടുന്ന കണ്ടു . എന്താ എന്ന എന്റെ നോട്ടത്തിനു ഒന്നൂല്ല്യ ന്നു കെട്ട്യോനും കണ്ണടച്ച് കാണിച്ചു…..
ആംഗ്യ ഭാഷ ,കോഡ് ഭാഷ ആക്കിയതിൽ വലിയൊരു പങ്ക് നമ്മള് മലയാളികൾക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം .
“കാർ കഴുകി തരണോ ?” എന്നു ചോദിച്ചതാണ്
എന്നിട്ട് നിങ്ങളെന്തു പറഞ്ഞു എന്നു ചോദിക്കേണ്ട ആവശ്യം പോലും ഇല്ല്യന്നു നന്നായി അറിയാം .
“എന്നെ ആണോ ഈ കാറിനെ ആണോ നിങ്ങൾ കെട്ടിയേക്കണേ ” ന്നുള്ള വഴക്കു, പ്രിയാ വാര്യരുടെ അടാറു കണ്ണടിയെക്കളും സൂപ്പർ ഹിറ്റാണ് വീട്ടിൽ .
പിന്നെ പിന്നെ അയാൾ അടുത്ത വീടുകളിലെ കാർ കഴുകിക്കൊണ്ട് നില്കുന്നത് എന്നും കാണാം .
എന്നെ കാണുമ്പോൾ പു ക യിലകറ പിടിച്ച പല്ലു മുഴുക്കെ വെളിയിൽ ഇട്ട് ചിരിച്ചു കാണിക്കും .
ലോല മനസ്സായ ഭാര്യ വഴി ഭർത്താവിനെ ചാക്കിലാക്കാനുള്ള അങ്ങേരുടെ തന്ത്രപരമായ നീക്കം ഞാൻ പിശുക്കിപ്പിടിച്ചുള്ള ഒരു പുഞ്ചിരി കൊണ്ട് തടയും .
എന്നെ എവിടെ കണ്ടാലും പുള്ളി കൈ വീശി സന്തോഷം കാണിക്കും , പ്രായത്തിന്റെ ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും എപ്പോളും ഒരു ചിരിയോടെ മാത്രേം കാണുന്ന “ആലിക്ക” അങ്ങനെ എന്റെ രാവിലത്തെ പോസിറ്റീവ് എനർജി ആയി .
ഒരു ദിവസം മോളെ ഡോക്ടറെ കാണിക്കാൻ ചെന്നപ്പോൾ “എന്ത് പറ്റി മോൾക്?” ചോദ്യമായി ആലിക്ക മുന്നിൽ
ചെറിയ ഒരു പനി എന്നൊക്കെ വിശേഷം പറയുമ്പോളേക്കും ഒരു സിസ്റ്റർ വന്നു ആളെ വിളിച്ചോണ്ട് പോയി .
ഒരു മൂലയിൽ നിന്നോണ്ട് സംസാരിക്കുന്ന അവരെ എനിക്ക് നന്നായി കാണാമെങ്കിലും അന്വേഷിച്ചില്ല എന്തു പറ്റി എന്നു . കൈകൂപ്പി അവരോടു നന്ദി പറഞ്ഞ അയാളേം കൊണ്ട് നേഴ്സ് ട്രീറ്റ്മെന്റ് മുറിയിലേക്ക് കയറിപ്പോയി . എന്റെ ടോക്കൺ നമ്പർ വന്നപ്പോ അതിന്റെ പിന്നാലെ പോയ ഞാൻ ആലിക്കയുടെ കാര്യമൊക്കെ വിട്ടു .
തിരികെ വണ്ടിയിൽ കയറാൻ നേരം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഞങ്ങളേം നോക്കി ക്ലിനിക്കിന്റെ വാതിൽക്കൽ അയാൾ .
ആ നോട്ടം എനിക്കെന്തോ ഉള്ളിൽ തട്ടി , എന്റെ മോൾടെ കാര്യം ചോദിച്ചിട്ടും ഞാൻ അയാളോട് ഒന്നും ചോദിച്ചില്ലല്ലോ ന്ന കുറ്റബോധം… ഞാൻ ആൾടെ അടുത്തേക്ക് ചെന്നു …
വളരെ നിസ്സാരമായി പുള്ളി എന്നോട് പറഞ്ഞു കുറച്ചു പഞ്ചാരേടെ അസുഖം ഉണ്ട് …കൂട്ടിനു ഇപ്പോ ഒരു കുഞ്ഞു മുറിവ് കാലിൽ ,അത് ഡ്രസ്സിങ്ങിനു വന്നതാണ് .
കയ്യിൽ വച്ചോളൂ എന്നു പറഞ്ഞു ഞാൻ നീട്ടിയ ഇരുന്നൂറു ദിർഹത്തിനേക്കാൾ വിലയുണ്ടായിരുന്നു…. “മോളെ പണിയെടുത്ത പൈസ കയ്യിലുണ്ട് ഇപ്പൊ വേണ്ട എനിക്ക് “എന്ന മറുപടിക്ക് .
നിർബന്ധപൂർവം ഞാൻ ആ പൈസ അദ്ദേഹത്തെ ഏൽപിച്ചു മരുന്ന് വാങ്ങാനെങ്കിലും ആയിക്കോട്ടെ എന്നു പറഞ്ഞുകൊണ്ട് .
മുറിവ് എവിടെ എന്ന എന്റെ ചോദ്യത്തിന് ഷൂസിട്ട വലതു കാലു കാട്ടി പിന്നെയും ചിരി…
“ദേ ഇവനാണ് പണി തന്നേ “
ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി വന്ന നേഴ്സ് അയാളോട് .. “എന്താ സന്തോഷം ! ഇവിടെ നിന്നു വല്ല്യേ ചിരിയൊന്നും വേണ്ട ആരെങ്കിലും പൊക്കും വേം സ്ഥലം വിട്ടോ “
എന്റെ നോട്ടത്തിലെ ചോദ്യം മനസ്സിലാക്കിയ അയാൾ വിശദീകരിച്ചു …വിസ തീർന്നു മൂന്നാലു വർഷമായി അലഞ്ഞു തിരിയലും കിട്ടുന്ന പണി എടുക്കലും ആണെന്നു .
ഐ ഡി ഇല്ലാത്തതു കൊണ്ട് പരിചയമുള്ള നേഴ്സ് ഉള്ളപ്പോൾ മാത്രേം വന്നു ഡ്രസ്സിങ് ചെയ്യുന്നതും …. ശരിയായ ചികിത്സ കിട്ടാത്തോണ്ടു ഷുഗർ കൂടി ഇടതു കാലിലെ രണ്ടു വിരലൊഴിച്ചു ബാക്കി എല്ലാം അറ്റു പോയതും ……മൂന്നു മാസമായിട്ടും ഉണങ്ങാത്ത മുറിവുള്ള വലതു കാലിന്റെ കഥയും ,മുറിവും അംഗവൈകല്യവും മറക്കാൻ കട്ടിയുള്ള ഷൂ ധരിക്കുന്നതും ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോളും ആലിക്കയുടെ ചിരിയിൽ ഒരു കുറവുമില്ല..
മോള് കരച്ചിൽ ആയോണ്ട് നാളെ വീട്ടിൽ വരാൻ പറഞ്ഞു ഞാൻ മടങ്ങി .പിറ്റേന്ന് രാവിലെ തൊട്ടു ജന്നലും തുറന്നു നില്പായിരുന്നു അയാളുടെ വരവും നോക്കി ….രണ്ടു ദിവസം കഴിഞ്ഞു പിന്നെ വെള്ളിയാഴ്ച ആണ് അയാൾ വന്നത് .
വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു ഞാനും കെട്ട്യോനും
പറഞ്ഞു കേട്ട കഥകളിൽ നിന്നും ആള് മടങ്ങി പോവാൻ ഉദ്ദേശമില്ല . വേറൊന്നും കൊണ്ടല്ല 27 വർഷമായുള്ള പ്രവാസത്തിൽ കയ്യിലൊന്നും ഇല്ല . മടങ്ങി പോയാൽ ദുബായിയിൽ നിന്നും വന്ന ബാപ്പ മകൾക്ക് എന്തു കൊടുക്കും എന്ന ചോദ്യം വിവാഹ കമ്പോളത്തിൽ പ്രേതീക്ഷിക്കാം , രണ്ടു പെണ്ണും ഒരു ആണും മക്കളായുണ്ട് .
എന്ത് പണി എടുക്കാനും തയ്യാറാണ് പക്ഷെ ഷുഗറിനെ ഒന്നു നിലക്ക് നിർത്തണം അതായിരുന്നു ആവശ്യം .
എങ്ങനെ എന്ത് എന്നൊന്നും പറയാനറിയില്ല നടന്നു എല്ലാം…..
ആ കൂടികാഴ്ച്ചക്കു നാലര വർഷത്തിനിപ്പുറം ഇന്ന് ആലിക്ക പോകുകയാണ് നാട്ടിലേക്ക് , മകളുടെ നിക്കാഹും കൂടി മടങ്ങി വരുമ്പോൾ മകനെയും കൂടെ കൂട്ടാനുള്ള വിസയും കൊണ്ട് .
എയർപോർട്ടിൽ വിടാൻ ഞാനും പോകുകയാണ് ആമിനക്കുള്ള ഒരു കുഞ്ഞു സമ്മാനവുമായി.
എന്റെ പോസിറ്റീവ് എനെർജിടെ ചിരി ഒന്നുടെ കാണുമ്പോ ചോദിക്കണം…
“ന്ത് ചിരിയാ പഹയാ ങ്ങടെ “
*********************
ഇതെഴുതി ഇപ്പോൾ ഏകദേശം നാല് മാസത്തോളമായി കേട്ടോ …അതും ആമിനയുടെ നിർബന്ധത്തിൽ …
ഫോൺ വിളിച്ചപ്പോൾ എഴുതിയതിനെ പറ്റി പറഞ്ഞപ്പോൾ ഇനി കാണുമ്പോ വായിച്ചു കേൾപ്പിച്ചാൽ മതിയെന്ന് …
അല്ലെങ്കിലും ഞാനാ മണ്ടി ….ഫേസ്ബുക്കും വാട്സാപ്പും ഇല്ലാത്ത ഇത്തിരി പോന്ന കുഞ്ഞുനോക്കിയ ഫോണിൽ എങ്ങനെ എന്നെങ്കിലും ഓർക്കണ്ടേ ….
ഒത്തിരി കഷ്ടപ്പാടുകൾക്ക് നടുവിലും അധ്വാനിച്ചു അരവയറോടെ ജീവിക്കുന്ന ആലിക്കമാർ ഇനിയുമുണ്ടിവിടെ …ഒരിറ്റ് കണ്ണീര് പൊഴിക്കാതെ കനൽചിരികളുമായി…