രചന: അബ്ദുൾ റഹീം
തെക്കെകാട് തറവാട് അക്കാലത്ത് അറിയപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല. അവിടുത്തെ ഏക പെൺകൊടിയായിരുന്നു ജാനകി.
ജാനകിയുടെ വിവാഹം ആ നാടിന്റെ ഒരു ആഘോഷം ആക്കാൻ തന്നെ ബന്ധുക്കൾ തീരുമാനിച്ചു. വിവാഹത്തലേന്ന് രാത്രി തന്നെ വിവാഹപ്പന്തലിലേക്ക് ആളുകൾ ഒഴുകിയെത്തി.
പാട്ടും ആട്ടവും മേളവുമായി വിവാഹം ആഘോഷിച്ച് തീർക്കുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വരുന്നത്.
“ജാനകിയെ കാണാനില്ല”
പെട്ടെന്ന് ആഘോഷങ്ങൾ എല്ലാം നിന്നു. എല്ലാവരും അവൾക്കായുള്ള തിരച്ചിൽ തുടർന്നു. ഒരു നാട് മുഴുവൻ അവൾക്കായി വലവിരിച്ചെങ്കിലും എല്ലാത്തിനെയും മറികടന്ന് ജാനകി തന്റെ കാമുകൻ മഹേഷിന്റെകൂടെ ഒളിച്ചോടി.
മഹേഷിനോടുള്ള തന്റെ പ്രണയം ജാനകി വീട്ടിൽ അവതരിപ്പിച്ചരുന്നു. എന്നാൽ താഴ്ന്ന ജാതിക്കാരനായ മഹേഷിന് ജാനകിയെ നൽകാൻ അവർ തയ്യാറായില്ല. അതുകൊണ്ട് തന്നെയാണ് ജാനകിക്ക് ഈ സാഹസികത ഏറ്റെടുക്കേണ്ടി വന്നത്.
ഒളിച്ചോടി വിവാഹം കഴിച്ചതോടുകൂടി ജാനകിയുടെ കുടുംബം മാത്രമല്ല മഹേഷിന്റെ കുടുംബവും അവരിൽ നിന്നും അകന്നു. പിന്നീട് അവരുടെ ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നത് ഒരു വർഷത്തിന് ശേഷം ദൈവം അവർക്ക് സമ്മാനമായി നൽക്കിയ സന്തതി ആയിരുന്നു.
ആതിര എന്ന് പേരിട്ടു വിളിച്ച അവൾ അവരുടെ ജീവിതത്തിലേക്ക് വന്നതിന്നു ശേഷമാണ് തങ്ങൾക്ക് ആരും ഇല്ല എന്ന സങ്കടം അവരിൽ നിന്നും ഇല്ലാതായത്. പതിയെ പതിയെ ആതിര വളർന്നു തുടങ്ങി. അങ്ങനെ വർഷങ്ങൾ ഏറെ കഴിഞ്ഞു.
അതിനിടയിൽ ആതിരക്ക് രണ്ട് അനിയത്തിമാർ കൂടെ ദൈവം സമ്മാനിച്ചു. വളരെ സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ടുള അവരുടെ ജീവിതങ്ങൾ. എന്നാൽ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. എല്ലാം നൽകിയ ദൈവം തന്നെ അവരെ പരീക്ഷിക്കാനും തുടങ്ങി.
ജോലി കയിഞ്ഞ് വീട്ടിലേക്ക് തിരിച്ച മഹേഷിന്റെ കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ ചരക്ക് ലോറി മഹേഷിന്റെ ജീവൻ എടുത്തു. പിന്നീടങ്ങോട്ട് ജാനകിയുടെയും കുടുംബത്തിന്റെയും ജീവിതം പക്കാ ദാരിദ്രം നിറഞ്ഞതായിരുന്നു. മറ്റുള്ളവന്റെ വീട്ടിൽ വീട്ട് ജോലി എടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നുമായിരുന്നു ജാനകി കുടുംബം പോറ്റിയിരുന്നത്.
ആതിരക്ക് ഇന്ന് 21 വയസ്സായി. പല ആലോചനകളും വന്നു തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ജാനകിക്ക് ആശ്വസമായി എത്തിയത് അന്നാട്ടിലെ ജനകീയ കൂട്ടായിമ തന്നെയായിരുന്നു.
ഒരു ഉപാധികളും ഇല്ലാതെ തന്നെ ആതിരയെ സ്വീകരിക്കാൻ തയ്യാറായ ഡോക്ടർ വിഷ്ണുവിന്റെയും അതിരയുടെയും വിവാഹം ആ നാട്ടുകാർ ഏറ്റെടുത്തു. അതിനുള്ള എല്ലാ ചിലവും ആ നാട്ടുകാർ ആണ് വഹിച്ചിരുന്നത്. അവരുടെ വിവാഹം വളരെ നല്ല രീതിയിൽ തന്നെ നടന്നു.
വിവാഹപ്പന്തലിലേക്ക് എത്തിയവരുടെയെല്ലാം കണ്ണുകൾ പതിഞ്ഞത് അവനിലേക്കായിരുന്നു. ഒരു രക്ഷിതാവിന്റെ സ്ഥാനത്ത് ഇരുന്ന് വിവാഹപ്പന്തലിൽ എത്തിയവർക്ക് ഭക്ഷണം വിളമ്പുകയും ആളുകളെ പന്തലിലേക്ക് ക്ഷണിച്ച് ഇരുത്തുകയും വിവാഹത്തിന് വന്നവരുടെ വാഹനങ്ങളെ ബ്ലോക്ക് കൂടാതെ കടത്തി വിടുകയും മുതലായ വിവാഹപ്പന്തലിൽ ഉടനീളം ഓടി നടന്ന് സഹായിക്കുന്ന അവൻ ആരാണെന്നറിയാൻ ആളുകളിൽ ആകാംഷയായി.
“ആരാണവൻ…?”
മുമ്പ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ…?
എന്നിങ്ങനെയുള്ള സംശയങ്ങൾ നാട്ടുകാരിൽ ഉയർന്നു. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് അമ്മയുടെ അനുഗ്രഹം വാങ്ങി വിഷ്ണുവിന്റെ കയ്യും പിടിച്ച് വീടിന്റെ പടിയിറങ്ങുന്ന നേരാത്താണ് വിയർത്തു കുളിച്ച് പുഞ്ചിരിയോടെ ഒരു കാഴ്ചക്കാരനെപ്പോലെ നോക്കി നിൽക്കുന്ന അവനെ ആ ആൾകൂട്ടത്തിൽ നിന്നും ആതിര കാണാനിടയായത്.
ആ സമയം അവളുടെ മുഖത്ത് സന്തോഷം അലയടിക്കുന്നത് കാണാമായിരുന്നു. വിഷ്ണുവിന്റെ കൈകളിൽ നിന്നും തെന്നിമാറി “അഫസലിക്കാ…” എന്ന വിളിയോടെ അവൾ അവന്റെ കാലിൽ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി.
ഇതെല്ലാം കണ്ടു നിൽക്കുന്ന നാട്ടുകാരിൽ അവൻ ആരാണെന്നറിയാനുള്ള ആകാംഷ ഇരട്ടിയായി വർദ്ധിച്ചു.
*** *** ***
“ശരിക്കും ആരാണ് ഉപ്പാ ഈ അഫസലിക്ക…”
ബൈക്കിൽ നിന്നും വീണു കാലൊടിഞ്ഞ് പുറത്തു പോകാൻ കഴിയാതെ വീട്ടിൽ ബോറടിച്ചിരിക്കുന്ന സമയം മെസഞ്ചറിൽ അന്യ പുരുഷന്മാർക്ക് മെസേജുകൾ അയക്കുന്ന മകളെ കയ്യോടെ പിടികൂടിയ ഉപ്പ ഒരു ഉപദേശം എന്നോണം പറഞ്ഞുകൊടുത്ത കഥയുടെ ബാക്കി അറിയാൻ അവൾക്കും തിടുക്കമായി.
ഉപ്പ കഥ തുടർന്നു….ഇതുപോലെ ഫെയ്‌സ്ബുക്കിൽ നിന്നും പരിചയപ്പെട്ടതാണ് അവർ. അവന്റെ മനസ്സിൽ അവൾക്ക് ഒരു അനിയത്തിയുടെ സ്ഥാനം ആയിരുന്നു. അവന്റെ സ്വഭാവം തന്നെയായിരുന്നു അവളിൽ ആകർഷിച്ചത്.
മാസങ്ങളോളം ചാറ്റിങ് ചെയ്തിട്ടും ഒരിക്കൽ പോലും അവൻ അവളുടെ ഫോട്ടോ ആവശ്യപ്പെട്ടില്ല…നേരിൽ കാണണം എന്ന് പറഞ്ഞില്ല…അക്ഷരങ്ങളിലൂടെ മാത്രം അവർ സംസാരിച്ചു. വീട്ടിലെ ഓരോ വിശേഷങ്ങളും അവൻ ചോദിച്ചറിഞ്ഞു. സഹായം ആവശ്യമായി വരുമ്പോഴൊക്കെ സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ അവൻ കൂടെ നിന്നു. ഇന്ന് അവളുടെ വിവാഹപ്പന്തലിൽ ഒരു ഏട്ടനെപ്പോലെ അവൻ ഓടിനടന്നു…
ഉപ്പ പറഞ്ഞു വരുന്നത്…എല്ലാവരും ഇങ്ങനെ നല്ലവർ ആകണം എന്നില്ല. ഇതുപോലെ സ്നേഹം നടിച്ച് വഞ്ചിച്ച ഒരുപാട് പേരുടെ കഥ ഉപ്പാക്ക് അറിയാം. ശേഷം അയാൾ സ്‌നേഹം നടിച്ച് വഞ്ചിച്ച ഒരുപാട് കഥകൾ അവൾക്ക് പറഞ്ഞു കൊടുത്തു.
എന്ന് കരുതി ഈ ചാറ്റിങ് എല്ലാം തെറ്റാണെന്നല്ല…മോൾക്ക് വഞ്ചനയുടെ പ്രണയത്തെ തിരിച്ചറിയാൻ കഴിയണം. അഥവാ ഏതെങ്കിലും വഞ്ചകരുടെ കെണിയിൽ പെട്ടുപോയാൽ തന്നെ അതിനെ നേരിടാനുള്ള ധൈര്യം മോൾ കണ്ടെത്തണം.
ഇല്ല ഉപ്പാ…ഉപ്പയുടെ മോൾ ഒരിക്കലും തെറ്റിലേക്ക് പോകില്ല.
*** *** ***
ഫെയ്‌സ്ബുക്ക് സൗഹൃദത്തിലൂടെ വഞ്ചിക്കപ്പെട്ട ആയിരം കഥകൾ ഉപ്പാക്ക് അറിഞ്ഞിട്ടും ഉപ്പ മകൾക്ക് ആദ്യം കേൾപ്പിച്ചത് കളങ്കമില്ലാത്ത സ്നേഹത്തിന്റെ കഥയായിരുന്നു.
വഞ്ചനയുടെ കഥകൾ പറയുന്നതിന് മുമ്പ് ഉപ്പ ആ കഥ പറഞ്ഞുകൊടുത്തതിന്റെ പിന്നിൽ ഒരു വലിയമെസേജുകൂടി ഉപ്പ അവൾക്ക് നൽകുകയായിരുന്നു. എല്ലാവരെയും ഒരേ കണ്ണിലൂടെ നോക്കിക്കാണരുത്.
ഓരോ കാര്യങ്ങളിലും ശരിയും തെറ്റും ഉണ്ട്. സത്യത്തെ സത്യമായി കാണാനും തെറ്റിനെ തെറ്റായി കാണാനും പഠിക്കുക.