അപ്പൊ ഞാൻ വിളിച്ചത് ഇവള് കേൾക്കാഞ്ഞിട്ടല്ല… എല്ലാരും ശ്രദ്ധിയ്ക്കുന്ന കണ്ടപ്പോ എനിക്കൊരു നാണക്കേട്..

രചന : അബ്രാമിൻ്റെ പെണ്ണ്

::::::::::::::::::::::::

ഇടയ്ക്കൊരൂസം പുനലൂർ നിന്ന് വീട്ടിലോട്ട് വരുന്ന ഞാൻ ബസ് സ്റ്റോപ്പിൽ നിക്കുന്ന അയലോക്കക്കാരിയെ കാണുന്നു.. സമയം അപ്പൊ നാലേകാൽ.. പിന്നെ ഈ ഭാഗത്തോട്ട് ബസുള്ളത് അഞ്ച് മണിക്കാ.. ഞാൻ വണ്ടി അവളുടെ അടുത്തോട്ടു നിർത്തുന്നു.. പുനലൂരെ തിരക്കൊക്കെ ഏറെക്കുറെ അറിയാവല്ലോ.. ബസ് സ്റ്റോപ്പ് നിറയെ പല പ്രായത്തിൽ പെട്ട ആൾക്കാർ നിക്കുവാ..

“വാ പെണ്ണേ…

ഞാൻ അവളെ വിളിച്ചു.. അവള് കേക്കാത്ത ഭാവത്തിൽ നിക്കുന്ന്.. ഇനി ഞാൻ വിളിച്ചത് അവള് കേട്ടില്ലിയോ 🙄🙄🙄🙄

“ടീ,, ഇങ്ങോട്ട് നോക്ക്.. ഞാൻ വീട്ടിലോട്ട് പോവാ.. നീ വാ ..

എന്റെ വിളിയും ലവളുടെ മൈൻഡ് ചെയ്യായ്മയും കണ്ട് ആൾക്കാർ ശ്രദ്ധിക്കുന്നു… ഞാൻ വണ്ടീന്നിറങ്ങി അവള്ടെ അടുത്തോട്ടു ചെന്ന്.. അവളന്നേരം..

“ഇയാള് പൊക്കോ.. ഞാൻ ബസിൽ വന്നോളാം.. ബസുണ്ടല്ലോ…

അപ്പൊ ഞാൻ വിളിച്ചത് ഇവള് കേൾക്കാഞ്ഞിട്ടല്ല… എല്ലാരും ശ്രദ്ധിയ്ക്കുന്ന കണ്ടപ്പോ എനിക്കൊരു നാണക്കേട്..

“അടുത്ത വണ്ടി വരുന്ന വരെ നീയിങ്ങനെ പോസ്റ്റായിട്ട് ഇവിടെ നോക്കി നിക്കുന്നയെന്തിനാ.. ഇങ്ങോട്ട് വാടീ..

എനിക്കങ്ങു ചമ്മല് തോന്നുവാ..

“എനിക്ക് ജീവനിൽ കൊതിയുണ്ടേ.. ലൈസൻസ് ഒക്കെയുണ്ടോന്ന് ആർക്കറിയാം.. എവിടെങ്ങാനും പോയി മറിഞ്ഞു വീണാ ആര് സമാധാനം പറയും.. എല്ലാരും സ്കൂട്ടറേ പോയാ കെ എസ് ആർ ടി സിക്കാർക്ക് ആര് ശമ്പളം കൊടുക്കും.. ഞാൻ ബസിനെ വരുന്നുള്ളു…

ആൾക്കാര് ശ്രദ്ധിയ്ക്കുന്നെന്ന് കണ്ടപ്പോ അവക്കങ്ങ് പൊങ്ങല്.. ഞാനേതാണ്ട് അവളെ തട്ടിക്കൊണ്ടു പോകാൻ ചെന്നപോലെ എല്ലാരും എന്നെ നോക്കുന്നു..ആരൊക്കെയോ എന്നെ നോക്കി ചിരിക്കുന്നു..

നാണംകെട്ട് ഞാൻ വണ്ടിയുമെടുത്ത് വീട്ടിൽ പോന്ന്.. സത്യായിട്ടും എനിക്ക് ഭയങ്കര വിഷമം തോന്നി…

പിറ്റേന്ന് രാവിലെ ജോലിക്കു പോയപ്പോ ലവള് ബസ് സ്റ്റോപ്പിൽ നിക്കുന്ന്.. ഫോണിൽ തോണ്ടി നിക്കുന്നെങ്കിലും മുഖത്ത് നല്ല ടെൻഷനുണ്ട്..പരിചയത്തിലുള്ള കുറെയെണ്ണം അവിടെ നിപ്പോണ്ട്.. ഞാൻ ചെല്ലുന്ന കണ്ടപ്പോ ലവൾ ചാടി റോഡിന്റെ നടുക്കോട്ട് കേറി നിന്ന് കൈ കാണിച്ചു.. ഞാൻ വണ്ടി നിർത്തി..

“ടേ,, ഇന്ന് എട്ടരയുടെ വണ്ടിയില്ല..ഇയാളിപ്പോ വന്നത് കാര്യമായി..എന്നേം കൂടെ പുനലൂരോട്ട് വിട്… താമസിച്ചു ചെന്നാൽ സാറെന്നെ കൊല്ലും..

പറഞ്ഞു തീരുന്നതിനു മുൻപ് ഏകദേശം എൺപത് കിലോയുള്ള ലവള് ചാടി വണ്ടീ കേറി.. അപ്രതീക്ഷിതമായ നീക്കമായോണ്ട് വണ്ടിയും ഞാനും സൈഡിലോട്ട് പതുക്കെ ചരിഞ്ഞു..ഞാനൊന്ന് ബാലൻസ് ചെയ്ത്..

“നീ ലൈസൻസുള്ള വണ്ടിയിലല്ലേ കേറത്തൊള്ളൂ.. എനിക്ക് ലൈസൻസ് ഇല്ല.. എവിടെങ്കിലും ചെന്ന് വീണാ നിന്നെ ചൊമക്കാൻ എനിക്ക് വയ്യ… നീയൊരാള് കേറാതിരുന്നിട്ട് കെ എസ് ആർ ടി സിയിലെ ഒരു ജീവനക്കാരന് പോലും ശമ്പളം കിട്ടാതിരിക്കരുത്.. വണ്ടീന്ന് താഴോട്ടിറങ്ങ്..

എനിക്ക് ശരിക്കും ദേഷ്യം വന്ന്..

“തമാശ കാണിക്കാതെ നീ വണ്ടിയെടുക്ക്.. നേരം പോകുന്നു കൊച്ചെ..

ഞാൻ തമാശ പറഞ്ഞതാണെന്ന് കരുതി ലവള് പിന്നേം അള്ളിപ്പിടിച്ചിരിക്കുവാ..പരിചയക്കാര് നോക്കുവേം ചെയ്യുന്നു..

“നിന്നോട് ഇറങ്ങാൻ പറഞ്ഞാ ഇറങ്ങിയാൽ മതി.. എനിക്ക് പോയിട്ട് ജോലിയുണ്ട്.. ഇറങ്ങെടീ..

ലവള് പതുക്കെ താഴെയിറങ്ങി… ഞാനങ്ങു പോവേം ചെയ്ത്…

എനിക്ക് യാതൊരു പരിചയവില്ലാത്ത കുറേപ്പേരുടെ മുന്നിൽ വെച്ച് അവളെന്നെ നാണംകെടുത്തി..

അതോണ്ട് അവൾക്ക് പരിചയമുള്ളവരുടെ മുന്നിൽ വെച്ച് ഞാനാ കടം വീട്ടി…ഞാനത്രേ കരുതുന്നുള്ളു..

ഉപകാരം ചെയ്യാൻ ചെന്നപ്പോ ചൊറിഞ്ഞു വിട്ടതാ…. അതും ഈ എന്നെ …. 😏😏”