കഴിഞ്ഞ പോയ രാത്രിയുടെ ആലസ്യത്തിൽ കണ്ണ് തുറക്കാതെ മടി പിടിച്ചു കിടക്കുന്ന വേണുവിന്റെ മൂക്കിൻ തുമ്പിലേക്ക്….

പുനർജനി….

രചന: ലിസ് ലോന

::::::::::::::::::::::::::::

“എന്താ കുട്ടീ ഈ കാണിക്കണേ …ഇത്തിരി നേരം കൂടി കിടന്നോട്ടെ ഞാൻ …പ്ലീസ് ..”

കഴിഞ്ഞ പോയ രാത്രിയുടെ ആലസ്യത്തിൽ കണ്ണ് തുറക്കാതെ മടി പിടിച്ചു കിടക്കുന്ന വേണുവിന്റെ മൂക്കിൻ തുമ്പിലേക്ക് മുടിയിലെ വെള്ളമിറ്റുകയാണ് ഭാര്യ സേതു.

“ദേ നോക്ക് കള്ളയുറക്കം മതി കേട്ടോ …എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട് ..തിരക്കാണെന്നും പറഞ്ഞു കഴിക്കാതെ പോവല്ലേ …പിന്നെ വച്ചു തരാൻ മോൻ വേറെ ആളെ വക്കേണ്ടി വരും , പറഞ്ഞില്ലെന്നു വേണ്ട “

“മയില്പീലിനിറമുള്ള സാരിയുടുത്തപ്പോൾ പെണ്ണിന് ചേലിത്തിരി കൂടുതലാണല്ലോ ….മയിൽ‌പീലി തോറ്റുപോകും …ഇങ്ങു വന്നേ ഞാൻ ശരിക്കൊന്നു കാണട്ടെ “

അവളുടെ അളവഴകുകളിലേക്ക് കുസൃതിയോടെ അവൻ നോക്കി …
രണ്ടു കൊല്ലമായി കല്യാണം കഴിഞ്ഞിട്ട്… അവൾക്കൊരു ജോലി വേണമെന്ന സ്വപ്നമറിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ എന്ന സ്വപ്നം വേണു രണ്ടാമതാക്കി ….
ഇപ്പോൾ ഒരു സ്കൂളിലെ മലയാളം ടീച്ചറാണ് സേതുലക്ഷ്മി …താത്കാലിക നിയമനമാണെങ്കിലും സന്തോഷവതിയാണ്,അവളുടെ സന്തോഷത്തിൽ അവനെല്ലാം മറക്കും …അവൾ തന്നെയാണ് അവനോട് പറഞ്ഞത് ഇനി വൈകണ്ട ..ചുമർ ചിത്രമെഴുതാനും ആന കളിക്കാനും ഒരാളൂടി പെട്ടെന്ന് വേണമെന്ന് …പ്രതിരോധമാർഗങ്ങളെയെല്ലാം കാറ്റിൽ പറത്തി കഴിഞ്ഞു പോയ രാവുകളേതെങ്കിലും സ്വപ്നം സഫലമാക്കുമോ എന്നറിയില്ല …

നിതംബം മറഞ്ഞു കിടക്കുന്ന മുടി പതിയെ വിടർത്തി ഈറനുണക്കുകയാണവൾ ,
മുറി മുഴുവൻ വാസന സോപ്പിന്റെ മണമാണ് …ചുണ്ടിൽ ഒരു മൂളിപ്പാട്ടുണ്ട് …പാട്ടും ഡാൻസുമെല്ലാം അവളുടെ ജീവനാണെന്നറിഞ്ഞ നിമിഷം അവനൊന്നിനും തടസ്സം പറഞ്ഞില്ല…

ഇഷ്ടമുള്ളത് ചെയ്യാനുള്ള സമ്മതം കൊടുത്തു അവളോടുള്ള ഇഷ്ടം അറിയിക്കുമ്പോളും മുൻപന്തിയിൽ നിന്നത് മകളുടെ പിതൃത്വം അംഗീകരിക്കാത്ത ഭർത്താവിനു മുൻപിൽ …വാശിയോടെ , വീട്ടുജോലി ചെയ്തും മകളെ നല്ലനിലയിൽ പഠിപ്പിച്ച അവളുടെ അമ്മയോടുള്ള ബഹുമാനമായിരുന്നു .

“ഹലോ ഹലോ ഇവിടൊന്നുമല്ലേ മാഷേ ….മതി സ്വപ്നം കണ്ടത് വേഗം പോയി കുളിച്ചോ “

“ചായം തേക്കലും ചിത്രപ്പണികളും ഒന്നുമില്ലാലോ തനിക്ക് ..പിന്നെന്തിനാ ഇത്രേം നേരം കണ്ണാടി നോക്കി നിക്കണേ ന്റെ സേതോ “

“കണ്ണാടി മാത്രാ നമ്മളോട് കള്ളം പറയാത്തത് ഏട്ടാ “

ബാത്റൂമിലേക്ക് പോകുന്ന വഴി അവളുടെ ആലിലവയറിലൊരു നുള്ളു കൊടുത്തു അവൻ ..

“മര്യാദക്ക് സാരി കേറ്റി ഉടുത്തോ പെണ്ണേ …ഇത് നാട്ടാരെ കാണിക്കണ്ട …ആ പിള്ളേര് നാലക്ഷരം പഠിക്കാനാ വരണേ …വഴി തെറ്റിക്കണ്ട “

കള്ളച്ചിരിയോടെ പറഞ്ഞു കഴിഞ്ഞു നോക്കിയപ്പോൾ ഇളം തവിട്ടുരാശിയുള്ള നീണ്ടു വിടർന്ന പൂച്ചക്കണ്ണുകളിൽ ഒരു നാണം ..എന്നിട്ടും ശുണ്ഠി കാണിച്ചു ചുണ്ട് കൂർപ്പിച്ചു അവൾ …..ആ കൂർപ്പിച്ച തൊണ്ടിപഴചുണ്ടിൽ പതിയെ അവൻ വിരലുകൾ കൊണ്ട് തലോടി ..

“ഒന്നു പോ മനുഷ്യാ എനിക്ക് നേരം തെറ്റും ഇന്നും …”

അവളവനെ തള്ളി മാറ്റി . കുളിച്ചൊരുങ്ങി വന്നപ്പോളേക്കും സേതു , പോവാൻ തയ്യാറായി ഇറങ്ങി വന്നു …അലസമായി മുടി മെടഞ്ഞിട്ട് ഒരു ചുവന്ന പൊട്ടും ചന്ദനവും മാത്രമണിഞ്ഞ അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു അവൻ …ഇതിനാണ് ഇത്രെയും നേരം കണ്ണാടിക്കു മുൻപിൽ നിന്നത് അവനോർത്തു .

“മതി നോക്കി നിന്നത് ഇത് വേഗം തൊടീച്ചു താ ഞാനിറങ്ങട്ടെ ….”കയ്യിലെ സിന്ദൂരച്ചെപ്പ് നീട്ടിയവൾ

“ന്റെ സേതു…നീയീ ഹിന്ദി സീരിയൽ പരിപാടി നിർത്തണേ മഹാ ബോറാണിത് “

“ഓ ഞാൻ സഹിച്ചു …അതേ , പിന്നേയി സിഗരറ്റ് വലി ഞാനറിയില്ലാന്നു കരുതല്ലേ ..ഒരെണ്ണമൊക്കെ ശരി ..
ഇന്നലെ ഞാൻ ചോദിച്ചില്ല , തല്ലു പിടിക്കേണ്ട ന്നു കരുതി”

പെട്ടെന്ന് അവനവളെ അരക്കെട്ടിലേക്ക് കൈ ചേർത്തു വലിച്ചടുപ്പിച്ചു കണ്ണിലമർത്തി ചുംബിച്ചു ..ഒരുമാത്ര അവളെല്ലാം മറന്നു , പിന്നെ വാച്ചിലേക്ക് നോക്കി അവനെ തള്ളി മാറ്റി മുൻവാതിൽ തുറന്ന് അവളിറങ്ങി , പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടിയെടുക്കാൻ …ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങുമ്പോൾ കണ്ടു ചുവന്ന പട്ടുടുത്തും നിൽക്കും പോലെ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്നു ….പതിയെ പോയാ മതിയെന്ന് പറയേണ്ട കാര്യമില്ലെന്ന് വേണുവോർത്തു ..തമ്മിൽ ഭേദം താനാണെന്ന് സൈക്കിളിൽ ലോകം ചുറ്റുന്ന ശങ്കരമ്മാമ പറയും ….ഭാര്യയും മകളും മരിച്ചതിൽ പിന്നെ ആളിവിടെ തന്നെയാണ് താമസം . വേണുവും വേഗം പ്രഭാതഭക്ഷണം കഴിച്ചിറങ്ങി ജോലിക്ക് …

——————–

“ധാർഷ്ട്യമെത്രെയും പാരമുണ്ടു നാരികൾക്കെന്നു കേട്ടുകേളിയെയുള്ളൂ കണ്ടിട്ടില്ലേവം മുന്നം

കുലടയായ നീ വന്നെന്നോടു കുലീനയെ- ന്നലസാലാപം ചെയ്‌തതഖിലമലമലം ..”

സേതുലക്ഷ്മിടീച്ചറുടെ ശബ്ദം മാത്രേമേ ക്ലാസ്സിൽ മുഴങ്ങി കേൾക്കാനുള്ളൂ …എന്തു രസമായിട്ടാണ് ടീച്ചർ പഠിപ്പിക്കുന്നത് …വരികളുടെ കാവ്യഭംഗി പറയേണ്ടതില്ല എന്നാലും അതു ചൊല്ലുന്ന അവരുടെ ശബ്ധം കേട്ടു കൊണ്ടിരിക്കാൻ എന്തു രസമാണ് …നീണ്ടു വിടർന്ന മിഴികളും കഥ പറയുന്നതിൽ പിന്നിലല്ല .ക്ലാസ്സിലൊരു മൊട്ടു സൂചി വീണാൽ പോലും കേൾക്കാമെന്ന് അനന്ദുവോർത്തു …ഒരു ക്ലാസ്സിലും മര്യാദക്കിരിക്കാത്ത കുട്ടികളാണ് ..വന്നിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂവെങ്കിലും എല്ലാവരെയും പുതിയ ടീച്ചർ കയ്യിലെടുത്തു ..മലയാളം ടീച്ചർമാരുടെ പ്രത്യേക കഴിവാണത് .

കുട്ടികളെല്ലാവരുമിപ്പോൾ മനസ്സുകൊണ്ട്‌ ദുഷ്യന്തന്റെ കൊട്ടാരത്തിലാണ് …
ഗാന്ധർവവിധിപ്രകാരം തന്നെ വിവാഹം‌ ചെയ്ത ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് ശകുന്തള പുത്രനെ കൂട്ടി വന്നിരിക്കുകയാണ് … പൂർവ്വജന്മബന്ധം മറന്നുപോയതിനാൽ ദുഷ്യന്തൻ അവളെ കെട്ടവളെന്നാക്ഷേപിക്കുകയാണ് ….തുടർന്ന് ആത്മാഭിമാനത്തിനു ക്ഷതമേറ്റ ശകുന്തള തന്റെ വ്യക്തിത്വം നിലനിർത്താൻ നടത്തുന്ന ശ്രമമാണ് കാവ്യഭാഗം …
കേട്ടു കൊണ്ടിരിക്കുന്ന കുട്ടികളിലോരോരുത്തരുടേയും മനസ്സിൽ ശകുന്തള ഒരു കണ്ണുനീർതുള്ളിയായി പെയ്തിറങ്ങി …
പഠിപ്പിക്കുമ്പോൾ സേതുവിന്റെ കണ്ണുകളും ഒന്നു കലങ്ങി അത് , ശകുന്തളക്ക് പകരം അച്ഛനു മുൻപിൽ നിസ്സഹായയായി ഈറൻകണ്ണുകളുമായി നിന്ന അമ്മയെ ഓർത്താണെന്നു മാത്രേം .
പാവം ഒരുപാട് കഷ്ടപ്പെട്ടു …എല്ലാമൊതുങ്ങി താനൊരു നല്ലനിലയിലെത്തുമ്പോളേക്കും തനിച്ചാക്കി കടന്നുപോയി….ആരുമില്ലെന്നറിഞ്ഞു തന്നെയാണ് കൂട്ടുകാരിയുടെ ആങ്ങളയായി വന്ന് പിന്നീട് തന്റെ എല്ലാമെല്ലാമായ വേണുവേട്ടൻ ജീവിതത്തിലേക്ക് ക്ഷണിച്ചത് .

“എന്താ അവിടെ ഒരു പരുങ്ങൽ “

പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത സേതു ചോദിച്ചു ,
ക്ലാസ്സിലെ ഏറ്റവും ശല്യക്കാരനായ മനുശങ്കറിനോട്.

എല്ലാ കുട്ടികളും ക്ലാസ്സിലെ തികഞ്ഞ ശ്രെദ്ധക്കിടയിൽ നിന്നും ഞെട്ടിയുണർന്നു …..ഒന്നുമില്ലെന്ന് അവൻ ചുമലിളക്കി ടീച്ചറിനോട് പറയുമ്പോളും അനന്ദു കണ്ടു ബുക്കുകൾക്കിടയിൽ ഒളിപ്പിച്ച മൊബൈൽ .
സംശയക്കണ്ണുകളോടെ മനുശങ്കറിനെ നോക്കിയപ്പോൾ അല്പം മയക്കം തെളിഞ്ഞു നിൽക്കുന്ന കണ്ണുകളിൽ തീക്ഷ്ണത നിറച്ചുള്ള നോട്ടം ..

അതേ…ലഹരി വീണ്ടും സ്കൂളിലെത്താൻ തുടങ്ങിയിരിക്കുന്നു …അവന് ഉള്ളിൽ പേടി കടന്നു .

സാധാരണ വീട്ടിലെ മകനാണ് മനുശങ്കർ , അച്ഛന് കൂലിപണിയാണ് എന്നിട്ടും അവനെവിടുന്നാണാവോ ഇത്രെയും വിലകൂടിയ മൊബൈൽ ..

വീട്ടിൽ ഒറ്റമകനായിട്ടു കൂടി അമ്മയോട് ചോദിച്ചപ്പോൾ അച്ഛൻ വാങ്ങിത്തന്നത് ഒരു കുഞ്ഞു മൊബൈലാണ് അങ്ങോട്ടുമിങ്ങോട്ടും വിളിക്കാനും മെസേജ് അയക്കാനും മാത്രമുതകുന്നത് ..ഇഷ്ടപെടാഞ്ഞത് കൊണ്ട് ആദ്യമൊക്കെ വീട്ടിൽ തന്നെ വച്ചു …പിന്നെ എല്ലാ ഇഷ്ടങ്ങളും അവരറിഞ്ഞു തരുന്നുണ്ട് ഇതും സമയമാവുമ്പോ നല്ലത് വാങ്ങിത്തരുമല്ലോ എന്ന് മനസ്സിനെ ആശ്വസിപ്പിച്ചു കയ്യിൽ വച്ചു .

ടീച്ചറവനോട് ഒന്നും പറയാതെ ചിരിച്ചു കൊണ്ട് ഇറങ്ങിപോകുന്നത് കണ്ടപ്പോളാണ് ബെല്ലടിച്ചതു തന്നെ അനന്ദുവറിഞ്ഞത് ….മൊബൈലൊന്നു നോക്കികൂടാരുന്നോ …മനസ്സിൽ പറയാനേ അവനു കഴിഞ്ഞുള്ളു ..

സ്കൂൾ വിട്ട് പോകുമ്പോൾ കണ്ടു ,ബസ്റ്റോപ്പിൽ മൂന്നാലു പേരുടെ ഇടയിൽ അവൻ ..ആരെയും കണ്ടു പരിചയമില്ല എന്നാലും വല്ല്യേ പ്രായമുള്ള ചേട്ടന്മാരല്ലത് ..
എല്ലാവരുടെയും കണ്ണുകളിൽ മനുശങ്കറിന്റെ കണ്ണുകളിലെ അതേ ഭാവം …

ബസ്‌സ്റ്റോപ്പിലേക്കുള്ള പടിയിലേക്ക് കാലെടുത്തു വച്ച് അനന്ദു അറിയാത്ത മട്ടിൽ എത്തിനോക്കി …എല്ലാവരുടെയും കണ്ണുകൾ മനുശങ്കറിന്റെ കയ്യിലെ മൊബൈലിലേക്കാണ് …
കണ്ണുകളെടുക്കും മുൻപേ അവൻ കണ്ടു ഒരു മിന്നായം പോലെ സേതുലക്ഷ്മി ടീച്ചറുടുത്തു വന്ന , അതേ നിറമുള്ള സാരിയുടുത്ത ഒരു വയറും പാതി കാണുന്ന പൊക്കിളും ..

ഭയത്തിന്റെ മിന്നാമിനുങ്ങുകൾ ചുറ്റും പറന്നു കളിക്കുന്നത് അവനറിഞ്ഞു …എങ്ങനെ ഇത്‌ ടീച്ചറെ അറിയിക്കും , വീട്ടിലെത്തിയപ്പോളും അവനൊരു സമാധാനവുമില്ല …അവസാനം അമ്മയോട് പറഞ്ഞു ..
അമ്മ അച്ഛനോടും .

അച്ഛൻ ഫോണെടുത്തു പ്രിൻസിപ്പൽ സരസ്വതി ടീച്ചറെ വിളിക്കുന്നതും സേതു ടീച്ചറുടെ ഭർത്താവിന്റെ നമ്പർ വാങ്ങുന്നതും അനന്ദു കൈവിരലുകളിലെ ഞൊട്ട വിടുവിച്ചു കൊണ്ട് ശ്രദ്ധിച്ചു .

പിറ്റേന്ന് സേതു പോലുമറിഞ്ഞില്ല വേണു സ്കൂളിലെത്തിയതും , പ്രിൻസിപ്പൽ മനുശങ്കറിനെ വിളിപ്പിച്ചതും …മൊബൈലില്ലെന്നു അവൻ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു ..അവസാനം വീട്ടിലേക്ക് പോകാം എല്ലാരും കൂടിയെന്ന് പറഞ്ഞപ്പോൾ അവൻ മൊബൈലെടുത്തു കൊടുത്തു …

മൊബൈലിൽ തെളിയുന്ന ചിത്രങ്ങളെ നോക്കുമ്പോൾ വേണുവറിഞ്ഞു , പെരുവിരൽ മുതൽ ഒരു തരിപ്പ് അരിച്ചു കയറുന്നത് ..

സേതുവിന്റെ മനോഹരമായ ചിരിയിൽ തുടങ്ങുന്ന വിഡിയോയിൽ പിന്നീട് മുഖം വ്യക്തമല്ലെങ്കിലും ആളെ അറിയുന്നവർക്ക് തിരിച്ചറിയാം …ക്ലാസ്സെടുക്കുന്ന സേതുവിന്റെ , സ്ഥാനം തെറ്റുന്ന സാരിയും പൊക്കിൾചുഴിയും വടിവൊത്ത ശരീരവും ..

അതിനേക്കാൾ വേണുവിനെ ഞെട്ടിച്ചത് ,ബാക്കിയുള്ള കുട്ടികളുടെയും മറ്റു ചില സ്ത്രീകളുടെയും പുറത്തു പറയാൻ കൊള്ളില്ലാത്ത തരം ചിത്രങ്ങളാണ് …
സേതുവിന്റെ വീഡിയോ മായ്ച്ചു കളയുന്നതിനിടയിൽ അവനുറപ്പു വരുത്തി അത് മറ്റാർക്കുമയച്ചു കൊടുത്തിട്ടില്ലെന്ന് …

ഫോൺ തിരികെ പ്രിൻസിപ്പലിനെ ഏൽപിച്ചു വേണു അവനു നേരെ നോക്കി കയ്യോങ്ങി …

“ഞാനായി നിന്നെ ഒന്നും ചെയ്യുന്നില്ല ..എനിക്കറിയാം നിന്റുള്ളിൽ കിടക്കുന്ന മറ്റവനാണിത് ചെയ്യിക്കുന്നത്..നിനക്ക് നന്നാവാൻ ഒരവസരമാണ് ഞാൻ തരുക , സ്കൂൾ അധികൃതർ എന്തു ചെയ്യുമെന്നെനിക്കറിയില്ല എങ്കിലും ഇവന്റെ വീട്ടുകാരെ അറിയിച്ചു ഇവനെ ലഹരിവിമുക്തമാക്കണം എന്നാണ് എന്റെ സജഷൻ “
വേണു പ്രിൻസിപ്പലിനോടായി പറഞ്ഞവസാനിപ്പിച്ചു …അവിടുന്നിറങ്ങും മുൻപേ അനന്തുവിന്റെ അച്ഛനെ വിളിച്ചു നന്ദി പറഞ്ഞു .

ക്ലാസ് കഴിഞ്ഞിറങ്ങിയ അനന്ദു കണ്ടു ജീപ്പിലിരുന്ന് മനുശങ്കറിനോട് സംസാരിക്കുന്ന അപരിചിതരെ ..

ബസ്‌സ്റ്റോപ്പിലേക്ക് ചെന്നു കയറാൻ മടിച് അവനവിടെ നിൽക്കുമ്പോൾ സേതുലക്ഷ്മി ടീച്ചർ വരുന്നത് കണ്ടു. അവനരികിൽ വണ്ടിയൊന്നു നിർത്തി അവളൊന്നു നിലത്തു കാലൂന്നി ..
ഇടതടവില്ലാതെ വരുന്ന വാഹനങ്ങളൊന്നൊഴിഞ്ഞാലേ അവൾക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയൂ …ഇപ്പോളും ഭയമാണ് വണ്ടിയോടിക്കാൻ , വേണുവേട്ടന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വണ്ടിയെടുത്തത് തന്നെ .

റോഡിനിരുവശവും നോക്കുന്നതിനിടയിൽ അവൾ തൊട്ടടുത്തു നിന്ന അനന്ദുവിനെ നോക്കി ഒന്നു ചിരിച്ചു…

എന്താണ് സംഭവിച്ചതെന്ന് അവരറിയും മുൻപേ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ച ജീപ്പ് റോഡിലെ വാഹനങ്ങൾക്കിടയിൽ മറഞ്ഞു ..
വണ്ടിയിൽ നിന്നും തെറിച്ച സേതു വായുവിലേക്കുയർന്നു

ഓടിക്കൂടിയ ആളുകൾ കണ്ടു നടുറോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അനന്ദുവിനെയും സേതുവിനെയും …


ഏകദേശം മൂന്നര മണിക്കൂറെങ്കിലും എടുത്തു കാണണം സർജറി .സംതൃപ്തിയോടെ കയ്യുറകൾ ഊരുന്നതിനിടയിൽ Dr.വേണു കണ്ടു …. തൊപ്പിക്കും മാസ്കിനുമിടയിലുള്ള ആവലാതിയോടെ നോക്കുന്ന സഹപ്രവർത്തകരുടെ കണ്ണുകൾ …….ഓപ്പറേഷൻ തിയേറ്ററിൽ നിന്നുമിറങ്ങിയ വേണുവിനെയും പ്രതീക്ഷിച്ചു ആത്മമിത്രമായ അനൂപ് നിന്നിരുന്നു .

അറിഞ്ഞ വാർത്തയിലെ തീക്കനൽ അവനെ പൊള്ളിച്ചു …
നടന്നോ ഓടിയോ വേണു ICU വിലുള്ള സേതുവിനരികിൽ എത്തി.
രാവിലെ കണ്ട സാരിയെല്ലാം മാറ്റി നീലയുടുപ്പിട്ടിരിക്കുന്നു…ചെരിഞ്ഞു കിടക്കുന്ന അവളുടെ ശരീരത്തിന്റെ മുക്കാൽ ഭാഗവും ബാൻഡേജുകളാൽ പൊതിഞ്ഞിട്ടുണ്ട് …
ഇടുപ്പിന്റെ ഭാഗത്തെ തുണിയിലും ബാൻഡേജുകളിലും രക്തത്തിന്റെ നനവ് ഇപ്പോളുമുണ്ട് … അവളേറെ ഇഷ്ടപെടുന്ന ഗുൽമോഹർ പൂക്കൾ കൊഴിഞ്ഞതു പോലെ നിറയെ ചുവന്ന പൂക്കൾ .

ചങ്കിലെ പിടപ്പ് മറച്ചു വച്ച് അവനവളുടെ സൂചികൾ കുത്തിക്കയറ്റിയ കയ്യിൽ തൊട്ടു …….എനിക്കറിയാം ഈ ജന്മത്തിലല്ല ഇനിയൊരു ജന്മത്തിലും നിനക്കെന്നെ പിരിയാൻ കഴിയില്ലെന്ന് …രണ്ടു മഞ്ഞു തുള്ളികൾ അവന്റെ സമ്മതമില്ലാതെ കണ്ണിൽ നിന്നും അവളുടെ കയ്യിലേക്ക് പൊഴിഞ്ഞു വീണു ….

“വിളിക്കണ്ട ..മയക്കത്തിലാണ് ഇപ്പൊ അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാലും 24മണിക്കൂർ ഇവിടെ കിടന്നോട്ടെ …”

അനൂപത് പറയുമ്പോളും വേണുവിന്റെ തുളുമ്പിതുടങ്ങിയ കണ്ണുകൾ അവളെ നോക്കുന്നുണ്ടായിരുന്നു നെഞ്ചിലൊരു കുടം തേങ്ങലുമായി …

“സ്കൂൾപടിക്കൽ തന്നെയാണ് ആക്സിഡന്റ് , ഇടിച്ച വണ്ടി നിർത്താതെ പോയി , വേറൊരു പയ്യനും കൂടിയുണ്ടായിരുന്നു അതേ സ്ഥലത്തു….വെന്റിലേറ്റു ചെയ്തിരുന്നെങ്കിലും പക്ഷേ …..അവർ അവയവദാനത്തിന് സമ്മതം തന്നിട്ടുണ്ട് .. അതിനുള്ള തയ്യാറെടുപ്പിലാണ് “

വേണു , വാടിയ താമരത്തണ്ടു പോലെ തളർന്നു കിടക്കുന്ന സേതുവിനെ നോക്കുമ്പോളും ഏതോ ഗുഹയിൽ നിന്നെന്ന പോലെ അനൂപിന്റെ സ്വരം കേൾക്കാം .

പതിയെ ചുമരിൽ പിടിച്ചു ICU വിന് പുറത്തേക്കിറങ്ങുമ്പോൾ വേണു കണ്ടു ….അനന്ദുവിന്റെ അച്ഛൻ , വിറയ്ക്കുന്ന കൈകളോടെ സമ്മതപത്രത്തിൽ ഒപ്പ് വക്കുന്നത് ….അടുക്കളക്കരി പുരണ്ട ഉടുപ്പുമിട്ട് കയ്യിലൊരു തോർത്തുമായി താഴെ വെറുംതറയിൽ ചുവരും ചാരിയിരിക്കുന്ന അമ്മയെ ഒന്ന് നോക്കി , അച്ഛന്റെ തോളിൽ കൈ വച്ചപ്പോൾ കണ്ടു ….കണ്ണുകളിലെ തിരമാലകൾ ഒളിച്ചിരിക്കുന്നത് .

“അവന്റെ അമ്മക്കെല്ലാം താങ്ങാനുള്ള ശക്തി കിട്ടണേ ന്നാ ന്റെ പ്രാർത്ഥന ….അവൻ പലരിൽ കൂടി കാഴ്ചയായും തുടിപ്പായും ജീവിച്ചിരിക്കുന്നു എന്നറിയുന്നത് തന്നെ ഒരു സമാധാനമല്ലേ ഡോക്ടറെ …എന്നാലും …
ഒന്നു പൊരുതാൻ പോലും ദൈവമവനു സമയം കൊടുത്തില്ലല്ലോ “

ഒറ്റുകൊടുത്ത കൂട്ടുകാരനെ തീർത്തു കളയാൻ തന്നെ തീരുമാനിക്കുന്ന ബാല്യങ്ങളിലേക്ക് ലോകമെത്തിയിരിക്കുന്നു എന്ന തിരിച്ചറിവോടെ മനുശങ്കറിനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞു …..

അയാളെ കെട്ടിപിടിച്ചു എന്തു പറഞ്ഞു ആശ്വസിപ്പിക്കുമെന്നോർത്തു പതറി നിൽക്കുമ്പോൾ വേണു അറിഞ്ഞു ..പുറമെ കാണിക്കാതുള്ള ആ അച്ഛന്റെ നെഞ്ചുരുക്കത്തിന്റെ അഗ്നിചൂട് …..

ആരും പ്രതീക്ഷിക്കാത്ത നിമിഷങ്ങൾ ജീവിതത്തിൽ തരുന്ന തമ്പുരാന്റെ പദ്ധതികളിലപ്പോൾ സേതുവിന്റെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പുണർത്തിയിരുന്നു….

Scroll to Top