രചന: അബ്ദുൾ റഹീം
പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം എന്റെ ആവശ്യങ്ങൾക്കായി ഞാൻ ഉപ്പയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. പാർടൈമായും അവധി ദിവസങ്ങളിലെല്ലാം ഫുൾ ടൈമായും ജോലി ചെയ്തു തുടർ പഠനത്തിനും എന്റെ വട്ടച്ചിലവിനുമുള്ള പണമെല്ലാം ഞാൻ തന്നെയായിരുന്നു കണ്ടെത്തിയുയരുന്നത്.
കോളേജ് പഠനം പൂർത്തിയായതിന് ശേഷം പഠനമെല്ലാം നിർത്തി ജോലിയിൽ മാത്രം ശ്രദ്ധ കൊടുത്തു. അതിനു ശേഷം കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഒരു വിഹിതം എല്ലാവരും ചെയ്യുന്ന പോലെ വീട്ട് ചെലവിനായി മാറ്റിവെക്കൽ പതിവായി.
അങ്ങനെ കാലങ്ങൾ ഓരോന്നായി കഴിഞ്ഞുപോയി. ഒരു ദിവസം ഉപ്പയുമൊത്ത് യാത്ര ചെയ്യുന്ന സമയം പെട്ടെന്ന് ബൈക്ക് ഓഫ് ആയി. നോക്കുമ്പോൾ എണ്ണ തീർന്നതാണ്. ഭാഗ്യത്തിന് തൊട്ടടുത്ത് തന്നെ പമ്പുണ്ടായിരുന്നു. ഒരു വിധത്തിൽ തള്ളി വണ്ടി പമ്പിലെത്തിച്ചു, 100 രൂപക്ക് പെട്രൊളടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എണ്ണ അടിച്ച ശേഷമാണ് പേഴ്‌സ് വീട്ടിൽ മറന്നുവെച്ച കാര്യം ഓർമ്മ വന്നത്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷം. എന്റെ നാട്ടിൽ നിന്നും കുറച്ചല്പം ദൂരെയുള്ള ഒരു സ്ഥലമായിരുന്നു അത്, അതുകൊണ്ട് തന്നെ പരിചയക്കാരായി ആരും തന്നെ ആ വഴിക്ക് വരുമെന്നുള്ള പ്രതീക്ഷയും കൈവിട്ട് പോയി.
ഉപ്പയുടെ കയ്യിൽ പണമുണ്ട്. പക്ഷെ ഇത്രയും കാലമായി ഉപ്പയുടെ കയ്യിൽ നിന്നും പണം വാങ്ങാത്തതിനാൽ തന്നെ ഉപ്പയോട് ചോദിക്കാൻ വല്ലാത്തൊരു മടിയാണ്.
കുട്ടിക്കാലത്തും ഉപ്പയോട് ഞാൻ നേരിട്ട് പണം ചോദിച്ചിട്ടില്ല. എല്ലാം ഉമ്മയോടായിരുന്നു ചോദിച്ചിരുന്നത്. ഉമ്മ ഒരു മധ്യസ്ഥനെപ്പോലെ ഉപ്പയോട് കാര്യം ബോധിപ്പിച്ച് എന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ച് തരും.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പരങ്ങുന്നത് കണ്ട ഉപ്പ എന്റെ അടുത്ത് വന്നുകൊണ്ട് വികാരപരിതനായി ചോദിച്ചു…പണമില്ലെങ്കിൽ ചോദിച്ചൂടേ, എന്തിനാ ഇത്ര മടി കാണിക്കുന്നേ, നിന്റെ ഉപ്പയല്ലേ ഞാൻ…
ശേഷം പോക്കറ്റിൽ നിന്നും 100 രൂപയെടുത്ത് പമ്പ് ജീവനക്കാരന്റെ കയ്യിൽ കൊടുക്കുമ്പോൾ ഉപ്പയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ അപ്പോഴൊന്നും അതെന്തിനാണെന്ന് എനിക്ക് മനസ്സിലായതേയില്ല.
വർഷങ്ങൾ ഏറെ കഴിഞ്ഞുപോയി. ഇന്നലെ വീടെല്ലാം വൃത്തിയാക്കുന്നതിനിടയിൽ ഉപ്പ കിടന്നിരുന്ന റൂമിന്റെ തട്ടിൻപുറത്ത് നിന്നും പൊടി പിടിച്ചിരിക്കുന്ന ഒരു ഡയറി എനിക്ക് കിട്ടി.
ഉപ്പയുടെ കയ്യക്ഷരം പതിഞ്ഞ ആ ഡയറിക്കുറിപ്പുകളിലുടനീളം കുറിച്ചുവെച്ചിരുന്നത് എന്നെക്കുറിച്ചായിരുന്നു. എന്റെ ഓരോ ഉയർച്ചകളെക്കുറിച്ചും സന്തോഷത്തോടെ കുറിച്ചുവെച്ചതോടൊപ്പം തന്നെ ഒരു ഉപ്പക്ക് മകനിൽ നിന്നും ലഭിക്കേണ്ട സ്നേഹം കിട്ടാതെ പോയതിന്റെ വേദനയും അതിലുണ്ടായിരുന്നു.
ഓരോ പേജുകൾ വായിച്ച് തീർക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഉപ്പയെന്ന സ്നേഹത്തെ തിരിച്ചറിയാൻ വൈകിയതിന്റെ വേദന എന്നെ ആകെ തളർത്തിയിരുന്നു.
അങ്ങനെ ഓരോ പേജുകളായി വായിച്ചുതീർക്കുന്നതിനിടയിലാണ് അന്നുണ്ടായ ആ അനുഭവം (ഉപ്പയോട് പണം ചോദിക്കാൻ മടികാണിച്ച ) അതിൽ കുറിച്ചുവെച്ചതായി കാണാനിടയായത്.
അന്നേ ദിവസത്തെ ഉപ്പയുടെ ഡയറിക്കുറിപ്പ് ഇങ്ങനെയായിരുന്നു…
എന്റെ പൊന്നുമോനോടൊപ്പം പലവെട്ടം ഞാൻ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇന്നേ ദിവസത്തെ യാത്രക്ക് ഒരു പ്രത്യേകതയുണ്ട്. കുട്ടിക്കാലം മുതലേ അവനെന്നോട് അധികമൊന്നും സംസാരിക്കുമായിരുന്നില്ല. അവന്റെ കാര്യങ്ങളെല്ലാം അവൻ സാധിച്ചിരുന്നത് അവളിലൂടെ (അവന്റെ ഉമ്മയുടെ ) ആയിരുന്നു.
അവൾ മരണപ്പെട്ട ശേഷവും അവന്റെ ആവശ്യങ്ങളൊന്നും അവൻ എന്നോട് പറഞ്ഞിരുന്നില്ല. അതിനുള്ള പണമെല്ലാം അവൻ സ്വയം തന്നെ കണ്ടെത്തിയിരുന്നു. ഇന്ന് യാത്ര തുടങ്ങും മുമ്പ് അവൻ പേഴ്‌സ് മറന്ന് വെച്ച കാര്യം എനിക്കറിയാമായിരുന്നു. യാത്രക്കിടയിൽ അവനെന്തെങ്കിലും ആവശ്യങ്ങൾ വരണേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു.
എന്റെ പ്രാർത്ഥനയുടെ ഫലമെന്നപോലെ അവന്റെ വണ്ടിയിലെ എണ്ണ തീർന്നു. സത്യത്തിൽ ഞാൻ സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. കാരണം മറ്റൊന്നുമല്ല…അവൻ ഒരു ആവശ്യവുമായി എന്റെ മുമ്പിൽ വരണം, അവന്റെ ആ ആവശ്യത്തെ എനിക്ക് സാധിച്ച് കൊടുക്കാൻ കഴിയണം, എന്നുള്ളത് എത്രയോ കാലങ്ങളായുള്ള എന്റെ ആഗ്രഹമായിരുന്നു.
ഇന്നത് നടക്കുമെന്ന് ഞാൻ ഉറപ്പിച്ചു. പേഴ്‌സ് മറന്നുവെച്ചത് ഓർമ്മയില്ലാതെ അവൻ വണ്ടിയിലേക്ക് പെട്രോളടിക്കാൻ പറഞ്ഞപ്പോൾ അവൻ എന്റെ ലക്ഷ്യ സ്ഥാനത്തേക്ക് അടുത്തുകൊണ്ടേയിരുന്നു.
പക്ഷെ എന്റെ എല്ലാ സന്തോഷവും ഒരറ്റ നിമിഷം കൊണ്ട് ഇല്ലാതായി. ഞാൻ ഒരു ഉപ്പ തന്നെയാണോ എന്ന് പോലും ഞാൻ ചിന്തിച്ചു. പേഴ്‌സ് മറന്നുവെച്ച കാര്യം അവൻ ഓർമ്മവന്നിട്ടും അവൻ എന്നോട് പണം ചോദിക്കാൻ മടിച്ചുനിന്നപ്പോൾ ശരിക്കും ഞാൻ പരാജയപ്പെട്ടു.
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരിക്കുമെന്ന് പ്രതീക്ഷിച്ച ഈ ദിവസമാണ് എനിക്ക് ഏറ്റവും സങ്കടപ്പെട്ട ദിവസമായി മാറിയത്…
ഉപ്പയുടെ ആ കുറിപ്പുകൾ കൂടെ വായിച്ച് തീർത്തതോടെ എന്നിലുള്ള കുറ്റബോധം ഇരട്ടിയായി വർദ്ധിച്ചു. ഇതിനെല്ലാം പരിഹാരമെന്നോണം ഉപ്പാക്ക് നഷ്ടപ്പെട്ട സ്നേഹം തിരിച്ചുകൊടുക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതെല്ലാം സ്വീകരിക്കാൻ കഴിയാത്തത്ര ദൂരത്തേക്ക് ഉപ്പ യാത്രയായിരുന്നു.
ഏറ്റവും ഒടുവിൽ പള്ളിക്കാട്ടിലെ ആറടി മണ്ണിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഉപ്പയുടെ ഖബറിനടുത്ത്‌പോയി പൊട്ടിക്കരയാനെ എനിക്ക് സാധിച്ചൊള്ളു…