അടുക്കളയിൽ തിരക്കിട്ട് എന്തൊക്കെയോ പണികൾക്കിടയിൽ നിൽക്കുമ്പോഴാണ് കുഞ്ഞുമോൻ വന്ന് അങ്ങനെ ചോദിക്കുന്നത്….

രചന: അപ്പു

:::::::::::::::::::::::::::

” അമ്മേ.. എന്നെ കടൽ കാണാൻ കൊണ്ട് പോകുവോ..? “

അടുക്കളയിൽ തിരക്കിട്ട് എന്തൊക്കെയോ പണികൾക്കിടയിൽ നിൽക്കുമ്പോഴാണ് കുഞ്ഞുമോൻ വന്ന് അങ്ങനെ ചോദിക്കുന്നത്.അത് കേട്ടപ്പോൾ ചെയ്യുന്ന പണികൾ നിർത്തി ഒരു നിമിഷം അവനെ ശ്രദ്ധിച്ചു.

“മോനെന്താ ഇപ്പോൾ കടൽ കാണാൻ പോകണം എന്നൊരു ആഗ്രഹം..?”

ചോദിച്ചപ്പോൾ അവൻ ഒരു കള്ളച്ചിരി ചിരിച്ചു.

“ഇന്നലെ എന്റെ കൂടെ പഠിക്കുന്ന കിങ്ങിണി കടൽ കാണാൻ പോയല്ലോ..അവൾ പറഞ്ഞു കടല് നല്ല രസമാണെന്ന്.. അച്ഛൻ ലീവിന് വരുമ്പോൾ മാത്രമല്ല നമ്മൾ അങ്ങോട്ടൊക്കെ പോകാറുള്ളൂ..”

പരാതി പോലെ അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.

“അച്ഛൻ വരുമ്പോൾ കുഞ്ഞിനെ കൊണ്ടുപോകാമല്ലോ.. ഇപ്പോൾ തൽക്കാലം കൊണ്ടുപോകാൻ പറ്റില്ല മോനെ..”

സങ്കടം മറച്ചുവച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ തനിക്ക് ആഗ്രഹമുണ്ടെങ്കിലും അങ്ങനെയൊന്നും നടത്തി കൊടുക്കാൻ കഴിയില്ല എന്ന് അവൾക്കറിയാമായിരുന്നു..

അവളുടെ ആ മറുപടി കേട്ടതോടെ കുഞ്ഞിന്റെ മുഖം വീർത്തു.അവൻ കരയാൻ തുടങ്ങി. അവനെ ആശ്വസിപ്പിക്കാൻ കഴിയുന്നതും ശ്രമിച്ചിട്ടും അവൾ പരാജയപ്പെട്ടു പോയി.

അടുക്കളയിലെ ആ ബഹളങ്ങൾ കേട്ടു കൊണ്ടാണ് അമ്മായിയമ്മ അവിടേക്ക് കയറി വരുന്നത്.

“എന്താ ഇവിടെ ഒരു ബഹളം..? ഞങ്ങൾക്കാർക്കും വീട്ടിനകത്ത് ഇരിക്കണ്ടേ..?”

ദേഷ്യത്തോടെയുള്ള ആ ശബ്ദം കേട്ടപ്പോൾ കുഞ്ഞ് അവളുടെ പിന്നിൽ ഒളിച്ചു.

” എന്താ രേഖ.. കുഞ്ഞ് എന്തിനാ കരഞ്ഞത്..?”

അമ്മായിയമ്മയുടെ ചോദ്യം അവളുടെ നേരെയായിരുന്നു.

“അവന് കടൽ കാണാൻ പോകണം എന്നാണ് പറയുന്നത്..”

പതിഞ്ഞ ശബ്ദത്തിൽ രേഖ മറുപടി പറഞ്ഞപ്പോൾ അമ്മായിയമ്മയുടെ മുഖം വീർത്തു.

” പൈസ ഇല്ലാത്ത സമയത്ത് ഇങ്ങനെ ഓരോ ആഗ്രഹങ്ങളും പറഞ്ഞു വന്നാൽ മതിയല്ലോ.. ഇത് കൊച്ചിന്റെ ആഗ്രഹമാണോ അതോ നീ പറഞ്ഞു പഠിപ്പിച്ചതാണോ..? “

രൂക്ഷമായി നോക്കിക്കൊണ്ട് അവർ അത് ചോദിക്കുമ്പോൾ രേഖയ്ക്ക് വല്ലാത്ത വേദന തോന്നി.

” ഞാൻ പറഞ്ഞിട്ടൊന്നുമല്ല അമ്മേ.. അവന്റെ ക്ലാസിലെ ഏതോ കുട്ടി കടലിൽ പോയി വന്ന വിശേഷം പറഞ്ഞിരുന്നു.. അങ്ങനെയാണ് അവനും ഒരു ആഗ്രഹം തോന്നിയത്..”

കാര്യങ്ങൾ അവൾ വിശദമായി പറയുമ്പോഴും അവരുടെ മുഖത്തിന് അയവ് വന്നിട്ടുണ്ടായിരുന്നില്ല.

” നിന്റെ ഭർത്താവ് ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നത് ഇങ്ങനെ ഇവിടെ ധൂർത്തടിച്ചു ജീവിക്കാൻ അല്ല.. ഇവിടെ നൂറുകൂട്ടം ചെലവുകൾ ബാക്കിയാണ്.. രാഖിയെ പ്രസവത്തിന് വിളിച്ചു കൊണ്ടു വരാൻ ഉള്ള സമയമായി.. അതിന്റെ ചെലവും കാര്യങ്ങളും ഒക്കെയായി എത്രയാ ചെലവാകുന്നത് എന്ന് ആർക്കറിയാം..? പ്രസവത്തിന്റെ ചെലവ് നോക്കുന്നത് മാത്രമല്ലല്ലോ കുഞ്ഞിന്റെ സ്വർണത്തിന്റെ കാര്യവും നോക്കണ്ടേ..? ഇവിടെ വീട്ടിൽ നിന്ന് ഇടാനുള്ളത് പോരാഞ്ഞിട്ട് കുട്ടിയുടെ അമ്മാവൻ എന്നുള്ള നിലയ്ക്ക് അവന്റെ വകയായും എന്തെങ്കിലും കൊടുക്കണ്ടേ..? എന്തെങ്കിലും എന്ന് പറഞ്ഞാൽ തീരെ അങ്ങ് കുറയ്ക്കാനും പറ്റില്ലല്ലോ..? ചുരുങ്ങിയത് ഒരു പവൻ അവൻ കൊടുക്കേണ്ടതല്ലേ..? ഇവിടെനിന്ന് നമ്മൾ അല്ലാതെ മാലയും വളയും എടുക്കുന്നതെല്ലാം കൂടി രണ്ട് രണ്ടര പവൻ വരും.. പ്രസവത്തിന്റെ ചെലവ് വേറെയും.. ഇതൊക്കെ തന്നെ കുറവാണ്. അതൊക്കെ എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിന് പകരം കടലു കാണാൻ നടക്കുന്നു.. “

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അമ്മായിയമ്മ നടന്നു പോയപ്പോൾ സങ്കടം കൊണ്ട് കണ്ണുകാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

ഗൾഫിൽ കിടന്നു പ്രകാശേട്ടൻ കഷ്ടപ്പെടുന്ന പണം മുഴുവൻ ഇവിടെ അമ്മയ്ക്കും അനിയത്തിക്കും വേണ്ടി ചെലവാക്കാൻ മാത്രമേ തികയുന്നുള്ളൂ..!

പ്രകാശേട്ടന്റെ വധുവായി ഈ വീട്ടിലേക്ക് കയറി വരുമ്പോൾ എല്ലാവരും പറഞ്ഞത് ആ മനുഷ്യൻ തന്റെ ഭാഗ്യമാണ് എന്നാണ്. ചെറുപ്പത്തിലെ തന്നെ കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന മനുഷ്യന് ഭാര്യയെ സ്നേഹിക്കാൻ കഴിയും എന്ന് എല്ലാവരും പറഞ്ഞു.

മകന്റെ ഭാര്യയെ രാജകുമാരിയെ പോലെ ഇവിടുത്തെ അമ്മ നോക്കിക്കോളും എന്ന് ഓരോരുത്തർ അഭിപ്രായം പറഞ്ഞു.

പ്രകാശേട്ടന്റെ കാര്യം ശരിയായിരുന്നു.അദ്ദേഹത്തിന് എന്നെ സ്നേഹിക്കാൻ കഴിയും.എന്നെ മനസ്സിലാക്കാൻ കഴിയും.എനിക്ക് വേണ്ടി എന്ത് ചെയ്തു തരാനും അദ്ദേഹത്തിന് യാതൊരു പരാതിയുമില്ല..!

പക്ഷേ അമ്മ.. അമ്മയൊരിക്കലും അങ്ങനെ ആയിരുന്നില്ല..! പ്രകാശേട്ടന്റെ വിവാഹം പോലും അമ്മയുടെ താല്പര്യം പ്രകാരം നടന്നതായിരുന്നില്ല..

പ്രകാശേട്ടൻ രണ്ട് തവണ വിദേശത്തു പോയി ലീവിന് വന്നിരുന്നു. ആ സമയത്ത് അവരുടെ അടുത്ത ബന്ധുക്കൾ ചിലർ ചേർന്നാണ് പ്രകാശേട്ടനെ വിവാഹം കഴിപ്പിച്ചു കൂടെ എന്നൊരു ചർച്ച മുന്നോട്ട് വെച്ചത്. അമ്മയ്ക്ക് അന്നും അതിൽ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല എന്ന് പിന്നീടാണ് താനറിഞ്ഞത്..

“പ്രായം തികഞ്ഞൊരു പെണ്ണ് വീട്ടിൽ നിൽക്കുമ്പോൾ അവനെ പിടിച്ചു കല്യാണം കഴിപ്പിക്കുന്നതാണോ മര്യാദ..? അവളുടെ ജീവിതം സുരക്ഷിതമാക്കിയതിനു ശേഷം പോരെ അവന് വിവാഹം നോക്കുന്നത്..?”

എന്ന് അമ്മ അഭിപ്രായം ചോദിച്ചപ്പോൾ അതിനെ എതിർക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. കല്യാണം കഴിയുന്നതോടെ അവന് ഒരു ഉത്തരവാദിത്ത ബോധം വരുമെന്നും കല്യാണം കഴിക്കുന്നത് തന്നെയാണ് നല്ലത് എന്നും ഒക്കെ ഒരുപാട് പേർ അഭിപ്രായം പറഞ്ഞു.

അച്ഛനും കൂടി അവരുടെ സൈഡ് നിന്നതോടെ അമ്മയ്ക്ക് സമ്മതിക്കാതെ തരമില്ല എന്നായിരിക്കും.ഒരുപാട് സ്ഥലങ്ങളിൽ പെണ്ണുകാണാൻ പോയിരുന്നു.പക്ഷേ ഓരോയിടത്തും ചെന്ന് ഓരോ കാരണങ്ങൾ പറഞ്ഞ് അമ്മ വിവാഹം മുടക്കി കൊണ്ടേയിരുന്നു.

പക്ഷേ അവസാനം തന്റെ വീട്ടിലെത്തിയപ്പോൾ വിവാഹം മുടക്കാൻ അമ്മ ശ്രമിച്ചിട്ടും തന്നെ മതിയെന്ന് പ്രകാശേട്ടൻ പറഞ്ഞു. അതോടെ അമ്മ വെട്ടിലായി എന്ന് തന്നെ പറയാം.

എന്തായാലും വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയപ്പോൾ തന്നെ അമ്മ തനിക്ക് സന്തോഷം തരുന്ന ഒരാളായിരിക്കില്ല എന്ന് തനിക്ക് ബോധ്യമായി കഴിഞ്ഞിരുന്നു.

അത് പിന്നീടുള്ള ദിവസങ്ങളിൽ അനുഭവിച്ചറിയുകയും ചെയ്തു. ഓരോ ദിവസവും വെളുപ്പിനെ വിളിച്ചുണർത്തി ഓരോ പണികൾ ആയി അമ്മ തന്നു തുടങ്ങി. സ്നേഹപൂർണ്ണമായുള്ള ഇടപെടലുകളും സംസാരങ്ങളും ആയിരുന്നു പ്രകാശേട്ടന്റെ മുന്നിൽ വച്ച്.. അല്ലാത്തപ്പോഴൊക്കെ താൻ അവരുടെ ഒരു ശത്രുവായിരുന്നു.

എപ്പോഴെങ്കിലും ഞങ്ങൾ ഒന്നിച്ച് മുറിയിൽ ഇരിക്കുകയാണെങ്കിൽ അപ്പോൾ തന്നെ അമ്മ വന്നു വാതിലിൽ തട്ടി ഓരോന്ന് പറയാൻ തുടങ്ങും. അല്ലെങ്കിൽ ഞങ്ങളോടൊപ്പം വന്നിരുന്നു സംസാരിച്ചു തുടങ്ങും. ഞങ്ങൾ തമ്മിൽ അടുക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല എന്ന രീതിയായിരുന്നു അമ്മയ്ക്ക്.

പ്രകാശേട്ടൻ ലീവ് കഴിഞ്ഞ് തിരികെ പോയി കഴിഞ്ഞപ്പോൾ തന്റെ കഷ്ടകാലവും ആരംഭിച്ചു എന്ന് തന്നെ പറയാം. അദ്ദേഹം പണം അയക്കുന്നത് അമ്മയുടെ അക്കൗണ്ടിലേക്ക് തന്നെ വേണം. അതിൽ നിന്ന് എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അമ്മയോട് ചോദിച്ചു താൻ വാങ്ങിക്കൊള്ളണം എന്നൊക്കെയാണ് അമ്മയുടെ നിയമം.

എന്നാൽ എന്തെങ്കിലും ഒരാവശ്യത്തിന് പണം ചോദിച്ചാൽ അത് തരാതിരിക്കാൻ 100 ന്യായീകരണങ്ങൾ അമ്മയ്ക്ക് പറയാൻ ഉണ്ടാകും. പ്രകാശേട്ടൻ ഫോൺ ചെയ്യുമ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കാം എന്ന് കരുതിയാൽ ഞങ്ങൾ ഫോൺ ചെയ്യുന്നതിന്റെ തൊട്ടടുത്തു തന്നെ അമ്മ ഉണ്ടായിരിക്കും. എങ്ങോട്ടെങ്കിലും മാറി നിന്ന് സംസാരിക്കാൻ എന്ന് കരുതിയാൽ അവിടെ പിന്നാലെ വരും.

അല്ലെങ്കിൽ പിന്നെ പ്രകാശേട്ടനെ വിളിച്ച് കരച്ചിലും പറച്ചിലും ആയിരിക്കും. ഞാനറിയാത്ത പലതും അവളിവിടെ ചെയ്തു കൂട്ടുന്നു എന്ന രീതിയിലായിരിക്കും സംസാരം..!

അദ്ദേഹം പോയിക്കഴിഞ്ഞ് രണ്ടു മാസങ്ങൾക്ക് അപ്പുറമാണ് താൻ പ്രഗ്നന്റ് ആണ് എന്ന് അറിയുന്നത്.. അതോടെ അമ്മയുടെ സ്വഭാവം മാറി. അനിയത്തിയുടെ ജീവിതം ഒരിടത്തും എത്തിക്കാതെ ചേട്ടൻ ചേട്ടന്റെ ജീവിതം സ്വന്തമാക്കാൻ നടക്കുന്നു എന്നൊക്കെയായി ആരോപണം.

എന്റെ പ്രസവത്തിനു മുൻപേ അവളുടെ വിവാഹം നടത്തണം എന്നുള്ളത് അമ്മയുടെ വാശിയായിരുന്നു. തകൃതിയായ കല്യാണ ആലോചനകൾക്കൊടുവിൽ തന്റെ പ്രസവത്തിനു മുൻപ് തന്നെ അവളുടെ വിവാഹം നടത്തി.

ആ പേരും പറഞ്ഞ് കുറെയേറെ പണം പൊടിച്ചു കഴിഞ്ഞു. പ്രസവത്തിന് തന്റെ വീട്ടുകാരുടെ ചെലവിൽ ആയിരുന്നു കാര്യങ്ങളൊക്കെ നടന്നത്.

കൃത്യം 56 ആം ദിവസം തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത് സ്നേഹം കൊണ്ടാണെന്ന് കണ്ടു നിന്നവർ പറഞ്ഞു.പക്ഷേ ഇവിടെ പണിയെടുക്കാൻ ആളില്ലാത്തതു കൊണ്ടാണ് എന്ന് തനിക്ക് മാത്രം അറിയാമായിരുന്നു.

ഇപ്പോൾ കുഞ്ഞിന് നാല് വയസ്സായി.അവൻ എൽകെജിയിൽ പോയി തുടങ്ങി.വല്ലപ്പോഴും പ്രകാശേട്ടൻ ലീവിന് വരുമ്പോഴാണ് ഞങ്ങൾക്ക് ഒന്നിച്ച് എവിടെയെങ്കിലും പോകാൻ കഴിയുക. അതും മിക്കപ്പോഴും അമ്മ മുടക്കാൻ ശ്രമിക്കുമെങ്കിലും എങ്ങനെയെങ്കിലും വീണു കിട്ടുന്ന അവസരത്തിലാണ് തങ്ങൾ മൂന്നാളും മാത്രമായി ഒരിടത്തേക്ക് പോവുക.

കുഞ്ഞിന്റെ ആഗ്രഹം ഒരിക്കലും നടത്തി കൊടുക്കാൻ കഴിയില്ല എന്നറിയാം. പക്ഷേ തങ്ങളുടെ ഭാഗം കേൾക്കാനെങ്കിലും പ്രകാശേട്ടൻ ശ്രമിച്ചിരുന്നെങ്കിൽ എന്നൊരു പ്രാർത്ഥന അവളുടെ ഉള്ളിൽ മുഴങ്ങി.എങ്ങനെയെങ്കിലും ഇവിടെനിന്ന് രക്ഷപ്പെട്ടു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു ആഗ്രഹം..!!

ആ പ്രാർത്ഥനയിൽ എന്നെങ്കിലും ദൈവം കേൾക്കുമായിരിക്കും..!