രചന : അപ്പു
:::::::::::::::::::
” എന്താടാ നീ ആകെ വല്ലാതിരിക്കുന്നത്..? “
പാലത്തിനു മുകളിൽ ഇരിക്കുന്ന കൂട്ടുകാരനോട് സജീഷ് ചോദിച്ചപ്പോൾ അവൻ തല ഉയർത്തി നോക്കി.
” ഏയ്… “
അവൻ പറഞ്ഞത് സജീഷിന് വിശ്വാസം ആയില്ല…
” കാര്യം പറയെടാ.. “
സജീഷ് നിർബന്ധിച്ചു.
“വീട്ടിൽ ആകെ ഒരു സമാധാനക്കേടാണ്. സത്യം പറഞ്ഞാൽ എന്ത് ചെയ്യണമെന്ന് പോലും എനിക്ക് അറിയാൻ വയ്യ..”
അനിൽ പറഞ്ഞപ്പോൾ സജീഷ് അവനെ ശ്രദ്ധിച്ചു. നിരാശ തളംകെട്ടിയ മുഖഭാവം തന്നെയാണ് അവന്റേത്.
എത്ര ചുറു ചുറുക്കോടെയും ആത്മവിശ്വാസത്തോടെയും ഓടിനടന്ന ചെറുപ്പക്കാരൻ ആണ്..!
” ഇപ്പോൾ എന്താടാ പ്രശ്നം..? രമ്യ അവളുടെ വീട്ടിൽ അല്ലേ..? “
സജീഷ് ചോദിച്ചപ്പോൾ അനിൽ തലയാട്ടി.
” നിനക്കറിയാമല്ലോ കല്യാണത്തിന് മുൻപ് എത്ര സന്തോഷത്തോടെ മുന്നോട്ട് പോയതാണ് ഞങ്ങളുടെ വീട് എന്ന്. അച്ഛൻ ഇല്ല എന്നുള്ള ദുഃഖം അറിയിക്കാതെ തന്നെയാണ് അമ്മ ഞങ്ങൾ രണ്ടു മക്കളെയും വളർത്തിയത്. അതിനിടയിൽ പലപ്പോഴും അമ്മ അമ്മയുടെ സന്തോഷങ്ങളെ മറന്നു പോയിട്ടുണ്ട്.അതുകൊണ്ടാണ് എനിക്ക് ഒരു ജോലി കിട്ടിയപ്പോൾ തന്നെ അമ്മയോട് ഇനി ജോലിക്കൊന്നും പോകണ്ട എന്ന് ഞാൻ പറഞ്ഞത്. ഇത്രയും വയസ്സും പ്രായമായ ഞാൻ ഉള്ളപ്പോൾ അമ്മ ജോലിക്ക് പോയി ഞങ്ങളെ വളർത്തുക എന്നു പറയുന്നത് ഒരു കുറച്ചിലായി എനിക്ക് തോന്നി. അല്ലെങ്കിലും അത് ശരിയായ നടപടി അല്ലല്ലോ..”
അനിൽ ഓർമ്മകൾ അയവിറക്കുകയാണ് എന്ന് തോന്നിയപ്പോൾ സജീഷ് അവനെ തന്നെ ശ്രദ്ധിച്ചിരുന്നു.
” ഇതൊക്കെ എനിക്കും അറിയാവുന്ന കാര്യമാണല്ലോ.. നീ ഒരാൾ കഷ്ടപ്പെട്ടാണ് നല്ലൊരു വീട് വച്ചതെന്നും പെങ്ങളെ കെട്ടിച്ചത് എന്നും ഒക്കെ ഈ നാട്ടിൽ എല്ലാവർക്കും അറിയാം. സത്യം പറഞ്ഞാൽ ഇവിടത്തെ ആൺകുട്ടികളുടെയൊക്കെ റോൾ മോഡൽ നീയാണ് എന്ന് പറയാം. അമ്മമാരുടെ ഒക്കെ മാനസപുത്രൻ.. “
സജീഷ് അതും പറഞ്ഞ് ചിരിച്ചപ്പോൾ അനിൽ പുച്ഛത്തോടെ ചിരിച്ചു.
” പെങ്ങളുടെ കല്യാണം നടത്തിക്കഴിഞ്ഞ് അതിന്റെ ബാധ്യത ഒക്കെ ഒന്ന് ഒതുങ്ങി വന്നു കഴിഞ്ഞപ്പോഴാണ് എന്റെ വിവാഹത്തിന് കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അതും ചിന്തിച്ചത് ഞാൻ മാത്രമായിരുന്നു.. എന്റെ വിവാഹത്തിനെ കുറിച്ച് വീട്ടിൽ സംസാരിക്കുമ്പോൾ അവന് ഇപ്പോൾ അതിനുള്ള പക്വതയൊക്കെ ഉണ്ടോ എന്ന് പലപ്പോഴും അമ്മയും സഹോദരിയും ഒക്കെ ചോദിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്ക് പ്രായം 28 ഉണ്ടായിരുന്നു. എന്തായാലും അടുത്ത ബന്ധുക്കളുടെ ഒക്കെ നിർബന്ധം നിമിത്തം എന്റെ കല്യാണം നടന്നു. വിവാഹം കഴിഞ്ഞ് എന്റെ ഭാര്യയായി കയറിവരുന്ന പെൺകുട്ടിയെ എന്റെ അമ്മ സ്വന്തം മകളെ പോലെ തന്നെയാണ് സ്വീകരിച്ചത്.. “
അവൻ പറഞ്ഞു പറഞ്ഞു എങ്ങോട്ടാണ് പോകുന്നത് എന്ന് സജീഷിന് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.
” കല്യാണം കഴിഞ്ഞ് രമ്യ കൂടി വീട്ടിലേക്ക് എത്തിയപ്പോൾ വീട് ഒരു സ്വർഗ്ഗമായി എന്ന് തന്നെ ഞാൻ കരുതി. കല്യാണം കഴിപ്പിച്ച് വിട്ടിട്ടും അനിയത്തി മിക്കപ്പോഴും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അവിടെയുള്ള ചെറിയ ചില കാര്യങ്ങൾ പോലും പറഞ്ഞു വലുതാക്കി അവൾ വലിയ വിഷയങ്ങൾ ആക്കി വീട്ടിൽ വന്ന് നിൽക്കാറുണ്ട്. അവളെ പറഞ്ഞു മനസ്സിലാക്കി കോംപ്രമൈസ് ചെയ്ത് അളിയന്റെ വീട്ടിലേക്ക് കൊണ്ടാകുമ്പോൾ ആ വഴിക്കും കുറെയേറെ പണം അവൾ കൊണ്ടുപോകാറുണ്ട്. അമ്മയോട് എന്തെങ്കിലും ഇല്ലായ്മകൾ പറഞ്ഞാൽ അവൾക്ക് നീയല്ലാതെ മറ്റാരാണ് കൊടുക്കാനുള്ളത് എന്നൊരു ചോദ്യത്തോടെ അമ്മ എന്റെ നേരെ തിരിയും. അതൊക്കെ എന്റെ ഉത്തരവാദിത്വം തന്നെയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്.. “
അത്രയും പറഞ്ഞു കൊണ്ട് അവൻ ദീർഘമായി നിശ്വസിച്ചു.
“ഞാൻ കരുതിയതു പോലെ കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ജീവിതം അത്ര സുഖകരം ഒന്നുമായിരുന്നില്ല. രമ്യ എന്തിനും ഏതിനും പ്രശ്നമുണ്ടാക്കുന്നു എന്നുള്ള തരത്തിൽ തന്നെയാണ് അമ്മയും അനിയത്തിയും എന്നോട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്. ആദ്യമൊക്കെ നമ്മുടെ വീടുമായി പൊരുത്തപ്പെട്ട് പോകാനുള്ള അവളുടെ ബുദ്ധിമുട്ടുകൾ ആയിരിക്കും എന്ന് ഞാൻ പറഞ്ഞു. അതോടെ അവർ എന്റെയും ശത്രുക്കളായി. രമ്യ അങ്ങനെ പറഞ്ഞു..രമ്യ അത് ചെയ്തില്ല.. രമ്യയുടെ കുറ്റങ്ങൾ മാത്രം.. സത്യം പറഞ്ഞാൽ മടുത്തു എന്ന് തന്നെ വേണം പറയാൻ..! അതിന്റെ പേരിൽ ഒന്ന് രണ്ട് തവണ രമ്യയുമായി പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്..”
ആ ഓർമ്മകളിൽ അവനിൽ വികാരവിക്ഷോഭങ്ങൾ ഉടലെടുക്കുന്നത് സജീഷ് കണ്ടു.
” ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവൾക്കും പറയാൻ കുറെ പരാതികൾ ഉണ്ടാകും. അതിൽ മിക്കപ്പോഴും അമ്മയും അനിയത്തിയും ഒക്കെ തന്നെയായിരിക്കും പ്രതികൾ. എത്രയൊക്കെ ആണെങ്കിലും വന്നു കയറിയ പെണ്ണ് തങ്ങളുടെ വീട്ടുകാരെ കുറ്റം പറയുന്നത് ആർക്കും ഇഷ്ടപ്പെടുന്നില്ലല്ലോ.. അതുകൊണ്ടുതന്നെ അവൾ അങ്ങനെ പറയുമ്പോൾ തനിക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അത് അവളോട് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്ന് തന്നെ പറഞ്ഞിട്ടുണ്ട്.. അതൊക്കെ കേട്ട് അവൾ കണ്ണും നിറച്ചു നിൽക്കും. പിന്നെ പിന്നെ അവൾ പരാതികൾ ഒന്നും പറയാതെയായി. അപ്പോഴും അമ്മയുടെയും അനിയത്തിയുടെയും പരാതികൾ തീർന്നിട്ടുണ്ടായിരുന്നില്ല. ഇതിനിടയിൽ എപ്പോഴും അവളുടെ ഏതോ ഒരു മാല അനിയത്തി കൊണ്ടു പോയിട്ട് തിരിച്ചു കൊണ്ടുവന്നു കൊടുത്തില്ല എന്നു പറഞ്ഞു. ഞാൻ അത് ചോദിക്കാൻ ചെന്നപ്പോൾ അവൾക്കിഷ്ടമുള്ളത് എടുത്തതല്ലേ അത് നീ എന്തിനാ അന്വേഷിക്കുന്നത് എന്നായി അമ്മ.. രമ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് എനിക്കുള്ള സ്ത്രീധനം ആണെന്നും അത് അമ്മയ്ക്കും പെങ്ങൾക്കും ഒക്കെ അവകാശപ്പെട്ടതാണ് എന്നുമൊക്കെ അവർ പറഞ്ഞപ്പോൾ അവരുടെ മുന്നിൽ എന്റെ വായടഞ്ഞു പോയി. പക്ഷേ രമ്യയുടെ അടുത്ത് എത്തിയപ്പോൾ അവളുടെ അച്ഛൻ കഷ്ടപ്പെട്ട് അവൾക്കു വേണ്ടി കൊടുത്ത സാധനം ആർക്കെങ്കിലും വേണ്ടി കൊടുക്കാൻ പറ്റില്ല എന്ന് അവൾ പറഞ്ഞു. സത്യം പറഞ്ഞാൽ ചെകുത്താനും കടലിനും നടുക്ക് എന്നു പറയുന്ന അവസ്ഥ..”
ആ ഓർമ്മയിൽ അവന്റെ ഉള്ളം വേദനിച്ചു.
” ആരെയും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ.. അവസാനം അതിന്റെ പേരിൽ തുടങ്ങിയ കശപ്പിശ രമ്യ ബഹളം ഉണ്ടാക്കി അവളുടെ വീട്ടിൽ പോകുന്ന അവസ്ഥ വരെ എത്തിച്ചു. അവളുടെ വീട്ടിൽ പോയി അവളെ വിളിച്ചുകൊണ്ടു വരാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ കൊണ്ടുവന്നാൽ അമ്മ പിന്നെ ആ വീട്ടിൽ ഉണ്ടാവില്ല എന്നൊക്കെയാണ് പറയുന്നത്. അമ്മയെ മറുത്ത് എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ..? “
സങ്കടത്തോടെ അവൻ ചോദിക്കുമ്പോൾ സജീഷിന് അവന്റെ അവസ്ഥയോർത്ത് സഹതാപം തോന്നി.
” അവൾ പോയിട്ട് ഇപ്പോൾ ഒന്നൊന്നര മാസമായില്ലേ..? എത്രയും പെട്ടെന്ന് അവളെ ഡിവോഴ്സ് ചെയ്യണം എന്നാണ് ഇപ്പോഴത്തെ ആവശ്യം.. ഇടയ്ക്കൊരു ദിവസം അവളെ ഞാൻ ഫോൺ ചെയ്തപ്പോൾ ഫോണിൽ കൂടി അവൾ പൊട്ടി കരയുകയായിരുന്നു. നമുക്ക് രണ്ടാൾക്കും കൂടി എവിടേക്കെങ്കിലും പോകാം ചേട്ടാ എന്ന് അവൾ പറഞ്ഞത് ഞാൻ കേട്ടതാണ്. പക്ഷേ എന്തുചെയ്യണമെന്ന് എനിക്ക് അറിയുന്നില്ല.. “
അവൻ പറഞ്ഞു നിർത്തിയപ്പോൾ സജീഷ് അവന്റെ തോളിൽ ചെറുതായി ഒന്ന് തട്ടി.
” ഞാൻ പറയുന്നതുകൊണ്ട് നിനക്ക് ഒന്നും തോന്നരുത്. കല്യാണം കഴിയുന്നതോടെ അമ്മയും പെങ്ങളും പറയുന്നത് അനുസരിക്കേണ്ട എന്നൊന്നും ഞാൻ പറയില്ല. പക്ഷേ സ്വന്തം ജീവിതം അവർക്ക് തട്ടി കളിക്കാൻ വേണ്ടി ഇട്ടുകൊടുക്കരുത്. എന്നാണെങ്കിലും എപ്പോഴാണെങ്കിലും നിനക്ക് തുണയായി ഉണ്ടാവുക രമ്യ മാത്രമാണ്. നിനക്ക് സംശയമുണ്ടെങ്കിൽ നിനക്ക് എന്തെങ്കിലും പ്രതിസന്ധിഘട്ടമാണെന്ന് നീ നിന്റെ വീട്ടിൽ ഒന്ന് അവതരിപ്പിച്ചു നോക്കൂ. അപ്പോൾ അറിയാം ആരൊക്കെ നിന്റെ കൂടെ ഉണ്ടാകും എന്ന്.. എന്റെ ഒരു അഭിപ്രായത്തിൽ രമ്യയ്ക്ക് ഇപ്പോഴും നിന്റെ കൂടെ ജീവിക്കാൻ താല്പര്യമുണ്ട്. നിനക്കും അങ്ങനെ ഒരു താല്പര്യമാണ് ഉള്ളതെങ്കിൽ രണ്ടാളും കൂടി ഒരു വീട് വാടകയ്ക്ക് എടുത്ത് അങ്ങോട്ട് മാറു.. പതുക്കെ പതുക്കെ നിങ്ങളുടെ ജീവിതം തെറ്റായി എന്ന് തോന്നുമ്പോൾ മാത്രം നിങ്ങൾ തറവാട്ടിലേക്ക് തിരിച്ചു പോയാൽ മതി. അമ്മയാണെങ്കിലും പെങ്ങൾ ആണെങ്കിലും നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ കടന്ന് കയറാൻ സമ്മതിക്കരുത്.. “
സജീഷ് പറഞ്ഞപ്പോൾ അനിൽ ഒരു നിമിഷം മൗനം പാലിച്ചു. പിന്നെ അവൻ ഓർത്തു സജീഷ് പറയുന്നതിലും കാര്യമുണ്ടല്ലോ എന്ന്..!
പിറ്റേന്ന് തന്നെ അവൻ രമ്യയെ കാണാൻ പോയിരുന്നു. അവനെ കണ്ടതും അവൾ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. അവളെ കൂട്ടിക്കൊണ്ടു പോകാൻ ആണ് എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞ ഒരേയൊരു കാര്യം ആ വീട്ടിലേക്ക് ഇനി മടങ്ങി വരില്ല എന്ന് മാത്രമാണ്.
തങ്ങൾക്ക് വേണ്ടി മാത്രം ഒരു വാടകവീട് എടുത്തിട്ടുണ്ടെന്ന് അവിടെക്കാണ് വിളിക്കുന്നത് എന്നും പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ കണ്ട സന്തോഷം അവൻ തിരിച്ചറിഞ്ഞു.
അവളുടെ കണ്ണിൽ സന്തോഷം കണ്ടപ്പോൾ തലേന്ന് അമ്മയുമായി ഉണ്ടായ തർക്കങ്ങൾ ഒന്നും അവൻ കണ്ടില്ലെന്നു നടിച്ചു.
ഒരു കൊച്ചു വീട്ടിൽ അവർ അവരുടെ സ്വർഗ്ഗം പണിത് ഉയർത്തുമ്പോൾ, എന്നെങ്കിലുമൊരിക്കൽ തങ്ങളെ പൂർണമായും അംഗീകരിച്ചുകൊണ്ട് അമ്മയും തങ്ങളിലേക്ക് എത്തും എന്നൊരു പ്രതീക്ഷയായിരുന്നു അനിലിന്..!!