അവരുടെ ആ പോക്ക് അവൾക്ക് അത്രയ്ക്ക് രസിച്ചില്ല. ഉടനടി അവൾ അവരെ പിന്നിൽ നിന്നും പിടിച്ചു…

രചന : അപ്പു

:::::::::::::::::::::

” ദേ ത* ള്ളേ… ഞാൻ പറയുന്നത് കേട്ട് നിൽക്കാമെങ്കിൽ മാത്രം നിങ്ങൾക്കിവിടെ കഴിയാം.. അല്ലെങ്കിൽ.. എങ്ങോട്ടാണ് എന്ന് വച്ചാൽ ഇറങ്ങി പൊയ്ക്കോളണം.. “

വിരൽ ഞൊടിച്ചു കൊണ്ട് ഗൗരി പറഞ്ഞപ്പോൾ സാവിത്രി അവളെ ദയനീയമായി നോക്കി.പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..

അവരുടെ ആ പോക്ക് അവൾക്ക് അത്രയ്ക്ക് രസിച്ചില്ല.. ഉടനടി അവൾ അവരെ പിന്നിൽ നിന്നും പിടിച്ചു തള്ളി. ആ തള്ളലിന്റെ ആഘാതത്തിൽ അവർ നിലത്തേക്ക് വീണു..

” അമ്മേ.. “

അവരിൽ നിന്ന് ഒരു നിലവിളി ഉയർന്നു..

അത് കണ്ടപ്പോൾ ആസ്വദിച്ച് ചിരിച്ചു കൊണ്ട് അവൾ തന്റെ മുറിയിലേക്ക് കയറിപ്പോയി. വീഴ്ചയുടെ ആഘാതത്തിൽ അവരുടെ തല എവിടെയോ ഇടിച്ച് ഒരു മുറിവ് പറ്റിയിരുന്നു. അതും പൊത്തിപ്പിടിച്ചു കൊണ്ട് അവർ എങ്ങനെയൊക്കെയോ എഴുന്നേറ്റിരുന്നു.

അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. തന്റെ അവസ്ഥയോർത്ത് അവർ അവരെ തന്നെ പഴിക്കുന്നുണ്ടായിരുന്നു.

എങ്ങനെയൊക്കെയോ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് കയറി പോകുമ്പോൾ, എത്ര സ്വർഗ്ഗത്തുല്യമായ വീടായിരുന്നു തന്റേത് എന്ന് അവർ ഒരു നിമിഷം ചിന്തിച്ചു..

സാവിത്രിയും മാധവനും അവരുടെ ഒരേ ഒരു മകൻ വേണു.. ഈ ലോകത്തിൽ വച്ച് കിട്ടാവുന്ന ഏറ്റവും നല്ല സാധനങ്ങൾ മുഴുവൻ തങ്ങളുടെ മകന് കിട്ടണം എന്ന് ആഗ്രഹിച്ച അച്ഛനും അമ്മയും ആയിരുന്നു അവർ.

അധ്യാപക ദമ്പതികളായ അവരുടെ മകന് സ്കൂളിലും നല്ല സ്വീകരണം ആയിരുന്നു. ടീച്ചറിന്റെ മകൻ അല്ലെങ്കിൽ സാറിന്റെ മകൻ എന്നൊക്കെ പറയുന്നത് ഒരു വില ആണല്ലോ..

ടീച്ചർമാരുടെ മക്കൾ ആയതു കൊണ്ട് തന്നെ അവൻ നല്ല രീതിയിൽ പഠിക്കണം എന്നുള്ളത് രണ്ടുപേർക്കും വാശിയായിരുന്നു. സ്കൂളിലെ മറ്റേതൊരു കുട്ടിയെക്കാളും മുൻപന്തിയിൽ എത്തേണ്ടത് തങ്ങളുടെ മകനാണ് എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.

ആ ഒരു കാര്യത്തിൽ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണുവിന് കഴിഞ്ഞിരുന്നു. അവൻ നന്നായി തന്നെ പഠിക്കുമായിരുന്നു. അത് സാവിത്രിക്കും മാധവനും ഒരു ആശ്വാസം തന്നെയായിരുന്നു.

പഠനം കഴിഞ്ഞ് അവൻ നല്ല രീതിയിൽ തന്നെ പാസായി.പിന്നാലെ ക്യാമ്പസ് സെലക്ഷൻ വഴി അവന് ഒരു ജോലിയും കിട്ടി.അതോടെ തങ്ങളുടെ കുടുംബം പൂർണമായി എന്നൊരു ചിന്തയിലായിരുന്നു സാവിത്രിയും മാധവനും.

അധികം വൈകാതെ മാധവൻ ലോകം വെടിഞ്ഞു. അത് സാവിത്രിയ്ക്കും വേണുവിനും ഒരു തിരിച്ചടി തന്നെയായിരുന്നു.

രണ്ടുപേരും അധ്യാപകർ ആയിരുന്നുവെങ്കിലും വലിയ സമ്പാദ്യം ഒന്നും അവർക്കുണ്ടായിരുന്നില്ല. കൺമുന്നിൽ വന്ന് ആരെങ്കിലും എന്തെങ്കിലും വിഷമം പറഞ്ഞാൽ അവരെ മനസറിഞ്ഞ് സഹായിക്കുന്ന സ്വഭാവമായിരുന്നു രണ്ടുപേരുടേതും. അതുകൊണ്ടു തന്നെ വലിയ രീതിയിൽ നീക്കിയിരിപ്പ് ഒന്നും അവർക്ക് പറയാൻ ഉണ്ടായിരുന്നില്ല.

വേണുവിന്റെ ശമ്പളവും സാവിത്രിയുടെ പെൻഷനും ഒക്കെയായി ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോയി.മകന് ഒരു ഇണയെ കണ്ടെത്തേണ്ട പ്രായമായി എന്ന് സാവിത്രിക്ക് തോന്നിയപ്പോൾ അതിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നീട്.

ആ ഇടയ്ക്കാണ് വേണുവിന് ഒരു ആലോചന വരുന്നത്. നാട്ടിലെ അറിയപ്പെടുന്ന ഒരു ബിസിനസുകാരന്റെ മകളുടെതായിരുന്നു അത്.. തങ്ങളുമായി ഒരിക്കലും ചേരുന്ന ആളുകൾ അല്ല അവർ എന്ന് തോന്നിയതോടെ സാവിത്രി അത് വേണ്ടെന്നു വച്ചു.

പക്ഷേ വേണുവിനെ അങ്ങനെ വേണ്ടെന്നു വയ്ക്കാൻ ആ കുടുംബം തയ്യാറായിരുന്നില്ല. ഗൗരി വേണുവിനെ എവിടെയോ വച്ച് കണ്ട് ഇഷ്ടപ്പെട്ടത് ആയിരുന്നു. ചെറുപ്പം മുതലേ അവൾ എന്തുവേണമെന്ന് ആഗ്രഹിച്ചാലും അവളുടെ കൺമുന്നിൽ കിട്ടുമായിരുന്നു. അതേ നിലപാട് തന്നെയാണ് അവൾ വേണുവിന്റെ കാര്യത്തിലും ഉദ്ദേശിച്ചത്.

അവൾക്ക് വേണുവിനെ കിട്ടിയേ മതിയാകൂ എന്ന് അവൾ വാശിപിടിച്ചപ്പോൾ വീട്ടുകാർ വെട്ടിലായി. അവളുടെ ആഗ്രഹം എങ്ങനെ സാധിച്ചു കൊടുക്കും എന്ന് അറിയാതെ അവർ കുഴങ്ങി.

ഗൗരി വേണുവിനെ നേരിട്ട് കണ്ട് സംസാരിച്ചിട്ടും അവന്റെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല.. അതോടെ അവൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി..

അങ്ങനെയാണ് അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്.ആ സമയത്ത് എങ്ങനെയെങ്കിലും അവനെ നേടിയെടുക്കണം എന്നല്ലാതെ മറ്റ് യാതൊരു ചിന്തയും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നില്ല.

അവനു വേണ്ടി അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് അറിഞ്ഞതോടെ വേണുവിന്റെയും സാവിത്രിയുടെയും ഉള്ളിൽ അവളോട് ഒരു അനുകമ്പ ഉടലെടുത്തു. അതിലൂടെ അവൾ അവരുടെ മനസ്സിൽ കയറിപ്പറ്റി.അധികം വൈകാതെ വിവാഹം നടക്കുകയും ചെയ്തു.

ആദ്യമൊക്കെ വേണുവിന്റെ നല്ല ഭാര്യ ആകാനും ആ വീട്ടിലെ നല്ലൊരു മരുമകൾ ആകാനും അവൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.

പക്ഷെ, ഇടക്ക് വേണുവിന്റെ ജോലി സ്ഥലത്ത് എന്തൊക്കെയോ തിരിമറികൾ നടന്നു. സാഹചര്യ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ വേണു പ്രതിയായി.

ആ കേസിൽ നിന്ന് പുറത്ത് കടക്കാൻ വേണുവിന് ഒരുപാട് പണം ചെലവഴിക്കേണ്ടി വന്നു. സ്വന്തം വീടും സ്ഥലവും വിറ്റിട്ടാണ് അവൻ ആ ബാധ്യത ഒഴിവാക്കിയത്.

അതോടെ അവനും അമ്മയും ഗൗരിയും അവിടെ നിന്ന് വാടക വീട്ടിലേക്ക് താമസം മാറേണ്ടി വന്നു.

ജോലിയിൽ കൃത്രിമം കാണിച്ചു എന്നത് ആരോപണം വേണുവിന്റെ മേൽ നിലനിൽക്കുന്നത് കൊണ്ട് തന്നെ അവന് കുറച്ചുനാളുകൾ സസ്പെൻഷൻ ആയിരുന്നു.ആ സമയത്ത് അമ്മയുടെ പെൻഷൻ ഒന്നുകൊണ്ടു മാത്രമാണ് ജീവിതം തട്ടിമുട്ടി മുന്നോട്ടു പോയത്.

ചെലവുകൾ അവനെ നിയന്ത്രിക്കാൻ കഴിയാതെ വന്ന ഒരു സാഹചര്യത്തിലാണ് ഗൗരി അവളുടെ വീട്ടിൽ നിന്ന് തന്നതാണ് എന്ന് പറഞ്ഞു കുറച്ചു പണം അവനെ ഏൽപ്പിച്ചത്. അവളുടെ വീട്ടിൽ നിന്നുള്ള പണം വാങ്ങി ചെലവാക്കാൻ വേണുവിന് വല്ലാത്ത അപകർഷതാബോധം ഉണ്ടായിരുന്നു.

“താൻ അങ്ങനെയൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല.ആരുടെ പണം ആയാലും അത് നമ്മുടേത് തന്നെയാണല്ലോ..”

ഗൗരി അവനെ ഒരുപാട് പറഞ്ഞു കൺവിൻസ് ചെയ്തിട്ടാണ് ആ പണം ഉപയോഗിക്കാൻ അവൻ തയ്യാറായത്.

പതിയെ പതിയെ ആ വീട്ടിലെ ഭരണം അവൾ ഏറ്റെടുത്തു തുടങ്ങി.ആ വീട്ടിലെ ചെലവുകൾക്ക് അവൾ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ചെലവാക്കാൻ തുടങ്ങി.

വാടക വീട്ടിലെ താമസം അവൾക്ക് ബുദ്ധിമുട്ടാണ് എന്ന് കണ്ടതോടെ അവളുടെ അച്ഛൻ അവളുടെ പേരിൽ ഒരു വീട് വാങ്ങി. ആ വീട്ടിലേക്ക് താമസം മാറാൻ വേണുവിനും സാവിത്രിക്കും എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ഗൗരിക്ക് അതിൽ നല്ല താല്പര്യം ഉണ്ടായിരുന്നു.

അവളെ വെറുപ്പിക്കാൻ പറ്റാത്തതു കൊണ്ട് മാത്രം അവരും അവളോടൊപ്പം അവിടേക്ക് താമസം മാറി.

പക്ഷേ ആ വീട്ടിലെത്തി കഴിഞ്ഞതോടെ ഗൗരിയുടെ സ്വഭാവം പാടെ മാറി എന്ന് തന്നെ പറയാം. അവൾക്ക് ഒരുതരം ഉടമസ്ഥ സ്വഭാവം കൈവന്നു.

അത് അവളുടെ വീടാണെന്നും അവൾ പറയുന്നത് മാത്രമേ അവിടെ നടക്കാൻ പാടുള്ളൂ എന്നും അവൾ വിധി എഴുതി. പലപ്പോഴും അവളുടെ ക്രൂരമായ പല തീരുമാനങ്ങൾക്കും വിധേയ ആയിരുന്നത് സാവിത്രിയായിരുന്നു.

എത്രയൊക്കെ ദ്രോഹങ്ങൾ സഹിക്കേണ്ടി വന്നാലും അവർ ഒരിക്കൽ പോലും അതൊന്നും മകനോട് പറഞ്ഞിട്ടില്ല.താൻ പറയുന്ന ആ വാക്കുകൾ അവന്റെ കുടുംബ ജീവിതത്തെ താറുമാറാക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ അവർ മൗനം പാലിച്ചു.

ആദ്യമൊക്കെ വാക്കുകൾ കൊണ്ട് മാത്രമുള്ള ഉപദ്രവം ആയിരുന്നു ഗൗരിയുടേത്. പക്ഷേ ഇപ്പോൾ അത് ശാരീരിക ഉപദ്രവം കൂടിയായി മാറിയിരിക്കുന്നു..

ദിവസങ്ങൾ കടന്നു പോകവേ ഒരിക്കൽ ഒരു ഉച്ചനേരത്ത് യാദൃശ്ചികമായി വീട്ടിലെത്തിയ വേണു കാണുന്നത് അമ്മയെ സ്റ്റെപ്പിൽ നിന്നും തള്ളിയിടാൻ ഒരുങ്ങുന്ന ഗൗരിയെയാണ്.ആ കാഴ്ച കണ്ട് അവൻ വിറങ്ങലിച്ചു നിന്നുപോയി.

” ഗൗരി.. “

അവൻ അലറി വിളിച്ചു.ആ സമയം അവനെ അവിടെ കണ്ട് അവൾ ഞെട്ടിയെങ്കിലും അവൾ പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു.

“നീയെന്താടീ ചെയ്യുന്നത്..? എന്റെ അമ്മയെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്..?”

അവളിൽ നിന്ന് അമ്മയെ പിടിച്ചു മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.

“നിന്റെ അമ്മയെ മാത്രമല്ല നിന്നെയും ഞാൻ ഉപദ്രവിക്കും.ഞാൻ പറയുന്നതും കേട്ട് ഈ വീട്ടിൽ നിൽക്കുന്നവർ മതി ഇവിടെ. കാരണം ഇത് എന്റെ അച്ഛൻ എനിക്ക് വാങ്ങി തന്ന വീടാണ്..”

അവളുടെ ആ വാക്കുകൾ അവനെ വല്ലാതെ മുറിപ്പെടുത്തി.അവന്റെ അഭിമാനത്തിന് ഏറ്റ വലിയൊരു ക്ഷതം ആയിരുന്നു അവളുടെ വാക്കുകൾ.

പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാൻ അവനെ തോന്നിയില്ല. എടുക്കാനുള്ളതൊക്കെ എടുത്ത് അമ്മയെയും ചേർത്തുപിടിച്ച് ആ വീടിന്റെ പടിയിറങ്ങുമ്പോൾ അവൾക്ക് തന്നിൽ നിന്നും ഒരു മോചനം കൊടുക്കണം എന്നുകൂടി അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.

ഏറ്റവും അടുത്ത സമയത്ത് തന്നെ അവൻ അത് നടപ്പിലാക്കുകയും ചെയ്തു.

കോടതിയിൽ അവനെയും പുച്ഛിച്ചു ഇറങ്ങിപ്പോകാൻ നിന്ന് അവളെ തടഞ്ഞുനിർത്തി അവൻ ഒന്നു മാത്രം പറഞ്ഞു.

” നിന്റെ മനസ്സിൽ ഇപ്പോൾ മനുഷ്യരേക്കാൾ ഒരുപാട് വലുതാണ് പണത്തിന്റെ സ്ഥാനം. എന്നെങ്കിലുമൊരിക്കൽ നിനക്ക് മനസ്സിലാവും ആ പണത്തിന് വെറുമൊരു പേപ്പർ കഷണത്തിന്റെ വില മാത്രമേയുള്ളൂ എന്ന്. അന്ന് നീ പല സത്യങ്ങളും തിരിച്ചറിയും. പക്ഷേ അപ്പോഴേക്കും കയ്യെത്തി പിടിക്കാൻ പറ്റാത്ത ഉയരത്തിലേക്ക് നിന്റെ ജീവിതം കൈവിട്ടു പോയി കഴിഞ്ഞിരിക്കും.. “

അത്രയും പറഞ്ഞുകൊണ്ട് അവൻ നടന്നകലുമ്പോഴും അവളുടെ ഭാവത്തിൽ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. എന്നെങ്കിലുമൊരിക്കൽ അവൾക്കും ഒരു തിരിച്ചടി കിട്ടുമെന്നും തിരിച്ചറിവ് ഉണ്ടാകുമെന്നും നമുക്കും പ്രതീക്ഷിക്കാം.