രചന : അപ്പു
:::::::::::::::::::::
” എന്താ പറ്റിയത് എന്ന് അറിയാൻ മേലാ.. അതിന്റെ ചിരിയും സന്തോഷവും ഒന്നും കാണാൻ ഇല്ല.. “
അമ്മ പറയുന്നത് രാഖി ശ്രദ്ധിച്ചു. ആരെക്കുറിച്ചാണെന്ന് ഒരു ഊഹവും കിട്ടിയില്ലെങ്കിലും അമ്മ പറയുന്ന വിഷയത്തിൽ അവൾക്ക് ഒരു താൽപര്യം തോന്നി.
” അതിപ്പോൾ കൊച്ചിന്റെ കാര്യങ്ങളൊക്കെ നോക്കി അവൾ ആകെ തിരക്കിലല്ലേ..? അതുകൊണ്ടായിരിക്കും.. “
അമ്മ പറഞ്ഞതിന് മറുപടിയായി അച്ഛനും പറയുന്നുണ്ട്.
കൊച്ചിനെയും നോക്കി തിരക്കിലാകാൻ..? അങ്ങനെ ആരാ ഇപ്പോ തങ്ങളുടെ പരിചയത്തിലുള്ളത്..?
രാഖി ഓർത്തെടുക്കാൻ ശ്രമിച്ചു..
ഇന്ന് വലിയമ്മ വിളിച്ചിട്ടുണ്ടായിരുന്നു.. അപ്പോൾ ഒരുപക്ഷേ വിദ്യയുടെ കാര്യമായിരിക്കണം.. ഇതിപ്പോൾ അവളുടെ കുഞ്ഞിന് ആറുമാസം പ്രായമല്ലേ ആയിട്ടുള്ളൂ. ചിലപ്പോൾ അവളെ കുറിച്ച് ആയിരിക്കും സംസാരം..
അങ്ങനെയാണെങ്കിൽ തന്നെ അവൾക്ക് എന്തുകൊണ്ടാ സന്തോഷം ഇല്ലാത്തത്..?
രാഖിയുടെ മനസ്സ് അവളോട് ഓരോന്നും ചോദിക്കുന്നുണ്ടായിരുന്നു.
” നിങ്ങൾ ഇത് ആരുടെ കാര്യമാ അമ്മേ പറയുന്നത്..? “
റൂമിൽ ഇരുന്നിട്ട് സമാധാനം കിട്ടാതെ അവൾ അമ്മയുടെ അടുത്തേക്ക് വന്നു.
” ആഹ്.. അതോ.. നമ്മുടെ വിദ്യയുടെ കാര്യമാ.. “
അത് പറഞ്ഞു കൊണ്ട് അമ്മ അവർക്കുള്ള ചായ എടുത്ത് വച്ചു.
” അവൾക്ക് ഇപ്പോൾ എന്താ..? “
ആശ്ചര്യത്തോടെ രാഖി അന്വേഷിച്ചു.
” ഞാൻ ഇന്ന് വല്യമ്മയെ വിളിച്ചിട്ടുണ്ടായിരുന്നു അപ്പോൾ വലിയമ്മ പറയുകയാണ് അവൾക്ക് ആകെ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്ന്.. വലിയ സംസാരവും കളിയും ചിരിയും ഒന്നും കാണാനില്ല എന്നൊക്കെയാണ് പറയുന്നത്.. “
അമ്മ പറഞ്ഞത് കേട്ടപ്പോൾ രാഖിക്ക് ആകെ ഒരു വല്ലായ്മ തോന്നി. അങ്ങനെ ഉണ്ടാവേണ്ടതല്ല.
അവൾക്ക് എപ്പോഴും കളിയും ചിരിയുമായി നടക്കാനാണ് ഇഷ്ടം. അങ്ങനെയൊരു പെൺകുട്ടി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സൈലന്റ് ആയി പോവുക എന്ന് പറയുന്നത് എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ട് എന്ന് രാഖിക്ക് തോന്നി.
” എന്നാൽ പിന്നെ വല്യമ്മയോട് പറയാമായിരുന്നില്ലേ അവളെ കുറച്ചു ദിവസം ഇവിടെ കൊണ്ടുവന്ന് നിർത്താൻ..”
രാഖി ചോദിച്ചപ്പോൾ അമ്മ അലസമായി ഒന്ന് മൂളി.
” അതിപ്പോൾ നിനക്ക് അങ്ങനെ പറ്റുന്നു എന്ന് കരുതി എല്ലാവർക്കും അങ്ങനെ പറ്റണമെന്നുണ്ടോ..? അവളുടെ ഭർത്താവ് ഉള്ളതല്ലേ..?അവന് അവളെയും കൊച്ചിനെയും അങ്ങനെ ഇവിടെ കൊണ്ടുവന്നു നിർത്തുന്ന കാര്യത്തിൽ വലിയ താല്പര്യമൊന്നുമില്ല.. അവന് അവളെ കാണാതെ നിൽക്കാൻ പറ്റില്ല എന്നാ തോന്നുന്നത്.”
അതും പറഞ്ഞുകൊണ്ട് അമ്മ നാണത്തോടെ ചിരിച്ചു.
“എന്നിട്ട് ഞാൻ ഇവിടെ നിൽക്കുന്നതോ..? എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഇല്ലാത്തതു കൊണ്ടല്ലല്ലോ ഞാൻ ഇവിടെ വന്ന് നിൽക്കുന്നത്.. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വീട്ടിൽ നിൽക്കാൻ ഇഷ്ടമുള്ളതു പോലെ തന്നെ എനിക്ക് എന്റെ വീട്ടിൽ നിൽക്കാനും ഇഷ്ടമുണ്ടാകും എന്ന് അദ്ദേഹത്തിന് തിരിച്ചറിയാം. എന്റെ ഇഷ്ടത്തിനും താല്പര്യത്തിനും കൂടി വില കൽപ്പിക്കുന്നത് കൊണ്ടാണ് എനിക്ക് മാസത്തിലൊരിക്കലെങ്കിലും ഇവിടെ വന്നു നിൽക്കാൻ പറ്റുന്നത്. കല്യാണം കഴിപ്പിച്ചു വിട്ടു എന്ന് കരുതി സ്വന്തം വീട്ടിലേക്ക് വരാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ..”
രാഖി പറഞ്ഞത് കേട്ടപ്പോൾ അവളുടെ അമ്മയ്ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.
“അതൊന്നും എനിക്കറിയില്ല.. എന്തായാലും ഞാൻ വല്യമ്മയോട് പറഞ്ഞിട്ടുണ്ട് അവളെ പറ്റുമെങ്കിൽ കുറച്ചു ദിവസം ഇവിടെ കൊണ്ടുവന്ന് നിർത്താൻ..ആ കൊച്ചിന് ആരുടെ കണ്ണ് കിട്ടിയതാണെന്ന് ആർക്കറിയാം..?”
അത്രയും പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ രാഖിക്ക് ആശ്ചര്യം തോന്നി. കണ്ണ് കിട്ടിയിട്ട് സംസാരിക്കാതെ ആവാൻ ഇതെന്താ വല്ല പാവയുമാണോ..?
അമർഷത്തോടെ അവൾ ചിന്തിച്ചു.
പിറ്റേന്ന് രാവിലെ തന്നെ വല്യമ്മയും വല്യച്ഛനും വീട്ടിലേക്ക് വന്നിരുന്നു. ആ സമയത്ത് അവരോടൊപ്പം വിദ്യയും കുഞ്ഞുമുണ്ടായിരുന്നു.
വിദ്യയെ കണ്ടപ്പോൾ തന്നെ അമ്മ പറഞ്ഞതു പോലെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് രാഖിക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു. പണ്ട് എല്ലായിപ്പോഴും അണിഞ്ഞൊരുങ്ങി നടക്കാൻ താല്പര്യം കാണിച്ചിരുന്ന വിദ്യ, ഇപ്പോൾ ഡ്രസ്സ് പോലും മര്യാദയ്ക്ക് ചെയ്തിട്ടില്ല എന്ന് രാഖി ഓർത്തു.
ഏത് ഡ്രസ്സ് എടുത്താലും അതിന്റെ മാച്ചിംഗ് ആയിട്ടുള്ള വളയും മാലയും കമ്മലും ഒക്കെയായി എത്ര അണിഞ്ഞൊരുങ്ങി നടക്കാൻ പറ്റുമോ അത്രത്തോളം ചെയ്യുന്ന ഒരാളായിരുന്നു വിദ്യ. ഇതിപ്പോൾ ഇട്ടിരിക്കുന്ന ടോപ്പിന് പാന്റും ഷോളും മാച്ച് ചെയ്യുന്നത് കൂടിയില്ല.
സ്വന്തം കാര്യം പോലും ഇത്രത്തോളം ശ്രദ്ധിക്കാൻ പറ്റാത്ത രീതിയിൽ അവൾക്ക് എന്താണ് പറ്റിയത്..?
രാഖിയുടെ കണ്ണുകൾ അവളെ നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു.
എല്ലാവരും കൂടി സംസാരിച്ചിരിക്കുമ്പോഴും വിദ്യയുടെ കണ്ണുകൾ പലയിടത്തുമായി ഓടി നടക്കുകയായിരുന്നു. ഇടയ്ക്ക് കുഞ്ഞു കരഞ്ഞപ്പോൾ അവൾ കുഞ്ഞിനെയും കൊണ്ട് മുറിയിലേക്ക് കയറി.
പിന്നീട് കുഞ്ഞുറങ്ങിയതിന് ശേഷമാണ് അവൾ പുറത്തേക്ക് വന്നത്.
” ഇതാണ് ഞാൻ പറഞ്ഞത്.. ഇതാണ് ഇപ്പോൾ അവളുടെ അവസ്ഥ..ആരോടും ഒരു ചിരിയോ സംസാരവും ഒന്നുമില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ആലോചിച്ചു ഓരോ ഇടങ്ങളിൽ താങ്ങി തൂങ്ങിയിരിക്കുന്നത് കാണാം. ചില സമയങ്ങളിൽ കൊച്ചിനെ ആരുടെയും കയ്യിൽ കൊടുക്കുക പോലും ഇല്ല.. “
വല്യമ്മ അവളെ കുറിച്ച് അമ്മയോട് പരാതി പറയുന്നത് താനും അവളും കേൾക്കുന്നുണ്ടായിരുന്നു.
” എന്തായാലും വൈകുന്നേരം ആ ജ്യോൽസ്യനെ ഒന്ന് കാണാൻ പോകണം.അവൾക്ക് എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ അതിന്റെ പരിഹാരം കണ്ടുപിടിക്കണം അല്ലോ.അതൊക്കെ ചെയ്തിട്ട് വേണം ഇനി അവളെ അവിടേക്ക് പറഞ്ഞു വിടാൻ.. പറയുമ്പോൾ അവന്റെ വീടും നമ്മുടെ വീടും തമ്മിൽ വലിയ ദൂരം ഒന്നുമില്ലെങ്കിലും ഇവിടെ വന്ന് നിൽക്കാൻ പറ്റില്ലല്ലോ.. ഞങ്ങൾക്ക് അങ്ങോട്ടേക്ക് പോകാം എന്ന് വെച്ചാൽ എന്നും ഒരാളിന്റെ വീട്ടിലേക്ക് കയറി ചെല്ലുന്നത് അവർക്ക് ഇഷ്ടപ്പെടുമോ..? “
വല്യമ്മ പറയുന്നത് കേട്ടിട്ട് രാഖിക്ക് ആകെ ഒരു വല്ലായ്മ തോന്നി.
” വിശ്വാസങ്ങളൊക്കെ നല്ലതാണ് വല്യമ്മ.. പക്ഷേ അതൊന്നും അന്ധവിശ്വാസങ്ങൾ ആവരുത്.. ഇപ്പോൾ തന്നെ വിദ്യയുടെ കാര്യം ഒന്ന് ഓർത്തു നോക്കിയെ.. അവൾക്ക് ജാതകത്തിന്റെയും ദോഷത്തിന്റെയും കുഴപ്പമൊന്നുമല്ല. ഇതിനെ വിവരമുള്ളവർ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന് പറയും. അതായത് പ്രസവം കഴിയുമ്പോൾ സ്ത്രീകളുടെ ഹോർമോണിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാവും. അത് പലരിലും പല രീതിയിലാണ് പുറത്തേക്ക് വരുന്നത് എന്ന് മാത്രം. ചിലർ വിധിയെ പോലെ മൂകരായി എവിടെയെങ്കിലും താങ്ങി തൂങ്ങിയിരുന്നു കൊച്ചിനെ മാത്രം കണ്ടുകൊണ്ട് മുന്നോട്ടു പോകും. ചിലർക്ക് ആണെങ്കിൽ കുട്ടികളെ കണ്മുന്നിൽ കാണുന്നതു പോലും ദേഷ്യം ആയിരിക്കും.. അങ്ങനെ പല രീതിയിലാണ് ഈ അസുഖം. എന്ന് കരുതി ഭ്രാന്താണ് എന്നല്ല ഞാൻ പറയുന്നത്.. നിങ്ങളെല്ലാം കൂടി ഈ ജ്യോൽസ്യനെ കാണാൻ പോകുന്ന നേരത്ത് ഒരു ഡോക്ടറിനെ കണ്ടു. ഇവൾക്ക് ഒരു കൗൺസിലിങ് കൊടുത്താൽ അതൊക്കെ അതോടെ കഴിയും.”
രാഖി പറഞ്ഞ അഭിപ്രായം കേട്ടപ്പോൾ വിദ്യയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.അവൾ പറഞ്ഞതാണോ കാരണം എന്ന ഭാവത്തിൽ വലിയമ്മയും ചിന്തിക്കുന്നുണ്ടായിരുന്നു.
” പിന്നെ നേരത്തെ വല്യമ്മ പറഞ്ഞില്ലേ അവൾക്ക് എന്നും എപ്പോഴും ഇവിടെ വന്ന് നിൽക്കാൻ പറ്റില്ല നിങ്ങൾക്ക് അങ്ങോട്ട് പോകാൻ പറ്റില്ല എന്നൊക്കെ. അങ്ങനത്തെ ചിന്തകളാണ് ആദ്യം എടുത്തു മാറ്റേണ്ടത്. കല്യാണം കഴിപ്പിച്ചു വിട്ടു എന്ന് കരുതി ഇവളെ അവർക്ക് കൊണ്ടുപോയി അടിയറവ് വെച്ചതല്ല. എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അവളുടെ അച്ഛനും അമ്മയും ആണ്. നിങ്ങളെ കാണാനും അവൾ ജനിച്ചു വളർന്ന വീട്ടിൽ രണ്ടു ദിവസമെങ്കിലും വന്നു നിൽക്കാനുമുള്ള അവകാശം അവൾക്കുണ്ട്. അതുപോലെ സ്വന്തം മകൾ ജീവിക്കുന്ന വീട്ടിലേക്ക് കയറി ചെല്ലാനുള്ള അവകാശം നിങ്ങൾക്കുമുണ്ട്.അങ്ങനെയൊന്നുമില്ല എന്ന് ചിന്തിക്കുന്നതാണ് നിങ്ങളുടെയൊക്കെ ഏറ്റവും വലിയ കുഴപ്പം.ഇതിപ്പോൾ പ്രസവം കഴിഞ്ഞ് അവിടെ ചെന്നതിനുശേഷം അവൾക്ക് അവിടെയുള്ളവർ മാത്രമേയുള്ളൂ ഇവിടെ അവൾക്ക് സ്വന്തക്കാർ ആരുമില്ല എന്നൊക്കെയുള്ള രീതിയിലുള്ള ചിന്തകൾ അവളുടെ മനസ്സിൽ ഉണ്ടായിരിക്കണം. തനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതായല്ലോ എന്നൊക്കെയുള്ള തോന്നൽ കൊണ്ടായിരിക്കണം അവളുടെ മനസ്സിൽ ഇങ്ങനെ പലതും ഉണ്ടാകുന്നത്. ഏതൊരു മക്കൾക്കും അവനവന്റെ അച്ഛനും അമ്മയും കഴിഞ്ഞിട്ട് ഏതൊരാളും ഉണ്ടാകും. അവൾക്ക് നിങ്ങൾ ഉണ്ട് എന്ന് തോന്നൽ വേണം ആദ്യം ഉണ്ടാക്കിയെടുക്കാൻ.. “
രാഖി അത്രയും പറഞ്ഞു കഴിയുമ്പോഴേക്കും അകത്തെ മുറിയിൽ നിന്ന് രാഖിയുടെ കുഞ്ഞ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കരയാൻ തുടങ്ങിയിരുന്നു.
വിദ്യയെ കടന്നു പോകാൻ തുടങ്ങുന്നതിനു മുൻപ് വിദ്യ അവളെ കെട്ടിപ്പിടിച്ചു. പിന്നെ ചെവിയോരം ഒരു താങ്ക്സ് പറഞ്ഞു..
പറ്റിപ്പോയ അബദ്ധങ്ങൾ ഓർത്തു വല്യമ്മയും നെടുവീർപ്പിടുന്നുണ്ടായിരുന്നു.