സുപ്രൻ്റെ അദ്യ പ്രതിഫലം
രചന: ഗിരീഷ് കാവാലം
::::::::::::::::::::::::
10 സെന്റ് സ്ഥലം വില്പനക്ക് സെന്റ് വില – 6 ലക്ഷം രൂപ
Mob : 7**99 (പെട്ടന്ന് വിൽക്കപ്പെടുന്നതാണ് )
“എന്റെ ചാർളി ചാപ്ലിൻ ഭഗവാനെ…ഇത് ഇവിടെ ഇരിക്കട്ടെ…”
പതിവ് തെറ്റിക്കാതെ രാത്രി പതിനൊന്നു മണിക്ക് തന്നെ പാലക്കാട് – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് കടന്നു പോയതും തന്നെ ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയ സുപ്രൻ മെയിൻ റോഡിന്റെ സൈഡിൽ വെളുമ്പ്രദേശം ആയി കിടക്കുന്ന അല്പം ചതുപ്പോടെ ഉള്ള സ്ഥലത്ത് ആ പരസ്യ ബോർഡ് താഴ്ത്തി ഇറക്കി
“ആഹാ എന്തൊരാശ്വാസം.. ഹോ കുളിരു കോരുന്നു..ഇനി അല്ലേ കോമഡി നാടകം ആരെങ്ങേറാൻ പോകുന്നെ”
“പഴുത്ത മുന്തിരിങ്ങ അല്ലെ അവിടെ നാട്ടി ഇരിക്കുന്നത്. ഈച്ചകൾ പൊതിയാൻ നാളെ നേരം ഒന്ന് വെളുത്താൽ പോരേ”
“ഈ മെയിൻ റോഡിൽ സെന്റിന് 8 ലക്ഷം ഉള്ളപ്പോൾ 6 ലക്ഷം എന്ന് കണ്ടാൽ ഈച്ച അടുക്കുന്ന പോലെ രാവിലെ തൊട്ട് ഇവിടെ വരും എല്ലാവരും”
“അതിൽ എഴുതി ഇരിക്കുന്ന നമ്പറിൽ വിളിച്ചാൽ അല്ലെ രസം..11 അക്കം ഉള്ള നമ്പറിലേക്ക് എവിടുന്ന് കാൾ പോകാനാ”
സുപ്രൻ അങ്ങനെയാ. ആരെയെങ്കിലും കോമാളി ആക്കി ഒന്ന് ചിരിച്ചില്ലെങ്കിൽ ആ ദിവസം വായു ശല്യം വരും
അടുത്ത ദിവസം നേരം വെളുത്തപ്പോഴേക്കും സുപ്രന്റെ മൊബൈലിലേക്ക് കൂട്ടുകാരന്റെ ഫോൺ വന്നു
“എടാ കൂപ്പിൽ പണിക്ക് പോകുന്ന ആനയുടെ അത്രേം തടിയും പൊക്കവും ഉണ്ടല്ലോ…സ്വന്തമായിട്ട് പണി എടുത്തു വീട്ടിൽ ചിലവിനു കൊടുക്കടാ”
“നീ പോടാ ചവറേ. അച്ഛന് പെൻഷൻ ഉണ്ട് അമ്മ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് നിനക്ക് വേണമെങ്കിൽ നീ പോയി പണി ചെയ്യടാ “
ഫോൺ കട്ട് ചെയ്തു സുപ്രൻ
“അല്ല ജനിച്ചപ്പോൾ തന്നെ അച്ഛന്റെ വാക്കാ.. മോനെ ഒരിക്കലും കഷ്ടപ്പെടാതെ വളർത്തും എന്ന്… ഹും ഇവിടെ രാവിലെ തൊട്ട് റിയാലിറ്റി കോമഡി ഷോ തുടങ്ങാൻ പോകുമ്പോഴാ അവന്റെ ഒരു പണി”
“ദാസേട്ടോ മധുരം കൂട്ടി ഒരു ചായ എടുത്തെ..”
“അല്ല ദാസേട്ടാ അവിടെ എന്താ ആളുകൾ”
ഒന്നും അറിയാത്തവനെ പോലെ പെട്ടിക്കടക്കാരൻ ദാസേട്ടനോട് സുപ്രൻ ചോദിച്ചു
“ആ സ്ഥലം വിൽക്കാൻ ബോർഡ് വച്ചിരിക്കുവാ അത് അറിയാൻ വന്നവരാണ് പക്ഷേ നമ്പർ തെറ്റിയാ ബോർഡിൽ എഴുതിയിരിക്കുന്നെ “
ചായ കുടിച്ച ശേഷം സുപ്രൻ ആളുകൾ കൂടി നിന്ന സ്ഥലത്തേക്ക് പോയി
“എന്താ ചേട്ടാ…”
“ഈ സ്ഥലം ആരുടേയാ..ഈ ബോർഡിൽ നമ്പർ തെറ്റിയാ എഴുതി ഇരിക്കുന്നെ”
“ഇവിടെ ഉള്ള ആൾ അല്ല ദൂരെ ഉള്ള ആരുടെയോ സ്ഥലം ആണ്”
“ഉം… പതിനൊന്നു നമ്പർ അല്ലെ ലാസ്റ്റ് 99 ചിലപ്പോൾ തെറ്റി ഒരു 9 കൂടിയതായിരിക്കും ലാസ്റ്റ് 9 ഇല്ലാതെ ഒന്ന് വിളിച്ചു നോക്കിക്കേ”
ഒന്നും അറിയാത്തവനെ പോലെ സുപ്രൻ പറഞ്ഞു
അയാൾ ലാസ്റ്റ് 9 ചേർക്കാതെ വിളിച്ചു
“ഹലോ സ്ഥലം വിൽക്കാൻ ബോർഡ് വച്ച ആൾ അല്ലെ……നമ്പർ ഒക്കെ ഒന്ന് മര്യാദക്ക് എഴുതിക്കൂടെ “
“എന്ത് പറ്റി ചേട്ടാ”
പല്ല് വേദനയുള്ളവൻ അറിയാതെ ഐസ് കടിച്ച പോലെയുള്ള മുഖംഭാവം കണ്ട സുപ്രൻ ചോദിച്ചു
“സ്ഥലം SI യുടെ നമ്പരായിരുന്നു.. സാമാന്യം വൃത്തിയായി കിട്ടി”
“സ്ഥലം SI യുടെ നമ്പറിന്റെ കൂടെ ഒരു 9 കൂട്ടി ഇട്ട ഞാൻ ആരാ മോൻ”
സുപ്രൻ മനസ്സിൽ അട്ടഹസിച്ചു
“ഇത് ഏതോ ഉടായിപ്പ്കാര് ചെയ്ത പണിയാ.. വന്ന ആളുകൾ പരസ്പരം പറഞ്ഞു പിരിഞ്ഞു പോയി”
“ഹോ.. എന്തൊരാശ്വാസം”
“ദാസേട്ടോ ഒരു ചായേം കൂടി”
കുളിരു കോരുന്ന മുഖ ഭാവത്തോടെ സുപ്രൻ വീണ്ടും ചായക്ക് പറഞ്ഞു
“ഉം…അവർ എന്താ നോക്കുന്ന”
“കാറിൽ വന്നിറങ്ങിയ കാഴ്ചയിൽ മാന്യനായ ഒരാൾ, അവിടെ നേരത്തെ തന്നെ നിന്ന രണ്ടു പേരെ സ്ഥലം കാണിക്കുന്നുണ്ടല്ലോ…ങേ സലിം കുമാറിന്റെ ബിരിയാണി കഥ പോലെ ആയോ”
പെട്ടന്ന് അങ്ങോട്ട് വച്ചു പിടിച്ചു സുപ്രൻ
“ദേ വടക്കേ അതിർ ഈ കുറ്റിയാ..അല്പം താഴ്ന്നതാണെങ്കിലും സ്ഥലം ഇഷ്ടപ്പെട്ടല്ലോ”
“അപ്പോൾ മറ്റന്നാൾ തന്നെ ഇടപാട് തുടങ്ങാം”
സുപ്രൻ കിളി പോയവനെ പോലെ വായും പൊളിച്ചു നിന്നു പോയി
“അല്ല ചേട്ടാ.. ചേട്ടന്റെ സ്ഥലം ആണോ ഇത്”
സുപ്രൻ ചോദിച്ചു
“അതേ….ഏതോ ഒരാൾ ബോർഡ് വച്ചതാ.. എന്തായാലും വിൽക്കാൻ മനസ്സിൽ പ്ലാൻ ഉണ്ടായിരുന്ന എനിക്ക് ഗുണം ആയി”
“ചേട്ടാ ഈ ബോർഡ് വച്ച ആൾക്ക് ഞാൻ ഒരു കുഞ്ഞു കമ്മീഷൻ കൊടുക്കുന്നുണ്ട് ആരാ വച്ചതെന്ന് പറഞ്ഞാൽ മതി”
പെട്ടികടക്കാരൻ ദാസേട്ടനെ നോക്കി സ്ഥലം ഉടമ പറഞ്ഞു
“ചേട്ടാ ഞാനാ അത്…”
അധ്വാനിക്കാതെ കൈയ്യിലേക്ക് വരുന്ന ആദ്യ വരുമാനം സ്വപ്നം കണ്ട സുപ്രൻ മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു
“ഓഹോ.. ഇയാൾ ആയിരുന്നോ”
പുഞ്ചിരിയോടെ പറഞ്ഞതും അയാൾ സുപ്രന് ഷേക്ക് ഹാൻഡ് കൊടുത്തു
ഉടനെ തന്നെ അയാൾ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു ഇടത് കൈയ്യിലേക്ക് കൈമാറി പിടിച്ചതും വലതു കൈകൊണ്ട് സുപ്രന്റെ കരണത്തിനിട്ട് ഒന്ന് പൊകച്ചതും ഒന്നിച്ചായിരുന്നു
“നീ വെളുപ്പാൻ കാലത്ത് തൊട്ട് ഞങ്ങളെ പറ്റിക്കുക ആയിരുന്നു അല്ലെടാ”
‘ആദ്യമായിട്ട് പ്രതീക്ഷിച്ച പ്രതിഫലം കിട്ടിയില്ലെങ്കിലും ആദ്യമായി കിട്ടിയ അടി മോശം ആയില്ല”
താടി തടവികൊണ്ട് സുപ്രൻ മനസ്സിൽ പറയുമ്പോൾ നവരസങ്ങളിലെ ഹാസ്യ ഭാവം മുഖത്ത് ആടി കളിക്കുന്നുണ്ടായിരുന്നു…..