ഇന്നൊരു സിനിമക്ക് പോകാം എന്ന് സുധിയേട്ടൻ പറഞ്ഞത് കൊണ്ട് അതിന് റെഡി ആവുകയായിരുന്ന…

രചന : അപ്പു

:::::::::::::::::::::

“ആകെ ഒരു ദിവസം ആണ് ഉദ്യോഗത്തിന് പോവാത്തത്.. ആ ഒരു ദിവസമെങ്കിലും വീട്ടിൽ ഇരുന്ന് കുടുംബത്തെ പണികൾ ചെയ്ത് തീർത്തൂടെ..? അതിനു മെനക്കെടാതെ ഒരുങ്ങി കെട്ടി പൊയ്ക്കോളണം ഭാര്യേം ഭർത്താവും കൂടി.. “

ഇന്നൊരു സിനിമക്ക് പോകാം എന്ന് സുധിയേട്ടൻ പറഞ്ഞത് കൊണ്ട് അതിന് റെഡി ആവുകയായിരുന്ന സോനു അമ്മ പറയുന്നത് കേട്ട് ഒരു നിമിഷം നിന്നു. ഇത് പിന്നെ സ്ഥിരം ആയത് കൊണ്ട് അവൾക്ക് ഒന്നും തോന്നുന്നില്ല..

” ഞാൻ പറയുന്നത് ഒന്നും ആരും കേൾക്കുന്നില്ലല്ലോ.. “

അമ്മ പരിഭവം പറഞ്ഞു. എന്നിട്ടും ആരും കേട്ട ഭാവം നടിക്കാത്തത് കൊണ്ട് അമ്മയ്ക്ക് അരിശം വന്നു.

” നിന്റെ കെട്ടിയോളോട് ആണ് ഞാൻ സംസാരിക്കുന്നത്. അതു വല്ലതും കേൾക്കുന്നുണ്ടോ..? ഞാൻ പറയുന്നത് ഏതെങ്കിലും ഒരു വാക്കിന് അവൾ എന്തെങ്കിലും ഒരു വിലകൽപ്പിക്കുന്നുണ്ടോ എന്ന് നോക്ക്.. “

പരാതിയുമായി അമ്മ സുധിയേട്ടന്റെ അടുത്ത് എത്തിയപ്പോൾ തേക്കാൻ എടുത്ത ഡ്രസ്സ് അവിടെത്തന്നെ ഇട്ടുകൊണ്ട് സുധിയേട്ടന്റെ മറുപടി എന്താണെന്നറിയാൻ ആകാംഷയോടെ കാത്തു നിന്നു.

“ഇതിപ്പോൾ അമ്മ എന്താ പറഞ്ഞു വരുന്നത്..? അവളെയും കൊണ്ട് പുറത്തു പോകണ്ട എന്നാണോ അതോ ഞങ്ങൾ രണ്ടാളും പോകണ്ട എന്നാണോ..? “

പതിവിലേറെ ഗൗരവത്തോടെയാണ് സുധിയേട്ടൻ അന്വേഷിച്ചത്. ആ ഭാവം കണ്ടപ്പോൾ അമ്മ ഒന്ന് അയഞ്ഞു എന്ന് തോന്നി.

” നീ എങ്ങോട്ടെങ്കിലും പോകുന്നതിന് ഞാൻ ഒരു തടസ്സവും പറയുന്നില്ല. പക്ഷേ ആണുങ്ങൾ ഇറങ്ങിപ്പോകുന്നത് പോലെ പെണ്ണുങ്ങൾക്ക് ഒരു വീട്ടിൽ നിന്ന് എല്ലാം ഇട്ടെറിഞ്ഞ് ഇറങ്ങി പോകാൻ പറ്റുമോ..? നിനക്ക് ഇവിടെ വേറെ പണിയൊന്നുമില്ലല്ലോ അതുകൊണ്ട് നിനക്ക് റെഡിയായി സിനിമയ്ക്ക് പോകാൻ തടസ്സവുമില്ല. പക്ഷേ അവളുടെ കാര്യം അങ്ങനെയാണോ.? ഇവിടെ എന്തെല്ലാം പണികൾ കിടക്കുന്നു.. അതെല്ലാം കണ്ടില്ലെന്നു നടിച്ച് അവളിപ്പോൾ ഇറങ്ങിപ്പോയാൽ ഇനി നിങ്ങൾ രണ്ടാളും കൂടി കയറി വരുന്നത് പാതിരാത്രിക്ക് ആയിരിക്കും. എന്നിട്ട് പിന്നെ ക്ഷീണമാണ് തലവേദനയാണ് എന്നൊക്കെ പറഞ്ഞു മുറിയിൽ കയറി കതകടച്ചാൽ മതി. ബാക്കി കാര്യങ്ങൾ ഒന്നും അറിയണ്ടല്ലോ.”

അമ്മയുടെ പരാതികൾക്ക് ഒരു അവസാനവും ഉണ്ടായിരുന്നില്ല.

” അതെന്താ അമ്മേ പെണ്ണുങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ കുഴപ്പം..? “

സുധിയേട്ടന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു ചോദ്യം അമ്മ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നി.അമ്മയിൽ ഒരു പതർച്ച കാണുന്നുണ്ടായിരുന്നു.

“പെണ്ണുങ്ങൾ പോകുന്നത് കുഴപ്പമാണെന്നല്ല ഞാൻ പറഞ്ഞത്.ആഴ്ചയിലെ ആറ് ദിവസവും ജോലിക്ക് പോകുന്നവളാണ് അവൾ. ആകെ അവധി കിട്ടുന്ന ഒരു ഞായറാഴ്ചയാണ്. ആറു ദിവസങ്ങളിലും ഈ വീട്ടിൽ അടിക്കലും തുടക്കലും ഒന്നും കാര്യമായി നടക്കാറില്ലല്ലോ. എന്നുമാത്രമല്ല ബെഡ്ഷീറ്റ് കഴുകുന്നത് പോലെയുള്ള പരിപാടികളൊന്നും അവൾ ഈ ആറ് ദിവസവും ചെയ്യാറില്ല. അങ്ങനെയൊക്കെയുള്ള ജോലികൾ ചെയ്യാനും വീടിന്റെ പരിസരം വൃത്തിയാക്കിയിടാനും ഒക്കെയായിട്ട് ഈ ഞായറാഴ്ച ഒരു ദിവസമല്ലേ ഉള്ളൂ..എന്റെയും സുമിയുടെയും ഒക്കെ റൂമിൽ ബെഡ്ഷീറ്റ് മാറ്റിയിട്ട് ഒരാഴ്ചയായി. ഇന്നത്തെ ദിവസമെങ്കിലും പോകാതിരുന്നിട്ട് അവൾക്ക് അതൊക്കെ ഒന്ന് ചെയ്തുകൂടെ എന്നാണ് ഞാൻ ചോദിക്കുന്നത്..”

അമ്മ സുധിയേട്ടനു വിശദീകരണം കൊടുക്കുന്നുണ്ട്.അത് കേട്ടപ്പോൾ ആകെ ദേഷ്യമാണ് തോന്നിയത്.

വീട്ടിലെ പണികൾ മാത്രം ചെയ്തു വീടിനുള്ളിൽ ഒതുങ്ങി കൂടാനാണ് സ്ത്രീകൾ.. ഇവരുടെയൊക്കെ ഈ ചിന്തയാണ് ആദ്യം മാറേണ്ടത്.

അമ്മയുടെ ദയനീയ ഭാവത്തിലുള്ള പറച്ചിൽ ഒക്കെ കണ്ടാൽ തോന്നും ബാക്കിയുള്ള ആറ് ദിവസം അമ്മയാണ് ഇവിടെ ജോലി ചെയ്യുന്നത് എന്ന്..

അവൾ അരിശത്തോടെ ഓർത്തു.

നേരം പുലരുന്നതിനു മുൻപേ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് രാവിലത്തേക്കുള്ള ആഹാരവും ഉച്ചയ്ക്കുള്ളതും ഒക്കെ ഉണ്ടാക്കി വെച്ച് ഓഫീസിലേക്ക് കൊണ്ടുപോകാൻ ഉള്ളത് പാക്ക് ചെയ്തെടുത്ത് അലക്കലും അടിക്കലും തുടക്കലും ഒക്കെ കഴിഞ്ഞ് ഒരു വീട്ടിലെ സകല പണികളും ചെയ്തിട്ടാണ് ജോലിക്ക് പോകുന്നത്.

താൻ ജോലിക്ക് പോകാൻ ഇറങ്ങുന്ന സമയത്താണ് മിക്കപ്പോഴും സുധിയേട്ടന്റെ പെങ്ങൾ ഉറക്കത്തിൽ നിന്ന് ഉണർന്നു വരുന്നത്.

ഭർത്താവ് ഗൾഫിലാണ്.അയാളുടെ വീട്ടിൽ നിൽക്കാതെ അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കി ഇവിടെ വന്ന് നിൽക്കുന്നതാണ്.അതിപ്പോൾ തനിക്ക് ഒരു തലവേദനയായി മാറിയിരിക്കുകയാണ്.

വല്ലായ്മയോടെ അവൾ ഓർത്തു.

” കഴിഞ്ഞ ഒരാഴ്ച അമ്മയുടെയും സുമിയുടെയും ബെഡ്റൂമിൽ ബെഡ്ഷീറ്റ് മാറ്റി വിരിക്കേണ്ട എന്ന് സോനു പറഞ്ഞോ..?”

ഗൗരവത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അമ്മ ആകെ പതറി.

” അത് അവൾ പറഞ്ഞതു കൊണ്ടല്ല. ഞങ്ങളുടെയൊക്കെ ബെഡ്റൂമിലെ ബെഡ്ഷീറ്റ് മാറ്റി പുതിയത് വിരിക്കണമെന്ന് അവൾക്ക് തോന്നുന്നില്ലല്ലോ.? ഇപ്പൊ വിരിച്ചേക്കുന്ന ബെഡ്ഷീറ്റ് എടുത്തു കൊണ്ടു പോയി കഴുകിയാൽ അല്ലേ പറ്റൂ..”

അമ്മ പറയുന്ന പരാതി കേട്ടിട്ട് സുധിയേട്ടന്റെ മുഖം ചുവക്കുന്നുണ്ട്.

” എന്റെ അറിവിൽ അമ്മയ്ക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.. ഉണ്ടോ..? “

സുധിയേട്ടന്റെ ചോദ്യം കേട്ട് അമ്മ ഒന്ന് ഞെട്ടിയെങ്കിലും ഇല്ലെന്നു തലയാട്ടി.

“പിന്നെ സുമി. അവൾക്ക് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത തരത്തിലുള്ള അസുഖങ്ങൾ ഒന്നുമില്ല. സ്വന്തം കാര്യങ്ങൾ നോക്കാൻ അവൾക്ക് ബുദ്ധിമുട്ടുള്ള തരത്തിൽ ഒരു ആരോഗ്യപ്രശ്നങ്ങളും അവൾക്കുള്ളതായി എനിക്കറിയില്ല. എന്നിട്ടും നിങ്ങളുടെ രണ്ടാളുടെയും കാര്യങ്ങൾ എന്റെ ഭാര്യ തന്നെ ചെയ്തു തരണമെന്ന് വാശി പിടിക്കുന്നതിന്റെ ഉദ്ദേശം മാത്രം എനിക്ക് മനസ്സിലായില്ല.”

സുധിയേട്ടന്റെ ചോദ്യം അമ്മയെ ദേഷ്യത്തിലാക്കി എന്ന് കണ്ടാൽ അറിയാം.

“ഇപ്പോൾ വന്നുവന്ന് അവൾ പറയുന്നതല്ലാതെ മറ്റൊന്നും നീ കേൾക്കാതെയും വിശ്വസിക്കാതെയും വന്നേക്കുകയാണ്. അവളുടെ പാവാടത്തുമ്പിൽ കെട്ടിയിട്ടു കൊണ്ട് നടക്കുകയാണല്ലോ നിന്നെ.. ഭർത്താവിന്റെ വീട്ടിൽ കിടന്നു കഷ്ടപ്പെട്ടിട്ട് കുറച്ചു ദിവസം സമാധാനത്തോടെ നിൽക്കാനാണ് എന്റെ മോള് ഇവിടേക്ക് വന്നത്.അത് നിന്റെ ഭാര്യയ്ക്ക് പിടിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ ഓരോന്ന് നിന്റെ ചെവിയിൽ കൊണ്ടുവന്നു തരുന്നത്.അതും കേട്ടുകൊണ്ട് നീ വെറുതെ അവളുടെ അടുത്ത് തുള്ളാൻ നിൽക്കരുത്..”

ഒരു മുന്നറിയിപ്പ് പോലെ അമ്മ പറഞ്ഞത് കേട്ട് സുധി ചിരിച്ചു.

” ഭർത്താവിന്റെ വീട്ടിൽ അവൾക്ക് എന്ത് കഷ്ടപ്പാടുണ്ടെന്നാണ് അമ്മ പറഞ്ഞു വരുന്നത്..? അവളുടെ ഭർത്താവ് രതീഷ് ഗൾഫിലാണ്. അതുകൊണ്ടു തന്നെ അവന്റെ കാര്യങ്ങൾ ഒന്നും നോക്കി അവൾ കഷ്ടപ്പെടേണ്ട. അവിടുത്തെ അമ്മ തന്നെയാണ് അവിടെ ആഹാരം ഉണ്ടാക്കുന്നതെന്ന് എത്ര തവണ അവളിവിടെ പറഞ്ഞിട്ടുണ്ട്.. അവിടുത്തെ അച്ഛനും ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് ആ ബാധ്യതയും അവൾക്കില്ല എന്ന ചുരുക്കം. വല്ലപ്പോഴും ഒന്ന് അടിച്ചു വാരുന്നതും, സ്വന്തം വസ്ത്രങ്ങൾ അലക്കിടുന്നതും കഴിച്ച പാത്രം കഴുകി വയ്ക്കുന്നതും ഒക്കെയാണോ അമ്മ പറയുന്ന ഇത്രയും വലിയ പണി..? അങ്ങനെയാണെങ്കിൽ സോനു എന്നേ അവളുടെ വീട്ടിൽ പോയി നിൽക്കേണ്ടതായിരുന്നു. വെളുപ്പിനെ അഞ്ചുമണിക്ക് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് മുതൽ തുടങ്ങുന്നതാണ് അവളുടെ പണികൾ. ഇവിടത്തെ ആഹാരം ഉണ്ടാക്കലും അടിക്കലും തുടയ്ക്കലും എല്ലാവരുടെയും വസ്ത്രം അലക്കലും ഒക്കെയായി നിന്ന് തിരിയാൻ നേരമില്ലാത്ത രീതിയിലാണ് അവളുടെ ജോലികൾ. ഇതൊക്കെ ഒരുവിധം ഒന്നൊതുക്കിയിട്ട് വേണം അവൾക്ക് ജോലിക്ക് പോകാൻ. അവൾ ജോലി കഴിഞ്ഞ് തിരിച്ചു വന്നാൽ മാത്രമേ ഇവിടെ ചായ വയ്ക്കൂ എന്നൊരു നിയമം ഇവിടെയുള്ളത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവൾ തിരിച്ചുവന്ന് ഒരിടത്ത് ഇരിക്കാൻ നേരമില്ലാതെ ഓടി വന്ന് അടുക്കളയിൽ ഓരോ പണി ചെയ്യുന്നത് കാണുമ്പോൾ എനിക്ക് പോലും സഹതാപം തോന്നാറുണ്ട്.എന്നിട്ടും നിങ്ങൾക്ക് ഒരു അലിവ് പോലും തോന്നുന്നില്ലല്ലോ.. ഇന്നിപ്പോ ഞങ്ങൾ രണ്ടാളും കൂടി പുറത്തു പോവുകയാണ് എന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് ചെയ്യാൻ ഇവിടെ കുറെ പണികൾ ബാക്കിയുണ്ട് എന്നായി. നിങ്ങൾ അമ്മയും മോളും കൂടി എന്തെങ്കിലുമൊക്കെ ചെയ്താൽ തീരാവുന്ന പണികൾ മാത്രമേ ഇവിടെയുള്ളൂ. അവൾ എന്റെ ഭാര്യയാണ് അല്ലാതെ ഇവിടുത്തെ ജോലിക്കാരിയല്ല.. അവളെ അടുക്കളയിൽ സഹായിച്ചു എന്ന് കരുതി നിങ്ങൾക്കാർക്കും ഒരു കുഴപ്പവും വരാൻ പോകുന്നില്ല. “

ദേഷ്യത്തിൽ അത്രയും പറഞ്ഞുകൊണ്ട് സുധി മുറിയിലേക്ക് കയറി ചെന്നു.

“നീ ഇവിടെ എന്തു പൂരം കാണാൻ നിൽക്കുകയാണ്..? കൂടെ വരുന്നുണ്ടെങ്കിൽ പോയി റെഡിയാകാൻ നോക്കിക്കോ..”

അവനെ നോക്കി നിൽക്കുന്ന സോനുവിനോട് ദേഷ്യപ്പെട്ടപ്പോൾ അവൾ അവനെ ഒന്ന് നോക്കി. അതേ നിമിഷം അവൻ കണ്ണിറുക്കി പുഞ്ചിരിച്ചു.

അവനോടൊപ്പം യാത്ര തിരിക്കുമ്പോഴും നാളെ മുതൽ ഈ വീട്ടിൽ ഉണ്ടാകാൻ പോകുന്ന അങ്കം എന്തായിരിക്കും എന്ന് അവൾ ചിന്തിക്കാതിരുന്നില്ല. പക്ഷേ നാളെ ഓർത്ത് ഇന്നെന്റെ സന്തോഷം കളയാനും അവൾ ഒരുക്കമായിരുന്നില്ല..!!