രചന: നീതു
:::::::::::::::::::::::::
“” എന്റെ അമ്മേ ഇവിടെ ഒട്ടും പ്രൈവസി ഇല്ല എന്ന് പറഞ്ഞ് ഇവൾ കുറെ ദിവസമായി എന്നോട് നമുക്ക് വാടക വീട്ടിലേക്ക് മാറാം എന്ന് പറയുന്നു… “””
ദീപക് രാവിലെ ചായ കുടിക്കുന്നതിനിടയിൽ എല്ലാവരുടെയും മുന്നിൽ വച്ചത് പറഞ്ഞപ്പോൾ ദീപ വല്ലാതായിരുന്നു അവൾ ഒന്നും മിണ്ടാതെ അവിടെത്തന്നെ നിന്നു…
“”” ഓഹോ അപ്പോൾ നിനക്ക് ഞങ്ങടെ മോനെ ഞങ്ങളിൽ നിന്ന് അകറ്റി നിന്റെ ഇഷ്ടത്തിന് കൊണ്ടുപോണം അതായിരുന്നു അല്ലേ പ്ലാൻ… “””
“”” ഇവിടെ മര്യാദയ്ക്കാണ് എന്നുണ്ടെങ്കിൽ എങ്ങോട്ടും പോകണം എന്നില്ല എനിക്ക് പക്ഷേ ഇവിടെ അങ്ങനെ അല്ലല്ലോ അതുകൊണ്ട് മാത്രമാണ് പോണം എന്ന് ഞാൻ പറഞ്ഞത്.. “””
ഗീതയും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല..
“” ഇവിടെ എന്ത് മര്യാദ കേടാടി നീ കണ്ടത് നിന്നെ എല്ലാവരും കൂടി ഇവിടെ നുള്ളി തിന്നുന്നുണ്ടോ?? “”
എന്തോ പിന്നെയും അവരുടെ മുന്നിൽ കിടന്ന് വഴക്കിടാൻ തോന്നിയില്ല ദീപക്ക്. വേഗം റൂമിലേക്ക് ചെന്നു. ഇത്രയും നാൾ താൻ പറഞ്ഞതൊന്നും മനസ്സിലാക്കാതെ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ കൊച്ചാക്കിയ ഭർത്താവിനോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു അവൾക്ക്… സ്വന്തം റൂമിൽ ഇരുന്ന് പറഞ്ഞ പ്രൈവറ്റ് ആയിട്ടുള്ള കാര്യങ്ങൾ അയാൾ ഈ വിധത്തിൽ എല്ലാവരും ഇരിക്കുമ്പോൾ തുറന്നു പറഞ്ഞെങ്കിൽ ആ മനസ്സിൽ തനിക്കുള്ള സ്ഥാനം ഊഹിക്കാൻ കഴിയുമായിരുന്നു…
“”” വീട് മാറണം… കെട്ട്യോനെ ഒറ്റയ്ക്ക് കൊണ്ടുപോകണം… അതിനാ തലയണമന്ത്രം ചൊല്ലി കൊടുക്കുന്നേ…. ഓരോന്ന് പറഞ്ഞ് എന്റെ കൊച്ചിന് അവൾ സ്വൈര്യം കൊടുക്കുന്നില്ലല്ലോ ഭാഗവതീ… “”” എന്നെല്ലാം പറഞ്ഞ് അവിടെ കിടന്നു അമ്മ ഒച്ചയെടുക്കുന്നത് അവൾ റൂമിൽ ഇരുന്ന് കേട്ടു അവൾക്ക് ഒന്നും പ്രതികരിക്കാൻ തോന്നിയില്ല ആകെക്കൂടെ ഒരു മരവിപ്പ് മാത്രം..
വെറുതെ അങ്ങനെ അയാളെയും വിളിച്ച് ഇറങ്ങിപ്പോകാൻ നിന്നതല്ല അതിനെല്ലാം തക്കതായ കാരണങ്ങളും ഉണ്ട്..
ജാതകത്തിൽ എന്തോ കുഴപ്പമുണ്ട് എന്നും പറഞ്ഞാണ് അച്ഛൻ നേരത്തെ തന്നെ കല്യാണാലോചന തുടങ്ങിയത് കുറെ പറഞ്ഞതാണ് എന്തെങ്കിലും ഒരു ജോലി കിട്ടിയിട്ടു മതി എന്ന് പക്ഷേ അവർക്ക് എന്റെ ഭാവിയെക്കാൾ വിശ്വാസം ജാതകത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ ജാതകവും എന്റേതുമായി ചേർന്നപ്പോൾ പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ല കല്യാണം നടത്തി..
എനിക്കൊരു ഏട്ടൻ മാത്രമാണ് ഉണ്ടായിരുന്നത് ഏട്ടൻ മിലിട്ടറിയിൽ ആണ് എന്റെ വിവാഹം നടക്കുമ്പോൾ ഏട്ടൻ ജോലിയിലായിരുന്നു ലീവ് കിട്ടിയില്ല അച്ഛനോട് ഏട്ടൻ പരമാവധി പറഞ്ഞതാണ് എന്റെ വിവാഹം അവൾക്കൊരു ജോലി കിട്ടിയതിനുശേഷം മാത്രം മതി എന്ന് പക്ഷേ അച്ഛൻ അതിനെ എതിർത്ത് അച്ഛന്റെ ഇഷ്ടപ്രകാരം തന്നെയാണ് കല്യാണം നടത്തിയത്….
ഇവിടെ നാലു മക്കളാണ് അമ്മയ്ക്ക് മൂത്തത് ഒരു പെങ്ങളാണ് രണ്ടാമത്തെ ആണ് എന്റെ ഭർത്താവ് ഇനിയും താഴെ ഒരു പെണ്ണും ഒരു അനിയനും ഉണ്ട് പെൺമക്കളുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞതാണ്… മൂത്ത പെങ്ങൾ വിവാഹം കഴിഞ്ഞ് ആ ബന്ധം ഒഴിവാക്കി ഇവിടെ വന്ന് നിൽക്കുകയാണ്..
അതിൽ അവർക്ക് രണ്ടു മക്കളും ഉണ്ട് അവരുടെ എല്ലാം ചുമതല ആൺ മക്കളുടേതാണ് എന്ന് അമ്മ കൂടെക്കൂടെ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു അതിനൊന്നും എനിക്ക് എതിർപ്പില്ല പക്ഷേ ചേച്ചിയുടെയും അമ്മയുടെയും സ്വഭാവം വല്ലാത്തതാണ് ഞാനും ദീപക്കേട്ടനും എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആദ്യം ഓടി വന്ന് ഇടപെടുക അവരാണ് ഞങ്ങളുടെ ചെറിയ സൗന്ദര്യ പിണക്കം പോലും അവർ വലുതാക്കി കാണിക്കും….
റൂമിൽ ഇരുന്ന് എന്തെങ്കിലും സംസാരിച്ചാൽ അതിനെല്ലാം മറുപടി ഇവരാവും പറയുക രണ്ടുപേരും അവിടെ വന്ന് കാതോർത്തു നിൽക്കും..
സത്യം പറഞ്ഞാൽ വല്ലാത്ത ഒരു ശ്വാസംമുട്ടൽ ആണ് അവിടെ നിൽക്കുമ്പോൾ… എന്തിനും ഏതിനും അവരുടെ ഒരു കൈക്കടത്തിൽ വല്ലാത്ത ഒരു അസ്വസ്ഥത സമ്മാനിച്ചിരുന്നു…
ഭാര്യക്കും ഭർത്താവിനും അവർക്ക് വേണ്ടുന്ന സ്വകാര്യത നൽകണം എന്നുള്ള ബോധം ഒന്നും അവർക്കില്ല ഞങ്ങളുടെ എല്ലാ കാര്യങ്ങളും അവർ പറഞ്ഞങ്ങു വലുതാക്കും എന്നെ ദീപക്കേട്ടന്റെ മുന്നിൽ വലിയ തെറ്റുകാരി ആക്കി ചിത്രീകരിക്കും…
പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ആരെങ്കിലും ഒരാൾ സോറി പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഞങ്ങൾക്കിടയിൽ ഉണ്ടാവാറുള്ളൂ അതിത്രത്തോളം വലുതാകുന്നത് അവരാണ് എന്നിട്ട് ഞങ്ങളുടെ രണ്ടുപേരുടെയും കൈയിൽ നിൽക്കാതെയാവും….
അതുകൊണ്ടുതന്നെ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ പോലും തോന്നാറില്ല അതുകൊണ്ട് മാത്രമാണ് ഞാൻ പറഞ്ഞത് വാടകയ്ക്ക് ഒരു വീടെടുത്ത് മാറാമെന്ന് എന്റെ വീട്ടിൽ വന്ന് നിൽക്കാൻ എന്തായാലും അദ്ദേഹം തയ്യാറാവില്ല എന്ന് എനിക്കറിയാം ആയിരുന്നു പക്ഷേ അതിങ്ങനെ ഇവരുടെയെല്ലാം ഇടയിൽ വന്നു പറഞ്ഞു വലിയ പ്രശ്നമാക്കും എന്ന് ഞാൻ കരുതിയില്ല എന്റെ ഭർത്താവ് അല്ലേ അതുകൊണ്ട് ഞങ്ങളുടെ സ്വകാര്യതയിൽ പെടുന്ന കാര്യമാകും അത് എന്ന് കരുതി…
ഈ കാര്യം ഇവിടം കൊണ്ട് ഒന്നും നിന്നില്ല എന്റെ വീട്ടുകാരെ വിളിച്ചു വരുത്തണമെന്ന് പറഞ്ഞു അമ്മ… മകളെ ഇങ്ങനെയാണോ പഠിപ്പിച്ചു വിട്ടിരിക്കുന്നത് ചെന്ന് കേറുന്ന വീട് തകർക്കാൻ ആണ് മകൾ ശ്രമിക്കുന്നത്….
എന്നെല്ലാം പറയാൻ…
എനിക്കറിയാമായിരുന്നു അവർ വന്നാൽ എന്താണ് നടക്കുക എന്ന് എന്നെ കുറെ ഉപദേശിച്ചിട്ട് ഇവിടെ നല്ല മരുമകൾ ആവണം എന്ന് പറഞ്ഞു പോകും വീണ്ടും ഞാൻ ഇവരുടെ കാൽ ചുവട്ടിൽ തന്നെയാകും ഇപ്പോൾ എനിക്ക് ഭർത്താവിൽ പോലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു അയാൾക്കും എനിക്കും ഇടയിൽ ഒരുപാട് അന്തരം ഉള്ളതുപോലെ അതുകൊണ്ടുതന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഇരുന്നു പെട്ടെന്നാണ് പുറത്തുനിന്ന് വലിയ സംസാരം കേട്ടത് ഓടിപ്പോയി നോക്കിയപ്പോൾ കണ്ടു എന്റെ ഏട്ടനെ….
“”” അവൾ പറഞ്ഞതാണ് ശരി. ഒരു ഭാര്യക്കും ഭർത്താവിനും അത്യാവശ്യം പ്രൈവസി കൊടുക്കണം. അതുപോലും അറിയാതെ ഇതുപോലെ ചാടി കടിക്കുകയാണോ വേണ്ടത്.. അത് മനസ്സിലാക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് താൻ അവളുടെ ഭർത്താവാണ് എന്ന് പറഞ്ഞിരിക്കുന്നത്… ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്… ഒന്നുകിൽ അവരുടെ ജീവിതം അവർക്ക് വിട്ടുകൊടുക്കുക അല്ലെങ്കിൽ മറ്റൊരു വീട് വാടകയ്ക്ക് എടുത്ത് അവളെ വന്ന് വിളിച്ചാൽ ഞാൻ പറഞ്ഞയക്കാം… ഇതൊന്നുമല്ലെങ്കിൽ അവളെ ഞാൻ നോക്കിക്കോളാം… “””
അത്രയും പറഞ്ഞ് എന്റെ അടുത്ത് പറഞ്ഞിട്ട് പറഞ്ഞു നിനക്ക് എടുക്കാൻ ഉള്ളതെല്ലാം എടുത്തുകൂടെ വാ എന്ന്….
അവരെല്ലാം ഏട്ടന് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി അതിലൂടെ എന്റെ ഏട്ടന് എന്റെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലായിരുന്നു..
എന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. ചേർത്തുപിടിക്കാൻ ഒരാൾ ഉള്ളതിന്റെ സന്തോഷം..
അവിടെനിന്ന് ഇറങ്ങുമ്പോൾ ദീപക്കേട്ടൻ പറഞ്ഞിരുന്നു ഇതോടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം എന്ന് സന്തോഷത്തോടെ തന്നെ ഞാൻ താലി ഊരി കൊടുത്തു പറഞ്ഞു എനിക്കും ഇപ്പോ അതാ നല്ലത് എന്ന് തോന്നുന്നു എന്ന്….
“”” എടി പൊട്ടിക്കാളി ഇത് നിന്റെ ജീവിതമല്ലേ നിനക്ക് പറയാമായിരുന്നില്ലേ ഇപ്പോഴേ ഇങ്ങനെ ഒരു വിഡ്ഡിവേഷം കെട്ടാൻ പറ്റില്ല എന്ന് “”‘
ചേട്ടൻ എന്നോട് അങ്ങനെ ചോദിക്കുമ്പോൾ എനിക്ക് ഉത്തരം ഇല്ലായിരുന്നു…
അപ്പോ ഏട്ടൻ പറഞ്ഞിരുന്നു ഇതുതന്നെയാണ് പല പെൺകുട്ടികളുടെയും പ്രശ്നം എന്ന്……
അത് സത്യമാണെന്ന് എനിക്കറിയാം എന്നെ നേരെ കൊണ്ടുപോയി ചേർത്തത് പിജിക്ക് ആണ്….
ഇനി പഠിച്ച് ജോലിയായിട്ടും മതി മറ്റൊരു വിവാഹം എന്ന് എല്ലാവരോടും സ്ട്രിക്റ്റായി ഏട്ടൻ പറഞ്ഞിരുന്നു….
ഇപ്പോൾ വല്ലാത്തൊരു ആശ്വാസം കൊണ്ട് ചേർത്തു പിടിക്കാൻ കൈ കരുത്തുള്ള ഒരു കൂടപ്പിറപ്പുള്ളതിന്റെ ആശ്വാസം…