അമ്മ മനസ്സ് – രചന: NKR മട്ടന്നൂർ
ആ കാഴ്ച കണ്ടപ്പോള്‍ എന്‍റെ ഹൃദയം നുറുങ്ങിപോയി. ഉമ്മറത്ത് ചാണകം മെഴുകിയ തറയിലിരുന്ന് വിങ്ങിക്കരയുന്ന എന്നരികിലേക്ക് കുഞ്ഞോളാ ആദ്യം വന്നത്. എന്‍റെ കയ്യില്‍ നിന്നും അതും വാങ്ങി അവള്‍ അമ്മയുടെ അരികിലേക്ക് ഓടി…
”അമ്മേ ഇതാ ഏട്ടന്‍റെ പുതിയ ചെരിപ്പിന്‍റെ വള്ളി നായ് കടിച്ചു മുറിച്ചിരിക്കുന്നു…ഏട്ടനതാ ഉമ്മത്തിരുന്ന് കരയുന്നു…”
അമ്മ വള്ളി പൊട്ടിയ ചെരിപ്പുമായ് എന്‍റരികിലേക്ക് വന്നു…അമ്മയ്ക്കും സങ്കടായി…അരികിലിരുന്നെന്‍റെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു…സാരമില്ലാ…ന്‍റെ മോന്‍ കരയേണ്ടാ. അമ്മ നാളെ പുതിയതൊരെണ്ണം വാങ്ങിത്തരാനാവ്വോന്ന് നോക്കട്ടെ…
എനിക്കറിയാമായിരുന്നു നാളെയൊന്നും ഇനി അതു വാങ്ങിത്തരാന്‍ അമ്മയുടെ കയ്യില്‍ കാശുണ്ടാവില്ലാന്ന്…
ഒരു ”ഹവാക്കര്‍ ഹവായ് ” വാങ്ങിച്ചു തന്നിട്ട് ആറുമാസം ഞാനതിനെ പൊന്നു പോലെ കൊണ്ടു നടന്നതായിരുന്നു. നാലു ദിവസമായി അതുപേക്ഷിച്ചിട്ട്…തേഞ്ഞു തേഞ്ഞു ബ്ലേഡു കനത്തിലായിരുന്നു. ഒടുവില്‍ ഒരു തുളവന്നു…അങ്ങനെയാ അതിനെ കളയേണ്ടിവന്നത്…
കുഞ്ഞോള്‍ക്ക് കാലില്‍ കുടുക്കാവുന്ന ഒരു പ്ലാസ്റ്റിക്ക് ചെരുപ്പായിരുന്നു വാങ്ങിയത്…അതും അവള്‍ നല്ലപോലെ സൂക്ഷിച്ചാ കൊണ്ടു നടക്കുന്നത്…വീട്ടില്‍ ദാരിദ്ര്യം വന്നു കേറാതെ അമ്മ തള്ളി നീക്കുവാ ഓരോ നാളും…
എനിക്കു പതിനഞ്ചും കുഞ്ഞോള്‍ക്ക് പന്ത്രണ്ടും വയസ്സായിരിക്കുന്നു. പത്തു വര്‍ഷം മുന്നേ തുടങ്ങിയതാ എന്‍റെമ്മയുടെ കഷ്ടപ്പാട്…
അമ്മയുടേത് ഒരു പ്രണയവിവാഹമായിരുന്നു. അച്ഛന്‍ ദൂരേ ഏതോ നാട്ടീന്ന് വന്നതായിരുന്നു ഇവിടേക്ക്…വീടിന്‍റെ മൊത്തം കരാറു ജോലിയായിരുന്നു അച്ഛന്…നല്ലൊരു പണിക്കാരന്‍. കാണാനും സുന്ദരനായിരുന്നു പോലും…
അമ്മയുടെ അമ്മയോട് എന്തിനോ പിണങ്ങി ഞങ്ങളെ ഉപേക്ഷിച്ചു പോവുകയാണുണ്ടായത്…അമ്മയുടെ തന്നിഷ്ടം കൊണ്ട് വരുത്തിവെച്ച ഈ യാതനകള്‍ അമ്മ പിന്നീടങ്ങോട്ട് ഏറ്റെടുത്തു…
കൂലി വേല ചെയ്തായിരുന്നു ഞങ്ങളുടെ ജീവിത വഞ്ചി തുഴഞ്ഞു തുടങ്ങിയത്. പലപ്പോഴും അതു നടുക്കടലില്‍ തന്നെ കിടന്നു ദിക്കറിയാതെ. കാരണം രണ്ടുമക്കളേയും കൊണ്ട് ആശുപത്രി കയറിയിറങ്ങുകയായിരുന്നു കുറേ നാളുകള്‍. കുഞ്ഞോള്‍ക്ക് ആറു വയസ്സു വരെ എന്നും അസുഖമായിരുന്നു. പലപ്പോഴും മരണത്തിന്‍റെ മുന്നീന്ന് അമ്മയുടേയും എന്‍റേയും കരച്ചില്‍ കണ്ടിട്ട് ദൈവം അവളെ ഞങ്ങള്‍ക്ക് തിരികേ തന്നതായിരുന്നു…
എന്നോ എന്നെ ചേര്‍ത്തുപിടിച്ച ഒരു അച്ഛന്‍റെ
മണമുള്ളൊരോര്‍മ്മ മാത്രേ എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ…കുഞ്ഞോള്‍ക്ക് അങ്ങനെ ഒരാളെ കണ്ടതേ ഓര്‍മ്മയില്ലാ…
ഞാനും അച്ഛനും അമ്മയും ഒന്നായുള്ളൊരു പഴയ ”ബ്ലാക്ക് & വൈറ്റ് ” ഫോട്ടോ ഞങ്ങളുടെ ചുവരില്‍ തൂങ്ങി കിടപ്പുണ്ടായിരുന്നു. അച്ഛനതാണെന്നോര്‍മ്മിപ്പിച്ചു കൊണ്ട്…
അമ്മ രാവിലെ ജോലിക്ക് പോവുമ്പോഴെന്നും അതിനു മുന്നില്‍ ഒരു നിമിഷം മൗനമായ് നില്‍ക്കുമായിരുന്നു. അതൊരു പ്രാര്‍ത്ഥന ആയിരുന്നു. എന്തെന്നറിയാത്ത പ്രാര്‍ത്ഥന…
എനിക്കു പലപ്പോഴും വിശക്കുമ്പോള്‍ അച്ഛനോട് ദേഷ്യം തോന്നാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാനാ ഫോട്ടോയിലേക്ക് നോക്കി അച്ഛനോട് പറയും…നിങ്ങള്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് സുഖിക്കയല്ലേ…എന്തിനാ പിന്നെ തിന്നാന്‍ കൊണ്ടുത്തരാന്‍ കഴിയാത്ത ആള്‍ ഞങ്ങള്‍ക്ക് ജന്‍മം തന്നതെന്ന്…? അമ്മ അപ്പോള്‍ മൗനമായിട്ട് എന്നെ നോക്കിയിരിക്കും…
എന്നിട്ടെന്നോട് ചോദിക്കും, മോന് അച്ഛനോട് ദേഷ്യം ണ്ടോ…അങ്ങനൊന്നും വേണ്ടാ ട്ടോ…അച്ഛന് എന്തെങ്കിലും വിഷമം വന്നു കാണും, അതാവും നമ്മളെ തേടി വരാത്തത്…എന്നെങ്കിലും ഒരുനാള്‍ വരുംട്ടോ…കുറേ മിട്ടായിയും കുറേ വസ്ത്രങ്ങളുമൊക്കെ കൊണ്ടു വരും…
അന്നു മുതലായിരുന്നു. ഞാന്‍ അച്ഛന്‍ തിരികേ വരാനായ് പ്രാര്‍ത്ഥിച്ചു തുടങ്ങിയത്. കുഞ്ഞോളും അതുകേട്ട് ഈശ്വരാ, ”അയാള് തിരിച്ചു വരണേന്ന്” പ്രാര്‍ത്ഥിക്കുമായിരുന്നു. അയാളല്ല…അച്ഛനാന്ന് ഞാന്‍ ഒത്തിരി പറഞ്ഞു കൊടുത്തെങ്കിലും കുഞ്ഞോളുടെ നാവിന് അച്ഛനെന്ന വാക്ക് വഴങ്ങാതെ പോയി.
കുഞ്ഞുന്നാളില്‍ പെണ്ണിന്‍റെ കുസൃതികള്‍ക്കെല്ലാം വഴക്കു കേട്ടിരുന്നത് ഞാനായിരുന്നു. എങ്കിലും അമ്മയെന്നെ അടിക്കാറില്ലായിരുന്നു. അമ്മയ്ക്കു സങ്കടം വരുമ്പോഴെല്ലാം അമ്മ എന്നേയും കുഞ്ഞോളേയും കെട്ടിപ്പിടിച്ചു കരയുമായിരുന്നു. അമ്മയ്ക്ക് നിങ്ങളല്ലേ ഉള്ളൂ എന്നു പറഞ്ഞു കരയുന്ന അമ്മയ്ക്കൊപ്പം ഞാനും കുഞ്ഞോളും കരഞ്ഞിട്ടുണ്ട് പലപ്പോഴും…
പത്താം ക്ലാസ്സിലെത്തിയെങ്കിലും എനിക്കും അമ്മയുടെ മനസ്സായിരുന്നു. പെട്ടെന്ന് സങ്കടം വരികയും കണ്ണുകള്‍ നിറയുകയും ചെയ്യും. അമ്മയോട് പലപ്പോഴും ആശ്വസിപ്പിക്കാനായ് ഞാന്‍ പറയാറുണ്ടായിരുന്നു…
ഞാന്‍ പഠിച്ചൊരു ജോലി നേടിയാല്‍ അമ്മയെ ജോലിക്കു പോവാനൊന്നും വിടില്ലാട്ടോ…ഒരു കാറു വാങ്ങിയിട്ട് അമ്മയെ മുന്നിലിരുത്തി ഞാന്‍ അമ്പലത്തിലൊക്കെ കൊണ്ടു പോവുമെന്നും…അതുകേട്ട് കുഞ്ഞോള്‍ക്ക് ഒരിക്കല്‍ സങ്കടായി. എന്നേയും മുന്നിലിരുത്തണമെന്നും പറഞ്ഞ് എന്നെ മാന്തുകയും പിച്ചുകയും ചെയ്തു ഒരുപാട്.
ഒടുവില്‍ ഞാനവളെ കെട്ടിപ്പിടിച്ചു ചെവിയില്‍ പറഞ്ഞു നിന്നെ ഡ്രൈവിങ്ങ് പഠിപ്പിച്ചു മുന്നിലിരുത്തും, നീയാ കാറോടിക്കുകയെന്നും ഏട്ടന്‍ പിറകിലിരുന്നോളാമെന്നും…അങ്ങനെയാ അതിന് സമാധാനമായത്…പാവം പെണ്ണായിരുന്നു എന്‍റെ കുഞ്ഞനുജത്തി.
കുഞ്ഞു മോളേന്നായിരുന്നു അതിനെ ഞാന്‍ കുഞ്ഞുന്നാളിലേ വിളിച്ചിരുന്നത്. കുഞ്ഞുമോള്‍ ലോപിച്ച് ഒടുവില്‍ കുഞ്ഞോളായി…ഏട്ടനായിരുന്നു അവളുടെ എല്ലാം. അമ്മ ജോലി കഴിഞ്ഞു വരുമ്പോള്‍ ചിലപ്പോഴൊക്കെ സന്ധ്യകഴിഞ്ഞ് നേരം ഇരുട്ടാറുണ്ടായിരുന്നു. അപ്പോഴൊക്കെ വാതിലടച്ച് മണ്ണെണ്ണ വിളക്കിനു മുന്നില്‍ എന്‍റെ മടിയിലായിരിക്കും പെണ്ണ്.
അവള്‍ പലപ്പോഴും അമ്മ വരുമ്പോഴേക്കും എന്‍റെ മാറില്‍ കിടന്ന് ഉറക്കമായിരിക്കും. ഞാനപ്പോഴും അമ്മയുടെ മോനേന്നുള്ള വിളിക്കായ് കാതോര്‍ത്ത് ഉറങ്ങാതിരിക്കും…അമ്മ വന്നിട്ട് ചോറും കറിയും വെച്ച് കഴിച്ചിട്ടായിരുന്നു ഞങ്ങളെന്നും ഉറങ്ങാറ്…
കറണ്ട് കിട്ടിയിട്ട് അഞ്ചു വര്‍ഷത്തോളമേ ആയുള്ളൂ. അമ്മയുടെ കഷ്ടപ്പാടുകളെല്ലാം മാറാനായ് എന്നും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ഞാനും കുഞ്ഞോളും. പ്രീ-ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് ഞാന്‍ കോളജിലേക്ക് പോവുമ്പോള്‍ കുഞ്ഞോള്‍ അപ്പോള്‍ തുടങ്ങിയ പ്ലസ് വൺ ക്ലാസിലെത്തിയിരുന്നു.
ഞാനും അവളും ഒന്നിച്ചിരുന്നാ പഠിച്ചിരുന്നത്. പത്താം ക്ലാസ്സിലെ പരീക്ഷാ സമയത്ത് പുലര്‍ച്ചേ നാലുമണിക്ക് അമ്മയെന്നെ വിളിച്ചുണര്‍ത്തുമായിരുന്നു. ആറു ദിവസം കൊണ്ട് പന്ത്രണ്ടു പരീക്ഷയെഴുതി അറുനൂറില്‍ 420 മാര്‍ക്ക് വാങ്ങിയായിരുന്നു ഞാന്‍ ജയിച്ചത്.
അന്ന് അമ്മയും കുഞ്ഞോളും എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിലും കവിളിലും കുറേ ഉമ്മ തന്നിരുന്നു. കുഞ്ഞോളും പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്കോടെയാ പാസ്സായത്. അപ്പോഴൊക്കെ അമ്മയുടെ കണ്ണുകള്‍ ഏതോ ഓര്‍മ്മകളാല്‍ നിറയുമായിരുന്നു…ആ ഓര്‍മ്മകള്‍ക്കു പിന്നില്‍ അച്ഛനാവുമെന്ന് ഞാനോര്‍ത്തു.
കോളജിലേക്ക് പോവുമ്പോഴും അമ്മ പറയുമായിരുന്നു അച്ഛനെ നിങ്ങളാരും വെറുക്കരുതേയെന്ന്. ഇത്രയും യാതനയും കഷ്ടപ്പാടുകളും സഹിച്ചിട്ടും അച്ഛനെ വെറുക്കാത്ത ആ ”അമ്മമനസ്സ്” എനിക്കെന്നും അത്ഭുതമായിരുന്നു.
കോളജില്‍ പോവുമ്പോള്‍ ലീവുള്ള ദിവസങ്ങളില്‍ ഞാനും അമ്മയുടെ കൂടെ കൂലിപണിക്ക് പോയി ചില്ലറ കാശു സമ്പാദിച്ചിരുന്നു. അതുകൊണ്ട് കുറച്ചു ഡ്രസ്സും പുസ്തകങ്ങളുമൊക്കെ വാങ്ങാനാവാറുണ്ട്.
അന്നൊരു ഞായറാഴ്ചയായിരുന്നു. രാവിലെ കുഞ്ഞോളായിരുന്നു മടി പിടിച്ചു പുതച്ചുറങ്ങുകയായിരുന്ന എന്നെ നിര്‍ബന്ധിച്ചു എഴുന്നേല്‍പ്പിച്ചതും കൂട്ടി അമ്പലത്തിലേക്ക് പോയതും. അതൊരു പതിവായിരുന്നു ഞങ്ങള്‍ക്ക്.
ലീവുള്ള നാളുകളില്‍ അടുത്തുള്ള ശിവന്‍റമ്പലത്തില്‍ കുളിച്ചു തൊഴാന്‍ അമ്മ പഠിപ്പിച്ചതായിരുന്നു ഞങ്ങളെ…തൊഴുതു പുറത്തിറങ്ങിയപ്പോള്‍ പെണ്ണെന്‍റെ നെറ്റിയില്‍ നനുത്ത ചന്ദനം ചാര്‍ത്തിത്തന്നു…
ഏട്ടാ…
എന്താടീ…ഞാന്‍ വിളി കേട്ടു…
എനിക്കൊരു ഏട്ടത്തിയമ്മയെ കണ്ടെത്തിയില്ലേ ഇതുവരേ…? കണ്ണില്‍ കുസൃതി നിറച്ചവള്‍ ചോദിച്ചു.
അയ്യടാ…ആദ്യം നിന്നെ ആരുടേയെങ്കിലും കൂടെ പറഞ്ഞു വിടണം എന്നിട്ടു മതി ഒരേട്ടത്തിയമ്മയെ അവിടേക്ക് കൊണ്ടു വരുന്നത്.
കുഞ്ഞോളുടെ മുഖം പെട്ടെന്ന് വാടി. ഓഹോ അപ്പോള്‍ അതാണല്ലേ മനസ്സിലിരിപ്പ്. എന്നെ ആരുടേലും കൂടെ പറഞ്ഞയച്ചിട്ട് നിങ്ങളെ അങ്ങനെ സുഖിക്കാന്‍ വിടില്ല ഞാന്‍…
മൂകമായ കുറേ നിമിഷങ്ങള്‍. അവളൊന്നും മിണ്ടാതെ നടക്കുവാ. എന്തുവാ നീ ആരേലും കണ്ടു വച്ചിട്ടുണ്ടോ ഇപ്പോള്‍ തന്നെ…? ഒന്നും മിണ്ടുന്നില്ല…ആ കൈ പിടിച്ചു ഞാന്‍…അവിടെ തല കുനിച്ചു നല്‍ക്കുന്നു. ഞാനാ മുഖം പിടിച്ചുയര്‍ത്തി. കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
അയ്യോ വല്യ പെണ്ണായിട്ടും നിന്നു കരയണത് കണ്ടില്ലേ…ഞാന്‍ ചിരിച്ചപ്പോള്‍ കരയാന്‍ തുടങ്ങി…എന്നോട് ചേര്‍ത്തു നിര്‍ത്തി അയ്യേ…ഏട്ടനൊരു തമാശ പറഞ്ഞതല്ലേ…മോളെവിടേയും പോവേണ്ടാ ട്ടോ…ഞാന്‍ വരുന്നവരോടൊക്കെ പറഞ്ഞോളാം എന്‍റെ കുഞ്ഞോളെ ആര്‍ക്കും തരില്ലാന്ന്…
എന്നാലും ഏട്ടനേം അമ്മയേയും വിട്ട് ഒരുനാള്‍ ഞാനാ പടിയിറങ്ങേണ്ടി വരില്ലേ ഏട്ടാ…പെണ്ണു കാര്യമാക്കിയ പോലെയാ…പെട്ടെന്നെന്‍റെ കണ്ണുകളും നിറഞ്ഞു.
നീ വന്നാട്ടെ രാവിലെ തന്നെ ചുമ്മാ മനുഷ്യനെ ടെന്‍ഷനാക്കാതെ. കണ്ണുകള്‍ തുടച്ചു തന്നെയാ കുഞ്ഞോളെന്‍റെ കൂടെ വീടിന്‍റെ മുറ്റം കടന്നതും. വരാന്തയിലെ കസേരയില്‍ ഒരാളിരിക്കുന്നു. പടി വാതിലില്‍ അമ്മയും ഇരിക്കുന്നു.
ആ മുഖത്തേക്ക് നോക്കിയപ്പോള്‍… ”എന്‍റെ മനസ്സ് അകത്തെചുവരില്‍ തൂങ്ങുന്ന ഫോട്ടോയിലേക്ക് ഓടിപ്പോയി…”
പാന്‍റും ഷര്‍ട്ടുമാ വേഷം…അതേ സൗന്ദര്യം തന്നേ ഇപ്പോഴുമുണ്ട്. കുഞ്ഞോളെന്‍റെ പിറകിലേക്ക് ഒതുങ്ങി നിന്നു…എന്‍റെ ചുണ്ടുകളീന്നും ആ വാക്ക് അടര്‍ന്ന് വീണു…
“അച്ഛന്‍…”
പിന്നില്‍ നിന്നും രണ്ടു കൈകളെന്‍റെ ഷര്‍ട്ടില്‍ പിടിച്ചു, ഒരാശ്രയത്തിനെന്ന പോലെ…അച്ഛന്‍റെ മുഖത്തെ ഭാവമെനിക്ക് കാണാനായില്ല, കണ്ണുനീരിനാല്‍…
അമ്മ വന്നു ഞങ്ങളെ ചേര്‍ത്തുപിടിച്ച് ആ മുന്നില്‍ കൊണ്ടു നിര്‍ത്തി. ദാ…അഞ്ചും രണ്ടും വയസ്സുള്ളപ്പോള്‍ നിങ്ങള്‍ എന്നെ ഏല്‍പ്പിച്ചിട്ടു പോയ മക്കള്‍…എനിക്കാവും പോലെ ഞാന്‍ വളര്‍ത്തിയിതാ, പഠിപ്പിച്ചിട്ടുമുണ്ട്…
അമ്മയുടെ കണ്ണുകള്‍ നിറയുന്നത് കാണാനെനിക്കു വയ്യാത്തതിനാല്‍ ഞാന്‍ വീട്ടിനകത്തേക്ക് കയറിപ്പോയി…പിറകേ കുഞ്ഞോളും വന്നു. ഇടറിയ വാക്കുകളാല്‍ അമ്മ പറയുന്നത് കേട്ടു…ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാനവരോട് പറയാറുണ്ടായിരുന്നു. നിങ്ങളുടെ അച്ഛനൊരുനാള്‍ നമ്മള്‍ക്കരികിലേക്ക് വരുമെന്ന്…
എന്തായാലും നിങ്ങള്‍ക്ക് വരാന്‍ തോന്നിയല്ലോ…? അവരുടെ ലോകം എനിക്കു ചുറ്റുമായിരുന്നു. ഇത്രനാളും കൊടുക്കാതെ പോയ സ്നേഹം ഇനിയെന്നും കിട്ടുമെങ്കില്‍ അവര്‍ ചിലപ്പോള്‍ മാറുമായിരിക്കും. നിങ്ങളെ അംഗീകരിക്കാനും സ്നേഹിക്കാനും കഴിയുമായിരിക്കും…
കാതോര്‍ത്തിരിക്കവേ അച്ഛന്‍റെ ശബ്ദം കേട്ടു, ഞാനും കുഞ്ഞോളും…നാട്ടില്‍ ഞാനെന്‍റെ സ്ഥലത്തൊരു വീടുവെച്ചിട്ടുണ്ട്. അതെന്‍റെയൊരു വാശിയായിരുന്നു. അന്നുമുതലുള്ള എന്‍റെ സമ്പാദ്യം മുഴുവന്‍ ഞാന്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു.
നിങ്ങളുടെ മുന്നില്‍ വരാതിരിക്കാന്‍ ഞാന്‍ എന്നെത്തന്നെ നിയന്ത്രിച്ചു നിര്‍ത്തിയതായിരുന്നു ഇത്രനാളും. പിന്നെ എന്‍റെ വീടെന്ന മോഹം നടക്കാതെ പോവുമായിരുന്നു. ഇനിയെന്നും നമുക്ക് ഒന്നായ് കഴിയാം ആ വീട്ടില്‍…എനിക്കറിയാം എന്‍റെ മക്കള്‍ എന്നെ മനസ്സിലാക്കുമെന്ന്…അവര്‍ക്കെന്നെ മനസ്സു തുറന്നു സ്നേഹിക്കാനാവുമെന്ന്…
ഏട്ടാ…പെണ്ണിനും സങ്കടം. നമ്മുടെ അച്ഛന്‍ പാവമാ അല്ലേ…വാ…അവളെന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അച്ഛന്‍റെ മുന്നില്‍ ചെന്നു നിന്നു. ഞങ്ങള്‍ കൊതിച്ച പോലെ അച്ഛന്‍റെ കൈകള്‍ ഞങ്ങളെ ആ മാറോടു ചേര്‍ത്തണച്ചു.
അച്ഛന്‍റെ സ്നേഹത്തിനും ചൂടിനും വേണ്ടി ഞങ്ങളും അച്ഛനോട് ചേര്‍ന്നു നിന്നു…