രചന: നീതു
“””ഇത് രാഘവന്റെ വീടല്ലേ?? രാഘവൻ മരണപ്പെട്ടു.. ആരെങ്കിലും വന്നാൽ ബോഡി കൊണ്ടുപോകാം!!!”””
അങ്ങനെ ഒരു കോൾ വന്നതും എന്തു പറയണം എന്നറിയാതെ നിന്നു വനജ…
“”ഹലോ!! ഹലോ നിങ്ങൾക്ക് കേൾക്കുന്നില്ലേ??? നിങ്ങളുടെ വീടിന് അരികിലുള്ള ഒരാൾ ഇവിടെയുണ്ട് അയാളാണ് ബോഡി തിരിച്ചറിഞ്ഞതും.. നിങ്ങളുടെ നമ്പർ തന്നതും ഇത് ഇവിടെ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്!!”””
“””” സാറിന് ആളു മാറിപ്പോയതായിരിക്കും അങ്ങനെ ഒരാൾ ഇവിടെയില്ല!! അറിയാത്ത ഒരാളുടെയും മൃതദേഹം ഏറ്റെടുക്കേണ്ട ആവശ്യം ഞങ്ങൾക്ക് ഇല്ല!”””
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു വനജ ചെയ്തത് തെറ്റോ ശരിയോ എന്നൊന്നും അവൾക്കറിയില്ലായിരുന്നു..
“” ആരാ അമ്മെ വിളിച്ചത്!!!””
എന്ന് മോള് വന്ന് ചോദിച്ചു ആകെ പേടിയായി.. അവൾ രണ്ടുദിവസം നിൽക്കാൻ വേണ്ടി ഇങ്ങോട്ട് വന്നതാണ് ഇത് കഴിഞ്ഞ് നാളെ അവൾ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോകും അവനും ഉണ്ട് മുറിയിൽ അതുകൊണ്ട് വനജയുടെ ഉള്ളിൽ പരിഭ്രമം കടന്നുകൂടി…
തന്റെ എന്തെങ്കിലും ഒരു വാക്ക് മതി ഇവിടെ വലിയൊരു പ്രശ്നം ഉണ്ടാവാൻ അതുകൊണ്ടുതന്നെ ആലോചിച്ച് സമാധാനത്തിൽ അവർ പറഞ്ഞു,
“”” അതോ അത് റോങ്ങ് നമ്പർ ആണ് ആരെയോ വിളിച്ചപ്പോൾ നമ്പർ മാറി ഇങ്ങോട്ട് വന്നതാണ്!!!”””
എന്ന്…
ഓ അതാണോ എന്ന് ചോദിച്ച് അവൾ അവിടെ നിന്ന് പോയിരുന്നു അപ്പോഴാണ് ശ്വാസം നേരെ വീണത്…
ആ ഫോൺകോൾ വന്നതും ആകെ പരിഭ്രമിച്ചിരുന്നു വനജ ഒന്നിലും മനസ്സുറയ്ക്കുന്നില്ല..
അതുകൊണ്ടുതന്നെ തലവേദനയാണെന്ന് പറഞ്ഞ് മുറിയിൽ പോയി കിടന്നു…
മോള് ബാം പുരട്ടി തരാൻ വന്നു ഒന്നും വേണ്ട കുറച്ചു നേരം കിടന്നാൽ മാറും എന്ന് പറഞ്ഞപ്പോൾ ശല്യം ചെയ്യാതെ അവൾ റൂമിന്റെ വാതിൽ ചാരി അവിടെ നിന്ന് പോയി…
റൂമിൽ അങ്ങനെ കിടന്നപ്പോൾ ഓർമ്മകൾ ഒരുപാട് കാലം മുന്നേക്കു പോയി…
രാഘവന്റെ വിവാഹലോചന വരുമ്പോൾ താൻ പത്താം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ…
ജന്മനാ ഹൃദരോഗിയായ മകൾക്ക് വിവാഹം നടക്കുമോ എന്ന് പോലും ആകുലപ്പെട്ടിരുന്ന അച്ഛനും അമ്മക്കും എല്ലാം അറിഞ്ഞിട്ടും പിന്മാറാത്ത രാഘവന്റെ ആലോചന ഒരു അനുഗ്രഹം ആയിട്ടാണ് തോന്നിയത്…
അയാൾ ദുബായിൽ ആയിരുന്നു.. കുടുംബത്തിലെ ഏറ്റവും മൂത്തയാൾ ഞാൻ ആയിരുന്നു.. അതുകൊണ്ട് തന്നേ എന്റെ കാര്യം കഴിഞ്ഞാൽ പിന്നെ അവർക്ക് പകുതി ആശ്വാസം ആണ്..
പിന്നെ ഉള്ളത് അനിയന്മാർ ആണ്.. എന്റെ അസുഖം അച്ഛനും അമ്മക്കും ഏറെ ടെൻഷൻ ആയിരുന്ന ഒരു കാര്യമാണ്.. പ്രത്യക്ഷത്തിൽ പ്രശ്നം ഒന്നും ഇല്ല പക്ഷേ എന്തേലും ഉണ്ടാകുമോ എന്നും പറയാൻ പറ്റില്ല..
ഞങ്ങൾ തമ്മിൽ ഏറെ പ്രായവ്യത്യാസം ഉണ്ടായിരുന്നു… പക്ഷേ അതാരും കാര്യമാക്കിയില്ല..
ആദ്യരാത്രിയിൽ അയാൾ എന്നോട് പറഞ്ഞിരുന്നു,
“””എനിക്ക് പ്രായം കൂടി വരുകയാണ് അതുകൊണ്ട് ഉടനെ നമുക്കൊരു കുഞ്ഞു വേണം എന്ന്!!!!””
എന്താ വേണ്ടത് എന്നറിയാതെ ഞാൻ നിന്നു.. എന്നേ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു തീരുമാനം എടുക്കാൻ ഉള്ള പ്രാപ്തിയൊന്നും എനിയ്ക്ക് ഉണ്ടായിരുന്നില്ല….
വിവാഹ ജീവിതം പോലും ആ സമയത്തെ എന്റെ യുക്തിക്കു നിരക്കാത്തത് ആയിരുന്നു..
അപ്പോഴാണ് കുഞ്ഞിന്റെ കാര്യം….
ആദ്യ രാത്രിയിൽ തന്നെ ഭാര്യയേ നിർബന്ധമായി ഭോഗിക്കണം എന്ന വിശ്വാസക്കാരനായിരുന്നു അയാൾ…
മൂന്ന് മാസം കഴിഞ്ഞു അയാൾ തിരിച്ചു പോകുമ്പോൾ ഞാൻ ഒരു മാസം ഗർഭിണിയായിരുന്നു…
അയാളുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.. അമ്മ ഈയടുത്ത കാലത്ത് മരിച്ചു.. പിന്നെയുള്ളത് ഒരു സഹോദരിയാണ് അവർ യാതൊരു സഹകരണവും ഇല്ല അതുകൊണ്ടുതന്നെ ഞങ്ങൾ ഒരു വാടക വീട്ടിലാണ് ഇത്രയും നാൾ കഴിഞ്ഞത് അയാൾ തിരിച്ചു പോയപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് പോയി…
രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോഴേക്ക് അയാൾ തിരികെ വന്നിരുന്നു ഗൾഫിലുള്ള ജോലി നഷ്ടപ്പെട്ടു എന്ന് പറഞ്ഞ്…
പോയതിനുശേഷം പൈസയോ ഒന്നും അയച്ചും തന്നിട്ടില്ലായിരുന്നു…
ഇത്തവണ നാട്ടിലെത്തിയത് കയ്യിൽ ഒരു നാണയത്തോടെ പോലും എടുക്കാനില്ലാതെയാണ് എന്നിട്ടും എന്റെ അച്ഛൻ മാന്യതയ്ക്ക് പറഞ്ഞു അവിടെ നിന്നോളാൻ..
ആദ്യമൊക്കെ നല്ല രീതിക്ക് എന്തെങ്കിലും ജോലിക്കൊക്കെ പോയി അവിടെ വന്നു നിൽക്കാൻ തുടങ്ങി ചെലവിന് പണം തന്നിരുന്നു പക്ഷേ പിന്നീട് അയാളുടെ സ്വഭാവം മാറാൻ തുടങ്ങി.
എന്നും കിട്ടുന്ന കാശുകൊണ്ട് കള്ളുകുടിച്ച് വരും. എന്നിട്ട് ഓരോന്ന് പറഞ്ഞ് അവിടെ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി..
ഇതിനിടയിൽ ഞങ്ങൾക്ക് ഒരു മോളും ജനിച്ചു..
എന്റെയോ കുഞ്ഞിന്റെയോ കാര്യങ്ങൾ പോലും അയാൾ നോക്കില്ല ഇപ്പോൾ ജോലിക്ക് പോകുന്നില്ല കുറച്ച് കൂട്ടുകെട്ട് ഉണ്ട് അവരുടെ കൂടെ കൂടി കുടിക്കുക തന്നെ വൈകിട്ട് വീട്ടിലേക്ക് വരും. എന്നിട്ട് വായിൽ വരുന്നതെല്ലാം വിളിച്ചുപറയും..
ഹാർട്ടിന് പ്രശ്നമുള്ള പെണ്ണിനെ തലയിൽ കെട്ടിവച്ചു എന്നൊക്കെ വലിയ വായിൽ പറയുന്നത് കേൾക്കാം എല്ലാം അറിഞ്ഞുകൊണ്ട് വന്നതാണ് അയാൾ ഇപ്പോൾ അയാൾ പറയുന്നത് ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് അതോടെ അച്ഛന് ആകെ ദേഷ്യമായി അയാളെ പിടിച്ചു തള്ളി… ഒപ്പം എന്റെ അനിയന്മാരും ഉണ്ടായിരുന്നു ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിക്കോളാൻ പറഞ്ഞു…
രണ്ടുമൂന്നു ദിവസം കള്ളുകുടിച്ച് വൈകുന്നേരം വീട്ടിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കി പിന്നെ എങ്ങോട്ട് നാടുവിട്ടുപോയി. അതിനുശേഷം അയാളെ പറ്റി ആരും അന്വേഷിച്ചതുമില്ല ഇങ്ങോട്ടേക്ക് വന്നതുമില്ല..
എന്റെ അച്ഛനും ആങ്ങളമാരും നല്ലതായത് കൊണ്ട് എന്നെ നന്നായി നോക്കുന്നുണ്ടായിരുന്നു അച്ഛന്റെ കാലശേഷം എന്നെയും മോളെയും ആങ്ങളമാർ അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ നോക്കാൻ തുടങ്ങി..
മോളെ പഠിപ്പിച്ചതെല്ലാം അവരായിരുന്നു അവൾക്കിഷ്ടമുള്ളത്ര പഠിക്കട്ടെ എന്ന് പറഞ്ഞ് അവളുടെ ഇഷ്ടത്തിന് ഒക്കെ അമ്മാവന്മാർ കൂട്ട് നിന്നു ശരിക്കും ഭാഗ്യം തന്നെ…
വീടിന്റെ ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ എനിക്ക് ഒരു മോളല്ലേ എന്ന് പറഞ്ഞ് തറവാട് വീട് തന്നത് അവരായിരുന്നു… തറവാട് വീട് തന്നു എന്ന് മാത്രമല്ല അത് പുതുക്കി പുതിയ മോഡലിൽ പണിതും തന്നു…
മോളെ അത്യാവശ്യം പഠിപ്പിച്ചു അവൾക്ക് ജോലി ഉടനെ കിട്ടും അപ്പോൾ മാത്രമാണ് കല്യാണം നോക്കാൻ തുടങ്ങിയത്…
ഒടുവിൽ മോൾക്ക് ഒരു കല്യാണ ആലോചന വന്നു അച്ഛനെവിടെ എന്ന് അന്നൊരു ചോദ്യം ഉണ്ടായി…
എന്റെ ഒരു അനിയൻ തന്നെയാണ് പറഞ്ഞത് അവളുടെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു എന്ന്…
അത്പ്രകാരമാണ് അവളുടെ വിവാഹം കഴിഞ്ഞത് അവളുടെ കൈപിടിച്ച് വരന്റെ കയ്യിലേക്ക് കൊടുത്തത് എന്റെ അനിയൻ തന്നെയായിരുന്നു അവർ തന്നെയാണ് അവളെ ഇത്രകാലം നോക്കിയതും അതുകൊണ്ട് എനിക്കന്ന് ഒന്നും തോന്നിയില്ല…
ഒരു മാസമായി അവളുടെ വിവാഹം കഴിഞ്ഞിട്ട്… അവൾ ഭർത്താവിന്റെ വീട്ടിൽ സുഖമായി ജീവിക്കുന്നുണ്ട് പക്ഷേ ഇന്നിപ്പോൾ വന്ന കോള്…. അതിൽ അയാൾ മരിച്ചു എന്ന് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി അവളുടെ വീട്ടുകാരോട് മുഴുവൻ അയാൾ മരിച്ചു എന്നാണ് പറഞ്ഞത് ഇനി അതൊരു കള്ളമാണെന്ന് അറിയുമ്പോൾ അവളുടെ ജീവിതത്തിൽ ഒരു കല്ലുകടി ഉണ്ടാകും..
ഇങ്ങോട്ടേക്ക് കൊണ്ട് വരേണ്ടതും മകളുടെ കൈകൊണ്ട് ഒരുപിടി ബലിച്ചോർ നൽകേണ്ടതും എല്ലാം ആണ് അറിയാഞ്ഞിട്ടല്ല പക്ഷേ അങ്ങനെയെല്ലാം ചെയ്തിട്ടുണ്ടെങ്കിൽ അത് വലിയൊരു പ്രശ്നത്തിലേക്കെ വഴി വക്കൂ…
അയാൾ ആ കോലത്തിൽ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ അവളുടെ ഭാവി പോലും തുലഞ്ഞു പോയേനെ.. അയാൾക്ക് അതൊന്നും ഒരു പ്രശ്നവും ആയിരുന്നില്ല… ബന്ധങ്ങളുടെ വില അറിയാത്ത ആള് ആയിരുന്നു അയാൾ…
ഇപ്പോ അവൾ ഒരച്ഛൻ ഇല്ലാത്ത കുറവ് അറിയാതെ ആണ് വളർന്നത്… അവളുടെ അമ്മാവൻമാർ അത് അറിയിച്ചിട്ടില്ല…
അവർ ആയിട്ട് അവളുടെ ഭാവി സുരക്ഷതമാക്കി ഇനി അങ്ങനെ മതി…
ഒരു പക്ഷേ ഞാൻ എന്തെങ്കിലും മറിച്ചു ചിന്തിച്ചു പോയാൽ അനുഭവിക്കേണ്ടി വരുന്നത് അവളാവും…
മരിച്ച ഒരാളോട് ഉള്ള കടമയെക്കാൾ ജീവിച്ചിരിക്കുന്നവരോട് നീതി കാണിക്കുക അതല്ലേ വേണ്ടത്…
മാറ്റാരുടെ കണ്ണിൽ തെറ്റായി തോന്നിയാലും ഞാൻ എടുത്തതീരുമാനം എന്റെ മനസാക്ഷിയുടെ കോടതിയിൽ ശരിയാണ്….