രചന: നീതു
::::::::::::
രാജേഷിന്റെ പുറകെ ചെല്ലുമ്പോൾ മനസ്സിൽ മുഴുവൻ തീയായിരുന്നു അവൻ പറഞ്ഞതൊന്നും സത്യമായിരിക്കരുതേ എന്ന്…
എന്തൊക്കെ സഹിച്ചാലും തന്റെ ഭർത്താവിന് തന്നെ കൂടാതെ മറ്റൊരു പെണ്ണ് കൂടി ഉണ്ടെന്നറിയുമ്പോൾ ഉള്ള ഒരു ഭാര്യയുടെ വേദന എത്രയാണെന്ന് പറഞ്ഞറിയിക്കുക സാധ്യമല്ല..
ഈ ലോകം മുഴുവൻ അവളെ നോക്കി കളിയാക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നും..
ഇത്രയും നാൾ ഭർത്താവിന് കൊടുത്ത സ്നേഹം, അതെല്ലാം വെറുതെയായി പോയല്ലോ എന്നോർത്ത് മനസ്സ് നീറും.. അയാൾ തിരിച്ചു തന്ന സ്നേഹം ഒട്ടും ആത്മാർത്ഥതയില്ലാത്തതാണെന്ന് വിശ്വസിക്കേണ്ടിവരും…
അയാൾ തൊട്ട് ഇടങ്ങളിൽ എല്ലാം പൊള്ളി അടരും…
നാലു ഫാമിലിക്കു താമസിക്കാൻ പറ്റുന്ന
ഒരുതരം ഫ്ലാറ്റ് പോലെ ഉണ്ടാക്കിയ ഇടത്തേക്ക് രാജേഷ് എന്നെ കൂട്ടിക്കൊണ്ടുപോയി നേരെ കോണി കയറി ചെന്ന് മുകളിലെ ഒരു വാതിലിൽ മുട്ടി എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു..
കഴുത്തിൽ കിടക്കുന്ന താലിയിൽ പിടിച്ച് വീണ്ടും ഒന്ന് പ്രാർത്ഥിച്ചു ഈ വാതിലിനപ്പുറം ഉള്ളത് തന്റെ മോഹനേട്ടൻ ആവരുത് എന്ന്…
അഴിഞ്ഞുപോയ മുണ്ട് അലസമായി വാരിചുറ്റി വാതിലിന്റെ കൊളുത്ത് തുറന്നു പുറത്തേക്ക് വന്നത് അയാൾ തന്നെയായിരുന്നു മോഹനേട്ടൻ…
“”” ആ നിങ്ങൾ ഇവിടെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു അതുകൊണ്ട് ഒരാൾക്ക് ഇത് നേരിട്ട് കാണിച്ചുകൊടുക്കാൻ വേണ്ടി അയാളെയും കൂട്ടിക്കൊണ്ടുവന്നതാ!!!”””
എന്നും പറഞ്ഞ് രാജേഷ് എന്നെ കാണിച്ചുകൊടുത്തു….
നിറഞ്ഞ കണ്ണുകളോടെ ഒന്ന് ചലിക്കുക പോലും ചെയ്യാതെ അയാളെ തന്നെ നോക്കിനിൽക്കുന്ന എന്നെ കണ്ട് ആ മുഖത്ത് പരിഭ്രമം ഉണ്ടായിരുന്നു വേഗം തന്നെ രാജേഷിന്റെ കോളറിൽ പിടിച്ച്,
“”” നീ എന്തിനാടാ &%₹# ഈ ജാതി പരിപാടിക്ക് നിന്നത്??? “”””
എന്ന് ചോദിച്ച് അയാളുടെ നേർക്ക് കയ്യോങ്ങി…
“””” അവനെ അങ്ങോട്ട് വിട്!!!!!””””
എന്നുപറഞ്ഞ് അലറിയത് ഞാനായിരുന്നു…
“”‘ എവിടെ നിങ്ങളുടെ രഹസ്യക്കാരി അവളെ വിളിക്ക് ഞാനും കൂടി ഒന്ന് കാണട്ടെ!!!!”””
എന്ന് പറഞ്ഞതും വിളിക്കേണ്ടി വന്നില്ല അതിനുമുമ്പ് അവൾ പുറത്തേക്ക് വന്നിരുന്നു ഒരു നൈറ്റിയിട്ട് പാറി പറന്ന മുടികളോടെ, ഒരുത്തി..
“”” ദേ കണ്ടല്ലോ ഇപ്പോൾ എല്ലാം നിനക്ക് മനസ്സിലായല്ലോ?? ഇനി നീ എന്താ എന്നുവച്ച അങ്ങോട്ട് ചെയ്യ്!!””
എന്നും പറഞ്ഞ് അവളെയും കൂട്ടി അകത്തുകയറി എന്റെ നേർക്ക് വാതിൽ അടച്ചു…
എന്റെ ജീവിതമാണ് അവിടെ വഴിമുട്ടി പോയത് എന്ന് എനിക്ക് തോന്നി… തോൽക്കാൻ എനിക്കപ്പോൾ മനസ്സില്ലായിരുന്നു വേഗം വീട്ടിലേക്ക് വന്നു..
പ്രിന്റിങ് പ്രെസ്സാണ് മോഹനേട്ടന്… ആദ്യമൊക്കെ അലലില്ലാതെ കഴിഞ്ഞിരുന്ന കുടുംബം പെട്ടെന്നാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടാൻ തുടങ്ങിയത് അതിനു പിന്നിൽ എന്താണ് കാരണം എന്ന് അറിയില്ലായിരുന്നു ഇപ്പോഴാണ് മനസ്സിലായത് ആൾക്ക് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന്….
ഒരിക്കൽ അമ്പലത്തിൽ തൊഴാൻ ചെയ്യുന്ന എന്നോട് ഒരു രഹസ്യം പറയുന്നതുപോലെ ഒരു ചേച്ചിയാണ് ഇക്കാര്യം പറഞ്ഞതും മോഹനേട്ടന്റെ വിശ്വസ്തനായ രാജേഷിനോട് ഞാൻ അന്വേഷിച്ചു ഞാൻ ഒരു അനിയനെ പോലെ കരുതിയതാണ് അവനെ…
അവൻ എന്നോട് കള്ളം പറയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു…
തന്നെയുമല്ല ഒരു കാരണവുമില്ലാതെ അവരിപ്പോൾ നല്ല സ്വര ചേർച്ചയിൽ അല്ല എന്നും എനിക്കറിയാമായിരുന്നു അതിന്റെ പിന്നിലുള്ള കാരണം ഇതാണോ എന്ന് ഞാൻ സംശയിച്ചു..
ആദ്യം ഇക്കാര്യം ചോദിച്ചപ്പോൾ ഒന്നും അറിയില്ല എന്ന് പറഞ്ഞവൻ ഒഴിവായി പക്ഷേ പിന്നെയും നിർബന്ധിച്ചപ്പോഴാണ് കാര്യം പറഞ്ഞത് നിങ്ങൾ മാത്രമായി ഇനി എന്തിനാണ് ഇത് അറിയാതെ ഇരിക്കുന്നത് നേരിട്ട് തന്നെ കണ്ടോളൂ എന്ന് പറഞ്ഞ് എന്നെയും കൂട്ടിക്കൊണ്ട് വന്നതാണ് ഇവിടെ…
കണ്ടപ്പോൾ തന്നെ മതിയായി ഇനി എന്തുവേണമെന്ന് പോലും എനിക്കറിയില്ലായിരുന്നു….
അപ്പോൾ മാത്രമാണ് ഞാൻ ചിന്തിച്ചത് എനിക്ക് സ്വന്തമായി ചെയ്യാൻ അറിയുന്ന ഒരു ജോലിയില്ല… പഠിപ്പില്ല…
ഇതുവരെയ്ക്കും എന്താവശ്യമുണ്ടെങ്കിലും മോഹനേട്ടന്റെ മുന്നിൽ കൈ നീട്ടിയിട്ടേ ഉള്ളൂ.
ചിലപ്പോൾ ഒന്നും മിണ്ടാതെ തരും ചിലപ്പോൾ കുറെ പുച്ഛിക്കുകയും , ചിലപ്പോൾ ചീത്ത പറയുകയും ചെയ്യും അങ്ങനെ പിച്ചപോലെ കിട്ടുന്ന പണം ആണ് ഓരോ കാര്യത്തിന് ഞാൻ ഇതുവരെ ഉപയോഗിച്ചിരുന്നത്….
അതിനെല്ലാം എനിക്കിപ്പോൾ നാണക്കേട് തോന്നി ആദ്യമായി ഇതുവരെ അങ്ങനെയാണ് ഒരു ഭാര്യ എന്നാണ് ധരിച്ചു വച്ചിരുന്നത് ഇപ്പോൾ മനസ്സിലായി, അടിമത്തം ആയിരുന്നു അത് എന്ന്.. മാറി ചിന്തിപ്പിക്കാൻ ഇങ്ങനെയൊരു അവസരം വേണ്ടിവന്നു…
മോഹനേട്ടന്റെ വീട്ടിൽ അമ്മ ഉണ്ടായിരുന്നു.. മോൻ സ്കൂളിൽ ആയിരുന്നു അവൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്..
അവനെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവന്നു…
അവനോട് ഇവിടെ നിന്ന് ഇറങ്ങുകയാണ് ഇനിമുതൽ നിനക്ക് അച്ഛൻ ഇല്ല എന്ന് പറഞ്ഞു കുഞ്ഞിന് ഒന്നും മനസ്സിലായില്ലെങ്കിലും അവൻ എന്നെ നോക്കി എന്തോ വലിയ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്ന് അവന്റെ കുഞ്ഞുബുദ്ധി അവനു പറഞ്ഞു കൊടുത്തു കാണണം….
എന്റെതായ എല്ലാം അവിടെ നിന്ന് എടുത്തു അമ്മ അപ്പോഴും ചോദിക്കുന്നുണ്ടായിരുന്നു എന്താ പറ്റിയത് എന്ന് കണ്ടതെല്ലാം വിളിച്ചുപറഞ്ഞു..
“”””” അതിനാണോ നീ പടിയിറങ്ങിപ്പോകുന്നത് ഇവിടെത്തന്നെ നിന്നോ… ഈ വീട് എന്റെ പേരിലാണ് ഇവിടെ ആരു കഴിയണം എന്ന് ഞാൻ തീരുമാനിക്കും കണ്ട പെണ്ണുങ്ങളോട് കൂത്താടുന്നവന് ഇനി ഈ വീട്ടിൽ സ്ഥാനമില്ല!!!!!!””””
എന്നുപറഞ്ഞ് അമ്മ എന്നെ തടയാൻ നോക്കി… അപ്പോഴത്തെ ദേഷ്യത്തിന് അമ്മ പറഞ്ഞതാണ്.. പക്ഷേ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല അവർ അമ്മയും മകനും ആണ് നാളെ അവർക്ക് മകനോട് ക്ഷമിക്കാം പക്ഷേ എനിക്കിനി ഒരിക്കലും അയാളോട് ക്ഷമിക്കാൻ കഴിയും എന്ന് തോന്നുന്നില്ല…
തന്നെയുമല്ല എത്രയൊക്കെയായാലും ഇത് അയാളുടെ വീടാണ് അയാൾ എന്നെ താലികെട്ടി കൊണ്ടുവന്ന വീട്… ഇനിയും ഇവിടെ തന്നെ കടിച്ചു തൂങ്ങിനിൽക്കാൻ എന്റെ ആത്മാഭിമാനം എന്നെ അനുവദിച്ചില്ല..
മോനെയും കൊണ്ട് ആ പടിയിറങ്ങി…
കയ്യിൽ ഒരു രൂപയില്ല ഒരു തൊഴിൽ പോലും അറിയില്ല വീട്ടിലേക്ക് തിരിച്ചു ചെന്നാൽ അവിടെയുള്ളവർ എന്നെ സ്വീകരിക്കുമോ എന്നുപോലും അറിയില്ല പക്ഷേ ഇപ്പോൾ ഞാൻ നോക്കിയത് എന്റെ ആത്മാഭിമാനം മാത്രമായിരുന്നു സർവ്വതിലും വലുതായി അപ്പോൾ അത് മാത്രമായിരുന്നു എനിക്ക്…
വീട്ടിൽ ചെന്ന് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ആണുങ്ങളൊക്കെ ഇങ്ങനെയാണെന്നും എല്ലാം പെണ്ണുങ്ങൾ വേണം സഹിക്കാൻ എന്നുമുള്ള ലോകതത്വം പറഞ്ഞു തന്നു..
പിന്നെ അവിടെയും നിൽക്കാൻ തോന്നിയില്ല..
മോനെയും വിളിച്ച് അവിടെ നിന്നും ഇറങ്ങി… കഴുത്തിൽ കിടക്കുന്ന താലിയെടുത്ത് വിറ്റു…
പഴയ ഒരു കൂട്ടുകാരിയുടെ നമ്പർ അറിയാമായിരുന്നു അവൾക്ക് സ്വന്തമായി ഒരു തുന്നൽ കടയുണ്ട്…
അവളെ വിളിച്ച് എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു അവൾക്കെന്നെ മനസ്സിലാകും എന്ന് എനിക്ക് ഉറപ്പാണ് കാരണം ഈ വഴിയെ എന്നെക്കാൾ മുമ്പ് നടന്നവൾ ആണ് അവൾ..
ഒരു ടെക്സ്റ്റൈൽസിന് വേണ്ടി അവർ സ്ഥിരം തയ്ച്ചു കൊടുക്കുന്നുണ്ട് അവിടെ വേക്കൻസി ഉണ്ട് നിനക്ക് സമ്മതമാണെങ്കിൽ അവൾ പറഞ്ഞാ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞു. എനിക്ക് നൂറുവട്ടം സമ്മതം ആയിരുന്നു…
മോനെ അവനിപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്ന് ടി സി മേടിച്ചു കൊണ്ടുവന്ന് ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നതിന്റെ അടുത്തുള്ള സ്കൂളിൽ ചേർത്തു..
ഞാൻ ജോലിക്ക് പോയി തുടങ്ങി ആദ്യത്തെ മാസം സാലറി കിട്ടുന്നതുവരെ കുറിച്ച് ഒരു കഷ്ടം ഉണ്ടായിരുന്നു പക്ഷേ പിന്നീട് അങ്ങോട്ട് എന്റെ കയ്യിലുള്ള പൈസക്ക് ജീവിക്കാം എന്ന് എനിക്ക് മനസ്സിലായി..
ഇപ്പോഴും നിയമപരമായി അയാളുടെ ഭാര്യ ഞാൻ തന്നെയാണ്. ആ വീഴുപ്പും കൂടി എന്റെ തലയിൽ നിന്നെടുത്ത് മാറ്റിയാൽ മാത്രമേ എനിക്കൊരു സമാധാനം കിട്ടു എന്നെനിക്കറിയാമായിരുന്നു…
അതിനും എന്നെ സഹായിച്ചത് അവളാണ്….
ഏറെ താമസിയാതെ അയാളുടെ ഭാര്യ എന്ന ഈ കുരുക്കിൽ നിന്ന് ഞാൻ സ്വതന്ത്രയാകും….
ഇപ്പോൾ വല്ലാത്ത അഭിമാനമാണ്!!! സ്വന്തം കാലിൽ നിൽക്കുന്നതിന്റെ… ആരുടെയും അടിമയല്ലാത്തതിന്റെ….
ഒരു കുഞ്ഞിന് സ്വന്തമായി പോറ്റുന്നതിന്റെ…