സ്വപ്നങ്ങൾ തേടിയുള്ള യാത്ര
രചന: രാവണന്റെ സീത
::::::::::::::::::::::
റസിയ ഒരു ദീർഘനിശ്വാസം എടുത്തു
ആമിയുടെ നിക്കാഹ് ആയിരുന്നു ഇന്നലെ അത് കഴിഞ്ഞു.
ഇന്നവൾ തന്റെ ഭർത്താവിന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോകുവാൻ നിൽക്കുകയാണ്… അതിന് മുന്നേ ഞാൻ ഇറങ്ങണം… എങ്ങോട്ട് എന്നൊരു ചോദ്യം ബാക്കി.
അത്യാവശ്യം കുടുംബക്കാർ മാത്രം ഉള്ള ചടങ്ങ്. അവരുടെ മുന്നിലൂടെ റസിയ ഇറങ്ങി ആരോടും ഒന്നും പറയാതെ. എല്ലാവരുടെയും കണ്ണുകൾ അവളുടെ മേലെയായിരുന്നു. റഷീദ് അവളുടെ ഭർത്താവ് വേഗം വന്നു അവളുടെ കയ്യിൽ പിടിച്ചു നീ എങ്ങോട്ട് പോകുവാ അയാൾ ചോദിച്ചു
അവൾ ഒരു പുച്ഛത്തോടെ നോക്കി അയാളുടെ കൈ തട്ടിമാറ്റി, നിങ്ങൾക്ക് അത് ചോദിക്കാനുള്ള അവകാശം ഇന്നലത്തോടെ തീർന്നു.
അയാൾ അവളെത്തന്നെ നോക്കിനിന്നു .
എന്തൊക്കെ ഭ്രാന്താണ് റസിയ ഈ പറയുന്നത്. ഞാൻ നിന്റെ ഭർത്താവാ.. നീ എങ്ങോട്ട് പോകുന്നു എന്നറിയാനുള്ള അവകാശം എനിക്കുണ്ട്..
അവൾ അതെ മുഖഭാവത്തോടെ അയാളോട് തിരിച്ചു ചോദിച്ചു. ഇന്നേവരെ നിങ്ങൾ എങ്ങോട്ട് പോകുന്നെന്ന് ഞാൻ ചോദിച്ചിട്ടുണ്ടോ .. ഉണ്ടെങ്കിലും നിങ്ങൾ മറുപടി തന്നിട്ടുണ്ടോ… അപ്പോ എനിക്ക് മാത്രം നിങ്ങളിൽ അവകാശമില്ലേ…
അയാൾക്ക് ദേഷ്യം വന്നു . നിനക്കെന്തു വേണമെന്നാ .. ഈ വയസ്സാം കാലത്ത് നിനക്ക് വീടുവിട്ടു പോകണോ.
വയസ്സാംകാലത്തെങ്കിലും എന്റെ ഇഷ്ടത്തിന് ജീവിക്കാൻ വിട്ടൂടെ. അവൾ തിരിച്ചടിച്ചു.
അയാൾ നിന്ന് വിറയ്ക്കുകയാണ് ദേഷ്യം കൊണ്ട്.
നമ്മുടെ മോളുടെ കല്യാണം കഴിഞ്ഞതല്ലേ ഉള്ളു അപ്പോഴേക്കും നിനക്ക് അഴിഞ്ഞാടണോ.. ആ വാക്ക് സൂക്ഷിച്ചോ വീണ്ടും ആവശ്യം വരും.. ഞാൻ എന്തെങ്കിലും പറഞ്ഞു പോയാൽ മറ്റുള്ളവരുടെ നേർക്ക് അത് ഉപയോഗിക്കേണ്ടിവരും
ആയാളൊന്നു പകച്ചുചുറ്റും നോക്കി.എല്ലാവരും അവരെ തന്നെ നോക്കുന്നുണ്ട് . അയാൾ ഒന്നടങ്ങി . നോക്ക് റസിയ എല്ലാവരും ശ്രദ്ധിക്കുന്നു .. ഇപ്പോ നീ അകത്തേക്ക് വാ എല്ലാരും പോയിട്ട് ഒരു തീരുമാനം ഉണ്ടാക്കാം .
അവൾ അയാളെ ഒന്നുടെ നോക്കി ചോദിച്ചു .. ഇപ്പോ പോലും നിങ്ങളുടെ അഭിമാനം ആണ് പ്രശ്നമല്ലേ.. എന്റെ മനസ്സിന് ഒരു പ്രാധാന്യംഇല്ല.
എന്തുണ്ട് നിങ്ങൾക്ക് എന്റെ മേൽ അവകാശം പറയാനുള്ള അർഹത. മഹർ ഇട്ടെന്നുള്ളതോ അതോ എന്റെ വാപ്പ കൈ പിടിച്ചു തന്നു എന്നുള്ള തോ. രണ്ടാണേലും അത് അന്ന് തീർന്ന്.
നിങ്ങൾ എന്നെ അടിച്ച ആ ദിവസം. കെട്ടിയ പെണിനെ അവൾ തെറ്റ് ചെയ്താലും ഇല്ലേലും അടിക്കുന്നതല്ല ആണത്തം തെറ്റ് ചെയ്തെങ്കിൽ തിരുത്തുന്നതും നിങ്ങളുടെ മേലാണ് തെറ്റെങ്കിൽ അത് അംഗീകരിക്കുന്നതാണ് ആണത്തം.
അന്ന് നിങ്ങൾ എന്നെ അടിക്കുമ്പോൾ ആരുമില്ലായിരുന്നു.
മക്കൾ ശബ്ദം കേൾക്കാൻ പാടില്ല എന്ന് കരുതി വായ കൈ കൊണ്ട് അമർത്തി ഞാൻ . പിന്നെ അത് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. അതും ഞാൻ സഹിച്ചു എല്ലാം മക്കൾക്ക് വേണ്ടി.
നിങ്ങളെന്നെ സ്നേഹിച്ചു ഇല്ലെന്ന് അല്ല. എന്നാലും ആ സ്നേഹത്തിൽ ചില സ്വാർത്ഥത ഉണ്ട്.
എല്ലാത്തിലും മേലെ. നിങ്ങളെന്നെ ഒരു ഭാര്യയായി മാത്രം കണ്ടു എന്നുള്ളതാണ്. ഒരു പെണ്ണായി എന്നും കണ്ടിട്ടില്ല .
എനിക്ക് മനസ്സുള്ളത് കണ്ടിട്ടില്ല. എന്റെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ എല്ലാം നിങ്ങളുടെ കാൽകീഴിൽ ആയി… എന്റെ സ്വപ്നങ്ങൾഎല്ലാം നിങ്ങളും മക്കളും മാത്രമായി, അല്ല അങ്ങനെ ആക്കി എല്ലാവരും ചേർന്നു.
കുറച്ചു കുറച്ചായി എന്റെ സ്വപ്നങ്ങൾ എല്ലാം നിങ്ങൾ നശിപ്പിച്ചു. എന്നിൽ നിന്നും അടർത്തി മാറ്റി. എല്ലാം അറിഞ്ഞിട്ടും അറിയാത്തതുപ്പോലെ നിന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്.
പക്ഷേ നിങ്ങൾ ഒന്നറിഞ്ഞില്ല. എന്റെ ആഗ്രഹങ്ങൾ നശിക്കുന്നതിനോപ്പോവും നിങ്ങളോടുള്ള എന്റെ സ്നേഹവുമാണ് നശിച്ചത്.
ആരോടുംകൂട്ടുകൂടാനും സമ്മതിക്കില്ല നാല് ചുമരിനുള്ളിൽ തീരുകയായിരുന്നു എന്റെ സന്തോഷം.ശരിക്കും വാതിലുകൾ തുറന്നൊരു കൂട്ടിനുള്ളിൽ ചിറകുകൾ അരിഞ്ഞു അവളെ സ്വാതന്ത്ര്യയായാണ് ഇരുത്തിയിരിക്കുന്നത് എന്ന് എല്ലാരോടും പറയുന്നു നിങ്ങൾ.
നുണകൾ കൊണ്ടൊരു കൊട്ടാരത്തിലാണ് ഞാനിപ്പോൾ . ഞാൻ സന്തോഷവതിയാണെന്ന് എന്നെത്തന്നെ തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുവാ . ഇല്ല ഞാൻ സന്തോഷത്തിലല്ല .
എന്റെ ജീവിതത്തോട് തന്നെ എനിക്ക് വെറുപ്പാണ് എന്നൊക്കെ വിളിച്ചു പറഞ്ഞു എങ്ങോട്ടെങ്കിലും ഓടണമെന്നുണ്ട്, കഴിയുന്നില്ല.
ഇടയ്ക്ക് രാത്രിയിൽ ടെറസ്സിൽ പോകുന്നത് കുറച്ചു സമാധാനത്തിനും എന്റെ മനസ്സിനെ ശാന്തമാക്കാനാണ് . അല്ലേൽ ശരിക്കും എനിക്ക് ഭ്രാന്ത് പിടിക്കുമായിരുന്നു.
അവിടെ ഞാൻ സന്തോഷവതിയാണ് മരിച്ചു പോയ വാപ്പ അവിടെ ഉണ്ട്,എന്റെ സങ്കൽപമായൊരു ഫ്രണ്ട് ഉണ്ട്. അവരുടെ കൂടെയുള്ള ആ നിമിഷങ്ങളിൽ ആണ് ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത്.
കുറച്ചു നേരമവിടെനിന്ന് എന്റെ എല്ലാ സങ്കടവും ഒരു തുള്ളി കണ്ണീരും ചേർത്ത് അവിടെ ആ ആകാശത്തിന് ചുവട്ടിൽ ഇട്ടിട്ട് വരും . താഴെ എനിക്കയെന്റെ മക്കൾ കാത്തിരിപ്പുണ്ടാവും എന്നത് കൊണ്ട്
നിങ്ങളെന്താ പറഞ്ഞത് ഭാര്യ അല്ലെ… അല്ല ജോലിക്കാരി . നിങ്ങളുടെ വീട്ടിലെ ജോലി ചെയ്യാനും നിങ്ങളുടെ കുട്ടികളെ മാതാപിതാക്കളെ നോക്കാനുമുള്ളൊരു ജോലിക്കാരി.
അതിനായി എന്റെ വാപ്പ നിങ്ങൾക്ക് കാശ് തന്നു അതിന് സ്ത്രീധനം എന്നൊരു ഓമന പേരും. കിട്ടുന്ന ശമ്പളം.. എല്ലാവരുടെയും വായിൽ നിന്നുള്ള ചീത്തവിളികൾ.
കഴിയുന്നില്ല എനിക്ക് എല്ലാം സഹിച്ചത് ഈ സമയത്തിന് വേണ്ടിയാ… ഇപ്പോ ഞാൻ സ്വാതന്ത്ര്യയാണ് . ആർക്കും എന്നെ തടയാനാവില്ല ..
പിന്നെ ഒന്നുണ്ട് നിങ്ങൾ ആണുങ്ങൾ തലയുയർത്തി അഭിമാനം എന്നും പറഞ്ഞു നടക്കുന്നതിനിടയിൽ ഞെരിഞ്ഞു പോകുന്നത് പെണ്ണുങ്ങളുടെ സന്തോഷമാണ്. അവർ വിട്ടു കൊടുക്കുന്നത് കൊണ്ടാണ് നിങ്ങളൊക്കെ ഞെളിഞ്ഞു നടക്കുന്നത്..
സ്വന്തം ഭാര്യയുടെ മനസ്സ് കാണാത്ത ഏതൊരാണും. പരാജയം തന്നെയാണ്. ഒരു വലിയ പൂജ്യം.
ഇത്രയും പറഞ്ഞുഅവൾ തലയുയർത്തി അവിടെ നിന്നുമിറങ്ങി.
ഉമ്മാ.. ആ വിളി കേട്ട് അവൾ നിന്നു . മോളാണ്.. തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ കയ്യിൽ ഒരു ബാഗ് അത് റസിയയുടെ കയ്യിൽ കൊടുത്തു. കൂടെ ഒരു അഡ്രസ്, ഒരു വൃദ്ധസദനം എന്നതിനേക്കാൾ നല്ലൊരു സ്ഥലമാണത്. അവിടെ ഉമ്മയുടെ സന്തോഷം പോലെ ജീവിക്കാ. ആരും തടയില്ല ..
റസിയ അത്ഭുതത്തോടെ മോളെ നോക്കി. അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ഉമ്മാന്റെ ഈ സ്വപ്നം ഡയറിയിൽ എഴുതിയിരുന്നത് ഞാൻ വായിച്ചു.
അന്നേ കരുതിയതാണ് ആരും കൂടെ ഇല്ലേലും ഞാൻ കൂടെ നിൽക്കണമെന്ന്.ഇക്കാക്കും അത് സമ്മതമാണ്. കല്യാണത്തിന് മുന്നേ ഞങ്ങൾ അത് തീരുമാനിച്ചു. ഉമ്മാക്ക് അതിനുള്ള ധൈര്യം ഉണ്ടായില്ലേലും ഞങ്ങൾ കൊണ്ട് വിട്ടേനെ.
റസിയ അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു. എന്നിട്ട് ഭർത്താവിനെ നോക്കി പറഞ്ഞു. നിങ്ങളോട് എനിക്ക് ഒരു ദേഷ്യവുമില്ല ഇപ്പോ പറഞ്ഞതു മുഴുവൻ എന്റെ സങ്കടങ്ങളാണ്.
ആരുമില്ലാതായപ്പോഴും കൂടെ കൂട്ടിയ നിങ്ങളോട് എനിക്കിന്നും സ്നേഹവും ബഹുമാനവുമാണ്… എത്ര ദേഷ്യം വന്നാലും .. പക്ഷേ ഞാനിപ്പോ എന്റെ സ്വപ്നങ്ങൾ തേടിയുള്ള യാത്രയിലാണ്.
ശേഷം ആരുടെയും മുഖം നോക്കാതെ അവിടെ നിന്നിറങ്ങി റസിയ..
ഇപ്പോഴും ഇടയ്ക്കിടെ ആ വൃദ്ധസദനത്തിന്റെ വാതിൽക്കൽ റഷീദ് വരാറുണ്ട്.. റസിയ എന്നെങ്കിലും മനസ്സ് മാറുമെന്ന് കരുതി, അവളുടെ സ്വപ്നങ്ങൾക്ക്കൂട്ട് പോകാൻ.
പക്ഷേ ഇപ്പോഴും റസിയ ഒരു പരീക്ഷണത്തിന് തയ്യാറല്ലായിരുന്നു …
nb:ക്ലൈമാക്സ് വേറെയാണ് ഉദ്ദേശിച്ചത്. റസിയയെ ഒരുപാട് സ്നേഹിച്ച ആളുടെ കയ്യിൽ ആയിഷ തന്നെ ഏൽപ്പിക്കുന്നത്.
പക്ഷേ സദാചാര പ്രശ്നങ്ങൾ വരുമെന്നത് കൊണ്ട മാറ്റിയത് . പലർക്കും ദഹിക്കില്ല ല്ലോ