പക്ഷേ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു അയാളുടെ പെരുമാറ്റം..

രചന: നീതു

“”” ദുശകുനം, അശ്രീകരം ഇതൊക്കെയായിരുന്നു താൻ കേട്ടിട്ടുള്ള തന്റെ ഓമന പേരുകൾ അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല, പിച്ചവെച്ച് നടക്കുന്ന പ്രായത്തിൽ അച്ഛൻ നഷ്ടപ്പെടും, പെണ്ണൊരുത്തി ആകുന്ന സമയത്ത് അമ്മയും എന്ന് മുൻപേ ജ്യോത്സ്യൻ വിധിയെഴുതിയിരുന്നു…
അത് അതുപോലെയൊക്കെ സംഭവിച്ചത് എന്റെ മാത്രം തലയിലെഴുത്തായി വീട്ടുകാരും നാട്ടുകാരും പറഞ്ഞു…

ഇനിയും അനർത്ഥങ്ങൾ ഉണ്ടാക്കാൻ ഒരു ജന്മം അതാണ് എന്റെത് എന്നാണ് എല്ലാവരുടെയും പക്ഷം അതുകൊണ്ടുതന്നെ ഒന്നിലും എന്നെ പങ്കെടുപ്പിക്കില്ല ആകെയുള്ളത് അമ്മമ്മ മാത്രമാണ് അമ്മമ്മയ്ക്ക് മറ്റുള്ളവരെ പോലെ എന്നെ തള്ളി കളയാൻ പറ്റാത്തതുകൊണ്ട് എന്റെ കൂടെ നിൽക്കുന്നു എന്ന് മാത്രം ഒരു ആ മനസ്സിലും എന്നെ പറ്റി പേടിയുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല അത് ഇതുവരെ പുറമേക്ക് കാണിച്ചില്ല എന്ന് മാത്രം എനിക്കറിയാം…

കുടുംബത്തിൽ തന്നെക്കാൾ ഇളയ കുട്ടികൾക്കെല്ലാം കല്യാണം വരാൻ തുടങ്ങിയപ്പോൾ നാട്ടുകാർ അതും ഇതും പറയാൻ തുടങ്ങി. കാര്യം എന്തൊക്കെയായാലും അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയോട് വേർതിരിവ് കാണിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടു അതുകൊണ്ടാണ്, ഇഷ്ടമില്ലാതിരുന്നിട്ട് കൂടി തറവാട്ടിൽ എന്റെ കല്യാണ ആലോചന തകൃതിയായി നടന്നത് ഒരു ചെറുക്കന് വേണ്ടി അവർ നെട്ടോട്ടമോടി ഒരു യോഗ്യതയും വേണ്ട എന്നെ കൊണ്ടു പോകാൻ സമ്മതമാണ് എന്ന ഒരു മൂളൽ മാത്രം മതിയായിരുന്നു!!!!

അങ്ങനെയാണ് അയാളെ കണ്ടുപിടിച്ച് കൊണ്ടുവരുന്നത്,.. ഇരുപത്തി ഒന്ന് വയസ്സുകാരിക്ക് നാല്പതു കാരൻ പയ്യൻ!!!

ജീവിതം ഇവിടെ തീർന്നു എന്ന് കരുതിയിരുന്നു അയാൾ എന്റെ കഴുത്തിലേക്ക് താലികെട്ടുമ്പോഴും നിർവികാരമായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ..
അയാളുടെ വീട്ടിലേക്ക് അയാളുടെ കൈയും പിടിച്ച് കയറിച്ചെന്നു..
എന്തും നേരിടാൻ തയ്യാറാക്കി ഞാൻ മനസ്സിനെ സൂക്ഷിച്ചിരുന്നു….

പക്ഷേ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു അയാളുടെ പെരുമാറ്റം..
മുറിയിലേക്ക് വന്ന് എന്നോട് വിശ്രമിച്ചോളാൻ പറഞ്ഞു അയാൾ പുറത്തേക്ക് പോയി ആ വീട്ടിൽ അയാൾ മാത്രമേ ഉള്ളൂ എന്ന് എനിക്ക് മനസ്സിലായി അയാളുടെ പെങ്ങന്മാരും അനിയന്മാരും എല്ലാം കല്യാണം കഴിച്ച് മാറി താമസിച്ചിരിക്കുന്നു ഇയാൾ മാത്രം എന്തുകൊണ്ട് കല്യാണം കഴിക്കാൻ വൈകിയതാണ്…

ക്രമേണ അയാളെ ഞാൻ മനസ്സിലാക്കാൻ തുടങ്ങി ഈ പുറമേ കാണിക്കുന്ന ഗൗരവം ഒന്നും അയാളുടെ സ്വഭാവത്തിൽ ഇല്ല എന്ന് എനിക്ക് മനസ്സിലായി…
ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ഭർത്താവിന്റെ അധികാരം കാണിക്കാനോ എന്റെ ദേഹത്ത് അനുവാദം കൂടാതെ ഒന്ന് സ്പർശിക്കാനോ പോലും അയാൾ വന്നില്ല എന്തിന് അനാവശ്യമായി ഒരു നോട്ടം പോലും അയാളിൽ നിന്നുണ്ടായില്ല എനിക്കെന്തോ അയാളോട് ചെറിയൊരു ബഹുമാനം തോന്നി..

പനിപിടിച്ച് കിടന്ന് അന്ന് മനസ്സിലായി അയാളുടെ ഉള്ളിലെ കരുണ ഒരു നിമിഷം പോലും എന്റെ അരികിൽ നിന്ന് മാറിയില്ല പൊടിയരി കനിയായും ബിഗ് സായും ആ സ്നേഹ സ്പർശനം എന്നെ പൊതിഞ്ഞു നിന്നു ആർക്കും വേണ്ടാത്ത ദുശകുനം പിടിച്ചവൾ എന്ന ചിന്ത പാടെ വിട്ട് അയാൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറി ഞാൻ…

ആ പനി ഞങ്ങളെ തമ്മിൽ ഏറെ അടുപ്പിച്ചിരുന്നു എന്റെ ഒരു സുഹൃത്തിനെ പോലെ ആള് പെരുമാറാൻ തുടങ്ങി അയാളുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടായിരുന്നതും അവൾ ഒരു അപകടത്തിൽ മരിച്ചതും അവൾക്ക് വേണ്ടി പിന്നീടുള്ള കാലം, വരില്ല എന്ന് അറിഞ്ഞിട്ടും കാത്തിരുന്നതും എന്നോട് തുറന്നു പറഞ്ഞു എന്തിനാ എന്നറിയാതെ ആ പെണ്ണിനോട് ഒരു അസൂയ ഉള്ളിൽ മുളപൊട്ടുന്നത് അറിഞ്ഞു. അതാണ് പ്രണയം എന്ന് ഞാൻ തിരിച്ചറിയാൻ വൈകി…

പിന്നെ പിന്നെ ആള് 5നിമിഷത്തേക്ക് എങ്കിലും മാറിനിൽക്കുന്നത് ഒരു വലിയ കാലയളമായി എനിക്ക് തോന്നാൻ തുടങ്ങി..
എന്തെങ്കിലും പറയുമ്പോൾ ചെറിയ ചിരി പകരം നൽകുന്നതും വച്ചുണ്ടാക്കുമ്പോൾ നന്നായിട്ടുണ്ട് എന്ന് പറയുന്നതും എന്റെ മനസ്സിൽ വലിയ പ്രകമ്പനങ്ങൾ തന്നെ സൃഷ്ടിക്കാൻ തുടങ്ങി…

ആളോടുള്ള ഉള്ളിലെ പ്രണയം അടക്കിവെക്കാൻ ആവാതെ ഞാൻ നിന്നു..

ആ ഇടയ്ക്കാണ് തറവാട്ടിൽ ഒരു വിശേഷം ഉണ്ടാകുന്നതും ഞാൻ അങ്ങോട്ട് പോകുന്നതും.

“”‘ ജാതക ദോഷം ഉള്ളവൾ കൂടെ കൂടിയിട്ട് ഇപ്പോഴും അളിയന് കുഴപ്പമൊന്നുമില്ലല്ലോ???””‘

എന്ന് ഒരു അമ്മാവന്റെ മകൻ തമാശയോടെ അദ്ദേഹത്തോട് ചോദിക്കുന്നത് കേട്ടപ്പോൾ ഒന്ന് കിടുങ്ങി!!! ഞാൻ സ്നേഹം കാണിച്ചാൽ ഇനി അദ്ദേഹത്തെയും എനിക്ക് നഷ്ടമാവുമോ എന്ന ഭയം ഉള്ളിൽ കയറി കൂടി…

പിന്നെ ഒന്നും മിണ്ടാൻ തോന്നിയില്ല അടുക്കാൻ തോന്നിയില്ല അദ്ദേഹത്തെ കാണാതിരിക്കാൻ ഞാൻ ഏറെ പരിശ്രമിച്ചു എപ്പോഴും മുഖത്ത് ദേഷ്യ ഭാവം വരുത്തി കാണുന്നത് തന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞു..

അരികത്ത് ഇല്ലാത്ത അപ്പോഴൊക്കെ ചെയ്തതോർത്ത് കരഞ്ഞു…
ഒരു ദിവസം കയ്യോടെ പിടിച്ചിരുന്നു അദ്ദേഹം എല്ലാം ഒടുവിൽ എനിക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു എന്റെ ഉള്ളിലുള്ള അദ്ദേഹത്തോടുള്ള അടങ്ങാത്ത പ്രണയം പക്ഷേ അത് അദ്ദേഹത്തിന്റെ നേരെ നീട്ടുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും പറ്റുമോ എന്നുള്ള ഭയവും..

അത് കേട്ട് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് എന്നിട്ട് എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു..

അങ്ങനെ ഇതുവരെ ആരും ജാതക ദോഷം കൊണ്ട് ഇവിടെ മരണപ്പെട്ടിട്ടില്ല അതെല്ലാം ആളുകളുടെ വെറും തോന്നലാണ് ഇപ്പോഴും 19 നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ഐറ്റംസ് ആണ് അങ്ങനെയുള്ള കാര്യങ്ങളെല്ലാം പറയുന്നത് വെറുതെ നീ അതെല്ലാം ഓർത്തു എന്നോടുള്ള പ്രണയം മനസ്സിൽ ഒതുക്കി വയ്ക്കേണ്ട അതിങ്ങു നേരിട്ട് തന്നൊ!!!
എന്ന്

ആ പറഞ്ഞതിൽ കുരുങ്ങി പോയിരുന്നു ഞാൻ.. ആ ഉള്ളിലും ഞാൻ ഉണ്ട് എന്ന് പറയാതെ പറഞ്ഞിരുന്നു ആ മിഴികൾ…

പിന്നങ്ങോട്ട് ഞങ്ങളുടെ പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു..

എങ്കിലും അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി വഴിപാടുകൾ കാഴ്പ്പിച്ചിരുന്നു അപ്പോഴും എനിക്ക് ഭയമുണ്ടായിരുന്നു അദ്ദേഹത്തിന് ഞാൻ കാരണം എന്തെങ്കിലും സംഭവിക്കുമോ എന്ന് അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പിന്നെ എനിക്ക് ജീവിക്കാൻ പോലും പറ്റില്ലായിരുന്നു അത്രത്തോളം ഞങ്ങളുടെ ബന്ധം കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു..

ഞങ്ങളുടെ പ്രണയത്തിന്റെ തുടിപ്പ് എന്റെ വയറ്റിൽ വളരുന്നുണ്ട് എന്നറിഞ്ഞത് മുതൽ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു ഞാൻ..

അവനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ അത് കഴിഞ്ഞ് പിന്നൊരു മോളും..
ജാതക ദോഷക്കാരി എന്ന് വിളിച്ച ആരും പിന്നെ അങ്ങനെയൊന്നും വിളിക്കാതായി..

ഇപ്പോ അവർക്കാർക്കും അതിനെപ്പറ്റി ഓർമ്മ കൂടിയില്ല വെറുതെ എന്റെ ജീവിതം ഒരുപാട് ദുരിത പൂർണ്ണമാക്കിയിട്ടുണ്ട് ആ വിളിയിൽ അവർ…

എങ്കിലും ഞാൻ ചിന്തിക്കും അദ്ദേഹത്തെ എനിക്ക് കിട്ടിയത് അവർ അത്തരത്തിൽ ഓരോന്ന് പറഞ്ഞ്ഞത് കൊണ്ട് മാത്രമല്ലേ എന്ന്…
അന്നേരം അവരോട് തോന്നിയ ദേഷ്യം എല്ലാം പാടെ മാറിയിട്ടുണ്ടാകും..

അച്ഛനും രണ്ടു മക്കളും ഞാനും കൂടി ഉള്ള മനോഹരമായ നിമിഷങ്ങളിൽ അദ്ദേഹം തമാശപോലെ അവരോട് പറയുമായിരുന്നു…

നിന്റെ അമ്മയുടെ ജാതകത്തിലെ എന്തൊക്കെയോ ദോഷമുള്ളത് എന്റെ ഭാഗ്യം അല്ലെങ്കിൽ എനിക്ക് അവളെ കിട്ടില്ലായിരുന്നു എന്ന്..

അന്നേരം ഞാൻ അദ്ദേഹത്തെ കൂർപ്പിച്ചു നോക്കും ആ നുണക്കുഴി കാട്ടിയുള്ള ചിരി അതിനു പകരമായി കിട്ടും..

ഇപ്പോ ഒരു പ്രാർത്ഥനയേയുള്ളൂ ഈ സ്വർഗം പോലെയുള്ള ജീവിതം അതെങ്ങനെ നീട്ടി നീട്ടി തരാൻ..

പ്രണയത്തിന് ഒന്നും തടസ്സമല്ല ജാതകവും ദോഷവും പ്രായവും ഒന്നും രണ്ടു മനസ്സുകൾ തമ്മിലുള്ള ചേർച്ചയാണ് എപ്പോഴും പ്രധാനം..
ഒരാളെ മറ്റൊരാൾക്ക് മനസ്സിലാകുന്നുണ്ടെങ്കിൽ പിന്നെ അതിൽ കൂടുതൽ ഒരു പൊരുത്തവും ഈ ലോകത്ത് നോക്കാനില്ല…

എന്റെ ജീവിതത്തിൽ നിന്ന് തന്നെ അത് എടുത്തു പറയാൻ കഴിയും…
പിന്നെയും ജാതകം നോക്കി ചേരില്ല എന്ന് പറഞ്ഞ് ചായ കുടിക്കാൻ വന്നവരെ വിവാഹം കഴിക്കേണ്ടി വരുന്നവരെ കാണുമ്പോൾ ശരിക്കും ഇപ്പോൾ എനിക്ക് ചിരി വരാറുണ്ട്…

വിഡ്ഢികൾ!!!!!