രചന: നീതു
::::::::::::::::
“” ഭദ്രേ ഇന്നല്ലേ അജിയേട്ടന്റെ ഓഫീസിൽ ജോലി ചെയ്യുന്ന മനുവിന്റെ കല്യാണം നീ വരുന്നില്ലേ?? എനിക്ക് അവിടെ ആരെയും പരിചയമില്ല ഇവിടെ ബാലു ചേട്ടന് ഒരേ നിർബന്ധം ഞാൻ കൂടെ വരണം എന്ന്!! ആരെയും അറിയാത്തിടത്ത് പോയി നിൽക്കുക എന്ന് പറഞ്ഞാൽ തന്നെ അരോചകമാണ് അപ്പോഴാ ബാലു ചേട്ടൻ പറഞ്ഞത് നിന്നെയും കൊണ്ട് അജി വരുന്നുണ്ടാകും എന്ന്… വിളിച്ചു നോക്ക് എന്ന്… നീ വരില്ലേ??? “””
അജിയേട്ടന്റെ ഓഫീസും അവിടെ ജോലി ചെയ്യുന്ന മനുവും എല്ലാം അജ്ഞാതമായിരുന്നു ഭദ്രയെ സംബന്ധിച്ച്…
“”ഞാ.. ഞാൻ വരുന്നുണ്ടാവില്ല ചേച്ചി!!””
എന്ന് പറയുമ്പോഴും അവളുടെ ഉള്ളിൽ വല്ലാത്തൊരു നൊമ്പരം ഉണ്ടായിരുന്നു..
“””” അങ്ങനെ പറയല്ലേ എനിക്ക് ഒറ്റയ്ക്ക് പോകാൻ വയ്യാഞ്ഞിട്ടല്ലേ!! അജിയേട്ടൻ നിർബന്ധിച്ചില്ലേ നിന്നെ!! പുള്ളിക്ക് വേണ്ടിയെങ്കിലും നിനക്കൊന്നു വന്നൂടെ!!!”””
എന്ന് ചോദിച്ചപ്പോൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു ഭദ്ര പിന്നെ പറഞ്ഞു മോൾക്ക് ഒട്ടും വയ്യ അവൾക്ക് ചെറിയൊരു പനിക്കോൾ ഉണ്ട് അതാണ് വരാത്തത് എന്ന്.. പിന്നെ ലീന വല്ലാതെ ഒന്നും നിർബന്ധിക്കാൻ നിന്നില്ല അവൾ ഫോൺ കട്ട് ചെയ്തു..
“” ബാലു ചേട്ടൻ ലീനയെ വിവാഹത്തിന് വരാൻ നിർബന്ധിച്ചത്രെ!!!
ഒരു വാക്കിൽ ഉടക്കി കിടന്നു ഭദ്ര…
അജിയേട്ടൻ എന്നെങ്കിലും തന്നോട് അത്തരത്തിലുള്ള നിർബന്ധങ്ങൾ പറഞ്ഞിട്ടുണ്ടോ? വെറുതെയെങ്കിൽ പോലും ഒന്ന് ഈ കട വരെ പോകാനെങ്കിലും നീ കൂടെ വരണം എന്ന് പറഞ്ഞിട്ടുണ്ടോ അവൾ ഓർമ്മകളിൽ പരതി…
ഇല്ല!!!
എന്ന് തന്നെയായിരുന്നു ഉത്തരം അത് അവളെ കൂടുതൽ വേദനിപ്പിച്ചെങ്കിൽ പോലും….
അവൾ മോളെ നോക്കി ആള് നല്ല ഉറക്കത്തിലാണ് തനികും അജിയേട്ടനും ഇടയിൽ ഈ മോൾ ഉണ്ട് എന്നൊരു ബന്ധത്തിൽ കവിഞ്ഞാൽ മറ്റൊന്നും തന്നെയില്ല ഇതുവരെ രണ്ടുപേരും പരസ്പരം അറിഞ്ഞിട്ടോ തുറന്നു പറഞ്ഞിട്ട് പോലുമില്ല.. കല്യാണം കഴിഞ്ഞിട്ട്, വർഷം നാലു കഴിഞ്ഞെങ്കിൽ പോലും….
അവൾ കണ്ണടച്ചു കിടന്നു ഉള്ളിൽ വല്ലാത്ത നീറ്റൽ പടർന്നു കയറുന്നു…
അജിയേട്ടന്റെ അമ്മയ്ക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് കാണണം എന്ന് അമ്മ മോഹം പറഞ്ഞു മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയുമായി ആള് സ്നേഹത്തിലായിരുന്നു പക്ഷേ അത് അറിഞ്ഞതും അമ്മ ആകെ തകർന്നു ഈ അവസ്ഥയിൽ അമ്മയെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ആ സ്നേഹം മറക്കാനും മറ്റൊരാളെ വിവാഹം ചെയ്യാനും മകൻ തയ്യാറായത്…
ഏറെ മോഹിച്ചിരുന്നു പെണ്ണുകാണാൻ വന്നപ്പോഴത്തെ ആളെ കണ്ട്!!! കാത്തിരുന്നയാൾ ഇത്തരം ഒരു അവസ്ഥയിൽ വേറെ വഴിയില്ലാഞ്ഞ് തന്നെ കല്യാണം കഴിക്കാൻ വരികയാണെന്ന് താനും അറിഞ്ഞില്ല!!!
തങ്ങളെക്കാൾ സമ്പത്തിൽ മുന്നിട്ടുനിൽക്കുന്ന വിദ്യാഭ്യാസവും കൂടുതലുള്ള സൗന്ദര്യവും കൂടുതലുള്ള ഒരാൾ എന്തുകൊണ്ടും തനിക്ക് ഒരുതരത്തിലും യോജിച്ചവള് അല്ല എന്നറിഞ്ഞിട്ടും വിവാഹം കഴിക്കുന്നതിന് പിന്നിൽ എന്താണെന്ന് അറിയില്ലായിരുന്നു….
ഒരുപക്ഷേ ആരെ വിവാഹം കഴിച്ചാലും മനസ്സിനുള്ളിൽ ഉള്ളവളെ മറക്കാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ട് വെറുതെ ഒരു പ്രഹസനം എന്ന രീതിയിൽ ഒരാളെ വിവാഹം കഴിക്കുന്നത് ആവാം പക്ഷേ ആ താലിയും കഴുത്തിലേറി ആ വീട്ടിലേക്ക് കയറിച്ചെന്നത് ഒരുപാട് മോഹങ്ങളോട് കൂടെ തന്നെയായിരുന്നു ആ രാത്രിയിൽ തന്നേ എല്ലാം തകരുകയാണ് എന്നറിയാതെ…!!!
അന്ന് രാത്രി തന്നെ ആള് തുറന്നു പറഞ്ഞിരുന്നു എന്നെ ഒരു ഭാര്യ എന്ന രീതിയിൽ ഉടനെ ഉൾക്കൊള്ളാൻ കഴിയില്ല!!! മനസ്സിൽ മുഴുവൻ മറ്റൊരു പെൺകുട്ടിയാണ് എന്ന്.. എല്ലാം മാറുമായിരിക്കും പക്ഷേ അദ്ദേഹത്തിന് ഉറപ്പില്ല!!!! എന്ത് ചെയ്യണം എന്ന് പോലും അറിയാതെ തകർന്നു പോയിരുന്നു… അതിന് ഒപ്പം ആള് ഒരു അപേക്ഷയും മുന്നിലേക്ക് വച്ചിരുന്നു അമ്മയുടെ മുന്നിൽ നല്ല ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കണം ആ മനസ്സ് ഇനിയും വേദനിപ്പിക്കാൻ വയ്യ എന്ന്…
കെട്ടി പോയില്ലേ ഈ വേഷം ഇനി ആടാതെ തരമില്ലല്ലോ എന്ന് കരുതി അദ്ദേഹം പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചു അമ്മയുടെ മുന്നിൽ മികച്ച ഭാര്യയും ഭർത്താവുമായി ഞങ്ങൾ..
എന്റെ വീട്ടുകാർക്ക് മുന്നിലും ഞങ്ങൾ ഉത്തമ ദമ്പതികളായി…
പക്ഷേ ആ മനസ്സിൽ ഞാനില്ല എന്നത് എപ്പോഴും എനിക്ക് വേദനിക്കുന്ന ഒരു ഓർമ്മയായിരുന്നു ശല്യപ്പെടുത്താനോ അല്ലെങ്കിൽ എന്റെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല..
എങ്ങനെ നോക്കിയാലും അദ്ദേഹത്തിന്റെ താഴെ തന്നെയാണ് എന്റെ സ്ഥാനം എനിക്ക് ബോധ്യമുണ്ടായിരുന്നു..
ഒരു ദിവസം പുറത്തുപോയി കൂട്ടുകാരുമൊത്ത് അളവിൽ കൂടുതൽ മദ്യപിച്ച ദിവസം, അന്നാണ് ഞങ്ങൾക്കിടയിൽ ശരീരിക ബന്ധം ആദ്യമായി ഉണ്ടായത്!!
അതും വികാരങ്ങളുടെ മൂർച്ചയിൽ എപ്പോഴോ അദ്ദേഹം,
ടെസ്സ!!!”‘
എന്ന പേര് എന്നെ വിളിച്ചിരുന്നു!!!
ചൂട് പിടിച്ച എന്റെ വികാരങ്ങൾ ഒരു നിമിഷം കൊണ്ട് ആറി തണുത്തിരുന്നു…
പിറ്റേദിവസം സ്വന്തം ഭാര്യയുടെ ദേഹത്ത് തൊട്ടതിന് സോറി പറയുന്ന ഭർത്താവിനെയും കാണാനായി…
പിന്നെയും ഒന്നോ രണ്ടോ തവണ അത് ആവർത്തിച്ചു!!
ആത്മാഭിമാനം പാടെ മറന്നു ഞാനും അതിന് നിന്നു കൊടുത്തു..
ഒരു നിമിഷത്തേക്കെങ്കിൽ ഒരു നിമിഷത്തേക്ക് ഞാൻ വെറും പെണ്ണായി!!! സ്വാർത്ഥയായി…
അതിന്റെ ഫലമായി എനിക്ക് കിട്ടിയതായിരുന്നു ഞങ്ങളുടെ മകൾ!!
സന്തോഷം തന്നെയായിരുന്നു ഇനിയുള്ള കാലം എന്റെ ജീവിതത്തിന് ഒരു അർത്ഥം കിട്ടാൻ അവൾ എങ്കിലും ഉണ്ടല്ലോ എന്ന് സമാധാനം..
അദ്ദേഹത്തിന്റെ അമ്മ അവളെയും കണ്ടു കൊണ്ടാണ് കണ്ണടച്ചത്..
ഏറെ സന്തോഷമായിരുന്നു അവർക്ക് മകൻ സുഖമായി ജീവിക്കുന്നല്ലോ എന്ന് ഓർത്ത്…
യാഥാർത്ഥ്യം ഞങ്ങൾക്കുള്ളിൽ മാത്രം ഇരുന്നു…
കുഞ്ഞിനെ അദ്ദേഹത്തിന് ജീവനായിരുന്നു.. എന്നോടുള്ള മനോഭാവം പക്ഷേ മാറിയില്ല..
വീട്ടിലെ ജോലികൾ ചെയ്യാൻ അദ്ദേഹത്തിന് പോകുമ്പോഴേക്കും എല്ലാം ഒരുക്കി കൊടുക്കാൻ..
വേലക്കാരിയിൽ നിന്ന് അല്പം പ്രമോഷൻ കിട്ടിയ ഒരു സ്ഥാനം അതിൽ കൂടുതൽ ഒന്നും എനിക്ക് ആ വീട്ടിൽ ഇടം ഉണ്ടായിരുന്നില്ല…
സങ്കടമുണ്ടെങ്കിലും ആരോടും പരാതി പറഞ്ഞില്ല പക്ഷേ ഇന്ന് ലീന വിളിച്ച് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ വെറുതെ മനസ്സ് ആശിച്ചുപോയി..
ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ!! സ്വബോധത്തോടെ കൂടെയുള്ളത് സ്വന്തം ഭാര്യയാണ്, ഞാനാണ്, എന്നറിഞ്ഞിട്ട് ഒരു കൂടിച്ചേരൽ ഉണ്ടായിരുന്നെങ്കിൽ എന്ന്!!
അദ്ദേഹത്തോട് അതിനെപ്പറ്റി സംസാരിക്കാൻ ഇരിക്കുകയായിരുന്നു!!!
ഒരുപക്ഷേ ഒരു തുറന്ന സംസാരം കൊണ്ട് മനസ്സുകൾ അടുത്താലോ അദ്ദേഹത്തിന് എന്നോടുള്ള മനോഭാവം മാറിയാലോ ഇതിൽ ഞാൻ സന്തോഷവതിയല്ല എന്ന് അറിയിച്ചാലോ അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉള്ളിലിങ്ങനെ കിടന്നു വിങ്ങി..
മോളെ നേരത്തെയുറക്കി അദ്ദേഹത്തിന്റെ വരവിനായി ഞാൻ കാത്തിരുന്നു.
എന്നത്തേക്കാളും അന്ന് മദ്യപിച്ച് ആയിരുന്നു വന്നത് പാർട്ടി കഴിഞ്ഞതിന്റെ ആകും..
തൂക്കിയെടുത്ത് അവിടെ കൊണ്ടുവന്ന ആക്കി തന്നു അദ്ദേഹത്തെ എങ്ങനെയൊക്കെയോ പിടിച്ച് ഞാൻ മുറിയിൽ കൊണ്ടുപോയി കിടത്തി…
പെട്ടെന്നാണ് ഫോൺ റിങ്ങ് ചെയ്തത് അദ്ദേഹത്തിന്റെ പോക്കറ്റിൽ ഇരുന്നു അത് മെല്ലെ ഞാൻ പുറത്തേക്കെടുത്തു. അതിൽ കണ്ട പേര്
“‘ടെസ്സ “”
എന്നായിരുന്നു എനിക്കെന്തോ ഉള്ളിലൂടെ ഒരു വിറയിൽ കടന്നുപോയി ഇവർ തമ്മിൽ ഇപ്പോഴും!!!!!
എന്തോ ഒരു ഉൾപ്രേരൻ ആയാൽ ഫോൺ അറ്റൻഡ് ചെയ്ത് ഞാൻ ലൗഡ് സ്പീക്കർ ഓൺ ചെയ്തു… റെക്കോർഡും ചെയ്തു…
“””ടാ നീ നിന്റെ എടിഎം കാർഡും വാലറ്റും എല്ലാം ഇവിടെ എന്റെ വീട്ടിൽ മറന്നുവെച്ചിട്ടുണ്ട് സാരമില്ല നാളെ വരുമ്പോൾ എടുത്തിട്ട് പൊയ്ക്കോ!!!””
എന്താണ് ഞാൻ കേൾക്കുന്നത് എന്നു പോലും എനിക്ക് മനസ്സിലായില്ല അത്തരത്തിൽ ഞാൻ തകർന്നു പോയിരുന്നു..
അന്ന് രാത്രി മുഴുവൻ കരഞ്ഞു മനസ്സിനെ ഒരുവിധം നിയന്ത്രണത്തിൽ ഒതുക്കി..
പുലരും മുമ്പ് ഒരു ബാഗിലേക്ക് എന്റെയും മോളുടെയും സാധനങ്ങൾ എല്ലാം ഞാൻ, നിറച്ചു വെച്ചിരുന്നു..
രാവിലെ അജിയേട്ടൻ എഴുന്നേറ്റതും അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന് നിന്നു..
“”ഞാൻ പോവാ!!! മോളെയും കൊണ്ടുപോകുന്നുണ്ട് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല!!!””
എന്ന് പറഞ്ഞ് നിന്നപ്പോൾ ദേഷ്യത്തോടെ എന്റെ മുന്നിൽ വന്ന് നിന്നു ഇപ്പോൾ എന്താ ഉണ്ടായത് എന്നും ചോദിച്ച്…
ഫോണിൽ റെക്കോർഡിലിട്ട ഫോൺ സംഭാഷണം എടുത്ത് കേൾപ്പിച്ചു കൊടുത്തു പിന്നെ ഒന്നും അയാൾക്ക് പറയാൻ ഉണ്ടായിരുന്നില്ല..
“” നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു മനസ്സിൽ മറ്റൊരു പെണ്ണാണെന്ന് അറിഞ്ഞിട്ടുകൂടി.. ഒരിക്കൽ എന്നെ മാത്രം സ്നേഹിക്കും എന്ന് കരുതി കാത്തിരുന്ന ഒരു വിഡ്ഢിയാണ് ഞാൻ എനിക്ക് മനസ്സിലായി അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന്…. അങ്ങനെ ഒന്നു ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ വീണ്ടും അവളെ തേടി പോകില്ലായിരുന്നു!!!! നിങ്ങളെ ഞാൻ കുറ്റം പറയില്ല കാരണം നിങ്ങളെന്നെ ഭോഗിച്ചപ്പോഴും പറഞ്ഞത് അവളുടെ പേരാണ്!! ഒരിക്കൽ പോലും എന്നെ ഞാനായിട്ട് നിങ്ങൾ കണ്ടിട്ടില്ല… ഇനിയും ഇവിടെ കടിച്ചുപിടിച്ചു നിന്നാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ദ്രോഹം ആയിരിക്കും… വേലക്കാരിയുടെ സ്ഥാനമാണെങ്കിലും എനിക്കും ഒരു മനസ്സില്ലേ.. അതിനും നോവും!! ചിലതൊക്കെ ചെയ്യേണ്ടിവരും അതിനെയും തൃപ്തിപ്പെടുത്താൻ.. അങ്ങനെയെടുത്ത ഒരു തീരുമാനമാണെന്ന് കരുതിയാൽ മതി..
ഡിവോഴ്സിന്റെ കാര്യങ്ങൾ നോക്കിക്കോളൂ എവിടെയാണെന്ന് വെച്ചാൽ ഞാൻ ഒപ്പിട്ടു തരാം!!! മോൾക്ക് രണ്ടു വയസ്സ് ആയിട്ടുള്ളൂ അവൾക്ക് ഒരു അമ്മയുടെ പരിചരണം ആവശ്യമാണ്… വലുതാവുമ്പോൾ എന്നെങ്കിലും അച്ഛൻ മതി എന്ന് അവൾക്ക് തോന്നിയാൽ ഒരിക്കലും ഞാൻ ഇങ്ങോട്ട് പറഞ്ഞു വിടാൻ മടിക്കില്ല!!!!”””
അത്രയും പറഞ്ഞ് ഞാൻ ആ പടിയിറങ്ങി..
മനസ്സ് നൊന്ത് പിടയുന്നുണ്ടായിരുന്നു ഒരു പിൻവിളി കേൾക്കും എന്ന് പ്രതീക്ഷിച്ചിരുന്നു ഒന്നും ഉണ്ടായില്ല അതോടുകൂടി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഇനിയുള്ള കാലം ഒറ്റയ്ക്കായിരിക്കും എന്ന്..
അധികം താമസിയാതെ ഡിവോഴ്സ് അപ്ലൈ ചെയ്തിരുന്നു അയാൾ..
ഒട്ടുമനസ്തകം ഇല്ലാതെ ഞാൻ ഒപ്പിട്ടു കൊടുത്തു .
മോൾക്ക് ചെലവിന് തരാം എന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ അത് നിഷേധിച്ചു അവളെ നോക്കാൻ എനിക്ക് പറ്റും അതിനു മാത്രമായി എന്തിനാണ് അയാളുടെ സഹായം..
ഏറെ താമസിയാതെ അയാൾ അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു എന്ന് കേട്ടു..
അപ്പോഴേക്ക് ചെറുതെങ്കിലും ഒരു ജോലി ഞാനും നേടിയെടുത്തിരുന്നു..
അനിയത്തിമാരുടെ കല്യാണം കഴിഞ്ഞ് പോയി അച്ഛനും അമ്മയും മാത്രമേയുള്ളൂ വീട്ടിൽ ഇപ്പോൾ ഞാൻ അവിടെ ഒരു അധികപ്പറ്റല്ല!!! വയ്യാത്ത അച്ഛനെയും നോക്കി.. മോളെ പഠിപ്പിച്ചു….
അങ്ങനെ മുന്നോട്ട്!!!
എനിക്ക് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ഞങ്ങൾ ഇപ്പോൾ സന്തോഷവാന്മാരാണ്…