എങ്കിലും ഇവളുമാരെയൊക്കെ ഒന്ന് സമ്മതിക്കണം. തങ്ങൾക്കറിയാത്ത എന്തെല്ലാം ടെക്‌നിക്കുകളാണ് ഇവരൊക്കെ ദിവസവും കൈകാര്യം ചെയ്യുന്നത്

ഒരു വീട്ടിലിരിപ്പ് അപാരത – രചന: ശാലിനി മുരളി

“ദേ..ഇങ്ങോട്ടൊന്നു വന്നേ…”

അടുക്കളയിൽ നിന്ന് ഭാര്യ ഉറക്കെ വിളിക്കുന്നത് കേട്ടാണ് അയാൾ കട്ടിലിൽ നിന്ന് എഴുന്നേറ്റത്. കയ്യിലിരുന്ന പത്രം മടക്കി മേശപ്പുറത്തേക്കിട്ടിട്ട് മെല്ലെ അടുക്കയിലേക്ക് നടന്നു. അവൾ കയ്യിൽ ഒരു പിച്ചാത്തിയുമായി നിൽക്കുന്നത്
കണ്ട് ഒന്ന് പേടിച്ചു.

“മൂന്ന് വിസിലടിച്ചു കഴിയുമ്പോൾ ഈ കുക്കറൊന്നു ഓഫാക്കിയേക്കണം. ഞാൻ ഈ മീനൊന്നു വെട്ടിക്കൊണ്ട് വരട്ടെ..”

അപ്പോഴാണ് ഇടത്തെ കയ്യിൽ താങ്ങി പിടിച്ചിരിക്കുന്ന മീൻചട്ടി കണ്ണിൽ പെട്ടത്. അമ്പടീ ആള് കൊള്ളാമല്ലോ..ഞാൻ വീട്ടിൽ ഒന്നിരിക്കാൻ തുടങ്ങിയപ്പോഴേക്കും സൂത്രത്തിൽ ഓരോ ജോലികൾ പിടിച്ചേൽപ്പിക്കുകയാണ് കക്ഷി…

എന്ത് ചെയ്യാനാണ്..പുറത്തേക്ക് ഇറങ്ങരുതെന്നാണല്ലോ സർക്കാരിന്റെ ഓർഡർ. വീട്ടിലിരിക്കാൻ നേരമില്ലെന്ന് ഏത് നേരവും പരാതി പറയുന്ന മരുമകൾക്ക് അങ്ങനെയെങ്കിലും സമാധാനം കിട്ടട്ടെ എന്നാണ് തന്റെ പെറ്റ തള്ള പോലും പറയുന്നത്.

എന്തായാലും വല്ലാത്തൊരു അക്കിടിയായി പോയി..പോരെങ്കിൽ അവധിക്കാലവും..പെര മുഴുവനും തിരിച്ചു വെയ്ക്കുന്ന രണ്ട് കുട്ടി വീരൻമ്മാരാണെങ്കിൽ തന്റെ ഫോണിപ്പോൾ കണികാണാൻ പോലും തരുന്നുമില്ല..

പുറത്തോട്ട് കൊണ്ടുപോകത്തില്ലല്ലോ എങ്കിൽ പിന്നെ ഗെയിം കളിക്കാൻ അച്ഛന്റെ ഫോൺ മതി എന്നും പറഞ്ഞ് അവരത് കൈക്കലാക്കി കഴിഞ്ഞു. പെട്ടന്നാണ് ചിന്തകളെ ചിതറി തെറിപ്പിച്ചുകൊണ്ട് കുക്കറൊന്നു കൂവിയത്.

ഇതൊക്കെ ആര് കണ്ട് പിടിക്കുന്നപ്പാ…കുറച്ചു മാറി നിന്നേക്കാം…എങ്കിലും ഇവളുമാരെയൊക്കെ ഒന്ന് സമ്മതിക്കണം. തങ്ങൾക്കറിയാത്ത എന്തെല്ലാം ടെക്‌നിക്കുകളാണ് ഇവരൊക്കെ
ദിവസവും കൈകാര്യം ചെയ്യുന്നത്.

അടുത്ത വിസിൽ ഊതിക്കഴിഞ്ഞപ്പോഴേക്കും മീൻ വെട്ടിയതുമായി അവൾ കയറി വന്നു. “ഇനി എനിക്ക് പോകാമല്ലോ..” എങ്ങനെ എങ്കിലും പുറത്ത് ചാടാനായിരുന്നു ധൃതി.

“ചേട്ടനിത്ര ധൃതി പിടിച്ച് എങ്ങോട്ട് പോകാനാണ്. അവിടെങ്ങാനും ഇരിക്കെന്നെ…നമുക്ക് മിണ്ടിയും പറഞ്ഞുമൊക്കെ ഈ ജോലിയങ്ങു തീർക്കാം..”

“പിന്നെ അതിന് വേറെ ആളെ നോക്ക്. എനിക്ക് വയ്യ ഈ അരിവെന്ത മണവും മീൻ വാടയുമൊക്കെ സഹിക്കാൻ..”

“അതിന് നിനക്ക് വിശേഷം വല്ലോം
ഉണ്ടോടാ.. മണം സഹിക്കാതിരിക്കാൻ” ഞെട്ടി തിരിഞ്ഞു നോക്കി. അമ്മയാണ്..ഓഹോ അമ്മയും ഭാര്യയും കൂടി ഒത്തോണ്ടുള്ള കളിയാണല്ലേ. കാണിച്ചു തരാം…അമ്മയുടെ വളിച്ച തമാശ കേട്ട് ഭാര്യ ചിരിയടക്കുന്നു.

“അയ്യോ അങ്ങനെയങ്ങു പിണങ്ങി പോകാതെ ചേട്ടാ..ഈ തേങ്ങാ ഒന്ന് തിരുമ്മി തരൂന്നേ..മാങ്ങായിട്ട നല്ല മീൻകറി ഉണ്ടാക്കി തരാം. തേങ്ങാ പച്ചക്കരച്ച മീൻകറി ചേട്ടന് വലിയ ഇഷ്ടമാണല്ലോ..”

അതേ..നീ വീട്ടിലോട്ട് ഫോൺ വിളിച്ചു പറ നിന്റെ അമ്മയോട്, തേങ്ങാ തിരുമ്മി
തരാൻ…

അതേ, അത് തന്നെയാണ് എപ്പോഴും അമ്മ പറയുന്നത്…ചേട്ടനെക്കൂടി അടുക്കളയിൽ കയറ്റി വല്ലതുമൊക്കെ ചെയ്യിക്കണമെന്ന്…

കൊള്ളാം അമ്മായിഅമ്മ മിനിട്ടിന് മിനിട്ടിന് ഫോൺ വിളിക്കുന്നത് ഇത്തരം പാര പണിയാനാണല്ലേ…

എന്തായാലും ഇടയ്ക്ക് ഇടയ്ക്ക് കൈ കഴുകണം എന്നല്ലേ പറയുന്നത്. എന്തെങ്കിലും ജോലി ചെയ്തിട്ട് കൈ കഴുകിയാൽ കളയുന്ന വെള്ളത്തിനെങ്കിലും ഒരു പ്രയോജനം ഉണ്ടാവുമല്ലോ…

ഭാര്യയുടെ പൂതി മനസ്സിലിരിക്കട്ടെ. അവളെന്നെക്കൊണ്ട് പണിയെടുപ്പിക്കാൻ നോക്കുന്നു. തിരിഞ്ഞു നോക്കാതെ അടുക്കളയിൽ നിന്ന് എളുപ്പം പുറത്തിറങ്ങി.

ടീവിയിൽ ഏതോ ഒരു സീരിയലിൽ മുഴുകി അമ്മ ഇരിക്കുന്നു. പകലും ഇതിനൊന്നും ഒരവസാനമില്ലേ ദൈവമേ…കുട്ടിപട്ടാളങ്ങളെ ഒന്നും കാണാനില്ല. എന്റെ ഫോൺ എന്തിയെ ആവോ..

മുറിയിൽ രണ്ട് പേരും കൂടി ആരോടൊക്കെയോ സംസാരിച്ചു കൊണ്ട് ഗെയിം കളിക്കുന്നു. ഇവിടെ താടാ എന്റെ ഫോൺ…മതി കളിച്ചത്. ഓഫീസിൽ നിന്ന് പലരും വിളിക്കുകയും മെസ്സേജ് ഇടുകയും ഒക്കെ ചെയ്യുന്നതാണ്. അച്ഛാ ഒരഞ്ചു മിനിറ്റ് കൂടി പ്ലീസ്…ഇപ്പൊ തീരും…

ഒന്നും ചെയ്യാനില്ലാത്ത പോലെ ആകെയൊന്ന് ചുറ്റി നോക്കി. മുറിയുടെ മുകളിലെല്ലാം ചിലന്തി വല തൂങ്ങി കിടക്കുന്നു. ഇവൾക്ക് ഇവിടെ എന്താ പണി…ഏത് നേരം നോക്കിയാലും ടീവിയും ഫോണും കൊണ്ടിരിക്കുന്നത് കാണാം. വല്ലപ്പോഴും ഇവിടെയൊക്കെ ഒന്ന് വൃത്തിയാക്കി വെച്ചാലെന്താ…

“ഡീ രജനീ..”

തിളച്ച മീൻകറി ചട്ടിയോടെ ഒന്നിളക്കി വെയ്ക്കുമ്പോഴാണ് ഉറക്കെയുള്ള വിളി വന്നത്. എന്താണാവോ പുതിയ കുരിശ്…

എന്തോ ദാ വരുന്നു…നനഞ്ഞ കൈ നൈറ്റിയുടെ സൈഡിൽ ഒന്ന് തുടച്ച് വേഗം മുറിയിലേക്ക് ചെന്നു.

നിനക്കിവിടെ വലിയ മല മലമറിക്കലാണെന്നല്ലേ വാചകമടി. എന്നിട്ടാണോ മുറി മുഴുവനും മാറാല തൂങ്ങി കിടക്കുന്നത്…

ഭർത്താവ് ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ അവൾ നിസ്സാരമായി ഒന്ന് ചിരിച്ചു. കഴിഞ്ഞ ആഴ്ചയും കൂടി എല്ലായിടത്തും തൂത്തതാണ്. അല്ലെങ്കിലും കുറ്റം നോക്കാനിറങ്ങുന്നവർക്ക് മുന്നിൽ എന്തെങ്കിലും വന്നു വീഴുമല്ലോ.

എന്റെ പോന്നു ചേട്ടാ…പെണ്ണുങ്ങൾ തൂത്താൽ പെട്ടെന്നാണ് ചുക്കിലി പിടിക്കുന്നത്. നിങ്ങൾ ആണുങ്ങൾ ഒന്ന് തൂത്തു നോക്കിക്കേ…ഞാൻ ബ്രഷ് എടുത്തോണ്ട് ഇപ്പൊ വരാം.

ങേഹേ ! ചക്കിന് വെച്ചത് കൊക്കിനു കൊണ്ട പോലായല്ലോ. രക്ഷപ്പെടുന്നതിന് മുൻപ് ഭാര്യ ചൂലും ബ്രഷുമൊക്കെയായി എത്തിക്കഴിഞ്ഞു.

പിന്നെ..എല്ലാം കഴിഞ്ഞിട്ട് കയ്യ് നല്ലോണം കഴുകാൻ മറക്കല്ലേ…

ഒരു ചോദ്യചിഹ്‌നം പോലെ നിൽക്കുന്ന തന്നെയൊന്നു തിരിഞ്ഞു പോലും നോക്കാതെ അവൾ ധൃതിയിൽ പോകുമ്പോൾ മക്കളോടായി വിളിച്ചു പറയുന്നുണ്ടായിരുന്നു. മോനേ അച്ഛന് ആ മാസ്ക്കും കൂടിയൊന്ന് എടുത്തു കൊടുത്തേര്…