രചന: നീതു
അങ്ങനെ അവര് പറയുന്ന സ്ത്രീധനം കൊടുത്തിട്ട് എനിക്ക് ഈ വിവാഹം വേണ്ട!!
അവൾ പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നു പക്ഷേ,
അമ്മയുടെ കണ്ണീരും അച്ഛന്റെ നിസ്സഹായ അവസ്ഥയും അവളെ തളർത്തുന്നുണ്ടായിരുന്നു.
“”” മോളെ നിനക്കറിയാലോ നമ്മളുടെ വീട്ടിലെ കഷ്ടപ്പാട് അച്ഛൻ വെറുമൊരു കൂലിപ്പണിക്കാരൻ ആണ് അദ്ദേഹത്തിന് എന്തെങ്കിലും വയ്യായ്ക വന്നാൽ, അന്നേരം നമ്മൾ അനുഭവിച്ച കഷ്ടതകൾ!!!! ഇതുപക്ഷേ ഒരു ഗവൺമെന്റ് ജോലിക്കാരൻ ആണ് അതുകൊണ്ടുതന്നെ എന്റെ മോൾക്ക് ഇനി ഒരു കഷ്ടപ്പാടും ഉണ്ടാവില്ല അതിനു വേണ്ടി ഇപ്പോൾ നമ്മൾ അല്പം ബുദ്ധിമുട്ടി എന്തെങ്കിലുമൊക്കെ കൊടുത്താലും അതും നിങ്ങളുടെ ഭാവിയിലേക്ക് തന്നെയല്ലേ??? “””
“”” എന്റെ അമ്മേ ഭാവിയിലേക്കുള്ളതൊക്കെ ഉണ്ടാക്കാൻ എനിക്ക് കഴിയും!!! അച്ഛൻ കൂലിപ്പണി ചെയ്തിട്ട് ആയാലും എനിക്ക് വിദ്യാഭ്യാസം തന്നിട്ടുണ്ട് അത് മതി എന്തിന്റെ പേരിലാണ് നിങ്ങൾ അവർ പറയുന്ന സംഖ്യ കൊടുത്ത് എന്നെ അയാളുടെ തലയിൽ കെട്ടിവയ്ക്കുന്നത് അത്രയ്ക്ക് ഭാരമായി തോന്നിയോ ഞാൻ നിങ്ങൾക്ക്??? “””
അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു അവൾ എന്ത് പറഞ്ഞാലും സമ്മതിക്കില്ല എന്നറിയാവുന്നതുകൊണ്ടുതന്നെയാണ് അമ്മ അവളോട് പറഞ്ഞത് നീ ഇപ്പോൾ ഞങ്ങൾക്ക് ഭാരം തന്നെയാണ് എന്ന് നീ മാത്രമല്ല ഈ കല്യാണപ്രായം ആയ ഓരോ പെൺകുട്ടികളും അവരുടെ അച്ഛനെയും അമ്മയുടെയും മനസ്സിൽ ഭാരങ്ങൾ തന്നെയാണ് എന്ന്. അത് കേട്ടതും അവൾ ആകെ തളർന്നു പോയിരുന്നു…
35 പവനും 5 ലക്ഷം രൂപയും അതായിരുന്നു തനിക്ക് അവരിട്ട വില…
അറവുമാടിന് ആയാൽ പോലും ഇങ്ങോട്ടാണ് പണം തരുക അത്ര പോലും വിലയില്ലാത്ത സ്ത്രീജന്മത്തെ പറ്റി ഓർത്ത് അവൾ ഒന്ന് പരിതപിച്ചു.
സ്ത്രീധനം ഇല്ല ആളുകൾ പ്രബുദ്ധരാണ് എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴും, വിവാഹത്തിന്റെ പിന്നാമ്പുറങ്ങളിൽ സ്ത്രീധനങ്ങളുടെ ഇഷ്ടം പോലെ കഥകൾ പറയാനുണ്ട്…
ഗവൺമെന്റ് ഹോസ്പിറ്റലിലെ ഫാർമസിസ്റ്റിന് ഇതിലും മികച്ച ഓഫറുകൾ കിട്ടുമത്രേ. ഇതിപ്പോ ഞങ്ങളുടെ അവസ്ഥയോർത്ത് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടും അവർ കുറച്ച് ഡിസ്കൗണ്ട് തന്നതാണ് വലിയ ഭാഗ്യം..
ചിലതെല്ലാം ഉറപ്പിച്ച് തന്നെയാണ് വിവാഹത്തിന് സമ്മതിച്ചത് താൻ സമ്മതിച്ചില്ലെങ്കിൽ അച്ഛനെയും അമ്മയുടെയും മനസ്സ് വേദനിക്കും എന്നറിയാം പലരീതിയിലും പറഞ്ഞു നോക്കി അവർ അടുക്കുന്നെ ഇല്ല ഇനിയിപ്പോ ഇതിന് സമ്മതിച്ചില്ലെങ്കിൽ പിന്നെ, അതും പറഞ്ഞാവും അടുത്ത പ്രശ്നം…
രണ്ട് ലക്ഷത്തിന്റെ ഒരു ചിട്ടി അമ്മ ചേർന്നിരുന്നു അത് കിട്ടിയ ഉടനെ അവിടെ കൊണ്ട് കൊടുക്കുന്നത് കണ്ടു ഇനി വിവാഹം അടുപ്പിച്ച് ബാക്കി മൂന്നു കൂടി കൊടുക്കണം..
അമ്മയ്ക്ക് പണ്ട് ഭാഗം കിട്ടിയപ്പോൾ ഒരു നാല് സെന്റ് സ്ഥലം അവിടെ എന്റെ ആവശ്യങ്ങൾക്കായി മാറ്റിയിട്ടിരുന്നു അത് വിറ്റ് ബാക്കി കൂടി കൊടുത്തു….
അമ്മയുടെ ആങ്ങള തന്നെയാണ് കണ്ണായ ആ സ്ഥലം സ്വന്തമാക്കിയത് ഇപ്പോൾ ഇത്ര തിടുക്കത്തിൽ ചെന്ന് ചോദിച്ചപ്പോൾ ഉള്ളതിന്റെ പകുതി വില തന്ന് അയാളും പറ്റിച്ചു…
സ്വർണ്ണം, എല്ലാം കൂടെ ആകെ ഇരുപത് പവനെ ഒപ്പിക്കാൻ ആയുള്ളൂ പതിനഞ്ചു പവൻ ഇനിയും ഉണ്ടാക്കണം….
വിചാരിച്ച സമയത്ത് കൊടുക്കാം എന്ന് പറഞ്ഞവർ കാലു മാറിയതിന്റെ, സങ്കടത്തിൽ എല്ലാം തകർന്നിരിക്കുന്ന അച്ഛനെ കണ്ട് ശരിക്കും മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു പക്ഷേ എന്തുപറഞ്ഞാലും അവർക്ക് മനസ്സിലാവില്ല എന്നുണ്ടെങ്കിൽ എന്താണ് പറയുക ഈ കല്യാണം അങ്ങ് കഴിച്ചാൽ പിന്നെ മകൾ സുഖമായി സുരക്ഷിതമായി മരണം വരെ ജീവിക്കും എന്ന് ഓർക്കുന്നവരോട് എന്ത് പറയാൻ…
പതിനഞ്ചു പവന് ഒരു നീക്കുപോക്ക് ഉണ്ടാക്കി അവിടെ ചെന്ന് വിവാഹം കഴിഞ്ഞ് കിട്ടുന്ന പണം കൊണ്ട് വാങ്ങിത്തരാം എന്നായിരുന്നു കരാർ അവരത് സമ്മതിച്ചപ്പോൾ പിന്നെ അച്ഛന് വല്ലാത്ത സമാധാനമായി അങ്ങനെ വിവാഹം നടന്നു…
വിവാഹം കഴിഞ്ഞ് അവിടെ കാലെടുത്തുവെച്ചു… അമ്മായിയമ്മയുടെ കൂടെ നിന്ന്, വന്നു കയറി അവളുടെ സ്വർണം മുഴുവൻ കണ്ണുകൊണ്ടും അറിയാത്ത വിധത്തിൽ എടുത്തു നോക്കിയും ഒക്കെ അളക്കുന്നവരെ കണ്ട് ദേഷ്യം തോന്നിയിരുന്നു എങ്കിലും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് അതുപോലെ നിന്നു..
ആദിരാത്രിയിൽ ചിരിയോടെ അത് ആഘോഷിക്കാൻ വന്ന ഭർത്താവിനോട്, ആദ്യമായി പറഞ്ഞത് സ്ത്രീധനമായി നിങ്ങൾക്ക് നൽകിയ പണം ഉടനെ തന്നെ എന്റെ പേരിൽ ബാങ്കിൽ ഇടണം എന്നായിരുന്നു…
മൂന്നുലക്ഷം അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതിന് രേഖകൾ ഉണ്ടായിരുന്നു… രണ്ട് ലക്ഷം പിന്നെ കയ്യിൽ കൊണ്ട് കൊടുക്കുകയാണ് ചെയ്തത്..
നിങ്ങൾ സ്ത്രീധനം വാങ്ങി എന്നത് എനിക്ക് എളുപ്പത്തിൽ തെളിയിക്കാൻ പറ്റും അറിയാമല്ലോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ സ്ത്രീധനം വാങ്ങി വിവാഹം ചെയ്താൽ ഉള്ള ഭവിഷ്യത്തുകൾ വെറുതെ എന്നെക്കൊണ്ട് അതെല്ലാം ചെയ്യിപ്പിക്കരുത്..
“”” പിന്നെ നീ എന്തിനാടി ഇങ്ങോട്ട് എഴുന്നള്ളിയത്???””” എന്ന് പറഞ്ഞ് അയാൾ ആക്രോശിച്ചു…
മുഖത്ത് വന്ന പരിഹാസ ചിരിയോടെ തന്നെ അയാളോട് പറഞ്ഞു…
“”” തനിക്ക് നാണമില്ലേടോ സ്വന്തമായി ഒരു കുടുംബം ഉണ്ടാക്കാൻ, പെണ്ണിന്റെ വീട്ടുകാരോട് പൈസ മേടിക്കാൻ ഒരുപാട് പറഞ്ഞു നോക്കിയത് ഇതുപോലെ നട്ടെല്ലില്ലാത്ത ഒരുത്തനെ എനിക്ക് വേണ്ട എന്ന് പക്ഷേ എന്ത് ചെയ്യാം, എന്റെ വാക്ക് വിലയ്ക്കെടുത്തില്ല എന്റെ വീട്ടുകാർ!! അപ്പൊ പിന്നെ ഞാനും വിചാരിച്ചു എല്ലാം വിറ്റ് അവരും ഈ വിവാഹം നടത്തി തരട്ടെ എന്ന്… പക്ഷേ ആ പണം അങ്ങനെ നിങ്ങളുടെ ഇഷ്ടത്തിന് ചെലവാക്കാൻ തരാൻ എനിക്ക് പറ്റില്ലല്ലോ!!! സ്വർണ്ണം എന്റെ കയ്യിൽ ഉണ്ട് 5 ലക്ഷം രൂപ നാളെത്തന്നെ എന്റെ പേരിൽ ഒരു അക്കൗണ്ട് എടുത്ത് അതിലേക്ക് മാറ്റണം!!!””
അയാൾ ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു അടുത്ത ദിവസം പറഞ്ഞതുപോലെ അയാൾ ചെയ്തിരുന്നു..
ആ പണം കൊണ്ട് തുടർന്നു പഠിക്കാൻ ആയിരുന്നു എന്റെ തീരുമാനം.. ഞാനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ പോലും അയാൾ ഭയപ്പെട്ടു എന്തെങ്കിലും ചെയ്തു പോയാൽ അയാളുടെ ജോലിയേ തന്നെ അത് ബാധിക്കും…
ഞാൻ ഹോസ്റ്റലിലേക്ക് മാറി… അയാളുടെ മനോഭാവം എന്താണെന്ന് അറിഞ്ഞ് ഈ വിവാഹത്തിൽ തുടരണോ വേണ്ടയോ എന്നൊരു തീരുമാനമെടുക്കാം എന്നാണ് ആദ്യം കരുതിയത് ഇപ്പോൾ മനസ്സിലായി അയാളും അത്യാർത്ഥിയുള്ള ഒരാളാണ് പണത്തിന്…
അങ്ങനെ ഒരാളുടെ കൂടെ ജീവിക്കുക പ്രയാസകരമായിരിക്കും മനുഷ്യമൂല്യത്തിന് വില കൊടുക്കാത്തവർ, മറ്റുള്ളവർക്ക് എങ്ങനെ താങ്ങാകാനാണ്..
ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ അയാളോട് പറഞ്ഞിരുന്നു ഈ വിവാഹത്തിൽ നിന്ന് ഞാൻ പിന്മാറുകയാണ് എന്ന് അവർക്കും സമ്മതമായിരുന്നു അങ്ങനെ പരസ്പരം അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങൾ ഡിവോഴ്സ് ഫയൽ ചെയ്തു എന്റെ വീട്ടിൽ നിന്ന് എതിർപ്പ് ഉണ്ടായിരുന്നു പക്ഷേ, ഞാനെന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു…
അത്ഭുതം എന്ന് പറഞ്ഞത് അവരെല്ലാം അയാളുടെ ഭാഗമായിരുന്നു എന്നതാണ്… സ്ത്രീധനം വാങ്ങാൻ പെൺകുട്ടികളുടെ വീട്ടുകാരും സപ്പോർട്ട് ആണല്ലോ എന്ന കാര്യം സങ്കടത്തോടെ ഞാൻ ഓർത്തു വീട്ടിലേക്ക് ഇനി വരണ്ട എന്ന് അമ്മയും അച്ഛനും തീർത്തു തന്നെ പറഞ്ഞു…
എനിക്ക് ഒട്ടും ഭയം തോന്നിയില്ല.. കാരണം എന്നെ വിറ്റതിന്റെ പണം എന്റെ കയ്യിൽ ഉണ്ടായിരുന്നു സ്വർണവും അതെല്ലാം കൊണ്ട് അത്യാവശ്യം നന്നായി തന്നെ എന്നെ ഹെയർ സ്റ്റഡീസ് പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു ക്യാമ്പസ് സെലക്ഷനിൽ ജോലിയും കിട്ടി..
ഇന്ന് ആ ഗവൺമെന്റ് ജോലിക്കാരനെക്കാൾ ഇരട്ടിപ്പണം ഞാൻ ശമ്പളമായി വാങ്ങുന്നുണ്ട്…
അച്ഛനെയും അമ്മയെയും നോക്കുന്നുമുണ്ട് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവർ പിന്നെ എന്നെ സ്വീകരിച്ചിരുന്നു…
എന്നെ അംഗീകരിക്കുന്ന എന്റെ വ്യക്തിത്വം മനസ്സിലാക്കുന്ന ഒരാളെ കൂട്ടിന് കിട്ടിയപ്പോൾ ജീവിതത്തിൽ കൂട്ടുകയും ചെയ്തു….
ഇനി ഇപ്പോൾ ഞാൻ ശരിക്കും സന്തോഷവതിയാണ്… സ്വന്തം വ്യക്തിത്വം എവിടെയും അടിയറത് വയ്ക്കാത്തതിൽ അഭിമാനം കൊള്ളുന്ന ഒരു സ്ത്രീയും…