പിന്നെ മായയോട് സുഭാഷ് കളിയോടെ പറഞ്ഞിരുന്നു നീ തന്നെയാ എന്റെ ധനം അങ്ങ് പോരെ…എന്ന്…

രചന: നീതു

:::::::::::::;

“””എല്ലാവരും കൂടി പോയാൽ എങ്ങനെ അവളോട് നീ ഇവിടെ നിൽക്കാൻ പറ!!”

മഹേഷിനോട് അമ്മ പറഞ്ഞപ്പോഴേക്ക് മഹേഷ് അവളെ വിളിച്ചിരുന്നു,

“”” രമ്യ നീ ഇങ്ങോട്ടൊന്നു വന്നേ!!!”
എന്ന്… രാവിലെ മുതൽ തുടങ്ങിയ പണിയായിരുന്നു ഇപ്പോഴാണ് എല്ലാം ഒന്ന് ഒതുക്കി ഒരുങ്ങാൻ വേണ്ടി ഒരു മുറിയിലേക്ക് കയറിയത്… അപ്പോഴേക്കും മോളും ഉണർന്ന് കരയാൻ തുടങ്ങി പിന്നെ അവൾക്ക് പാല് കൊടുത്ത് തട്ടിയുറക്കി കിടത്തി വേഗം സാരിയെടുത്ത് ഉടുക്കാൻ നോക്കുമ്പോഴാണ് പുറത്തുനിന്ന് വിളി കേട്ടത് വേഗം സാരി കട്ടിലിലേക്ക് തന്നെ ഇട്ട് പുറത്തേക്ക് പോയി…

“”” ഇന്നിപ്പോ അവന്റെ നിശ്ചയം ഒന്നുമല്ലല്ലോ കല്യാണം ഉറപ്പിക്കാനുള്ള പോക്കല്ലേ അതിനിപ്പോ എല്ലാവരും കൂടി പോണം എന്നൊന്നുമില്ല ഒരു കാര്യം നീ ഇവിടെ നിൽക്ക്!! “””

എന്ന് മഹേഷ് പറഞ്ഞതും രമ്യ എല്ലാവരെയും ഒന്ന് നോക്കി അങ്ങനെ ഒരാൾ അവിടെയുണ്ട് എന്ന് പോലും കാണിക്കാത്ത ഭാവത്തിൽ എല്ലാവരും തകർത്ത് അഭിനയിക്കുന്നുണ്ട് മഹേഷിന്റെ അമ്മയും പെങ്ങമ്മാരും എല്ലാം…

ഇന്ന് അനിയൻ സുഭാഷിന്റെ വിവാഹം ഉറപ്പിക്കാൻ പോകുകയാണ് അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തന്നെ പെൺകുട്ടിയാണ്.. അവൻ കണ്ട് ഇഷ്ടപ്പെട്ട ഇവിടെ വന്നു പറഞ്ഞപ്പോൾ ആരും എതിർത്തില്ല എതിർത്താലും അവൻ അവന്റെ ഇഷ്ടപ്രകാരം വിവാഹം നടത്തും എന്ന് അറിയാം…

ഇന്നലെ ഇല്ല എന്ന് പറഞ്ഞ് തന്നോട് സുഭാഷ് തന്നെയാണ് വന്നു പറഞ്ഞത് ഏട്ടത്തി എന്തായാലും വരണം ആകെ കൂടെ ഒരു ഏട്ടത്തി ഉള്ളത് എവിടെ എന്ന് അവർ ചോദിക്കും എന്ന് അതുകൊണ്ട് മാത്രമാണ് ഇന്ന് ഒരുങ്ങി പോകുന്നത്…
ഇപ്പോ വേണ്ട എന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു സങ്കടം..

ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.. അപ്പോഴേക്കും സുഭാഷ് വണ്ടി ഇറക്കിയിട്ട് വന്നിരുന്നു..

“”” ഏട്ടത്തി!!””

എന്ന് ഉറക്കെ വിളിക്കുന്നത് കേട്ടു നൈറ്റിയും ഇട്ടുകൊണ്ട് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൻ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…..

“”” ഇതെന്താ ഏട്ടത്തി സാരിയുടുക്കാത്തത് പോവണ്ടേ?? “”
എന്ന് ചോദിച്ചപ്പോൾ അവനോട് പറഞ്ഞു…
“”””എടാ ഞാൻ വരുന്നില്ല എല്ലാവരും കൂടി വന്ന എങ്ങനെയാ ഞാൻ ഇവിടെ നിന്നോളാം!!!””” എന്ന്..

ഞാൻ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാവാം എന്ന് ഏകദേശം അവനെ പിടികിട്ടിയിരുന്നു അതുകൊണ്ടുതന്നെ അവൻ എന്നോട് പറഞ്ഞു,

“””” അങ്ങനെയാണെങ്കിൽ ചേച്ചി ഇവിടെ നിന്നോട്ടെ കഴിഞ്ഞതവണ പെണ്ണ് കാണാൻ ചെന്നപ്പോൾ ചേച്ചി പോയതാണല്ലോ ഇതുവരെ അവിടെ കാണാൻ വരാത്തത് ഏട്ടത്തി അല്ലേ അതുകൊണ്ട് ഇന്ന് ഏട്ടത്തി പോന്നോളൂ!””””

എന്ന്…
വല്ലായ്മ യോടെ ഞാൻ മഹിയേട്ടന്റെ പെങ്ങളെ നോക്കി എന്നെ അരച്ച് കലക്കി കുടിച്ചാൽ കൊള്ളാം എന്നൊരു ഭാവത്തോടെ അവിടെ നിൽക്കുന്നുണ്ട് അപ്പോൾ തന്നെ അമ്മ പ്ലേറ്റ് മാറ്റി.

“”” ഒരിത്തിരി നേരത്തെ കാര്യമല്ലേ ഉള്ളൂ.. എല്ലാരും കൂടെ അങ്ങ് പോകാം… വേഗം പോയി ഡ്രസ്സ് മാറ്റി വാടി നേരം വൈകിക്കരുത്!!”””

എന്ന്…

അവരുടെയെല്ലാം കൂടെ പോവാൻ ഒട്ടും താല്പര്യമില്ലായിരുന്നു. എങ്കിലും സുഭാഷ് പറഞ്ഞതുകൊണ്ട് അവിടെയെങ്കിലും ജയിക്കണം എന്ന് തോന്നി ഞാൻ വേഗം ഒരുങ്ങി മോളെയും ഒരു ഉടുപ്പിട്ട് റെഡിയാക്കി അവളെയും എടുത്ത് പോയിവണ്ടിയിൽ കയറി..

വണ്ടിയുടെ പിറകിൽ നിന്ന് ചേച്ചി പിറു പിറുക്കുന്നുണ്ടായിരുന്നു. എന്ത് കൈവിഷം കൊടുത്താണാവോ ഇവൾ അവനെ കുപ്പിയിലാക്കിയത് എന്നെല്ലാം കേൾക്കാത്ത ഭാവത്തിൽ ഞാൻ ഇരുന്നു..

മായ എന്നായിരുന്നു സുഭാഷ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര് മെലിഞ്ഞ് വെളുത്ത് സുന്ദരി ഒരു കൊച്ച്…
അവളെ കണ്ടതും ചിരിയോടെ ഞാൻ അകത്തേക്ക് കയറി എന്നെ കണ്ടതും ഓടിവന്നു രമ്യ ഏടത്തിയല്ലേ എന്ന് ചോദിച്ചു..
അതെ എന്ന് പറഞ്ഞപ്പോഴേക്ക് എന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മറ്റാരെക്കാളും എനിക്ക് അവിടെ സ്ഥാനം തന്നത് എല്ലാവരുടെയും മുഖത്ത് മങ്ങൽ ഏൽപ്പിച്ചിരുന്നു…

അവൾ കുറെ കാര്യങ്ങൾ ചോദിച്ചു മോളെ എടുത്തു കൊഞ്ചിച്ചു. എനിക്ക് സമാധാനമായിരുന്നു അവളും കൂടി വീട്ടിലേക്ക് വന്നാൽ എന്റെ അവിടുത്തെ ഒറ്റപ്പെടൽ മാറികിട്ടും എന്ന് എനിക്ക് അന്നേരം തോന്നി…

മഹേഷേട്ടൻ അമ്മ എന്തുപറഞ്ഞാലും അതുപോലെ അനുസരിക്കും എന്റെ മാനസികാവസ്ഥയോ വിഷമമോ ഒന്നും ആൾക്ക് പ്രശ്നമല്ല അമ്മയെ അനുസരിക്കണം അത്രമാത്രമേ ഉള്ളൂ..

പക്ഷേ സുഭാഷ് അങ്ങനെയല്ല തെറ്റ് ആരുടെ പകലാണോ, അവരോട് എതിർത്ത് സംസാരിക്കും ശരിയുടെ പക്ഷത്തെ നിൽക്കുന്നത് കാണാറുള്ളൂ അത് പക്ഷേ മറ്റു പല രീതിയിലും അവിടെയുള്ളവർ വ്യാഖ്യാനിക്കാറുണ്ട് എന്ന് മാത്രം….

വിവാഹം ഉറപ്പിക്കുന്ന സമയത്ത് സ്ത്രീധനത്തെപ്പറ്റി ചർച്ചയുണ്ടായി അന്നേരം മായവന്ന് അവരോട് പറഞ്ഞിരുന്നു സ്ത്രീധനം മോഹിച്ചിട്ടാണെങ്കിൽ ഈ വിവാഹം നമുക്ക് ഇവിടെ വച്ച് നിർത്താം എന്ന്…

ഞാൻ ഭയത്തോടെ അവളെ തന്നെ നോക്കി ഈ വിവാഹം ഇവിടെ വച്ച് അവസാനിക്കും എന്ന് കരുതിയ എനിക്ക് തെറ്റി സുഭാഷ് അതൊരു തമാശ പോലെയാണ് എടുത്തത്..

ചിരിയോടെ അവൻ എല്ലാവരെയും നോക്കി അവന്റെ മുഖത്തെ ചിരി കണ്ടതും കഷ്ടപ്പെട്ട് മറ്റുള്ളവരും അതുപോലെ ചിരിക്കാൻ ശ്രമിച്ചു.

പിന്നെ മായയോട് സുഭാഷ് കളിയോടെ പറഞ്ഞിരുന്നു നീ തന്നെയാ എന്റെ ധനം അങ്ങ് പോരെ… എന്ന്!!”

എല്ലാവരും ഒരു ഇളിഞ്ഞ ചിരി അതിനു നൽകി. ഞാൻ അവളെപ്പറ്റി ആലോചിക്കുകയായിരുന്നു സ്ത്രീധനം എന്ന് പറഞ്ഞ് എന്റെ അച്ഛൻ ചക്രശ്വാസം വലിച്ചാണ് അവർക്ക് വേണ്ടുന്നത് ഉണ്ടാക്കിക്കൊടുത്തത് ആ സമയത്ത് അവൾ എത്ര ബോൾഡ് ആയി നിന്ന് കാര്യങ്ങൾ പറയുന്നു…

എന്നിട്ടോ ആ പണവും സ്വർണവും എല്ലാം അമ്മ ഇപ്പോഴും കൈവശം വച്ചിരിക്കുന്നു….

അവളെപ്പോലെ അന്ന് ശബ്ദമുയർത്താൻ കഴിയാത്തതിൽ ഞാനിപ്പോൾ ലജ്ജിക്കുന്നത് പോലെ തോന്നി..

പോകാൻ നേരം അവൾ ഒരു സ്വകാര്യം പോലെ എന്നോട് പറഞ്ഞിരുന്നു,

“”” ഏട്ടത്തി നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ വേണം പറയാൻ നമ്മൾ ഒന്ന് താണു കൊടുത്താൽ ആ അവസരം മുതലാക്കുന്നവർ ആയിരിക്കും എല്ലായിടത്തും!!””‘

“” പക്ഷേ മായേ നിന്റെ കൂടെ എല്ലാവരും ഉണ്ട് എന്റെ അവസ്ഥ അങ്ങനെയല്ല ഞാൻ എന്തെങ്കിലും മിണ്ടിപ്പോയാൽ എന്റെ സ്വന്തം ഭർത്താവ് പോലും എന്റെ കൂടെ നിൽക്കില്ല!!!””

“”” അതെല്ലാം ഏട്ടത്തിയുടെ വെറും തെറ്റിദ്ധാരണകൾ ആണ്!! ഏട്ടത്തി അമ്മയെ എതിർത്ത് സംസാരിച്ചാൽ, അത് ന്യായമാണെങ്കിൽ ഏട്ടൻ കൂടെ നിൽക്കും അല്ലാതെ എന്ത് ചെയ്യും ഏട്ടത്തിയേയും കുഞ്ഞിനേയും ആ പേരും പറഞ്ഞ് ആള് ഉപേക്ഷിക്കും എന്ന് തോന്നുന്നുണ്ടോ?? “””

ഓർത്തപ്പോൾ ശരിയാണ് അദ്ദേഹത്തിന് തന്നെയും കുഞ്ഞിനെയും ജീവൻ തന്നെയാണ് പക്ഷേ അമ്മയെ എതിർക്കാൻ വയ്യ എന്ന് മാത്രം….

“”” നമ്മളെ എവിടെയെങ്കിലും, താഴ്ത്തി കെട്ടുന്നതായി തോന്നിയിട്ടുണ്ടെങ്കിൽ ഒന്നും മിണ്ടാതെ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ല പിന്നെയും അത് തന്നെ തുടരും പക്ഷേ ഒരു തവണ പ്രതികരിച്ചാൽ പിന്നെ അവർ ഒന്ന് ഭയക്കും….
ചേച്ചി സർവം സഹയായി നിന്നുകൊടുത്തു. അവിടെയാണ് ചേച്ചിക്ക് തെറ്റുപറ്റിയത്… ഇനിയെങ്കിലും ഒന്ന് എതിർത്തു നോക്കൂ ന്യായത്തിനു വേണ്ടി മാത്രം!!!””

വല്ലാത്തൊരു ഊർജ്ജവം ഉൾക്കൊണ്ടാണ് ഞാൻ ആ പടി ഇറങ്ങിയത് ഇതുവരെയും എന്നെ എന്തു പറഞ്ഞാലും എന്ത് ചെയ്താലും ഒന്നും മിണ്ടാതെ എല്ലാം സഹിക്കുകയായിരുന്നു പതിവ്…
മഹേഷിനോട് പറയുമ്പോൾ സാരമില്ല എല്ലാം ശരിയാകും എന്നല്ലാതെ, മറ്റൊന്നും പറഞ്ഞു കേട്ടിട്ടില്ല.. ഒരുപക്ഷേ മായ പറഞ്ഞതുപോലെ ആ സമയത്തെല്ലാം താൻ തന്റെ ന്യായത്തിനു വേണ്ടി നീലക്കൊള്ളുകയാണെങ്കിൽ കൂടുതലൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു..

അന്ന് മഹേഷേട്ടന്റെ വീട്ടിലേക്ക് രമ്യ കാലെടുത്തുവെച്ചത് ഉള്ളിൽ ഒരു ഉറച്ച തീരുമാനത്തോട് കൂടെയായിരുന്നു ഇനി ഒരിക്കലും അവർക്ക് ചവിട്ടി അരയ്ക്കാൻ ആയി നിന്നു കൊടുക്കില്ല എന്ന്…

ഒരുപക്ഷേ തനിക്ക് ചുറ്റും ഇതുപോലെ പല അനുഭവങ്ങളും ഉണ്ടായിട്ടും ഒരു വലിയ ഭാഗം ഒന്നും പ്രതികരിക്കാത്തത് തന്റെ ഒപ്പം നിൽക്കാൻ ആളുകൾ ഉണ്ടാവില്ല എന്ന് കരുതിയാകും…

അത് തന്നെയാണ് മറ്റുള്ളവർ മുതൽ എടുക്കുന്നതും സ്വയം തെറ്റിനെതിരെ ശബ്ദം ഉയർത്തിയാൽ, മറ്റുള്ളവർ അടങ്ങുക തന്നെ ചെയ്യും.. നാം ആരുടെയും അടിമകൾ അല്ല… മാന്യമായ സ്ഥാനം നമുക്കും കിട്ടണം..
അതെവിടെയായാലും ആരായാലും…