എനിക്കെന്നും എല്ലാത്തിനും നന്ദി അയാളുടെ അമ്മയോട് ആയിരുന്നു കാരണം, എന്റെ വീട്ടുകാർ പോലും

രചന: നീതു

സ്വന്തമായി കാര്യങ്ങൾ ഒന്നും തീരുമാനിക്കാൻ പ്രാപ്തിയില്ലാത്ത സമയത്താണ് വിവാഹം തീരുമാനിച്ചത്… അതും തന്നെക്കാൾ ഒരുപാട് പ്രായത്തിന് വ്യത്യാസമുള്ള ഒരാൾ…
അയാൾ നല്ല പണക്കാരൻ ആണ് എന്നായിരുന്നു അയാൾക്ക് വീട്ടുകാർ കണ്ടെത്തിയ ഒരു മേന്മ!!!
പട്ടിണി കിടക്കേണ്ടി വരില്ലാത്രേ ജീവിതം മുഴുവൻ സുഖകരമായിരിക്കുമത്രേ…

ഡിഗ്രി ഫസ്റ്റ് ഇയർ ആയെങ്കിലും ലോകവിവരം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല.. വീട്ടുകാർ എന്തുപറയുന്നു അതനുസരിക്കും അതുപോലെ പ്രവർത്തിക്കും എന്നതിൽ കൂടുതൽ മറ്റൊന്നിനെ പറ്റിയും ഞാൻ ചിന്തിച്ചിരുന്നില്ല….

എന്നെ പറഞ്ഞു സമ്മതിപ്പിക്കാൻ അവർക്ക് അധികം പ്രയത്നിക്കേണ്ടി വന്നില്ല കാരണം എന്റെ ജീവിതത്തിൽ എന്തു തീരുമാനിക്കണം എന്നൊന്നും അറിയുന്ന പ്രായമായിരുന്നില്ല അത്… അതു കൊണ്ട് തന്നെയാണ് അവർ പറഞ്ഞ വിവാഹത്തിന് സമ്മതം മൂളി ഞാൻ കഴുത്ത് നീട്ടി കൊടുത്തത്.. പക്ഷേ വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു ദാമ്പത്യം..

സെ ക്സ് എന്താണെന്ന് പോലും അറിയാതെ ഭയപ്പെട്ടു നിന്നിരുന്ന ഒരുവളെ, ബലമായി പ്രാപിച്ചിരുന്നു അയാൾ!! ആ വീട്ടിലെ തങ്ങളുടെ റൂം എന്നും എന്നെ ഭയപ്പെടുത്തുന്ന ഇടമായി തീരാൻ അതായിരുന്നു കാരണം…

എന്റെ അവശതകളോ വയ്യായ്മയോ ഒന്നും കണക്കിൽ എടുക്കാതെ അയാളുടെ സുഖത്തിനു മാത്രം അയാൾ പ്രാധാന്യം കൊടുത്തു..

എന്നെ സംബന്ധിച്ചിടത്തോളം സെ ക്സ് എന്നാൽ വേദനാജനകമായ അറപ്പുളവാക്കുന്ന എന്തോ ഒന്ന് അത് മാത്രമായിരുന്നു…

രണ്ടു കുഞ്ഞുങ്ങൾ ആകുന്നത് വരെ അയാൾക്ക് എന്നിൽ പുതുമ ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോൾ മറ്റു മേച്ചിൽ പുറങ്ങൾ തേടി അയാൾ പോയി….

ടൗണിൽ ഒരു ടെക്സ്റ്റൈൽസും പെട്രോൾ പമ്പും അയാൾക്ക് സ്വന്തമായി ഉണ്ടായിരുന്നു. അവിടെ നിന്ന് കിട്ടുന്ന വരുമാനം മുഴുവൻ പലപല പെണ്ണുങ്ങൾക്കായി പങ്കിട്ടു കൊടുത്തു അയാൾ…

ക്രമേണ വീട്ടിലെ വരുമാനം കുറഞ്ഞു ശരിക്കും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ഞങ്ങൾ വലിയ വീടും പത്രാസും ഉണ്ടായിരുന്നെങ്കിലും മൂന്നുനേരം കഞ്ഞി വെച്ച് കുടിക്കാനുള്ളത് പോലുമില്ലാതെയായി..

പെട്രോൾ പമ്പ് അയാൾ വിറ്റു ടെക്സ്റ്റൈൽസ് വമ്പൻ നഷ്ടത്തിലായിരുന്നു..

കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് ചെന്നു. അവിടെനിന്ന് ഇനി നിന്റെ സ്ഥാനം ഭർത്താവിന്റെ വീട്ടിലാണെന്ന് പറഞ്ഞ് ഇറക്കിവിട്ടത് സ്വന്തം അമ്മ തന്നെയായിരുന്നു…
അയാളുടെ വീട്ടിലേക്ക് തന്നെ പോകേണ്ടിവന്നു അവിടെ അയാളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇതുവരെക്കും അവരെ അറിയാൻ ഞാൻ ശ്രമിച്ചിരുന്നില്ല…

ഒരു ദിവസം കുഞ്ഞുങ്ങളെയും കൊണ്ട് ഈ ജീവിതം തന്നെ അവസാനിപ്പിക്കാൻ ഞാൻ നോക്കി എന്റെ മരണത്തിന് ഉത്തരവാദി ആരും അല്ല എന്ന് എഴുതിവച്ച് കുഞ്ഞുങ്ങൾക്കുള്ള വിഷം കൂടി കരുതിവച്ചു അമ്മ എന്തിനോ മുറിയിലേക്ക് വന്നു ഞാൻ എഴുതിയ കുറിപ്പ് കണ്ട് ആദ്യം തന്നെ ചെയ്തത് എന്റെ മുഖത്തേക്ക് ആഞ്ഞടിക്കുകയാണ്…

“”” ജീവിതത്തിൽ തോറ്റു ഇതുപോലെ ചെയ്യാൻ ആർക്കും പറ്റും ജയിച്ചു കാണിക്കാനാണ് പാട്!!
അതിനുപോലും പറ്റില്ലെങ്കിൽ പിന്നെ നീ എന്തിനാണ് ആ കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറഞ്ഞ് നടക്കുന്നത്??”””

എന്ന് ചോദിച്ചപ്പോൾ എനിക്ക് മറുപടിയില്ലായിരുന്നു ആ കുഞ്ഞുങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ നിനക്ക് അധികാരം തന്നത് എന്നുകൂടി ചോദിച്ചപ്പോൾ ഞാൻ ആകെ തകർന്നു പോയി ഞാൻ ഇനി എന്തുവേണമെന്ന് ചോദിച്ചു അമ്മയുടെ മുന്നിൽ കരഞ്ഞു…

“”” നിന്റെ ഭർത്താവ് ഈ ബിസിനസ് ഏറ്റെടുക്കുന്നതിന് മുമ്പ് ഞാനാണ് എല്ലാം ഭംഗിയായി ചെയ്തത് എത്രയോ ചെറുപ്പത്തിൽ അവന്റെ അച്ഛനെ എനിക്ക് നഷ്ടപ്പെട്ടതാണ് എന്നിട്ടും ഇതെല്ലാം ഇതുപോലെ നിലനിർത്തിയത് ഞാനാണ്!!!….

അയാളുടെ അമ്മ ഗൗരവം കാണിക്കുമെങ്കിലും ഉള്ളുകൊണ്ട് നന്മയുള്ള ഒരു സ്ത്രീയായിരുന്നു അവരാണ് ആദ്യമായി എന്നോട് പറഞ്ഞത് അയാളുടെ ടെക്സ്റ്റൈൽസ് ബിസിനസ് ഏറ്റെടുക്കാൻ അത് അവരുടെ പേരിൽ ആയിരുന്നു…

ചെറുതായി തയ്ക്കാൻ ഒക്കെ അറിയാവുന്ന ഞാൻ, ടെക്സ്റ്റൈൽസിൽ വെറുതെ പോയി ഇരുന്നു ആദ്യം കൂടെ അമ്മയും ഉണ്ടായിരുന്നു ഏകദേശം അവിടുത്തെ കാര്യങ്ങളെല്ലാം പഠിപ്പിച്ചുതന്നത് അമ്മയായിരുന്നു അയാൾ പെണ്ണുങ്ങളുടെ പുറകെ നടക്കുന്നതു കൊണ്ട് തന്നെ നഷ്ടത്തിലായിരുന്നു ടെക്സ്റ്റൈൽസ് ബിസിനസ് ഞാനും അമ്മയും ചെല്ലാൻ തുടങ്ങിയതോടുകൂടി അതൊരു വിധം കരയ്ക്ക് കയറാൻ തുടങ്ങി…

അമ്മ തന്നെയാണ് എന്നെ ഫാഷൻ ഡിസൈനിങ് പഠിക്കാൻ അയച്ചത് പുതിയ മോഡലുകളും മറ്റും പഠിച്ചിറങ്ങിയ എനിക്ക് അത് ടെക്സ്റ്റൈൽസ് ബിസിനസ് രംഗത്ത് ശരിക്കും സഹായകമായി മറ്റുള്ളവരെക്കാൾ ഞങ്ങളുടെ പ്രോഡക്ടുകൾ ശ്രദ്ധയാകർഷിക്കാൻ തുടങ്ങി..

ദ ബെസ്റ്റ് വുമൺ എന്റർപ്ണർ അവാർഡ് ആ വർഷത്തെ എനിക്ക് ലഭിച്ചു അതോടെ ഞങ്ങൾ ഒരു ടെക്സ്റ്റൈൽസ് അനുദിനം വളരാൻ തുടങ്ങി…
അമ്മയ്ക്ക് എന്നെയോർത്ത് അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ…

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വന്നിരുന്നു ടെക്സ്റ്റൈൽസ് അയാളുടെ പേരിൽ എഴുതി കൊടുക്കണം എന്ന് പറഞ്ഞ് അവിടുത്തെ ലാഭവിഹിതം കണ്ട് കണ്ണ് മഞ്ഞളിച്ചാണ് അയാൾ വന്നത് അതും കൂടി ആർക്കൊക്കെയോ വീതിച്ചു കൊടുക്കാനുള്ള പുറപ്പാടാണെന്ന് അമ്മയ്ക്ക് മനസ്സിലായതും അമ്മ അയാളോട് തുറന്നു പറഞ്ഞിരുന്നു ആ ടെക്സ്റ്റൈൽസ് ഞാൻ അവളുടെ പേരിൽ എഴുതിവച്ചു എന്ന്..

ഇപ്പോ അത് അവളുടെ വിയർപ്പിന്റെ ഫലമായി, ഉയർന്നു വന്നതാണ് നിനക്കതിൽ ഒരു അവകാശവുമില്ല തോന്നിവാസം കാണിച്ചു നടക്കുന്ന നീ ഇനി ഈ വീട്ടിൽ പോലും കയറണ്ട എന്ന് പറഞ്ഞു…

അതോടെ അയാൾക്ക് വാശിയായി എന്നെയും കുഞ്ഞുങ്ങളെയും കൊ ല്ലും എന്ന് വരെ പറഞ്ഞു.. എന്റെ മാത്രമല്ലല്ലോ നിങ്ങളുടെ കൂടിയല്ലേ കുഞ്ഞുങ്ങൾ, കൊല്ലാൻ പോകുമ്പോൾ അതൊന്ന് ഓർത്താൽ നന്നായിരിക്കും… എന്ന് പറഞ്ഞപ്പോൾ എന്റെ മുഖത്ത് പുച്ഛം ആയിരുന്നു അയാളോട്..

അവിടെ നിന്നും അയാൾ പോയത് ഒരു ദുരന്തത്തിലേക്ക് ആയിരുന്നു കള്ളുകുടിച്ച് ഡ്രൈവ് ചെയ്ത് ഉണ്ടായ ആക്സിഡന്റിൽ നട്ടെല്ലിന് കാര്യമായ ക്ഷതം പറ്റി കഴുത്തിന് താഴേക്ക് തളർന്ന് അയാൾ കിടന്നു… മുൻപ് ആർക്കൊക്കെ വേണ്ടിയാണോ അയാൾ പണം ചെലവഴിച്ചത് അവരെല്ലാം അയാളെ കൈയൊഴിഞ്ഞു ഒടുവിൽ ഞാനും എന്റെ മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അയാളെ നോക്കലും എന്റെ ബിസിനസും എല്ലാം കൂടി നടക്കുന്നുണ്ടായിരുന്നില്ല അമ്മ തന്നെയാണ് പറഞ്ഞത് ഈ സമയത്ത് സെന്റിമെൻസിന് യാതൊരു സ്ഥാനവും ഇല്ല മുന്നോട്ടുപോയെ പറ്റൂ അതുകൊണ്ട് ഒരു ഹോംനേഴ്സിനെ നിർത്തിയാൽ മതി അയാളെ നോക്കാൻ നീ നിന്റെ ടെക്സ്റ്റൈൽസുമായി മുന്നോട്ടു പോകാൻ നോക്ക് അല്ലെങ്കിൽ ഈ പറയുന്ന എല്ലാവരും വഴിയാധാരമാകും എന്ന്..!!!

ജീവിതം ഒരുപാട് കണ്ടറിഞ്ഞ് ഒരാളുടെ വാക്കുകളായിരുന്നു അത് അതുകൊണ്ടുതന്നെ ഞാൻ അതുപോലെ ചെയ്തു ഇപ്പോൾ അദ്ദേഹത്തിന് നല്ല ചികിത്സ കൊടുക്കാൻ എനിക്ക് കഴിയുന്നുണ്ട് ചെയ്തുപോയ തെറ്റുകൾ ഒക്കെ ആൾക്ക് മനസ്സിലായി ഞങ്ങളെ മനസ്സിലാക്കാത്തത് കുറ്റബോധം അയാൾക്ക് ശരിക്കും ഉണ്ടായിരുന്നു. നല്ലതുപോലെ ഒന്ന് ജീവിച്ചിട്ട് കൂടിയില്ല മക്കൾ ഇപ്പോൾ അയാളെ അച്ഛാ എന്ന് വിളിക്കുമ്പോൾ ശരിക്കും ആ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് കാണാം..

ഒരുകാലത്ത് അവരെ കൂടിയാണ് അയാൾ ശത്രുക്കളായി പ്രഖ്യാപിച്ചത്..

ചെറിയ ഒരു മുടന്ത് ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾക്ക് എല്ലാം അത്യാവശ്യം നടക്കാം എന്ന് സ്ഥിതിയിലായി അയാൾ…

ഇപ്പോൾ എന്റെ കൂടെ ചേർന്ന് ബിസിനസിന് ആവശ്യമുള്ള എല്ലാ ഉപദേശങ്ങളും തരും അയാൾക്ക് എക്സ്പീരിയൻസ് ഉണ്ടായതുകൊണ്ട് എന്നെക്കാൾ പുതിയ ഐഡിയകൾ തരാൻ ആള് മിടുക്കനായിരുന്നു രണ്ടുപേരുടെയും പ്രയത്നം കൊണ്ട് ഇന്ന് ഈ രംഗത്ത് ഞങ്ങൾ നമ്പർവൺ ആയി…

എനിക്കെന്നും എല്ലാത്തിനും നന്ദി അയാളുടെ അമ്മയോട് ആയിരുന്നു കാരണം, എന്റെ വീട്ടുകാർ പോലും കൂടെ നിൽക്കാതിരുന്ന സമയത്ത് വീണുപോകും എന്ന് കരുതിയപ്പോൾ ചെറിയൊരു കൈത്താങ്ങ് തന്ന് ഇത്രയും മുകളിലേക്ക് എന്നെ എത്തിച്ചത് അവർ ഒരാൾ മാത്രമാണ്‌…

ഇന്ന് മക്കളും, അദ്ദേഹവും എന്റെ കൂടെയുണ്ട് അമ്മ ഞങ്ങളെ വിട്ടുപോയി എങ്കിലും ആ പേര് ഓർക്കുമ്പോൾ ശരിക്കും അഭിമാനം തന്നെയാണ്… ജനിപ്പിക്കാതെയും അമ്മ എന്ന പേരിന് അർഹയായവർ…