പിന്നെ കൂടുതലൊന്നും ഞാൻ ചിന്തിച്ചില്ല. അവളുടെ അനുവാദത്തിന് കാത്തുനില്ക്കാതെ അവളെ കൈകളിൽ കോരിയെടുത്ത് കാറിന്റെ അരികിലേക്ക് നടന്നു

രചന: സുധിൻ സദാനന്ദൻ

അവളെയൊന്ന് വളയ്ക്കാൻ ഇനി ഞാനെന്താടാ ചെയ്യാ രഘു…? ദൂരെ നിന്ന് അനു വരുന്നത് കണ്ട് സുഹൃത്തായ രഘുവിനോട് ഞാനങ്ങനെ ചോദിച്ചതിന്…

“പഴത്തൊലി താഴെയിട്ട് അവളെ വീഴ്ത്താം” എന്നവൻ പറഞ്ഞ മറുപടി എന്നെ വല്ലാതെ ചൊടിപ്പിച്ചെങ്കിലും ഞാനത് പുറത്തു കാണിക്കാതെ അനു വരുന്നതും നോക്കി ചുണ്ടിലൊരു ചിരിയും ഫിറ്റ് ചെയ്ത് വഴിയരികിൽ നിർത്തിയ എന്റെ കാറിന്റെ ഡോറിൽ ചാരിനിന്നു.

രഘു പറഞ്ഞ് തീർന്നതും റോഡിലൂടെ പോവുന്ന ഒരു കാറിന്റെ മിറർ അനുവിന്റെ മേലെ തട്ടി അവൾ കറങ്ങി താഴെ വീണു.

ടാ, കരിനാക്കാ, എന്റെ അനു…രഘുവിന്റെ മുഖത്ത് നോക്കി ഞാനത് പറഞ്ഞ് അവൾക്കരികിലേക്ക് ഓടിയെത്തി.

താഴെ നിന്നും കൈയ്യൂന്നി എണീറ്റുനില്ക്കാൻ നോക്കുന്നുണ്ടെങ്കിലും അവൾക്കതിന് കഴിയുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ പൂച്ച എലിയ്ക്ക് ചുറ്റും വട്ടം കറങ്ങുന്നപോലെ ഞാനും അവൾക്കു ചുറ്റും നടന്നു.

അവളെ എടുത്ത് പൊക്കണമെന്നുണ്ട്. അനുവാദമില്ലാതെ അവളെ തൊട്ടാൽ അവൾക്കത് ഇഷ്ടപ്പെടുമോ എന്നുള്ള ഭയം എന്നെ പ്രതിമ കണക്കെ അവിടെ നിലയുറപ്പിച്ചു.

നിന്ന് കാഴ്ച കാണാതെ എന്നെയൊന്ന് എണീയ്ക്കാൻ സഹായിക്ക് മാഷെ…അവളത് പറഞ്ഞ് തീർക്കും മുൻപ് കൈകളിൽ പിടിച്ച് ഞാൻ അവളെ എണീറ്റ്നില്ക്കുവാൻ സഹായിച്ചു.

വലതുകാൽ നിലത്ത് കുത്തിയ അവൾ, അമ്മേ എന്ന് നിലവിളിച്ച് താഴെ തന്നെയിരുന്നു. കണങ്കാലിൽ കൈകൾ അമർത്തി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകയാണ്. പിന്നെ കൂടുതലൊന്നും ഞാൻ ചിന്തിച്ചില്ല.

അവളുടെ അനുവാദത്തിന് കാത്തുനില്ക്കാതെ അവളെ കൈകളിൽ കോരിയെടുത്ത് കാറിന്റെ അരികിലേക്ക് നടന്നു നീങ്ങുമ്പോൾ, എന്താണ് നടക്കുന്നതെന്ന് അറിയാതെ ഉണ്ടകണ്ണുകൾ മിഴിച്ച് എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നവൾ.

അനുവിനെ കൈകളിൽ പൊക്കിയെടുത്ത് വരുന്ന എന്നെകണ്ട് വായും പൊളിച്ച് നോക്കി നില്ക്കുന്ന രഘുവിനോട് “കാർ എടുക്കടാ രഘൂ…” എന്ന് പറഞ്ഞപ്പോൾ പിന്നിലെ ഡോർ തുറന്നുതന്ന് രഘു ഡ്രൈവിംങ് സീറ്റിൽ കയറി ഇരുന്നു.

അവളെ പിൻസീറ്റിൽ ഇരുത്തി തിരികെ ഓടിപോയി റോഡിൽ താഴെ വീണു കിടക്കുന്ന അനുവിന്റെ ബാഗും എടുത്ത് അവളുടെ അരികിൽ വെച്ച് ഞാൻ മുൻസീറ്റിൽ കയറിയിരുന്നു. രഘു അതിവേഗത്തിൽ സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിനു മുന്നിൽ കാർ നിർത്തി.

വീൽചെയർ കൊണ്ട് വന്ന് അവളെ അതിൽ ഇരുത്തി തള്ളികൊണ്ടു പോവുമ്പോൾ എവിടെ നിന്നോ വന്ന സിസ്റ്റർ എന്റെ കയ്യിൽ നിന്നും വീൽചെയറിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഉള്ളിലേക്ക് കൊണ്ട് പോയി ഡോക്ടർ അവളുടെ കണങ്കാലിൽ തൊട്ടു നോക്കിയപ്പോൾ വേദനയോടെ അവൾ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു.

അരികിൽ നിന്നിരുന്ന സിസ്റ്ററിനോട് എക്സറേ റൂമിലേക്ക് കൊണ്ട് പോവാൻ ഡോക്ടർ പറയുമ്പോൾ ഭയത്തോടെ അനു എന്റെ കൈയിൽ മുറുകെ പിടിച്ചു.

വീൽചെയറിൽ എക്സറേ റൂമിലേക്ക് അനുവിനെ കൊണ്ടു പോവുന്ന വഴിയിൽ സിസ്റ്റർ എന്നോട് “ഇതാരാ അനിയത്തിയാണോ…” എന്ന ചോദ്യത്തിന് “അയ്യോ…അനിയത്തി അല്ല” എന്ന് ഞാൻ പറഞ്ഞ മറുപടിയിൽ അനുവിന്റെ മുഖത്തും ഒരു ചിരി മിന്നിമറഞ്ഞിരുന്നു.

അവളെ എക്സറേ മുറിയ്ക്കുള്ളിലേക്ക് കൊണ്ടുപോയതിന് ശേഷം ഞാൻ മുറിയ്ക്ക് പുറത്തിരിക്കുമ്പോൾ രഘുവും എന്റെ അടുത്ത് വന്നിരുന്നു.

ടാ, മനു…ഞാൻ അറിയാതെ പറഞ്ഞു പോയതാ. എല്ലാവരും എന്നെ കരിനാക്കൻ എന്ന് വിളിച്ച് അകറ്റി നിർത്തുമ്പോൾ നീയേ ഉണ്ടായിരുന്നുള്ളൂ എന്റെ കൂടെ…മൂന്ന് മാസമായിട്ട് മുടങ്ങാതെ അവൾ കോളേജിൽ പോവുന്നത് നോക്കി നിന്നതല്ലാതെ അവളോട് ഇഷ്ടം പറയാൻ നിനക്ക് ധൈര്യം ഉണ്ടായില്ല. അതാ ഞാൻ പെട്ടെന്ന് ഒരു തമാശ പോലെ അങ്ങനെ പറഞ്ഞത്. അവൾ ഇതുപോലെ വീഴുമെന്ന് ഞാനറിഞ്ഞില്ലടാ..എല്ലാവരെപോലെ നീയും എന്റെ നാവിനെ ഭയന്ന് സൗഹൃദം വേണ്ടാന്ന് വെയ്ക്കുമോ…?

പെട്ടെന്ന് റൂം തുറന്ന് സിസ്റ്റർ വരുന്നത് കണ്ട് എന്തേലും കുഴപ്പമുണ്ടോ എന്ന് സിസ്റ്ററിനോട് തിരക്കിയപ്പോൾ, എക്സറേ റിപ്പോർട്ടിൽ കുഴപ്പമൊന്നും കാണുന്നില്ല. കൂടുതലായി ഡോക്ടർ പറയും എന്ന് പറഞ്ഞ്, സിസ്റ്റർ അവളെ വീൽചെയറിൽ തള്ളികൊണ്ട് ഹോസ്പിറ്റൽ വരാന്തയിലൂടെ നടന്നു നീങ്ങി.

ഞാനും രഘുവും അവരുടെ പിറകിലായി ഡോക്ടറിന്റെ അരികിലേക്ക് ചെന്നു. അല്പ സമയത്തെ പരിശോധനയ്ക്ക് ശേഷം ഒരാഴ്ചത്തേയ്ക്ക് കാലിന് പൂർണമായി വിശ്രമം കൊടുക്കണം. കാല് നീര് വന്നിട്ടുണ്ട് അതുകൊണ്ട് ബാന്റേജ് ചുറ്റി കെട്ടണം. ഇതു കൊണ്ട് ചെന്ന് ക്യാഷ് കൗണ്ടറിൽ കാണിച്ച് ബിൽ അടക്കണം എന്ന് പറഞ്ഞ് ഡോക്ടർ ഒരു ബിൽ എനിക്ക് നേരെ നീട്ടി.

ഞാനത് വാങ്ങി പൈസ അടച്ച് തിരികെ വരുമ്പോൾ, കാലിൽ ബാന്റേജും ചുറ്റികെട്ടി ഞാൻ വരുന്നതും നോക്കിയിരിക്കുകയാണ് അനു.

ഇപ്പൊ എങ്ങനെ ഉണ്ട്…? വേദന കുറഞ്ഞോ…നമുക്ക് പോവാം എന്ന് അനുവിനോടായി ചോദിക്കുമ്പോൾ അനു എന്റെ മുഖത്ത് തന്നെ കണ്ണടുക്കാതെ നോക്കികൊണ്ട്, ഞാൻ കാരണം മനു ഏട്ടന് വലിയ ബുദ്ധിമുട്ടായിലേ…എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ അത്ഭുതമായിരുന്നു.

അനു എന്നെ മനുഏട്ടൻ എന്ന് വിളിച്ചിരിക്കുന്നു. ഒരു നിമിഷം സന്തോഷംകൊണ്ട് മതിമറന്നുപോയ നിമിഷം. അനുവിന് എന്റെ പേരൊക്കെ അറിയുമോ…? എന്ന് ഞാൻ ചോദിക്കുമ്പോൾ എനിക്ക് ഉത്തരമരുളിയത് അവളുടെ കവിൾതടത്തിൽ വിരിഞ്ഞ നുണക്കുഴിയായിരുന്നു.

അനുവിനെ കാറിൽ കയറ്റി, ഹോസ്പിറ്റലിൽ നിന്ന് തിരികെ വരുമ്പോൾ കൂടെ ഉണ്ടായിരുന്ന രഘുവിനെ സൂത്രത്തിൽ ഞാൻ വഴിയിൽ ഇറക്കിവിട്ടു. എന്തിനാണ് ഇറക്കിവിട്ടതെന്ന് മനസ്സിലായ രഘു കാറിന്റെ പുറത്ത് ഇറങ്ങി കൈ വിരലുകൾ മടക്കി തള്ളവിരൽ ഉയർത്തി ആംഗ്യഭാഷയിൽ എനിക്ക് ആശംസകൾ പറയാനും മറന്നില്ല.

കാർ മുന്നോട്ട് നീങ്ങിയതിന് ശേഷം അനുവിനെ കണ്ണാടിയിലൂടെ നോക്കി കാർ ഓടിക്കുന്നത് കണ്ട അനു, “മുന്നിലേക്ക് നോക്കി കാർ ഓടിക്കൂ മാഷെ ഇല്ലെങ്കിൽ ഇനിയും ഹോസ്പിറ്റലിൽ പോവേണ്ടി വരുട്ടോ…” എന്ന് പറഞ്ഞപ്പോൾ ഞാനകെ ചമ്മിപ്പോയി.

ഞാൻ അത് മുഖത്ത് കാണിക്കാതെ ഗൗരവത്തിൽ യാത്ര തുടർന്നു. ഹോസ്പിറ്റലിൽ ചെലവായ പൈസ ഞാൻ തരാം എന്ന് അനു പിന്നിലിരുന്ന് പറയുമ്പോൾ, അത് നിന്നെ കെട്ടുമ്പോൾ എനിക്ക് തരാൻ പോവുന്ന സ്ത്രീധനത്തിൽ കൂട്ടിതന്നാൽ മതിയെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും
നാവ് പൊങ്ങിയില്ല.

അവളുടെ വീടിന് മുന്നിൽ കാർ നിർത്തി പിന്നിലെ ഡോർ തുറന്ന് ഇറങ്ങാൻ തുടങ്ങുന്ന അനുവിന്റെ കയ്യിലേക്ക് എക്സറേ റൂമിൽ കയറുമ്പോൾ സിസ്റ്റർ എന്റെ കയ്യിലേക്ക് തന്നിരുന്ന പാദസരം ഞാൻ തിരികെ നല്കുമ്പോൾ ആ കണ്ണുകൾ എന്നിൽ നിന്ന് എന്തോ കേൾക്കാൻ കൊതിക്കുന്ന പോലെ തോന്നി.

ഒന്നും പറയാതെ അവളെ താങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ എന്നെ അവൾ തടഞ്ഞു. വീട്ടിലേക്ക് ഞാൻ തനിയെ പൊയ്ക്കോളാം.

അതെന്താ വീട്ടിൽ കയറ്റാൻ പറ്റാത്ത ആളാണോ ഞാൻ,എന്ന് അനുവിനോട് കുറച്ചു നിരസത്തോടെ ചോദിച്ചപ്പോൾ ദേഷ്യത്തിൽ അവളുടെ ഉണ്ടകണ്ണുരുട്ടി എന്നെ നോക്കികൊണ്ട് എന്റെ ചുമലിൽ പിടിച്ച് അവൾ പറഞ്ഞു…

മിഞ്ചി, കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ മാത്രമേ അണിയാൻ പാടുള്ളൂത്രേ…എനിക്ക് കാലിൽ മിഞ്ചി അണിയാൻ ഭയങ്കര ഇഷ്ടമാണ്. എന്റെ കാലിൽ അണിയാൻ മനുഏട്ടൻ മിഞ്ചി വാങ്ങിതരുമെങ്കിൽ…ഒരാഴ്ച കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വരുമോ…?

ഒരു കള്ള ചിരിയോടെ പതിയെ നടന്നു നീങ്ങുന്ന അവളെ നോക്കി നില്ക്കുമ്പോൾ അവൾ പിൻതിരിഞ്ഞ് എന്നെ നോക്കിയൊന്ന് കണ്ണിറുക്കി പറഞ്ഞു. നാളെ ഒന്നും വരല്ലേട്ടോ…ഒരാഴ്ച കഴിഞ്ഞ് വന്നാൽ മതി. പെണ്ണ് മുടന്തിയാണെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കല്ലേ മനുഏട്ടാ എന്ന്…

സന്തോഷംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുമ്പോൾ പോക്കറ്റിൽ നിന്ന് വിറയ്ക്കുന്ന ഫോണെടുത്ത് ചെവിയിൽ ചേർത്ത് വെച്ച് ഞാനൊന്നേ പറഞ്ഞുള്ളൂ…

കരിനാക്കാ…മുത്തേ…ഉമ്മ…