ഞാൻ അങ്ങനെ സംസാരിക്കുമ്പോ നിന്റെ കണ്ണെപ്പോഴും എന്റെ ചുണ്ടിലായിരിക്കും.അപ്പോഴൊക്കെ എന്റെ കണ്ണെവിടാന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോടി..?

ദേവൂട്ടി – രചന: Anjali Mohan

“കണ്ണേട്ടാ…”

ഓ നാശം…എവിടെ പോയാലും വന്നോളും…

കുറച്ച് മെല്ലെ പറയെടാ കണ്ണാ, അവള് കേൾക്കും…

നീയൊന്ന് പൊ വിനോദെ അടുത്തൂന്ന് പടക്കം പൊട്ടിച്ചാൽ വരെ ആ ഒറ്റച്ചെവിയത്തി അത് കേൾക്കൂല…

കണ്ണേട്ടാ…ദാ…നമ്മൾ കുഴിച്ചിട്ട ചാമ്പക്കമരത്തിലെ ചാമ്പക്കയാ..ഇത്തിരി പുളിയുണ്ട് ന്നാലും നല്ല രാസാന്നെ…ഓടി ചെന്നവൾ രണ്ടുപേരുടെയും നടുക്കിരുന്നു. ദാ വിനുവേട്ടാ കഴിച്ച് നോക്ക്…കണ്ണേട്ടാ…കഴിക്കുന്നില്ലേ…?

“ശല്യം…”

കേട്ടില്ലെങ്കിലും എഴുന്നേറ്റ് പോണത് കണ്ടപ്പോ കൺപീലികൾ നനഞ്ഞു. കഷ്ടപ്പെട്ട് വരുത്തിയ ചിരിയോടെ വിനോദിനെ ഒന്ന് നോക്കി.

വിനുവേട്ടാ…ഞാൻ കേട്ടില്ല ഏട്ടൻ പറഞ്ഞത്. ഒന്ന് മെല്ലെ എന്റെ വലതുചെവിയിൽ അതൊന്ന് പറഞ്ഞു തരാവോ…? വേഗത്തിൽ പറഞ്ഞാലും ഉച്ചത്തിൽ പറഞ്ഞാലും എനിക്കിപ്പം ഒന്നും മനസിലാവുന്നില്ലന്നേ…

അവനു അത്യാവശ്യയിട്ട് എങ്ങോട്ടോ പോവാനുണ്ട് ദേവൂട്ടി, അതാ അവൻ വേഗം പോയത്…നീയെന്തിനാ ഈ കണ്ണ് നിറച്ചേക്കണേ…?

“കുഞ്ഞുന്നാളിൽ എന്നെ വല്യ ഇഷ്ടായിരുന്നു…വാ തോരാതെ സംസാരിക്കുമായിരുന്നു എന്നോട്…ഇടത്തെ ചെവി പോയപോഴേക്കും എനിക്ക് വ്യക്തമായി ഒന്നും കേൾക്കാതെയായി. എന്ത് പറഞ്ഞാലും മൂന്ന് നാല് തവണ ഏഹ് ഏഹ് ന്ന് ചോയ്ച്ചുപോവും. പിന്നേ പിന്നെ ന്നൊടുള്ള സംസാരവും കുറഞ്ഞു…ഇപ്പെന്നെ ദൂരെന്ന് കാണുമ്പോഴേ മുഖം ചുവന്നു കണ്ണ് മാറ്റിക്കളയും…”

ഏട്ടൻ ഒന്ന് പറയുവോ ദേവൂട്ടിക്ക് കേൾക്കാഞ്ഞിട്ടാ പിന്നെയും പിന്നെയും ചോദിക്കുന്നെന്ന്…

ഇഷ്ടാണോ ദേവൂട്ടി നിനക്കവനെ…? പിടയുന്ന കണ്ണുകളോടെ അവള് വിനോദിനെ ഒന്ന് നോക്കി…

“ചെവി കേൾക്കില്ല വിനുവേട്ടാ എനിക്ക്…ഇഷ്ടാവില്ലാ ദേവൂട്ടിയെ ആർക്കും..”

വാക്കുകൾ ഇടറിപ്പോയി…ഞാൻ പൊക്കോട്ടെ…കണ്ണേട്ടനെ കൂട്ടി ചെല്ലാന എന്നെ പറഞ്ഞു വിട്ടേ…എങ്ങോട്ട് പോയോ ആവോ…

നീ വാ അവനാ ആൽത്തറയിൽ കാണും. ദൂരെനിന്ന് അവളെ കണ്ടപ്പോഴേ ആ മുഖം കറുത്തു.

കണ്ണേട്ടാ…ദേവിയമ്മ പറഞ്ഞു ഒന്ന് അങ്ങോട്ട് ചെല്ലാൻ..അത് പറയാനാ ഞാൻ വന്നേ…

“എന്നാ അത് പറഞ്ഞിട്ട് പോണം….” അവനവളുടെ കവിളിനിടതുഭാഗത്തേക്ക് മുഖം കൊണ്ടുപോയി പറഞ്ഞു.

ഒന്നും കേൾക്കാത്തതുകൊണ്ട് മുഖം ചെരിച്ചവൾ അവന്റെ ചുണ്ടിന്റെ അനക്കം നോക്കി. “ഏഹ്…” അറിയാതെ വീണ്ടും ചോയ്ച്ചുപോയി… “ഇടതുഭാഗം കേൾക്കില്ല കണ്ണേട്ടാ…” അവൻ ചാടിത്തുള്ളി പോകുമ്പോ അവള് നിറഞ്ഞകണ്ണോടെ പിറകിൽനിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

— —

“ഇതിവിടെ കുഴിച്ചിടാം വളർന്ന് വലുതായി നിറയെ ചാമ്പക്ക ഉണ്ടാകും. അപ്പൊ നമ്മുക്ക് കുറെ കഴിക്കാം. കുറെ ഉപ്പിലിടാം. കുറച്ച് രാഘവേട്ടന്റെ പീടിയേൽ കൊടുത്ത് പകരം പല്ലിന്മേലൊട്ടി വാങ്ങിച്ചു തിന്നാം…ല്ലേ ദേവൂട്ടി…”

ഓർമയിൽ നിറമുള്ള കുട്ടിക്കാലം വന്ന് ചേർന്നു.

വാ ദേവൂട്ടി എന്തിനാ പുറത്തിരിക്കണേ…ചെല്ല് ചെന്ന് ചെവീല് മരുന്നാക്കിക്കെ. എന്നിട്ട് ചെന്ന് കിടക്ക്…

എന്തിനാമ്മേ എനിക്കിനി മരുന്നൊക്കെ ഇനി ഈ ചെവിയൊട്ടും കേൾക്കില്ല..പിന്നെ വെറുതെ ന്തിനാ…

എന്തേ അമ്മേടെ കുട്ടിക്ക്..സുഖല്യേ…? അതോ കണ്ണൻ ഇന്നും എന്തേലും പറഞ്ഞോ…? അവരൊരു ചിരിയോടെ അവളുടെ മുടിയിഴകളിലൂടെ തലോടി.

ഇഷ്ടാണോ അമ്മേടെ കുട്ടിക്ക് കണ്ണനെ…? അവള് നിറകണ്ണുകളോടെ അമ്മേടെ മുഖത്തേക്ക് നോക്കി. വേണ്ട കുട്ട്യേ..അവനിപ്പം പഴയ ഇഷ്ട്ടൊന്നും എന്റെ മോളോടില്ല…പിന്നെ നമ്മക്കും കുറവുകളില്ലേ…ദേവൂട്ടി അതൊക്കെ അങ്ങ് മറന്നേക്ക്…പറയുന്നതിനൊപ്പം ഒലിച്ചിറങ്ങുന്ന മിഴിനീരാമ്മ തുടച്ചുമാറ്റി…

— —

“കണ്ണേട്ടാ…കണ്ണേട്ടോ…ഒന്ന് നിന്നെ…”

തടസ്സം നിൽക്കാതെ വഴീന്ന് മാറ് പെണ്ണേ…ഇന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞു അമ്മ, കണ്ണേട്ടനോടും ദേവിയമ്മയോടും…

എന്താ അവിടെ നിന്റെ അപ്പൂപ്പൻ ചത്തോ…?

“ഏഹ്..?” ഒന്നും മെല്ലെ പറയെന്റെ കണ്ണേട്ടാ…എനിക്ക് ചെവിയില്ലാന്ന് അറിയില്ലേ…

“നീയൊന്ന് മാറിക്കെ എനിക്ക് പോയിട്ട് വേറെ പണിയുണ്ട്…” വീണ്ടുമവൻ ഇടതുചെവിടെ സൈഡിലേക്ക് മുഖം ചേർത്ത് പറഞ്ഞു.

ദേവു എന്നത്തേയും പോലെ അവന്റെ ചുണ്ടനക്കം നോക്കി. മുന്നോട്ട് നടന്ന അവന്റെ കൈകളിൽ അവൾ പിടുത്തമിട്ടു…

“ദേവൂട്ടിനെ കാണാൻ ഇന്നൊരു കൂട്ടര് വരുന്നുണ്ട്. ഞങ്ങൾക്ക് രണ്ടാൾക്കും നിങ്ങള് മാത്രല്ലേ ഉള്ളൂ. അമ്മയൊന്ന് അത്രിടംവരെ വരാൻ പറഞ്ഞു…” പറഞ്ഞു കഴിഞ്ഞതും കൈകൾ അയച്ചവൾ തിരിഞ്ഞു നടന്നുപോയി…

— —

ദേ ഇതാണ് ചെറുക്കൻ…ദേവു നേർത്ത ചിരിയോടെ വന്നവർക്ക് ചായ കൊടുത്തു. ഇടയ്ക്കിടെ ഒളികണ്ണിട്ട് അവൾടെ കണ്ണേട്ടനെ നോക്കികൊണ്ടിരുന്നു.

ഫോണിൽ നിന്നും തലയുയർത്തുന്നില്ലായിരുന്നു. അവരെല്ലാം പറഞ്ഞുറപ്പിക്കുമ്പോഴും പ്രതീക്ഷ നഷ്ടപ്പെടാതെ അവള് കണ്ണനെ ഉറ്റുനോക്കി. തിരിഞ്ഞ് ചെന്ന് റൂമിൽ കയറി നിലത്തേക്ക് ഊർന്നിറങ്ങി ശബ്ദം പുറത്തുവരാതെ കരഞ്ഞു തീർത്തു…

“കണ്ണേട്ടാ…എന്തേ കുളപ്പടവിൽ…”അവളവന്റെ വലതുഭാഗത്തായി ഇരുപ്പുറപ്പിച്ചു…

മോശൊന്നുല്യാ ലേ കണ്ണേട്ടാ…നമ്മടെ കറുമ്പി പശൂനെപോലെ ഇത്തിരി നിറം കുറവാ ആൾക്ക്…ന്നാലും മുറ്റത്തെ ചാമ്പക്കേടെ ചുമപ്പാ കണ്ണിനും ചുണ്ടിനും, വലത്തേ കൈപ്പത്തി ഏതോ മെഷീന്റെ ഉള്ളിൽ കുടുങ്ങ്യപ്പോ മുറിച്ചു മാറ്റീതാത്രെ..

പിന്നെ മുന്നിലുള്ള പൊട്ടിയ പല്ലില്ലേ, ഇച്ചിരി നിറം വ്യത്യാസം ഉള്ളത്. അത് കുഞ്ഞുന്നാളിൽ കളിച്ചപ്പോൾ വീണതാണെന്നാ പറഞ്ഞേ…

ചിരിയോടെ എങ്ങനെയൊക്കെയോ പറഞ്ഞു. എന്നാലും ഈ പൊട്ടിയെ ഇഷ്ടായെന്നാ പറഞ്ഞേ..ന്റെ ഭാഗ്യാലെ കണ്ണേട്ടാ…?

നിറഞ്ഞ കണ്ണുകൾ മറച്ചുപിടിച്ചവൾ പൂപ്പൽ പിടിച്ച കുളക്കടവിലെ ഭിത്തിമേലുള്ള കുഞ്ഞു ചെടികൾ പറിച്ചെടുത്തുകൊണ്ടിരുന്നു.

ഇഷ്ടായിരുന്നു ദേവൂട്ടിക്ക് ഈ കണ്ണേട്ടനെ…ഈ ചെവി ഉണ്ടായിരുന്നെങ്കിൽ ഞാൻ ആർക്കും വിട്ടുകൊടുക്കില്ലായിരുന്നു. ശ്രീലയത്തെ ദേവിയമ്മേടെ അടുക്കളേൽ ഞാനും ഉണ്ടായിരുന്നേനെ ആ അമ്മയ്ക്കൊരു കൂട്ടായിട്ട്. നേർത്ത സ്വരത്തിൽ അവളവളുടെ ഉള്ള് തുറന്നു.

വലതു ചെവി അടച്ചു പിടിച്ചു…ചെറിയൊരു ഒരു അവഗണനയുടെ വാക്ക്പോലും ഇനിയും കേൾക്കാൻ വയ്യാ… പതിവ് പോലവൻ ഇടതുചെവിക്കരുകിൽ എന്തോ പറഞ്ഞു…അവളവന്റെ ചുണ്ടിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു.

“കേട്ടില്ല കണ്ണേട്ടാ ദേവൂട്ടിക്ക് ഇടത്തെ ചെവി ഒട്ടും കേൾക്കണില്ലാന്നേ…ഇനീപ്പം കേൾകേം വേണ്ടാട്ടോ…മുഖം കണ്ടാലറിയാം ന്നെ വഴക്ക് പറഞ്ഞതാന്ന്…” എഴുന്നേറ്റ് പോകാൻ തുനിഞ്ഞപ്പോൾ അവനവളെ പിടിച്ചുവലിച്ച് മടിയിലേക്ക് ചെരിച്ചു കിടത്തി…

“ദേവിയമ്മേടെ അടുക്കളേൽ ചോറും മോര്കാളനും ഉണ്ടാക്കണേൽ ചായ കൊടുക്കേണ്ടത് കണ്ട അവനും ഇവനും ഒന്നുമല്ലാന്ന്…മനസിലായൊടി ഒറ്റച്ചെവിയത്തി…”

വലത്തേ ചെവിയിൽ അലയടിച്ച അവന്റെ ശബ്ദം കേട്ടവൾ ഞെട്ടലോടെ കണ്ണുയർത്തി അവനെ നോക്കി…

ഈ ചെവിപോയ സമയത്ത് നീയെന്നോട് മിണ്ടാട്ടം നിർത്തീത് ഓർമണ്ടോ ദേവൂട്ടിക്ക്…? ഞാൻ എന്തേലും പറഞ്ഞാലും ശ്രദ്ധിക്കാതെ വേറെ എന്തൊക്കെയോ ഓർത്തിരുന്ന് ഒരു നൂറുവട്ടം നീ “ഏഹ് ഏഹ്” ന്ന് ആവർത്തിച്ച് ചോയ്ച്ചോണ്ടിരിക്കും. ദേഷ്യവും സങ്കടവും വന്നിട്ടാ ഞാൻ സംസാരം നിർത്തീത്…

പിന്നെ ഒരുപാടിഷ്ടായിരുന്നു നീ കണ്ണേട്ടാന്ന് വിളിച്ച് പുറകെവരണത് കാണാൻ..ഞാൻ ദേഷ്യപ്പെടുമ്പോ, പിണങ്ങുമ്പോ കണ്ണ് നിറയ്ക്കണ നിന്നെ കാണാൻ നല്ല ചേലാടി ദേവൂട്ടി…അവനിത്തിരി കുറുമ്പോടെ പറഞ്ഞു…

അപ്പം എന്തിനാ എപ്പഴും എന്റെ ഇടത്തെ ചെവിക്കരുകിൽ സംസാരിക്കുന്നെ…? അറിയില്ലേ എനിക്ക് ആ ചെവി കേൾക്കൂലാന്ന്…പരിഭവം നിറഞ്ഞു വാക്കുകളിൽ…

അതോ…ഞാൻ അങ്ങനെ സംസാരിക്കുമ്പോ നിന്റെ കണ്ണെപ്പോഴും എന്റെ ചുണ്ടിലായിരിക്കും…അപ്പോഴൊക്കെ എന്റെ കണ്ണെവിടാന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോടി..?

മ്മ്ഹ്ഹ്…? മ്മ്ഹ് മ്ഹ്ഹ്…അവള് ഇല്ലാന്ന് തലയനക്കി.

ദേ ഇവിടെ…അവൾടെ ഇടത്തെ കവിളിലെ ചെവിയുടെ അരികിലായുള്ള കറുത്ത വലിയ കാക്കപുള്ളിയിൽ അവൻ വിരലോടിച്ചു…ആവേശത്തിൽ ചുണ്ടുകൾ അവിടെ പതിഞ്ഞു…അവളൊന്ന് പൊള്ളിപ്പിടഞ്ഞവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു…

“ദേവൂട്ടി…”

അവളവന്റെ വയറിലേക്ക് മുഖം പൂഴ്ത്തി…

“കണ്ണേട്ടാ…”

എന്തോ…

“ദേ….”

അവള് മുറുകെപ്പിടിച്ച കൈകൾ പതുക്കെ തുറന്നു…

‘ചുവന്ന ചാമ്പയ്ക്ക…’

അവനൊരു ചിരിയോടെ അത് വാങ്ങി കടിച്ചു. ബാക്കി പകുതി നിറഞ്ഞ ചിരിയാലെ അവൻ അവൾക്കായി പകുത്തുനൽകി…