വീണ്ടും വീണ്ടും അയാളെ കുറിച്ച് അവൾ പറയുമ്പോൾ ആ കണ്ണുകളിൽ ആരാധനക്കപ്പുറം മറ്റെന്തോ എനിക്ക് കാണാമായിരുന്നു…

ദാമ്പത്യം

രചന: Neethu Parameswar

::::::::::::::::::::::::::::::::::

ഹരിയേട്ടന് തീരെ റൊമാൻസ് ഇല്ല ഇങ്ങനായാൽ ഞാൻ വല്ലവന്റെയും കൂടെ ഒളിച്ചോടൂട്ടോ പറഞ്ഞില്ലെന്ന് വേണ്ട…

“വെറുതെ കൊതിപ്പിക്കല്ലേടീ” അന്ന് താൻ പൊട്ടിച്ചിരിച്ചു..അവളുടെ മുഖം അപ്പോൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…

നന്ദയെ താൻ ചേർത്ത്പിടിച്ച് ആ കവിളുകളിൽ ചുംബിച്ച് എന്നിലേക്ക് ചേർത്ത് കിടത്തിയപ്പോൾ ഞങ്ങളോടൊപ്പം അവളുടെ പരിഭവവും അലിഞ്ഞില്ലാതായി…

എന്നാൽ ഇന്ന് ആ വാക്കുകൾ തന്നെ വല്ലാതെ പൊള്ളിക്കുന്നു… ഒന്നുമറിയാതെ രണ്ടുവയസ്സുകാരി എന്റെ അമ്മുക്കുട്ടി ഉറങ്ങുകയാണ്…

ദുസ്വപ്നം കണ്ടെണീറ്റ പോലെ അമ്മേയെന്ന് വിളിച്ച് അവൾ ഉറക്കെ കരഞ്ഞു… അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുനടന്നിട്ടും അറിയാവുന്ന പോലൊക്കെ താരാട്ട് പാടിയിട്ടും അവളുടെ കരച്ചിൽ മാറിയില്ല..

പെങ്ങൾ പകർന്നുവച്ചിട്ട് പോയ കുപ്പിപ്പാൽ അവളുടെ വായിലേക്ക് വച്ച് കൊടുത്തപ്പോൾ അത് നുകർന്ന് അവൾ വീണ്ടും ഉറങ്ങി….

ചിന്തകൾ വീണ്ടും പുറകിലേക്ക് കൂരമ്പ് പോലെ പാഞ്ഞു… നിഷ്കളങ്കത നിറഞ്ഞ.. പുറംലോകവുമായി അധികം പരിചയമില്ലാത്ത ഒരു പാ വം പെൺകുട്ടിയായിരുന്നു നന്ദ..

വരവറിഞ്ഞ് എങ്ങനെ ചിലവ് ചെയ്യാമെന്നൊക്കെ അവളിൽ നിന്നാണ് താൻ പഠിച്ചത്…

“ഹരിയേട്ടാ”എന്നുള്ള അവളുടെ വിളി ഇപ്പോഴും കാതിൽ മുഴങ്ങികേൾക്കുന്നുണ്ട്.. എന്തിനും ഏതിനും ഞാൻ വേണമായിരുന്നു അവൾക്ക്…

“ഹരിയേട്ടാ എന്റെ ഏറ്റവും വലിയ ഫ്രണ്ട് ഏട്ടനാണ് ” അവൾ എത്രയോ തവണ പറഞ്ഞിരിക്കുന്നു…

എന്റെ ഏറ്റവും വലിയ ലഹരിയും ഞങ്ങളുടെ കുടുംബമായിരുന്നു… ഉള്ളതുകൊണ്ട് ഓണം പോലെ ഒരു കൊച്ചുസന്തുഷ്ടകുടുംബം…ഏട്ടാ…, ഞാൻ ഭാഗ്യവതിയാ….. എന്താ…. അതെന്താന്നോ ഏട്ടനെപോലെ ഒരു ചെക്കനെ കിട്ടീലേ.. അവൾ അത് പറയുമ്പോൾ എനിക്ക് തെല്ലഭിമാനം തോന്നും…..

എത്ര സ്നേഹം കിട്ടിയാലും അവൾക്ക് മതിയാവില്ല.. തന്റെ നെഞ്ചിൽ തല വച്ച് അവൾ ചോദിക്കും ഏട്ടാ..

ഉം…

ഏട്ടന് ശരിക്കും എന്നെ ഇഷ്ടമാണോ…

പിന്നെ നീയെന്റെ ജീവനല്ലേ അത് ഞാൻ പറയുമ്പോൾ അവൾ ഒന്നൂടെ എന്നിലേക്ക് ചേർന്ന് കിടക്കും…

ബീച്ചിലേക്കൊക്കെ പോവുമ്പോൾ അവളെ ദേഷ്യം പിടിപ്പിക്കാനായി ഏതേലും പെണ്ണിനെ ഒന്ന് നോക്കിയാൽ അവളെന്റെ ചെവിയിൽ പിടിക്കും…

ഹോ ദുഷ്ടേ എന്തൊരു വേദനയാ ഞാൻ പിറുപിറുക്കുമ്പോൾ കണക്കായിപ്പോയി എന്ന് പറഞ്ഞവൾ പൊട്ടിച്ചിരിക്കും…

അവളുടെ സുഹൃത്തുക്കളെ ഒക്കെ എനിക്കും അറിയാമായിരുന്നു..എല്ലാം അവൾ തുറന്നുപറയുമായിരുന്നു…ഏട്ടാ ഗിരിയേട്ടനുമായി ഞാൻ നല്ല കൂട്ടാണ്.. അദ്ദേഹം നല്ലൊരു ആളാണ് നന്നായി ക ഥ കളൊക്കെ എഴുതും..

അവളുടെ ഫേ സ് ബു ക്ക്‌ ഫ്രണ്ടിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാനത് കാര്യമായി എടുത്തില്ല…

വീണ്ടും വീണ്ടും അയാളെ കുറിച്ച് അവൾ പറയുമ്പോൾ ആ കണ്ണുകളിൽ ആരാധനക്കപ്പുറം മറ്റെന്തോ എനിക്ക് കാണാമായിരുന്നു…

ഞാനവളോട് പറഞ്ഞു “നന്ദാ പുറമെ നിന്ന് കാണുന്ന ഭംഗി ഉള്ളിൽ ഉണ്ടാവണമെന്നില്ല..ഒരു പെണ്ണിന് ഭർത്താവിന്റെ കരുതലോളം വരില്ല മറ്റൊന്നും..

വിവാഹിതയായ ഒരു പെ ണ്ണിനോടുള്ള മിക്ക ആ ണുങ്ങളുടെ സൗ ഹൃദവും സ ത്യ സന്ധമാവില്ല…

സൗഹൃദമായാലും വേറെ എന്തായാലും നമുക്കിത് വേണ്ട..അയാൾക്ക് രണ്ട് കുട്ടികളും ഉണ്ട്…നിന്റെ സൗഹൃദത്തെ അയാളുടെ ഭാര്യ അങ്ങനെ തന്നെ എടുക്കണമെന്നില്ല…

ഞാൻ പഴഞ്ചൻ ഒന്നുമല്ല നിന്റെ ഒപ്പം പഠിച്ച ഫ്രണ്ട്സിനെയൊന്നും കളയണ്ട… പക്ഷേ ഇത്തരം സുഹൃത്തുക്കൾക്ക് നമുക്കിടയിൽ ഒരു പരിധി വേണം..

അങ്ങനെയൊന്നും ഇല്ലാ ഏട്ടാ.. പക്ഷേ ഏട്ടന് ഇഷ്ടമില്ലേൽ വേണ്ട അവൾ പിന്നീട് അതിനെ കുറിച്ചൊന്നും പറഞ്ഞിട്ടേയില്ല…

പിന്നെയും സന്തോഷങ്ങൾ നിറഞ്ഞ ദിവസങ്ങൾ കടന്നുപോയി… ഞങ്ങൾക്കിടയിൽ അമ്മുക്കുട്ടി വന്നു..

അമ്മുക്കുട്ടിയുടെ കുറുമ്പും നന്ദയുടെ കുഞ്ഞു പരിഭവങ്ങളും ഞങ്ങളുടെ കൊച്ചുവീട്ടിൽ നിറഞ്ഞു…ശരിക്കും ഞങ്ങളവിടെ ഒരു സ്വർഗരാജ്യം തീർക്കുകയായിരുന്നു..

പിന്നെയും ദിവസങ്ങളൊത്തിരി കൊഴിഞ്ഞുപോയി….

പിന്നീടൊരു ദിവസം രാവിലെ എണീറ്റപ്പോൾ നന്ദയെ വീട്ടിൽ കാണാനില്ല.. അമ്പലത്തിലേക്ക് പോകുന്ന കാര്യമൊന്നും പറഞ്ഞിരുന്നുമില്ല…

ഞാൻ തിരക്കിയപ്പോൾ ടേബിളിൽ ഒരു കത്തിരിക്കുന്നുണ്ടായിരുന്നു…

“ഞാൻ ഗിരിയേട്ടനോടൊപ്പം പോകുന്നു.. ഏട്ടൻ എന്നോട് ക്ഷമിക്കണം… എനിക്കിവിടെ കഴിയാൻ പറ്റില്ല കാരണം ഞാൻ ഗിരിയേട്ടനെ അത്രമേൽ പ്രണയിക്കുന്നു… എന്നെ അന്വേഷിക്കണ്ട ”

എന്ന് മാത്രം എഴുതിയിട്ടുണ്ട്..എന്റെ കണ്ണുകൾ നിറഞ്ഞൊഴൊകി അക്ഷരങ്ങൾ മാഞ്ഞുപോയി…

തലേ ദിവസം കൂടി സ്നേഹമല്ലാതെ എനിക്കവളിൽ മറ്റൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല…

കുഞ്ഞിനെകൂടെ കൊണ്ട് പോയാൽ പിന്നെ ഞാനില്ല എന്ന തിരിച്ചറിവിനാലോ എന്തോ അവൾ കുഞ്ഞിനെ കൊണ്ടുപോയില്ല…

ഒരു സമൂഹത്തിനു മുൻപിൽ ഞാനൊരു പരിഹാസകഥാപാത്രമായി…പലരും എന്നെ സഹതാപത്തോടെ നോക്കി..

എന്നിലെ തെറ്റ് എന്തെന്ന് എനിക്കുപോലും അറിയാതെയായി…

ഇതുവരെ ഞാൻ ല ഹരി ഉപയോഗിച്ചിട്ടില്ല.. അവളെ തല്ലിയിട്ടില്ല… വേണ്ടതൊക്കെ വാങ്ങി കൊടുക്കാതിരിന്നിട്ടില്ല…

എന്നെക്കാളും കൂടുതൽ ഞാനവളെ സ്നേഹിച്ചു… അവൾക്കൊരു പനിവന്നാൽ പോലും എനിക്ക് സഹിച്ചിരുന്നില്ല…

എന്നാൽ മോളെ… മുത്തേ… എന്നൊക്കെ എപ്പോഴും വിളിക്കുകയും കൊഞ്ചുകയും ചെയ്യുന്നതായിരുന്നോ അവൾ കണ്ട സ്വപ്നം..

അറിയില്ല…പ്രാരാബ്‌ധങ്ങൾക്കിടയിൽ എന്റെ ഭാഗത്തും തെറ്റ് പറ്റിയുട്ടുണ്ടാവാം… പക്ഷേ അവൾ…

അപ്പുറത്തെ വീട്ടിലെ രമണി ചേച്ചിയുടെ ഭർത്താവ് എന്നും കു ടിച്ച് വന്ന് അവരെ അ ടി ക്കാറുണ്ട് എന്നിട്ടും അവർ മകനുവേണ്ടി ജീവിക്കുന്നു..

അതും ജീവിതമല്ലേ..അങ്ങിനെ എത്രയോ സ് ത്രീകൾ.അവൾ പോയതിൽ പിന്നെ ഞങ്ങളുടെ സ്വപ്‌നങ്ങൾ നിറഞ്ഞ മുറി ഞാൻ ആദ്യമായി തുറന്നു..

ഇത്രയും നാൾ വീട്ടിൽ പെങ്ങളും അളിയനും ഉള്ളതിനാൽ അടച്ചിട്ടിരുന്നു.. ആണുങ്ങൾ കരയുന്നത് ആരും കാണരുതല്ലോ..

ആ മുറിയിൽ ആദ്യമായി എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി..അലമാര ചില്ലിൽ അവളുടെ പല നിറത്തിലുള്ള പൊട്ടുകൾ പതിച്ചിരുന്നു..അലമാരയിൽ സാരികൾ അടുക്കിവച്ചിട്ടുണ്ട്..

എങ്ങും അവളുടെ ഓർമ്മകൾ… അവളല്ലേ എന്നെ മറന്നത് ഞാൻ മനസ്സറിഞ്ഞ് സ്നേഹിച്ചതല്ലേ.. എങ്കിലും മറക്കണം എല്ലാം മറക്കണം…

കഴിഞ്ഞ തവണ പിറന്നാൾ മറന്നുപോയതിനാൽ ഈ പ്രാവശ്യം അവൾക്കുവേണ്ടി നേരത്തേ തന്നെ സാരി വാങ്ങി തുണികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിരുന്നു…

മാമ്പഴമഞ്ഞയിൽ പച്ചബോർഡറുള്ള സാരി എടുത്തപ്പോൾ കൈകൾ ഒന്നുവിറച്ചു..

കണ്ണീർതുള്ളികൾ സാരിയിൽ വീണുടഞ്ഞു… അവൾക്ക് പോകാതിരിക്കാൻ കഴിയില്ല കാരണം അവൾക്ക് അയാളോട് പ്രണയമാണത്രെ.. “പ്രണയം ”

അമ്മ മരിച്ചതിനുശേഷം ഞാൻ വീണ്ടും തനിച്ചായി…കട്ടിലിൽ കമിഴ്ന്നുകിടന്നു കരഞ്ഞു…കുറെ നാളുകൾക്ക് ശേഷം മനസ്സിൽ തളം കെട്ടിയ സങ്കടകടൽ അണപൊട്ടി ഒഴുകി..

ആശ്വാസിപ്പിക്കാൻ ആരുമില്ലാതെ മതിയാവോളം കരഞ്ഞു…നാളുകൾക്ക് ശേഷം മനസ്സ് ശാന്തമായി..

ഇനിയൊന്ന് ഉറങ്ങണം…നാളെ ഉണരുന്നത് എന്റെ അമ്മുക്കുട്ടിക്ക് വേണ്ടിയാവണം… അവൾക്ക് വേണ്ടി എനിക്ക് ജീവിച്ചേ മതിയാവൂ…

ഇത്തരത്തിൽ ഒരുപാട് ദാമ്പത്യങ്ങൾ ഇന്ന് തകരുന്നു.. കുഞ്ഞുങ്ങൾക്ക് അച്ഛനെയോ അമ്മയെയോ നഷ്ടമാവുന്നു…

ഇപ്പുറത്ത് ഒരു സ്ത്രീ തെ റ്റു ചെയ്യുമ്പോൾ അപ്പുറത്ത് ഒരു പുരുഷനുമുണ്ട്… ചുറ്റും നടക്കുന്ന കുറേ ജീവിതങ്ങളിൽ നിന്നും ഉൾക്കൊണ്ട് എഴുതിയതാണ്…