രചന: Pratheesh
::::::::::::::::::::::
അന്ന് സ്കൂൾ വിടുമ്പോൾ നല്ല മഴയായിരുന്നു കുടയെടുക്കാൻ മറന്നതു കൊണ്ട് ഞാൻ മഴ മാറാൻ സ്കൂൾ വരാന്തയിൽ കാത്തു നിൽക്കുകയായിരുന്നു,
കൂട്ടുകാർ ആരുടെയെങ്കിലും കുടയിൽ കയറി പോയാൽ മതിയായിരുന്നു പക്ഷേ എന്തോ ഒരു മടി എന്നെ പിന്നോട്ടു വലിച്ചതു കൊണ്ട് ഞാനവിടെ തന്നെ നിന്നു.
ആ സമയം എന്നെ പോലെ
കുടയെടുക്കാൻ മറന്ന മറ്റൊരു പെൺകുട്ടി കൂടി മഴ മാറുന്നതും കാത്ത് എന്നോടൊപ്പം ആ വരാന്തയിൽ സ്ഥാനം പിടിച്ചു,
എല്ലാവരും പോയി കഴിഞ്ഞപ്പോഴാണ് തോന്നി തുടങ്ങിയത് ആരുടെയെങ്കിലും കുടയിൽ കയറിയങ്ങ് പോയാൽ മതിയായിരുന്നുയെന്ന് ആ തോന്നൽ കൊണ്ട് ആ സമയത്ത് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായതുമില്ല,
മഴയാണെങ്കിൽ വിചാരിച്ച സമയം കഴിഞ്ഞിട്ടും മാറുന്ന ലക്ഷണമൊന്നും കാണിക്കുന്നുമില്ല,
ഞങ്ങൾ രണ്ടു പേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം പോയി കഴിഞ്ഞതും ഇനിയാരും അവിടെ അവശേഷിക്കുന്നില്ലെന്ന് മനസിലായതും
അവൾ എന്റെ അടുത്തേക്ക് വന്ന് അവളുടെ ബാഗിൽ നിന്ന് കുടയെടുത്ത് പെട്ടന്നതു എന്റെ കൈകളിലേക്കു വെച്ചു തന്നു കൊണ്ട് അവളെന്നോട് പറഞ്ഞു,
“എന്റെ വീട് സ്കൂളിനു പുറകിലാണ് ഞാൻ പൊയ്ക്കോളാം”
അതു പറഞ്ഞു കഴിഞ്ഞതും എനിക്കെന്തെങ്കിലും പറയാൻ കഴിയും മുന്നേ അവൾ അവളുടെ ബാഗ് തലക്കു മറയാക്കി മഴയത്തേക്കിറങ്ങി അതിവേഗം നടന്നു,
പെട്ടന്നവിടെ അങ്ങിനെ സംഭവിക്കാൻ എന്താണു കാരണം എന്നൊന്നും എനിക്കപ്പോൾ മനസിലായില്ല,
ഞാനാണെങ്കിൽ അവളെ കാണുന്നതു പോലും അന്ന് ആദ്യമായിട്ടായിരുന്നു,
പിറ്റേ ദിവസം ഞാനവളെ തേടി കണ്ടു പിടിച്ച് ആ കുട അവൾക്ക് തന്നെ തിരിച്ചു നൽകി,കുട കൊടുത്ത് അവളോടൊരു നന്ദി പറയാനായി അവളോടൊന്നു ചിരിക്കാൻ ശ്രമിച്ചതും അതിനുള്ള അവസരം പോലും തരാതെ കുട വാങ്ങിയതും പെട്ടന്നു തന്നെ പുറം തിരിഞ്ഞവൾ എന്നെ വിട്ടകന്നു,
ഇടക്ക് എപ്പോഴെങ്കിലും അവളെ സ്കൂളിൽ എവിടെയെങ്കിലും ഒക്കെയായി ഒരു നോട്ടം കാണുമായിരുന്നെങ്കിലും അവളേതു ക്ലാസിലാണെന്നു പോലും എനിക്കറിയില്ലായിരുന്നു,
അവളോട് പ്രത്യേകിച്ചൊരു താൽപര്യം തോന്നാത്തതു കൊണ്ട് ഞാനവളുടെ കാര്യങ്ങളെ പറ്റി അത്രക്കൊന്നും അന്വേഷിച്ചതുമില്ല എന്നതാണു ശരി,
ആ ഒരു നിമിഷങ്ങളിലെ കാഴ്ച്ചക്കപ്പുറം അവളോടൊന്നു മിണ്ടണം എന്നു പോലും എനിക്ക് തോന്നിയതുമില്ല,
സ്കൂളു കഴിഞ്ഞ് നാലു വർഷത്തിനു ശേഷം കോളേജിൽ പോസ്റ്റ് ഗ്രാജുവേഷനു പഠിക്കുമ്പോൾ ഒരു ദിവസം അവിടെ വെച്ചും ഞാനവളെ വീണ്ടും കണ്ടു,
ഞാനവളെ ഒാർക്കാറുണ്ടായിരുന്നില്ല എന്നതു ശരിയാണെങ്കിലും അവളെ മറന്നിട്ടില്ലായിരുന്നു അതാണവളെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്കു മനസിലായത്,
അവളും എന്നെ കണ്ടെങ്കിലും വെറുതെ ഒന്നു നോക്കി എന്നതിലപ്പുറം തമ്മിലറിയാമെന്നുള്ള യാതൊരു ഭാവവും അവളുടെ മുഖത്തും ഉണ്ടായില്ല,
നാടിനടുത്തുള്ള ഏക കോളേജ് അതു മാത്രമായിരുന്നതു കൊണ്ടും ഞങ്ങൾ പഠിച്ച സ്കൂളിലെ ഒട്ടുമിക്കവരും അവിടെ തന്നെ ആയിരുന്നതു കൊണ്ടും അവളെ അവിടെ കണ്ടതിൽ എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല,
കുറച്ചു നാളുകൾക്കു ശേഷം ഒരു ദിവസം അവളെന്നോട് വന്നു ചോദിച്ചു,
” നാളെ ഉച്ചക്കുള്ള ഭക്ഷണം ഞാൻ കൊണ്ടു വന്നോട്ടെയെന്ന് ? ”
വേണമോ, വേണ്ടയോ എന്നു പറയാനുള്ളൊരവസരം പോലും തരാതെ എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൾ വേഗം തന്നെ ഒന്നു ചിരിച്ച് മുന്നിൽ നിന്നു പിൻവലിഞ്ഞു കളഞ്ഞു,
ചിലപ്പോൾ അല്ലെങ്കിൽ ഉറപ്പായും ഞാൻ വേണ്ടായെന്നു പറഞ്ഞാലോ എന്നു കരുതിയാവാം മറുപടിക്കവൾ കാത്തു നിൽകാതിരുന്നത്.
പിറ്റേ ദിവസം ഞാൻ കോളേജിലേക്ക് കയറി വന്നതും അവൾ വേഗത്തിൽ എന്റെ അടുത്തെത്തി കൈയ്യിൽ കരുതിയ പൊതി പെട്ടന്നു തന്നെ എന്റെ കൈയ്യിലേൽപ്പിച്ച് മറ്റൊന്നിനും കാത്തു നിൽക്കാതെ അവൾ നടന്നകന്നു,
അവളുടെ ആ പ്രവൃത്തി എന്നിൽ വല്ലാത്തൊരു കൗതുകമാണുണർത്തിയത്
എങ്കിലും ആ പൊതി കൈയ്യിൽ വന്നു ചേർന്നതോടെ എന്തായിരിക്കാം അതിലെന്നുള്ള ഒരു ജിജ്ഞാസ എന്റെയുള്ളിലും ഉണർന്നു,
ഉച്ചയാവുന്നതിനായി ഞാനും കാത്തിരുന്നു,
ഉച്ചക്കുള്ള ബെല്ലടിച്ചതും വേഗം തന്നെ ക്ലാസ് മുറി വിട്ടു ഞാനിറങ്ങി പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കുകയായിരുന്നു ലക്ഷ്യം
അവൾ സ്നേഹപ്പൂർവ്വം തന്ന ആ പൊതിയിൽ എന്തു കുറവുണ്ടായിരുന്നാലും അതു ഞാൻ മാത്രം അറിഞ്ഞാൽ മതി എന്നായിരുന്നു മനസിൽ,
സ്ഥലം കണ്ടെത്തിയതോടെ കൈയ്യെല്ലാം കഴുകി അവിടെയിരുന്ന് ആ പൊതി എടുത്തു വെച്ച് പതിയേ തുറന്നു,
വാട്ടിയ ഇലയിൽ പൊതിഞ്ഞ
ആ ചോറു പൊതി തുറന്നതും ഒരു പ്രത്യേക ഗന്ധം എന്നെ വലംവെക്കാൻ തുടങ്ങി,
നല്ല കുത്തരിയുടെ ചോറും, മോരു കറിയും, വാഴക്ക ഉപ്പേരിയും, എരിശേരിയും, അവിയലും, കടുമാങ്ങയും, നാരങ്ങയുമായി രണ്ടു തരം അച്ചാറും,
തേങ്ങാച്ചമ്മന്തിയും, ഇഞ്ചിപുളിയും, കൊണ്ടാട്ടമുളകും, പപ്പടവും ഒപ്പം ഒരു കോഴിമുട്ട പൊരിച്ചതും അടക്കം നല്ല വിഭവസമൃദ്ധമായിരുന്നു പൊതിച്ചോറ്,
കഴിക്കാനായി ചോറ് കൈകൊണ്ടൊന്നു പരത്തിയതും ചോറിനുള്ളിൽ മൂടിയുള്ള ഒരു കുട്ടി സ്റ്റീൽ പാത്രം, അതെടുത്തു തുറന്നതും അതിൽ സേമിയ പായസ്സവും.
വിഭവങ്ങളെല്ലാം എല്ലാം ഒന്നിന്നൊന്നു മെച്ചമായിരുന്നു, മുൻമ്പ് ഇതുപോലൊരു ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്നു തോന്നിപ്പിക്കും വിധം വളരെ രുചികരമായിരുന്നു ആ രുചിക്കൂട്ടുകൾ.
ഭക്ഷണശേഷം ആ പായസപാത്രം തിരിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞാനവളെ കോളേജ് മുഴുവൻ തിരഞ്ഞെങ്കിലും അവളെ മാത്രം എങ്ങും കണ്ടില്ല,
എന്നാൽ വൈകുന്നേരം ബെല്ലടിച്ചപ്പോൾ കൃത്യമായി അവൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് കൈ നീട്ടിയപ്പോൾ
ഞാനാപാത്രം അളവുടെ കൈകളിൽ വെച്ചു കൊടുത്തു അതു വാങ്ങിയതും ഒന്നു പുഞ്ചിരിച്ചവൾ മടങ്ങി പോയി,
അവിടെയും ഒരു വാക്കു പോലും തമ്മിൽ വീണില്ല,
എന്തോ ഒരകലം തമ്മിൽ സൂക്ഷിക്കാൻ അവൾ ആഗ്രഹിക്കുന്നതു പോലെ തോന്നിയതു കൊണ്ട് ഞാനും അതു പാലിച്ചു,
പിന്നെ കുറെ നാളത്തേക്ക് അവളെ കണ്ടതേയില്ല, അവളെവിടെ പോയി ഒളിക്കുന്നു എന്നെനിക്കും മനസിലായതേയില്ല,
ഇടക്ക് ഒരു മിന്നലാട്ടം പോലെ എവിടെങ്കിലും കുറച്ചു ദൂരത്തായി പ്രത്യക്ഷപ്പെടുകയും നിമിഷങ്ങൾക്കകം അവിടെ നിന്നു മാറി പോകുന്നതായും കാണാം,പിന്നെയും കാലം കടന്നു പോയി
എന്റെ എക്സാം അവസാനിക്കുന്ന അന്ന് അവൾ പിന്നെയും എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു,
അന്നു ഞാൻ ഒന്നു ചിരിച്ചു കൊണ്ടാണവളുടെ അടുത്തേക്ക് ചെന്നത് അതിന്റെ കാരണം എന്റെ കോളേജ് ദിനങ്ങളും അന്നവസാനിക്കുകയാണെന്ന് എനിക്കറിയാവുന്നതു കൊണ്ടാണ്,
അന്നവൾ എന്നെ കണ്ടതും എന്നോടു ചോദിച്ചു,
“എന്നെ സ്കൂളിലും കോളേജിലും
അല്ലാതെ വേറെ എവിടെയെങ്കിലും വെച്ചു കണ്ടു പരിചയമുണ്ടോയെന്ന് ? ”
അവളുടെ ആ ചോദ്യം എന്റെ ആലോചനകൾ പല വഴിക്ക് പാഞ്ഞെങ്കിലും കൃത്യമായ ഒരോർമ്മ പക്ഷെ എനിക്കുണ്ടായില്ല,
എന്റെ അറിവിൽ ഞാൻ അവളെ ആദ്യമായി കാണുന്നത് ആ സ്കൂൾ വരാന്തയിൽ വെച്ചാണ്
എന്റെ മുഖം കണ്ടിട്ടാവും എനിക്കൊരു എത്തും പിടിയും കിട്ടിയിട്ടിലെന്നു മനസിലായതും അവൾ പറഞ്ഞു,
കണ്ടതായ ഒാർമ്മ കുറവായിരിക്കും
ഞാൻ പറഞ്ഞാൽ ചിലപ്പോൾ അറിയും,
അവളതു പറഞ്ഞതും അതെന്താണെന്നറിയാൻ ഞാനവളെ നോക്കിയതും അവൾ പറഞ്ഞു,
ചേട്ടൻ പണ്ടെന്നെ രക്ഷിച്ചിട്ടുണ്ട്,
ഞാൻ പുഴയിൽ മുങ്ങി താഴ്ന്നപ്പോൾ ?
അവളതു പറഞ്ഞതും ഞാൻ ഒാർത്തു ശരിയാണ്. അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്, എനിക്കന്നു ഒരു പത്തു വയസു പ്രായം കാണും
അവൾക്കന്ന് അഞ്ചോ ആറോ വയസും മഴക്കാലമായതിനാൽ പുഴയിൽ മീൻ പിടിക്കാൻ പോയതായിരുന്നു അവിടെ ചെല്ലുമ്പോൾ ഒരു കുട്ടിയും അമ്മയും കൂടി കടവിൽ നിന്ന് തുണിയലക്കുന്നതും കുളിക്കുന്നതും കണ്ടതാണ്,
എന്നാൽ അതെല്ലാം പുഴയിലെ സ്ഥിരം കാഴ്ച്ചകളിലൊന്നായതു കൊണ്ട് അതാരാണെന്നു പോലും അപ്പോൾ ശ്രദ്ധിച്ചില്ല,
പെട്ടന്നാണ് ഒരു നിലവിളിയും കരച്ചിലും ഒന്നിച്ചു കേട്ടത് നോക്കുമ്പോൾ ആ കുട്ടി വെള്ളത്തിലൂടെ ഒഴുകി പോകുന്നു,
അതു കണ്ടതും പിന്നൊന്നും നോക്കിയില്ല ചൂണ്ട നിലത്തിട്ട് വെള്ളത്തിലേക്ക് ഒറ്റ ചാട്ടം ഭാഗ്യത്തിന് നീന്തി ചെന്നതും അവളുടെ തലമുടിയിൽ പിടി കിട്ടി അതു കൊണ്ട് വലിച്ചു കരക്കു കയറ്റാനായി
അപ്പോഴെക്കും നിലവിളി കേട്ട് പാടത്തു പണിയെടുത്തു കൊണ്ടിരുന്ന ആരോക്കയോ ഒാടിയെത്തി അവർ കൊച്ചിനെ എടുത്തു നിലത്തു കിടത്തി
വയറിൽ പിടിച്ചു ഞെക്കുകയും എന്തൊക്കയോ നാടൻ കൈക്രിയകൾ നടത്തിയതും കുടിച്ച വെള്ളം വോമിറ്റ് ചെയ്തു കൊണ്ട് കുട്ടിക്ക് ശ്വാസം തിരിച്ചു കിട്ടി,
ആ സംഭവം അതോടെ കഴിയുകയും ചെയ്തു എന്നാലത് ഇവൾ ആണെന്ന് അവൾ പറഞ്ഞപ്പോഴാണ് ഞാനും അറിയുന്നത്…
എല്ലാം ഒാർത്തെടുത്ത ഞാൻ വളരെ ആശ്ചര്യത്തോടെ അവളെ നോക്കിയതും അവൾ എന്നെയും നോക്കി.
അപ്പോൾ അവൾ എന്നോടു പറഞ്ഞു അന്നു പറയാൻ പറ്റിയില്ല, തേങ്ക്യൂ ”
അതുകേട്ട് ഞാനവളെ നോക്കി ചിരിച്ചതും അവളെന്നെയും നോക്കി ചിരിച്ചു തുടർന്നവൾ മറ്റൊന്നും പറയാതെ മടങ്ങി പോയി,
ഞാൻ വീട്ടിലേക്കും മടങ്ങി,
പരീക്ഷയെല്ലാം കഴിഞ്ഞ് ജോലിയെല്ലാം ശരിയായപ്പോൾ ഞാൻ അവളെ വീണ്ടും ഒാർത്തു,
അന്നാ സ്കൂൾ വരാന്തയിൽ വെച്ച് വെറുതെ ഒരു നന്ദി പറഞ്ഞ് ഒഴിവാക്കാമായിരുന്നിട്ടും,
അവൾ മഴ നനഞ്ഞ് കുട എനിക്കു തന്നു പോയപ്പോൾ ഒരു പ്രത്യുപകാരം എന്നതിനേക്കാൾ അവളിൽ ഒരു കുടയുണ്ടെങ്കിൽ ഞാനൊരിക്കലും മഴ നനയില്ലെന്നെനിക്കു ബോധ്യമായി,
അവൾ എനിക്കു വേണ്ടി ഒരുക്കിയ ആ പൊതിച്ചോറിൽ അവളുടെ സ്നേഹം കൂടി കലർന്നതു കൊണ്ടാവാം അതത്രയും രുചി നിറഞ്ഞതായതെന്നും എനിക്ക് മനസിലായി,
തുടർന്ന് അവൾ പറഞ്ഞ പോലെ സ്കൂളിനു പുറകിൽ പോയി അവളുടെ വീടന്വേഷിച്ചു കണ്ടുപിടിച്ച് ഞാനമ്മയേയും കൂട്ടി അവളുടെ വീട്ടിൽ ചെന്നു,
അന്നവൾ എനിക്കു കൊണ്ടു തന്ന പൊതിച്ചോറ് അവളുടെ കൈപുണ്യം തന്നെയാണെന്ന് ഇന്നവൾ എന്റെ ഭാര്യയായപ്പോൾ എനിക്ക് മനസിലായി.
ഒപ്പം അന്നവളെ വെള്ളത്തിൽ നിന്നു വലിച്ചു കയറ്റിയത് കരയിലേക്കല്ല മറിച്ച് അതെന്റെ ജീവിതത്തിലേക്കു തന്നെയായിരുന്നു എന്നും.
ചില ഇഷ്ടങ്ങൾ അങ്ങിനെയാണ്,
തമ്മിൽ ഒരക്ഷരം പോലും പറയേണ്ടതില്ല,
അവ ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്കുള്ള സഞ്ചാരം എന്നോ ആരംഭിച്ചിട്ടുണ്ടാവും…