അമ്മായിയമ്മ………
എഴുത്ത്: ദേവാംശി ദേവ
~~~~~~~~~~~~~~~~~~~
പുലർച്ചെ എഴുന്നേറ്റ് കുളിച്ച് മുണ്ടും നേര്യതും ഉടുത്ത് പൂജാറൂമിൽ വിളക്കും വെച്ച് അടുക്കളയിലേക്ക് കയറുകയും ഭർത്താവിന്റെയും കുട്ടികളുടെയും കര്യങ്ങൾക്ക് ഒരു കുറവും വരാതെ നോക്കുകയും ചെയ്യുന്ന എന്റെ അമ്മയെ കണ്ടു വളർന്ന എന്റെ മുന്നിലേക്കാണ് ലെഗ്ഗിൻസും ടോപ്പും ധരിച്ച് സ്മൂത്ത് ചെയ്ത മുടിയും ചുണ്ടിൽ ലിപ്സ്റ്റുക്കുമായി മനുവിന്റെ അമ്മ കടന്നുവന്നത്.
മൂന്നുവർഷമായി മനുവുമായി ഇഷ്ടത്തിൽ ആണ്.. എന്നിട്ടും അമ്മയെ ആദ്യമായി കാണുന്നത് പെണ്ണുകാണാൽ ചടങ്ങ് നടത്തിയപ്പോഴാണ്.
“എന്താ കുട്ടിയുടെ പേര്?
ഏതുവരെ പഠിച്ചു?.”
ഈ രണ്ട് ചോദ്യങ്ങൾ മാത്രമാണ് എന്നോട് അമ്മ ചോദിച്ചത്.
പാവമാണ് മനു.
മനു മൂന്നിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അച്ഛൻ മരിക്കുന്നത്.
അമ്മയുമിയി മനുവിന് അടുപ്പം കുറവായിരുന്നു.
അമ്മയുടെയോ അച്ഛന്റെയോ ബന്ധുക്കളെ അമ്മ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല..
വല്ല കല്യാണങ്ങൾക്കോ മരണത്തിനോ അല്ലാതെ അമ്മ അങ്ങോട്ടും പോകാറില്ലായിരുന്നു.
ഒരു ഗവർമെന്റ് ഉദ്യോഗസ്ഥയുടെ അഹംഭാവം അമ്മ എപ്പോഴും അച്ഛനോട് കാണിച്ചിരുന്നു എന്ന് മനു പലപ്പോഴും പറഞ്ഞിരുന്നു.
മനുവിനെ വീട്ടുകാർക്കൊക്കെ ഇഷ്ടമായതുകൊണ്ട് വിവാഹം നടന്നു.
അച്ഛന്റെയും അമ്മയുടെയും സഹോദരന്മാർ ഉണ്ടായിട്ടും
കല്യാണമണ്ഡപത്തിൽ നിറഞ്ഞു നിന്ന് ഓരോ കാര്യങ്ങൾ ചെയ്തത് മനുവിന്റെ അമ്മ തന്നെ ആയിരുന്നു.
താലിഎടുത്തു കൊടുക്കാൻ മാത്രമാണ് മനുവിന്റെ അമ്മാവൻ മണ്ഡപത്തിലേക്ക് വന്നത്.
അത് ഇഷ്ടപ്പെട്ടില്ലെന്ന് അമ്മയുടെ മുഖവും വിളിച്ചു പറയുന്നുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് ഗ്രിഹപ്രവേശന സമയത്ത് മരുമകൾ അമ്മായിയമ്മയുടെ കൈയ്യിലൊരു സ്വർണവള അണിയിക്കുന്നത് ഞങ്ങളുടെ നാട്ടിലെ ചടങ്ങാണ്.
“അതൊന്നും വേണ്ട..
കുട്ടി വലതുകീൽ വെച്ച് അകത്തേക്ക് വരു.”
ഞാൻ വളയിടാൻ തുടങ്ങുമ്പോൾ അതിനെ തടഞ്ഞുകൊണ്ട് അമ്മ എന്റെ നേരെ നിലവിളക്ക് നീട്ടി.
ഞാൻ മനുവിനെ നോക്കുമ്പോൾ എന്നെ പോലെ തന്നെ അമ്മയുടെ പ്രവർത്തി അവനെയും വിഷമിപ്പിച്ചിട്ടുണ്ടെന്ന് മനസിലായി.
രാത്രി റിസപ്ഷൻ കഴിഞ്ഞതോടെ ബന്ധുക്കളൊക്കെ തിരികെപ്പോയി.
വീട്ടിൽ ഞാനും മനുവും അമ്മയും മാത്രമായ്.
“മുകളിലാണ് മനുവിന്റെ റൂം..
കുട്ടിപ്പോയി കിടന്നോളു.”
അമ്മയുടെ ആ ഒരു മറുപടിയിൽ തകർന്നടിഞ്ഞത് ഞാൻ സ്വപ്നം കണ്ട ആദ്യരാത്രിയായിരുന്നു.
സെറ്റുമുണ്ടും ഉടുത്തു മുടിനിറയെ മുല്ലപ്പൂവും ചൂടി കൈയ്യിലൊരു ഗ്ലാസ് പാലുമായി നാണത്തോടെ മനുവിന്റെ റൂമിലേക്ക് പോകുന്ന എന്നെ എത്രയോ വട്ടം ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.
റൂമിലേക്ക് ചെല്ലുമ്പോൾ മനു എന്നെ കാത്തിരിക്കുകയായിരുന്നു.
“ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ നിമിഷ,അമ്മയൊരു പ്രത്യേക ക്യാരക്ടർ ആണ്.
തനിക്ക് അഡ്ജസസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാകും.”
“താൻ വിഷമിക്കേണ്ട.
അതൊക്കെ ഞാൻ നോക്കി കോളാം.”.
എന്റെയാ മറുപടി മനുവിന് വലിയ ആശ്വാസമായി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് അടുക്കളയിലേക്ക് പോകുമ്പോൾ ഏകദേശം ജോലിയും അമ്മ ചെയ്തു കഴിഞ്ഞിരുന്നു.
” കുട്ടി ആ പച്ചക്കറിയൊന്ന് നുറുക്കു.
കുട്ടി ആ ദോശ കരിഞ്ഞു പോകാതെ നോക്കണേ..
കുട്ടിക്ക് പറ്റുവാണെങ്കിൽ ആ മുറ്റമൊന്ന് അടിക്ക്..”
എന്നൊക്കെയുള്ള സംസാരങ്ങൾ മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു.
“കുട്ടി ജോലിക്കൊന്നും പോകുന്നില്ലേ..”
അമ്മയുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്ന് അറിയില്ലായിരുന്നു.
ജോലിയൊക്കെ പതിയെ നോക്കിയാൽ മതിയെന്ന് മനു ആദ്യമേ പറഞ്ഞതാണ്.
“അവൻ പറയുന്നത് അനുസരിച്ചാൽ മതിയെന്ന് എന്റെ അമ്മയും അച്ഛനും പറയുകയും ചെയ്തു”
ഞാൻ ജോലിക്ക് പോകണമെന്ന് മനുവിന്റെ അമ്മക്ക് എന്തോ നിർബന്ധം ഉള്ളതുപോലെ തോന്നി.
മനു എന്റെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയില്ല..
ഞാൻ ചോദിക്കാതെ തന്നെ എന്റെ ആവശ്യങ്ങൾ അവൻ നിറവേറ്റിയിരുന്നു.
ദിവസങ്ങൾ കടന്നു.
മനുവിനൊരു അത്യാവശ്യത്തിന് എന്റെയൊരു വള പണയം വെയ്ക്കാൻ കൊടുത്ത ദിവസമാണ് ഞാൻ ആദ്യമായി അമ്മയെ എതിർത്തു സംസാരിച്ചത്.
മനു വള പണയം വെച്ച കാര്യം അറിഞ്ഞു വന്ന അമ്മ അവനോട് ഒരുപാട് ദേഷ്യപ്പെട്ടു..അധിക്ഷേപിച്ച് സംസാരിച്ചു.
“അമ്മക്ക് എന്താ പ്രശ്നം.എന്റെ വള എന്റെ ഭർത്താവ് തന്നെയല്ലേ പണയം വെച്ചത്..മനു അത് എടുത്തു തരും.
എനിക്ക് എന്റെ വീട്ടുകാർ സ്വർണം തന്നത് ഞങ്ങളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കാനാണ്.”
ദേഷ്യത്തോടെ തന്നെ ഞാനും സംസ്സാരിച്ചു.
അമ്മ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയി.
“നമുക്ക് മാറി താമസിച്ചാലോ ഡോ..”
അന്ന് രാത്രി മനു എന്നോട് ചോദിച്ചു.
അതാണ് ശരിയെന്ന് എനിക്കും തോന്നി.
ഞങ്ങൾ പോയാൽ അമ്മ ഒറ്റക്കാകും എന്നതൊന്നും എനിക്കപ്പോൾ പ്രശ്നമായി തോന്നിയില്ല.
അത്രമേൽ ദേഷ്യമുണ്ടായിരുന്നു എനിക്ക് അമ്മയോട്.
അങ്ങനെ ഒരു വാടക വീട്ടിലേക്ക് ഞങ്ങൾ മാറി..
സന്തോഷത്തോടെ മുന്നോട്ട് പോയ ദിവസങ്ങൾ..
അതിനിടയിൽ ഒരു മകളെയും കിട്ടി.
പതിയെ പതിയെ ജീവിതം മാറി തുടങ്ങി.
മനു ഓരോ ദിവസവും കൂടുതൽ കൂടുതൽ വൈകി വരാൻ തുടങ്ങി.
ഇടക്ക് മദ്യപിച്ചാണ് വരുന്നത്.
അത് പിന്നെ സ്ഥിരമായി..
വാടകയോ വീട്ടുകാര്യങ്ങളോ നോക്കാതെയായി..
എന്റെ ആഭരണങ്ങൾ ഒരോന്നായി അവൻ കൊണ്ടുപോയി.
കെട്ടുതാലി പോലും ഇല്ലാത്ത അവസ്ഥയായി.
വീട്ടിൽ വിളിച്ചറിയിച്ചപ്പോൾ “ജീവിതം ഇങ്ങനെയാണ്,നീ കുറേ അഡ്ജസ്റ്റ് ചെയ്യണം.എന്നും ഇങ്ങനെ പരാതിയും പരിഭവവും പറഞ്ഞിരുന്നാൽ ജീവിതം മുന്നോട്ട് പോകില്ല.” എന്നൊക്കെയുള്ള ഉപദേശങ്ങളായിരുന്നു.
“ഞാനൊരു ജോലിക്ക് പൊയ്ക്കോട്ടെ..”
“എന്തിനാ..നിനക്ക് ഞാൻ പോരെന്നുണ്ടോ..”
മനുവിന്റെ മറ്റൊരു മുഖം ഞാനവിടെ കാണുകയായിരുന്നു.
സംശയരോഗവും ശാരീരികമായ ഉപദ്രവും..
സഹിച്ച് മതിയായപ്പോൾ ഞാൻ മോളെയും എടുത്ത് എന്റെ വീട്ടിലേക്ക് പോയി.
പിറ്റേന്ന് തന്നെ അച്ഛൻ മനുവിനെ കണ്ട് സംസാരിച്ചു..
“അവന്റെ ഭാഗത്ത് മാത്രമല്ല ഇവളുടെ ഭാഗത്തും തെറ്റുണ്ട്.
അവൻ പറഞ്ഞാലൊന്നും ഇവൾ അനുസരിക്കില്ല.
ഇപ്പോ തന്നെ അവനോടൊരു വാക്കുപോലും ചോദിക്കാതെയാ അവൾ ഇങ്ങോട്ട് വന്നത്.
അതുകൊണ്ട് തന്നെ അവൻ വിളിച്ചുകൊണ്ടുപോകാൻ വരില്ല.
നീ കുഞ്ഞിനെ എടുക്ക്.ഞാൻ കൊണ്ടാക്കാം.”
“ഇല്ല..ഞാൻ വരില്ല..
ഇനി അയാളോടൊത്ത് എനിക്ക് പറ്റില്ല.”
“പിന്നെ പറ്റാതെ..എന്ത് ചെയ്യാനാ നിന്റെ ഉദ്യേശം..
കെട്ടിച്ചു വിട്ട മോള് കുഞ്ഞിനേയും കൊണ്ട് വീട്ടിൽ വന്നു നിന്നാൽ ഞങ്ങൾ നാട്ടുകാരോട് എന്ത് പറയും.”
അമ്മയുടെ മറുപടി കേട്ട് ഞാൻ അത്ഭുതത്തോടെ അമ്മയെ നോക്കി.
സ്വന്തം മകൾ ശരീരികമായും മാനസികമായും ഭർത്താവിൽ നിന്നും അനുഭവിച്ച പീഡനത്തേക്കാൾ വലുതാണ് നാട്ടുകാരുടെ മുൻപിലുള്ള വില.
“ഞാൻ പൊയ്ക്കോളാം.”
“ഞാൻ കൊണ്ടാക്കാം..”
അച്ഛൻ കൂടെ ഉറങ്ങി.
“വേണ്ട..ഞാൻ പൊയ്ക്കോളാം.
ഇങ്ങോട്ട് വന്നത് ഞാൻ ഒറ്റക്കല്ലേ..”
“കണ്ടില്ലേ അവളുടെ അഹങ്കാരം.”
മോളെയും എടുത്ത് ആ വീടിന്റെ പടിയിറങ്ങുമ്പോൾ മനുവിന്റെ അടുത്തേക്ക് ഞാൻ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു.
പിന്നെ എങ്ങോട്ട് എന്ന് ചോദ്യത്തിന് മനസ്സിൽ തെളിഞ്ഞു വന്ന മുഖം മനുവിന്റെ അമ്മയുടെതായിരുന്നു.
എന്റെ അമ്മായിയമ്മയുടേത്.
ആ മുൻപിൽ ഇരുന്ന് കാര്യങ്ങളൊക്കെ പറയുമ്പോൾ ഞാൻ കരഞ്ഞുപോയിരുന്നു.
അമ്മ എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു.
“നിന്റെ ഈ അവസ്ഥയിലൂടെ കടന്നു പോയവളാ മോളെ ഞാൻ..
ഭർത്താവും വീട്ടുകാരും സ്വന്തക്കാരും എല്ലാം ഉപദേശിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
മദ്യപിച്ചു വന്ന് ഉപദ്രവിക്കുന്ന ഭർത്താവിനെ സ്നേഹം കൊടുത്ത് മാറ്റിയെടുത്തില്ല എന്ന് എല്ലാവരും എന്നെ കുറ്റപ്പെടുത്തി.
മരിക്കണോ അതോ ജീവിക്കണോ എന്നൊരു അവസ്ഥ വന്നപ്പോൾ ഞാൻ ജീവിക്കാൻ തീരുമാനിച്ചു.
കഷ്ടപ്പെട്ടൊരു ജോലി സമ്പാദിച്ചു.
ഭർത്താവ് എതിർത്തിട്ടും ജോലിക്ക് പോയി.
അതോടെ ഞാൻ തന്റേടിയായി.
മനു അവന്റെ അച്ഛനെ പോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഞാൻ അനുഭവിച്ചത് നീ അനുഭവിക്കരുതെന്ന് ഞാൻ പ്രാർഥിച്ചിരുന്നു മോളെ..
പക്ഷെ…”
വത്സല്യത്തോടെ അമ്മ എന്റെ മുടിയിൽ തലോടി..ഞാനിനി എന്താ അമ്മേ വേണ്ടത്.”
“ജീവിക്കണം..
നിനക്ക് വേണ്ടി..നിന്റെ മകൾക്ക് വേണ്ടി.”
“ഞങ്ങൾക്ക് ആരും ഇല്ല..”
“എന്നാര് പറഞ്ഞു..ഞാനുണ്ട് നിനക്കും നിന്റെ കുഞ്ഞിനും.”
അമ്മയുടെ നിർബന്ധപ്രകാരം തന്നെയാണ് ഡിവോഴ്സിന് കൊടുത്തത്.
ഡിവോഴ്സ് തരാൻ മനു സമ്മതിച്ചില്ല…
കൂട്ടുകാരുമായി ചേർന്ന് മദ്യപിക്കുന്നതിനടയിലുണ്ടായ തർക്കത്തിൽ ഒരാൾ കൊലപെടുകയും ബാക്കിയുള്ളവർ കൊലപാതകികൾ ആവുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ മനു ആയിരുന്നു.
അവനെ രക്ഷിക്കാൻ ശ്രെമിക്കാനോ എന്തിന്..ഒന്ന് പോയി കാണാൻ പോലും അമ്മ എന്നെ അനുവദിച്ചില്ല..
അമ്മയും പോയില്ല..
“അവന്റെ തെറ്റിന്റെ ശിക്ഷ അവൻ അനുഭവിക്കട്ടെ” എന്നാണ് പറഞ്ഞത്.
അതോടെ എനിക്ക് ഡിവോഴ്സ് കിട്ടി.
എന്തെങ്കിലും ജോലിക്ക് പോകാൻ തയാറായ എന്നെ തടഞ്ഞു കൊണ്ട് അമ്മ പി എസ് സി കൊച്ചിങ്ങിന് വിട്ടു.
ഞാനൊരുന്നു ഗവർമെന്റ് ജോലി നേടി.
ഇപ്പോ എന്റെ അമ്മയുടെയും മോളുടെയും കൂടർ സുഖമായി കഴിയുന്നു.
പിന്നെയൊരു വിശേഷമുള്ളത്..
നാളെ എന്റെ വിവാഹമാണ്.
എന്റെ അമ്മയും എന്റെ മോളും കൂടി എനിക്ക് കണ്ടുപിടിച്ചു തന്ന പുതിയ ജീവിതം.
അരവിന്ദ്.
അരവിന്ദൊരു കോളേജ് അധ്യാപകനാണ്.
ഒരിക്കൽ എന്റെ അമ്മയിയമ്മ ആയിരുന്നവർ ഇന്നെന്റെ അമ്മയാണ്.
എന്റെ മാത്രം അമ്മ.