ഒരു മിണ്ടാപ്പൂച്ച പോലെ ഇരുന്ന കൊച്ചാ…ഏതോ വല്യ പഠിപ്പാന്നും പറഞ്ഞ് എങ്ങാണ്ടക്ക്യോ പോയി വന്നേപ്പിന്നെ ഈ കൊച്ച് ഇങ്ങനെയാ…

രചന: സുധിൻ സദാനന്ദൻ

നീ ഇത്ര വലിയ ഫെമിനിച്ചി ആണെങ്കിൽ ദാ കാണുന്ന തെങ്ങിൽ കേറി നാല് തേങ്ങ ഇട്ടു കാണിക്കെടി…

എടീ, പോടീന്നൊക്കെ തന്റെ വീട്ടിലുള്ള പെണ്ണുങ്ങളെ കേറി വിളിച്ചാൽ മതി, എനിക്ക് എന്റെ അച്ഛനും അമ്മയും കൂടി ഇട്ടൊരു പേരുണ്ട്…

ഹോ…നിനക്ക് അച്ഛനും അമ്മയൊക്കെ ഉണ്ടോ…? ഞാൻ കരുതി നീ മാനത്തു നിന്നും മണ്ണിലേക്ക് പൊട്ടി വീണതാണെന്ന്…അവളുടെ ഒരു തലമുടിക്കെട്ടും, പൊട്ടകണ്ണടയും, എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്. എന്റെ കൺമുന്നിൽ നിന്ന് പൊയ്ക്കോ…അതാ പെണ്ണേ നിനക്കു നല്ലത്…

താൻ ഓല പാമ്പ് കാണിക്കുമ്പോൾ പേടിക്കുന്ന ആളല്ല ഈ മീനാക്ഷി…ആണിനും, പെണ്ണിനും ഒരേ വേതനം നൽകണം, ഇങ്ങനെ തരംതിരിവ് കാണിക്കുന്ന മുതലാളിമാരെ ഞങ്ങൾ വച്ചു പൊറുപ്പിക്കില്ല…

ഞാനും, അവളും തമ്മിലുള്ള വാഗ്വാദം മുറുകി വരുന്നത് കണ്ട് ശാരദ ചേച്ചി ഓടിയെത്തി, അവളെ മാറ്റി നിർത്തി അവളോടായി ശാരദ ചേച്ചി പറഞ്ഞു തുടങ്ങി…

മോളെ നീ വെറുതെ ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കരുത്. തെങ്ങിൽ കയറുന്ന രാഘവേട്ടനും, പെറുക്കിക്കൂട്ടുന്ന ഞങ്ങൾക്കും എങ്ങിനെയാ ഒരേ കൂലി തരുന്നേ…? ഈ കിടക്കുന്ന കൊതുമ്പും, ഓലയും എല്ലാം കുഞ്ഞ് ഞങ്ങളോട് എടുത്തോളാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കുട്ടികളുടെ പഠന ചിലവെല്ലാം കുഞ്ഞാ നോക്കുന്നത്. വെറും മനക്കിലെ പറമ്പിലെ പണിക്കാരയല്ല കുഞ്ഞ് ഞങ്ങളെ കാണുന്നത്. എന്തെങ്കിലും ഒന്ന് ഉണ്ടായാൽ ആദ്യം ഓടിയെത്തുന്നതും ഈ കുഞ്ഞാണ്…അങ്ങനെ ഉള്ള കുഞ്ഞിനെ ഞങ്ങളുടെ മുന്നിൽ വെച്ച് മോശം പറഞ്ഞാൽ ഞങ്ങൾ നോക്കി നിന്നെന്ന് വരില്ല മോളെ…മോള് പോവാൻ നോക്കിയേ…

ശാരദ ചേച്ചിയുടെ ആ വാക്കിൽ അവൾ പത്തി താഴ്ത്തി. എന്നെ അവളുടെ ഉണ്ട കണ്ണുരുട്ടി പേടിപ്പിക്കും വിധം ഒന്നു തറപ്പിച്ചു നോക്കി. എന്നിട്ടും കലിയടങ്ങാതെ താഴെ അങ്ങിങ്ങായി ചിതറി കിടക്കുന്ന തേങ്ങകൾ കാലുകൊണ്ട് തട്ടി തെറിപ്പിച്ചു കൊണ്ടാണ് അവൾ പറമ്പിൽ നിന്നും ഇറങ്ങി പോയത്.

കുഞ്ഞിന് അത് ആരാണെന്ന് മനസ്സിലായോ…?

എവിടന്നോ കുറ്റിം പറച്ചു വന്നേക്കുന്ന ഒരു അലവലാതി അല്ലാതെ ആര്…ഇനി അവൾ ആരായാലും, ശാരദ ചേച്ചി ഇപ്പൊ വന്നില്ലായിരുന്നെങ്കിൽ അവളുടെ പല്ലിന്റ എണ്ണം കുറഞ്ഞേനെ…

കുഞ്ഞേ അത് നമ്മുടെ ദേവീക്ഷേത്രത്തിലെ പൂജാരിയുടെ മോളാ…ഒരു ദാവണിയും ഉടുത്ത് ക്ഷേത്രത്തിലേക്ക് പോവുന്നതു കാണാൻ എന്തൊരു ചേലായിരുന്നു…

ആൺകുട്ട്യോളുടെ മുഖത്തു പോലും നോക്കില്ലായിരുന്നു, ഒരു മിണ്ടാപ്പൂച്ച പോലെ ഇരുന്ന കൊച്ചാ…ഏതോ വല്യ പഠിപ്പാന്നും പറഞ്ഞ് എങ്ങാണ്ടക്ക്യോ പോയി വന്നേപ്പിന്നെ ഈ കൊച്ച് ഇങ്ങനെയാ…

വലിയ കണ്ണടയും, പൊട്ടും, മുകളിലേക്ക് മുടിയൊക്കെ കെട്ടിവെച്ച് ഒരു തോൾസഞ്ചിയും തൂക്കി നടപ്പാ എത് നേരവും…ആ കൊച്ച് പറയുന്നതൊന്നും മനസ്സിലാവത്തില്ല, വലിയ പഠിപ്പിന്റെ ആവും…

കിഴക്കേലെ കട നടത്തുന്ന സുധാകരന്റെ മോന്റെ കണ്ണിൽ ഈ കൊച്ച് എന്താണ്ടൊക്കെയോ കുപ്പിയിന്ന് തളിച്ചു ന്നൊക്കെ പറഞ്ഞു കേൾക്കിണ്ട്. ചെക്കൻ കണ്ണും പൊത്തിപ്പിടിച്ച് ഓടിയ വഴിയിൽ പുല്ല് മുളക്കില്ല, അതു പോലെയല്ലേ ഓടിയത്…

പെങ്കുട്ട്യോളുടെ സ്കൂളിന് മുന്നിൽ നിന്ന ആൺകുട്ട്യോളെ ഈ കൊച്ച് കാലിലെ ചെരുപ്പൂരി അടിച്ചൂന്ന്…

ഇപ്പൊ ആ കൊച്ചിനെ നാട്ടുക്കാര് വേറെന്തോ പേരൊക്കെയാ വിളിക്കുന്നേ…നേരത്തെ കുഞ്ഞ് വിളിച്ചിലേ അത് പോലെന്താണ്ടാ…

ഫെമിനിസ്റ്റ് എന്നോ…

ആ അതെന്നെ…

നാട്ടിൽ ശാരദ ചേച്ചി അറിയപ്പെടുന്ന ഒരു ന്യൂസ് ചാനലാണ്. ശാരദചേച്ചിക്കു അറിയാത്ത ഒരു വാർത്തയില്ല ഈ കീഴാറ്റൂരില്…അവളെ കുറിച്ച് ശാരദച്ചേച്ചി വാതോരാതെ പറയുന്നതെല്ലാം മുത്തശ്ശിക്കഥകൾ കേട്ടിരിക്കുന്ന കുട്ടിയെ പോലെ ഞാനും കേട്ടിരുന്നു.

***** ***** *****

ഹാ..ഇതാര്..രവിയേട്ടനോ…? ഇതെപ്പൊ വന്നു. രവിയേട്ടാ നിങ്ങള് എനിക്കു പറ്റിയ പെണ്ണിനെ കാണിക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി ചായ കുടിപ്പിച്ച് കുടിപ്പിച്ച് എനിക്കിപ്പോ പ്രമേഹം വരോ എന്നാ ഇപ്പൊ എന്റെ സംശയം.

നീ തന്നെ ഇതു പറയണം ശ്രീക്കുട്ടാ…കാണുന്ന പെണ്ണിനെല്ലാം എന്തെങ്കിലും കുറ്റം കണ്ടു പിടിക്കുന്നത് നീ തന്നെ അല്ലേടാ…?

ദാ ഈ ഡയറിയിൽ കുറച്ചു കുട്ട്യോളുടെ ഫോട്ടോ ഉണ്ട്. നീ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം ചായ പരിപാടിയിലേക്ക് കടക്കാം എന്ന് പറഞ്ഞ് രവിയേട്ടൻ എനിക്ക് നേരെ നീട്ടിയ ഡയറിക്കുള്ളിലെ ആദ്യത്തെ ഫോട്ടോ കണ്ട് സ്തംഭിച്ചു പോയി ഞാൻ…

ഇത്രയും ഭംഗിയുള്ള ഒരു പെണ്ണോ…?

രവിയേട്ടാ ഈ കുട്ടിയെ മതി എനിക്ക് ഇനി വേറെ ഒന്നും കാണേണ്ട.

ഏത് കുട്ടി…? ഡയറി തിരികെ വാങ്ങിയ രവിയേട്ടന്റെ മുഖഭാവം കണ്ടിട്ടെന്നോണം ഞാൻ കാരണം തിരക്കി.

ഇത് വേണ്ടാ ശ്രീക്കുട്ടാ…മുൻപ് ആയിരുന്നെങ്കിൽ പെണ്ണുകാണലും കഴിഞ്ഞ്, കല്യാണ തിയ്യതി കുറിച്ച് വാങ്ങിച്ചേ നമ്മൾ അവിടെ നിന്നും മടങ്ങുമായിരുന്നുള്ളു…

ശ്രീക്കുട്ടാ നീയും കുറച്ചൊക്കെ അറിഞ്ഞു കാണൂലോ, നാരായണൻ നമ്പൂതിരിയുടെ മകളാണ്…

രവിയേട്ടൻ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. രാവിലെ ശരാദചേച്ചി അവളെ കുറിച്ച് പറഞ്ഞതൊക്കെ സത്യമായിരുന്നു. രവിയേട്ടനിൽ നിന്നും ഫോട്ടോ തിരികെ വാങ്ങി, തിരിച്ചും മറിച്ചും നോക്കി. എന്തൊരു ഭംഗിയാ ഇവളെ കാണുവാൻ, എന്റെ ഭാവി വധുവിനെ കുറിച്ച് ഞാൻ മനസ്സിൽ താലോലിച്ചിരുന്ന അതേ രൂപം…

കാടുകയറിയ ചിന്തയിൽ നിന്ന് ഉണർത്തിയത് രവിയേട്ടന് സംഭാരമായി ഉമ്മറത്തെത്തിയ അമ്മയാണ്.

ശ്രീക്കുട്ടാ…മേലാസകലം മണ്ണും പൊടിയാ…പോയി മേലുകഴുകി വന്ന് എന്തെങ്കിലും കഴിച്ചേ…

ശരി എന്ന് തലയാട്ടി കുളത്തിലേക്ക് പടവുകൾ ഓരോന്നും ഇറങ്ങുമ്പോഴും ഉള്ളിൽ ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങൾ അലയടിക്കുകയായിരുന്നു.

***** ***** *****

കൂട്ടുകാരുമൊത്ത് രാത്രിയിലെ സഭകൂടലും കഴിഞ്ഞ് മൂളിപാട്ടും പാടി വരുന്ന സമയത്താണ് ദൂരെ നിന്നും ആരോ ഒരാൾ ഓടി വരുന്നത് പോലെ തോന്നിയത്. അരികിലെത്തിയപ്പോഴാണ് ആളെ പിടികിട്ടിയത് പണ്ടത്തെ മീനാക്ഷിയായിരുന്ന ഇപ്പോഴത്തെ ഫെമിനിച്ചിയാണ് കക്ഷി.

ഓടി വന്ന് എന്റെ പുറകിലായി മറഞ്ഞു നിന്ന്, അവർ…അവർ…എന്ന് ഇരുട്ടിലേക്ക് വിരൽ ചൂണ്ടി പറയുമ്പോൾ ഒരു നാട്ടിൻപുറത്തുക്കാരിയുടെ ഭയമായിരുന്നു അവളിൽ ഞാൻ കണ്ടത്.

പേടിച്ചു വിറച്ചു നില്ക്കുന്ന അവളെ എന്നിലേക്ക് ചേർത്ത് നിർത്തികൊണ്ട് ഫോണിന്റെ വെട്ടം ഇരുട്ടിലേക്ക് പായ്ക്കുമ്പോൾ ദൂരെ തിരിഞ്ഞ് ഓടുന്ന മൂന്നു പേരെ കാണുന്നുണ്ടായിരുന്നു.

വരൂ…ഞാൻ വീടു വരെ കൊണ്ടാക്കി തരാം എന്ന് പറഞ്ഞപ്പോൾ കേൾക്കാൻ ആഗ്രഹിച്ച വാക്കെന്നോണം എന്നിലേക്ക് ചേർന്ന് നടക്കാൻ തുടങ്ങിയിരുന്നു അവൾ.

എന്താടോ രാവിലെ കണ്ട ആളേ അല്ലല്ലോ…എന്ന എന്റെ ചോദ്യത്തിന്, മറുപടിയായി ഒന്ന് മൂളുക മാത്രമേ അവൾ ചെയ്യ്തുള്ളൂ. താനിങ്ങനെ തോന്നിവാസിയായി നടക്കുന്നതിൽ എത്ര പേരാണെന്നറിയോ വേദനിക്കുന്നത്…തന്റെ അച്ഛന് എത്രമാത്രം സങ്കടം ഉണ്ടെന്ന് അറിയോ…

ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൾ അവളുടെ കഥ പറയുകയായിരുന്നു…

ഡൽഹിയിൽ പഠിക്കാൻ പോയ ഒരു നാട്ടുംപുറത്തുകാരിക്കു റാഗിങ്ങും മോശമായ കമന്റിൽ നിന്നെല്ലാം രക്ഷയായത് സീനിയർ ചേച്ചിയായ മീരയായിരുന്നു. ചേച്ചിയുടെ മുകളിലേക്കു ഉയർത്തി കെട്ടിയ മുടിയും വസ്ത്രധാരണ രീതിയും ഞാനും പതുക്കെ എന്നിലേക്ക് പകർത്തുകയായിരുന്നു.

എല്ലാം കേട്ട് കഴിഞ്ഞ് ഞാനവളോടായി പറഞ്ഞു…സ്ത്രീകൾക്ക് സുരക്ഷിതത്വം അധികാരവും വേണം, അതിന് ഞങ്ങൾ ആണുങ്ങൾ ഒരിക്കലും എതിരു നിൽക്കില്ല. അനാവശ്യമായ കാര്യത്തിൽ ഇടപ്പെട്ട് തുല്യത എന്ന് പറഞ്ഞ് നടന്നാൽ അത് വകവയ്ക്കുകയും ഇല്ല…

പിന്നെ ഇതൊക്കെ നേടി എടുക്കാൻ തലമുടിക്കെട്ടും വലിയ കണ്ണടയും വേണമെന്ന് നിർബന്ധം വല്ലതും ഉണ്ടോ…?

ഞാനൊരു കാര്യം പറയാം മീനാക്ഷി…എനിക്ക് തന്നെ ഇഷ്ടമാണ്. കുറച്ച് വാശിയും ദേഷ്യമൊക്കെയുള്ള പെണ്ണിനെയാണ് എനിക്കും ഇഷ്ടം. എന്റെ വേളിയായി ഇല്ലത്ത് കൂടുന്നോ…

ദാ..തന്റെ വീടെത്തി. പിന്നെ മീനു, ഞാൻ പറഞ്ഞതിന് സമ്മതമാണെങ്കിൽ നാളെ തന്റെ പിറന്നാളല്ലേ…രാവിലെ ക്ഷേത്രത്തിൽ വരണം. വരുമ്പോൾ ശിവനായിട്ടു വരണ്ട…പാർവ്വതിയായി വന്നാൽ മതി എന്ന് പറയുമ്പോൾ സംശയത്തോടെ എന്നെ നോക്കിയ അവളോട് “മുടിക്കെട്ട്” എന്ന് പറഞ്ഞ് നടന്ന് നീങ്ങുന്ന എന്നെ മിഴിച്ചു നോക്കുന്ന അവളുടെ കണ്ണിൽ എനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ഞാനറിഞ്ഞിരുന്നു…

കുളിച്ചൊരുങ്ങി ക്ഷേത്രത്തിലെത്തിയ ഞാൻ ആൽത്തറയ്ക്കു പിന്നിൽ എന്നെയും കാത്ത് നിൽക്കുന്ന മീനാക്ഷിയെ ദൂരെ നിന്നു തന്നെ കണ്ടിരുന്നു. മഞ്ഞ നിറത്തിലുള്ള ദാവണിയും വെള്ള കല്ലുള്ള മൂക്കുത്തിയും അവളെ കണ്ണെടുക്കാതെ എത്ര നേരം നോക്കി നിന്നെന്ന് അറിയില്ല.

ഇന്ന് എന്റെ പിറന്നാളാണെന്ന് ശ്രീയേട്ടനെങ്ങനെ അറിഞ്ഞൂ…

അവളുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്. അത് ദല്ലാൾ കൊണ്ടുവന്ന തന്റെ ഫോട്ടോക്കു പിറകിലുണ്ടായിരുന്നു എല്ലാ വിവരങ്ങളും…

ആ ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരിയാട്ടോ നേരിൽ കാണാൻ…എന്ന് പറഞ്ഞപ്പോൾ നാണത്താൽ ചുവന്ന് തുടുത്ത കവിൾത്തടം മീനുവിനെ ഒന്നുകൂടി സുന്ദരിയാക്കി.

ദേവിയെ വലംവെച്ച് പ്രാർത്ഥിച്ച ശേഷം ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ…അതേ മീനൂ…മീനാക്ഷിയിൽ നിന്ന് ഫെമിനിസ്റ്റ് ആയി മാറുമ്പോൾ കോപം അടങ്ങുന്നില്ലെങ്കിൽ ഇല്ലത്തെ തെക്കേ പറമ്പിൽ കൂമ്പടഞ്ഞു പോയ കണ്ണൻ വാഴ ഒരെണ്ണം നിൽപ്പുണ്ട്, അതിന്റെ നടുപിണ്ടിയിൽ നോക്കി ഇടിച്ചോ, അപ്പൊ ദേഷ്യം കുറച്ചു കുറയും എന്ന് പറഞ്ഞപ്പോൾ…

ഇത്രയും ആരോഗ്യമുള്ള എന്റെ ഭർത്താവ് ഉള്ളപ്പോൾ എന്തിനാ ഞാനാ പാവം വാഴയെ ഉപദ്രവിക്കുന്നേ…എന്നും പറഞ്ഞ് വയൽ വരമ്പിലൂടെ ചിരിച്ചു കൊണ്ട് ഓടുന്ന അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുമ്പോൾ ഞാനെന്റെ സ്വപ്നങ്ങൾക്ക് നിറം പകരുകയായിരുന്നു…