ബുള്ളറ്റിൽ അവളെയും കൊണ്ടു പോവുമ്പോൾ മനസൊന്നു നീറി. അതിനു കാരണം ഉണ്ട്‌…

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

റോഡ് വീതികൂട്ടിയപ്പോൾ ജീവിതമാർഗമായിരുന്ന ബേക്കറി പോയിക്കിട്ടി. ആകെയുള്ള വരുമാനമാർഗം അതായിരുന്നു.

ലക്ഷ്മി ബേക്കറി…

അമ്മേടെ പേരാണ്…അച്ഛൻ തുടങ്ങി വെച്ചതാണ്. പെങ്ങളെ കെട്ടിച്ചതിന്റെ കടം വീടിയിട്ടുമതി എന്റെ കല്യാണം എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞതാ…അപ്പോഴാ ജാതകത്തിൽ മുപ്പതു കഴിഞ്ഞാൽ യോഗമില്ലാന്നു അമ്മ പറഞ്ഞത്.

ജാതകമൊന്നുമല്ല അമ്മേ ജീവിതം എന്നു പറഞ്ഞപ്പോൾ…നീ ഇങ്ങനെ നടന്നോ, അല്ലെങ്കിലും അമ്മ പറയുന്നതിനൊന്നും ഒരു വിലയും കൽപ്പിക്കാതെ കാശും പണവുമൊക്കെ ഉണ്ടാക്കിയാൽ ഉണ്ടാവും…പോയ വയസ്സൊന്നും തിരിച്ചുവരില്ല.

അല്ലെങ്കിലും അമ്മയുടെ ഈ പരാതിപറച്ചിലിലാണ് പല തീരുമാനങ്ങളും എനിക്കു മാറ്റേണ്ടി വന്നിട്ടുള്ളത്. അങ്ങിനെയാണ് പെണ്ണുകാണൽ ആരംഭിച്ചത്. അങ്ങിനെയാണ് ഇന്ദുവിനെ കിട്ടിയത്…

അങ്ങിനെ സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ചിട്ടിപിടിച്ചും കയ്യിൽ ഉണ്ടായിരുന്നതും ഒക്കെക്കൂടി കല്യാണം കഴിഞ്ഞു. ഇന്ദു വന്നതോടെ ഒരു അടുക്കും ചിട്ടയും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.

പൊതുവെ ശാന്ത പ്രകൃതം ആയാലും ഇടക്ക് അവളുടെ വള ഒന്നു പണയം വെക്കാൻ ചോദിച്ചാൽ ഉഗ്രരൂപിണി ആവാറുണ്ട്…

കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി ജീവിതം അങ്ങ് മുന്നോട്ടു പോവുമ്പോൾ ആയിരുന്നു, ജീവിതമാർഗമായ കട നഷ്ടപെട്ടത്. അതെന്നെ ഒന്നു തളർത്തിയെങ്കിലും, വീട്ടിൽ ഞാൻ അതു കാണിച്ചില്ല.

പുതിയൊരു ബേക്കറി തുടങ്ങാൻ ഉള്ള പ്ലാൻ ഉണ്ടെങ്കിലും സത്യത്തിൽ കയ്യിൽ പ്ലാൻ മാത്രമേ ഉണ്ടായിരുന്നുള്ളു…

ചിട്ടി മുടങ്ങിയപ്പോൾ സഹകരണ ബാങ്ക്‌കാർക്ക് ഒരു സഹകരണവും ഇല്ലായിരുന്നു…മനസു അസ്വസ്ഥമായി തുടങ്ങിയിരിക്കുന്നു.

രാവിലെ എണീറ്റപ്പോൾ ഒന്നു വടക്കുംനാഥനിൽ പോവാന്ന് തോന്നി…ഇന്ദുവിനെയും കൂടെകൂട്ടി…ബുള്ളറ്റിൽ അവളെയും കൊണ്ടു പോവുമ്പോൾ മനസൊന്നു നീറി. അതിനു കാരണം ഉണ്ട്‌…

അച്ഛന്റെ കൂടെപിറപ്പായിരുന്നു ഈ പഴയ മോഡൽ ബുള്ളറ്റ്. അച്ഛൻ വെള്ള ഷർട്ട്‌ ഇട്ടു മുണ്ടും വളച്ചുകുത്തി പോവുന്നത് കാണാൻ തന്നെ ഒരു സ്റ്റൈൽ ആയിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം ആണ് ഞാൻ ഓടിച്ചു തുടങ്ങിയത്. ഇതും കൊണ്ടു പുറത്തേക്കു ഇറങ്ങുമ്പോൾ തന്നെ ഒരു ആത്മവിശ്വാസമാണ്…

കാരണം എനിക്കും അമ്മയ്ക്കും അതൊരു വണ്ടി മാത്രമല്ലായിരുന്നു, അച്ഛന്റെ ഓർമ്മകൾ കൂടി ആയിരുന്നു…അമ്മ എന്റെ പിന്നിലിരുന്നു പോവുമ്പോൾ പറയും, അച്ഛന്റെ കൂടെ പോവുന്ന പോലെയാ ശ്രീകുട്ടാ ഇതിലുപോവുമ്പോൾ എന്ന്…മിററിലൂടെ നോക്കുമ്പോൾ ആ കണ്ണ് നിറയുന്നതും ഞാൻ കാണാറുണ്ട്.

ആക്‌സിലേറ്റർ കുറച്ചു ഞാൻ ഇന്ദുവിനോട് പറഞ്ഞു…

ഇന്ദൂ..ഈ ബുള്ളറ്റിൽ നമ്മുടെ അവസാനയാത്രയാണ്‌ട്ടോ…നാളെ മുതൽ ഇവൻ നമ്മുടെ കൂടെ ഉണ്ടാവില്ല. നമ്മുടെ കവലയിലെ മെൻസ് വെയർ നടത്തുന്ന അഭി ചോദിച്ചിട്ടുണ്ട്. കൊടുക്കണം…വേറൊരു വഴി ഇല്ല…വാക്കുകൾ ഇടറാതിരിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല എനിക്ക്…

ഇന്ദുവിന്റെ ഷോൾഡറിലെ പിടി മുറുകുന്നുണ്ടായിരുന്നു, ആശ്വസിപ്പിക്കലിന്റെ മുറുക്കം.

തൊഴുതിറങ്ങി തിരിച്ചുപോരുമ്പോൾ മൗനമായിരുന്നു. മൗനം മുറിച്ചുകൊണ്ടവൾ പറഞ്ഞു…

ശ്രീയേട്ടൻ നമ്മുടെ ചാരുലത ചേച്ചിടെ ഷോപ്പിലൊന്നു നിർത്തോ…എനിക്കൊരു കൂട്ടം വാങ്ങിക്കാനുണ്ട്.

അവിടെത്തിയപ്പോൾ ഞാൻ വണ്ടി നിർത്തി. ഏട്ടൻ ഇറങ്ങണ്ട, ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞു…പറഞ്ഞപോലെ തന്നെ വേഗം വന്നു.

തിരിച്ചു വീട്ടിൽ ചെന്നു കേറിയപ്പോൾ വല്ലാത്തൊരു മൂകത. എനിക്കെന്തോ അമ്മേടെ മുഖത്തേക്ക് നോക്കാൻ പോലും പറ്റണില്ല. റൂമിൽ കയറി കട്ടിൽ പടിയിൽ തലചായ്ച്ചു കണ്ണടച്ചിരുന്നു.

ഇന്ദുവിന്റെ ഏട്ടാ എന്നുള്ള വിളി കേട്ടായിരുന്നു കണ്ണുതുറന്നത്. എന്റെ കയ്യിൽ അവൾ കയ്യിലുണ്ടായിരുന്ന കുറച്ചു വളയും പിന്നേ താലിമാലയും തന്നിട്ടു പറഞ്ഞു…

ഞാൻ ആരാ ഏട്ടന്റെ…? എനിക്കറിയാം ഏട്ടന്റെ നെഞ്ചു പൊട്ടിയിട്ടാ ബുള്ളറ്റ് കൊടുക്കുന്നതെന്ന്…എന്നിട്ടും എന്നോടൊരു വാക്ക് ചോദിച്ചില്ലല്ലോ…?

ഏട്ടനല്ലാതെ വേറാരും ആ വണ്ടി ഓടിക്കണ്ട. എനിക്കു മാത്രമല്ല നമ്മുടെ അമ്മയ്ക്കും അതു സഹിക്കാൻ പറ്റില്ല. എന്റെ അച്ഛൻ തന്നതും ഏട്ടൻ കെട്ടിയ താലി മാലയും എല്ലാം ഉണ്ട്‌. ഞാൻ ഈ താലി മഞ്ഞചരടിൽ കോർത്തിട്ടോളാം…

ഏട്ടന്റെ മുഖം വാടിയാൽ നെഞ്ചുപൊട്ടുന്ന ഒരാളുണ്ട് ഇവിടെ, അതു മറക്കരുത്…പിന്നേ ഒരു വഴി അടഞ്ഞാൽ വേറൊരു വഴി ഉണ്ടാവും. നമ്മള് തോറ്റുപോയി എന്നു നമുക്ക് തോന്നാതിരുന്നാൽ മാത്രം മതി…

ഞാനവളെ നെഞ്ചോടു ചേർത്തുപിടിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു. ഒന്നു വീണുപോവുമ്പോൾ ഒരു കൈപിടിച്ചു ഏഴുന്നേപ്പിക്കാൻ മനസുള്ള ഒരാളെ കൂടെ കിട്ടിയാൽ മതി. നമ്മളൊരിക്കലും തോറ്റുപോവില്ല.

ശരിയാണ് ഞാൻ തോറ്റുപോയിട്ടില്ലായിരുന്നു. നഷ്ട്ടപെട്ടിടത്തുനിന്നു വീണ്ടും തുടങ്ങുമ്പോൾ ഒരേ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു…എനിക്കും ജയിക്കണം…എന്ന ലക്ഷ്യം മാത്രം…

ഇന്ന് ഞങ്ങളുടെ ലക്ഷമി ബേക്കറിയുടെ എട്ടാമത്തെ ബ്രാഞ്ചിന്റെ ഉത്ഘാടനം ആണ്…അമ്മയും ഇന്ദുവും കൂടി തിരി തെളിയിക്കുമ്പോൾ നിങ്ങളും ഉണ്ടാവണം കൂടെ…

ജീവിതം ഇങ്ങനൊക്കെയാടോ നഷ്ടപെട്ടിടത്തു നിന്നാവും ഒരു നല്ല തുടക്കം ഉണ്ടാവുക. അപ്പോ…തുടങ്ങല്ലേ വീണ്ടും…?