സുഖമുള്ളനോവ് – രചന: NKR മട്ടന്നൂർ
കേള്‍ക്കാവോ ഇപ്പോള്‍…?
ഞാനവളുടെ വീര്‍ത്ത വയറില്‍ ചെവി ചേര്‍ത്തു ആ മടിയില്‍ കിടക്കുകയായിരുന്നു. അവളെന്നെ പറഞ്ഞു ചുമ്മാ കൊതിപ്പിച്ചതായിരുന്നു. “അച്ഛാന്ന്…” വിളിക്കുന്നുണ്ട് പോലും.
ഈ പെണ്ണിന്‍റെ ഒരു കാര്യം…
“ഏട്ടാ കേട്ടില്ലേ..” ദാ ഇപ്പോഴും വിളിച്ചു.
“ടീ പെണ്ണേ നീ ചുമ്മാ കൊതിപ്പിക്കല്ലേ…”
അവള്‍ക്കിത് എട്ടാം മാസമാ…ആകെ വെപ്രാളം പിടിച്ചിരിക്കയാ പെണ്ണ്…കൂടെ പേടിയും…ഓരോ ദിവസവും ഞാന്‍ കൂട്ടിരിക്കാന്‍ വേണ്ടി പെണ്ണു കണ്ടെത്തുന്ന ഓരോ വഴികളോര്‍ത്താല്‍ ചിരി വരും. കഴിഞ്ഞ പത്തു ദിവസങ്ങളായ് എവിടേയും പോവാന്‍ വിട്ടില്ല എന്നെ. ഡോക്ടര്‍ പറഞ്ഞ തീയതിയാവാന്‍ ഇനിയും ഇരുപത് ദിവസങ്ങള്‍ ബാക്കിയുണ്ട്. ഇന്നു രാവിലെ പറയുവാ അവളുടെ വയറ്റീന്ന് മോന്‍ “അച്ഛാന്ന്” വിളിച്ചൂന്ന്…
അവള്‍ ചുമ്മാ പറഞ്ഞതാണേലും കുഞ്ഞു വായീന്നുള്ള ആ വിളി കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു പോയി വെറുതേ…പാല്‍ പല്ലു പോലും മുളയ്ക്കാത്ത വാ തുറന്നു ഒരു വട്ടം അച്ഛാന്നൊരു വിളി…എന്തു രസായിരിക്കും അതു കേള്‍ക്കാന്‍ അല്ലേ…?
ഏട്ടന്‍ ഉറങ്ങിയോ…?
പെണ്ണിന്‍റെ സ്വരം കാതിനരികിലുണ്ട്. ഞാനെഴുന്നേറ്റ് അവളുടെ അരികില്‍ ഇരുന്നു.
എന്തിനാ ഈ പേടി…?
“ലോകത്ത് ആദ്യായിട്ടാണോ പെണ്ണുങ്ങള്‍ പ്രസവിക്കണത്…അല്ലാ ല്ലോ..?”
“പക്ഷേ ഏട്ടാ ഞാനാദ്യമായല്ലേ പ്രസവിക്കാന്‍ പോണത്…എനിക്കു പേടിയാ…”
ദാ കണ്ണില്‍ നനവൂറുന്നു.
“എനിക്കു വയ്യാ…എന്‍റെ പൊന്നു മോളിങ്ങനെ ഓരോന്നോര്‍ത്ത് ആധി പിടിപ്പിക്കല്ലേ…പിന്നെ കൂടുതല്‍ വിഷമമാവും ട്ടോ…”
അവളെ ഞാനെന്‍റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ഒരു മാന്‍പേടയെ പോലെ അവളെന്നില്‍ പതുങ്ങി.
എനിക്കു പേടിയാ…പിന്നേയും ആ സ്വരം കാതില്‍ വീണു.
ഞാനില്ലേ കൂടെ..ഒന്നും വരില്ലാ, കേട്ടോ…പേടിക്കല്ലേ…
(ഈ പാവം പിടിച്ച പെണ്‍പിള്ളാരുടെയൊക്കെ മോഹമായിരിക്കും ല്ലേ ഇതു പോലെ കന്നിപ്രസവത്തില്‍ കെട്ട്യോനെക്കൊണ്ട് കൊരങ്ങു കളിപ്പിച്ചു രസിച്ചോണ്ട് അസ്വസ്ഥതകളും വേദനകളും മറക്കുക എന്നുള്ളത്. എന്തായാലും കൊള്ളാം…പാവങ്ങളുടെ അപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഒരു സങ്കടൊക്കെ തോന്നും…കൂട്ടിരിക്കാനും തോന്നും…)