അവൾ പറഞ്ഞു തീർന്നതും താൻ അവളെ പരിസരം മറന്നു നെഞ്ചിലേക്ക് ഇട്ടതും ഒരുപോലെയായിരുന്നു

എന്റെ അഭിക്കായ്‌ – രചന: അഹല്യ ശ്രീജിത്ത്

അഭി…

അവളിപ്പോൾ വേദന കൊണ്ട് പുളയുകയായിരിക്കും. അവൾക്ക് സുഖ പ്രസവം ആയിരിക്കണേ ഈശ്വരാ…ക്യാമ്പിൽ ഇരുന്നു സുശാന്ത് നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിച്ചു.

താനൊരു തികഞ്ഞ പട്ടാളക്കാരനാണ്. രാജ്യത്തിനു വേണ്ടി ഒരു നാൾ ജീവൻ സമർപ്പിക്കേണ്ടവൻ. ഒരിക്കലും മാതൃ രാജ്യത്തെ അല്ലാതെ മറ്റൊന്നിനേം അമിതമായി സ്നേഹിച്ചു കൂടാ…അവൻ സ്വയം ചിന്തിച്ചു.

അല്ലേലും എങ്ങനെ ചിന്തിക്കാതിരിക്കും, രാജ്യത്തിനു വേണ്ടി സ്വയം അർപ്പിച്ച തന്റെ ജീവന്റെ പാതി തട്ടി എടുത്തവൾ അല്ലേ തന്റെ അഭി…ഒരിക്കലും ശത്രുക്കളുടെ മുൻപിൽ പോലും മുട്ടുമടക്കാത്ത തന്നെ കീഴടക്കി സ്വന്തമാക്കിയവൾ. തന്റെ ജീവന്റെ പാതി, തന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്നവൾ.

താൻ ലീവിന് ചെല്ലുമ്പോൾ ഹിന്ദി സീരിയൽ നായകനെ പോലാണ്, അതാണ്, ഇതാണ്, എന്നൊക്കെ പറഞ്ഞു പിറകെ നടന്ന പെൺപിള്ളേരിലും വ്യത്യസ്തയായിരുന്നു അഭി എന്ന അഭിരാമി…

അവൾ ഒരിക്കലും തന്നോട് പ്രണയം തുറന്നുപറഞ്ഞിട്ടില്ല. പക്ഷെ അവളുടെ കരിനീല കണ്ണുകൾ തന്നോടുള്ള അവളുടെ പ്രണയത്തെ വിളിച്ചറിയിച്ചിരുന്നു. കുട്ടികാലം തൊട്ടേ എന്നും കണ്ടോണ്ടിരുന്ന മുഖമായിരുന്നു എങ്കിലും ഒരിക്കൽ പോലും മിണ്ടിയിട്ടില്ല.

അവളുടെ ഒളിഞ്ഞും തിരിഞ്ഞുമുള്ള നോട്ടവും ഭാവവും കണ്ടിട്ടും താൻ കാണാത്ത ഭാവം നടിച്ചു. പക്ഷെ അവളെ കാണുമ്പോളൊക്കെ എന്തെന്നില്ലാത്ത ഒരു വെപ്രാളവും ഒരു ഇടിവെട്ടലും നെഞ്ചിലുണ്ടായിരുന്നു.

തന്നോട് പ്രണയം തുറന്നുപറയാൻ പലകാരണങ്ങലും അവളുണ്ടാക്കി പരാജയപെട്ടു. കാല് തെറ്റി വീണതാണെന്ന വ്യാജേന തന്റെ നെഞ്ചിൽ വന്നു വീണപ്പോളും തങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കിയപോലും താൻ കണ്ടു അവളുടെ സുന്ദര മിഴികളിൽ തന്നോടുള്ള പ്രണയത്തിന്റെ തീവ്ര ഭാവം. എന്നിട്ടും ദേഷ്യം അഭിനയിച്ചു അവളുടെ നേരെ ഷൗട്ട് ചെയ്തു.

“നിന്റെ മുഖത്ത് എന്താടി കണ്ണില്ലേ…?”

പ്രതീക്ഷിക്കാതെ ഒരു അടികിട്ടിയപോലെ അവൾ എണീറ്റു കരഞ്ഞോണ്ട് ഓടിപോയപ്പോളും തന്റെ നെഞ്ച് എവിടെയോ ഒന്ന് പിടഞ്ഞതായി തനിക്ക് തോന്നിയിരുന്നു.

ഉറ്റ സുഹൃത്തായ വൈശാഖ് അവൾക്കു തന്നോടുള്ള പ്രണയത്തെ പറ്റി പറഞ്ഞിട്ടും ഒരു കൂസലും കൂടാതെ നിരസിച്ചു. ഒരിക്കൽ നാട്ടിൽ ലീവിന് എത്തിയ താൻ കണ്ടത് അഭിയുടെ വീട്ടിൽ ആരൊക്കെയോ നിൽക്കുന്നതാണ്.

അവിടെ നിന്ന അവളുടെ അമ്മാവൻ വന്നു പറഞ്ഞു… “അഭിയുടെ കല്യാണം ഉറപ്പിക്കാൻ പോകുവാന്…” തന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടിയതായി തനിക്ക് തോന്നി.

തിരിഞ്ഞു നോക്കിയപ്പോൾ നിറകണ്ണുകളോടെ തന്നെത്തന്നെ നോക്കി നിൽക്കുന്ന അഭി. അവൾക്കു എന്തോ പറയാൻ ഉള്ളത് പോലെ, അത് ഗൗനിക്കാതെ നടന്നു നീങ്ങിയപ്പോളും ജീവിതത്തിൽ ആദ്യമായി അവളെ ഒന്ന് തിരിഞ്ഞു നോക്കി.

തനിക്ക് വിലപെട്ടതെന്തോ നഷ്ടപ്പെടാൻ പോകുന്ന എന്ന തോന്നലൊടെ വീട്ടിൽ എത്തിയ താൻ അമ്മയോട് അവളെ പറ്റി പറഞ്ഞു. അമ്മ പറഞ്ഞത് കേട്ടു താൻ അമ്പരന്നു. ഇതൊക്കെ നേരത്തെ അമ്മക്ക് അറിയാമായിരുന്നു. അവളെ തന്റെ ഭാര്യയായി കിട്ടാൻ അമ്മ ഒരു പാട് പ്രാര്ഥിച്ചിരുന്നുവെന്നും തന്റെ മനസു മാറ്റാൻ അമ്മ ചെയ്യാത്ത വഴിപാടുകൾ ഇല്ലന്നും…

ഒടുക്കം അവളെ ഒപ്പം കൂട്ടാൻ മനസ് കൊതിച്ചു, അവളുടെ വീട്ടിൽ കാര്യം അവതരിപ്പിച്ചു. അഭിയോട് ഒറ്റയ്ക്ക് സംസാരിക്കാൻ അനുവാദം വാങ്ങിയ താൻ അവളോട്‌ ഇങ്ങനെ ആവശ്യപ്പെട്ടു…

“അഭി തന്റെ പ്രണയം എനിക്കറിയാമായിരുന്നിട്ടും നിരസിച്ചത് തന്നെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല”

പിന്നെ…? അവൾ, അവൾ നാണത്തോടെ മുഖം കുനിച്ചു ചോദിച്ചു.

അഭി നിനക്കറിയാലോ ഞാൻ ഒരു പട്ടാളക്കാരനാണ്. എന്റെ ജീവിതം രാജ്യത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. ഇപ്പോൾ വേണേലും ശത്രുക്കളുടെ ബുള്ളറ്റിനു ഇരയാകാം. അങ്ങനെയുള്ള എന്റെ ഭാര്യയായി ഒടുക്കം നിന്നെ വിധവയാക്കാൻ എനിക്ക് മനസ് വന്നില്ല. പക്ഷെ ഇപ്പോൾ നിന്റെ സ്നേഹത്തിനു മുൻപിൽ എനിക്കടിയറവ്‌ പറയേണ്ടിവന്നു. പക്ഷെ ഒരു നിബന്ധന ഞാൻ വെച്ചോട്ടെ…?

ഉം…എന്താണേലും ഏട്ടൻ പറഞ്ഞോളൂ…അവൾ പറഞ്ഞു.

അഭി ഞാൻ നിന്നെ വിവാഹം ചെയ്താലും എനിക്ക് മുഖ്യം എന്റെ രാജ്യസേവനം ആയിരിക്കും. എന്നിൽ നിന്നുള്ള പല സുഖങ്ങളും നിനക്ക് കിട്ടാതെ പോകും. ചിലപ്പോൾ ഒരു വിധവയുടെ പരിവേഷവും നിനക്ക് ലഭിക്കാം…ഇതിനൊക്കെ നീ തയ്യാറാണെങ്കിൽ മാത്രം ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്താം. അല്ലാത്ത പക്ഷം നിനക്കു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാം…

പക്ഷെ അവളുടെ മറുപടി കേട്ടു താൻ അത്ഭുതപ്പെട്ടു പോയി…

ഏട്ടൻ എന്റെ കഴുത്തിൽ കെട്ടുന്ന താലി തന്നെയാണ് എന്റെ സുഖവും സന്തോഷവും എല്ലാം…ഏട്ടൻ രാജ്യത്തിനു വേണ്ടി ജീവിക്കുമ്പോൾ ഞാൻ ഏട്ടന് വേണ്ടി ജീവിക്കും. ഏട്ടന്റെ ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കും ഇത്രയും പോരെ ഏട്ടാ…?

അവൾ പറഞ്ഞു തീർന്നതും താൻ അവളെ പരിസരം മറന്നു നെഞ്ചിലേക്ക് ഇട്ടതും ഒരുപോലെയായിരുന്നു. കൊട്ടും കുരവയും വാദ്യമേളങ്ങളോടും കൂടി തങ്ങളുടെ വിവാഹം കഴിഞ്ഞു.

മധുവിധു ആഘോഷിക്കേണ്ട സമയത്തു അവളോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോൾ പരിഭവമോ പരാതിയോ പറയാതെ നിറകണ്ണുകളുമായി അവൾ തന്നെ യാത്രയാക്കി. പിന്നീട് ലീവിന് വീട്ടിൽ എത്തുന്ന തനിക്കു സ്വർഗ്ഗതുല്യമായിരുന്നു അവൾക്കൊപ്പമുള്ള നിമിഷങ്ങൾ.

അങ്ങനെ ഒരു ലീവ് കഴിഞ്ഞു ക്യാമ്പിലെത്തിയതിനു കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് അമ്മ ആ സന്തോഷം വാർത്ത വിളിച്ചു പറഞ്ഞത്…അതെ ഞാനൊരു അച്ഛനാകാൻ പോകുന്നു. ജീവിതത്തിൽ അതുവരെ അനുഭവിക്കാത്തൊരു സന്തോഷം തനിക്കുണ്ടായതും അന്നായിരുന്നു.

അവളെ ഒന്ന് കാണാനും നെഞ്ചോടു ചേർത്ത് ആ നെറുകിൽ ഒന്ന് ചുംബിക്കാനും തന്റെ മനം കൊതിച്ചപ്പോളും രാജ്യത്തോടും തന്റെ ജോലിയോടുമുള്ള പ്രതിബദ്ധത തന്നെ പിന്നോട്ടു വലിച്ചു.

തന്റെ കുഞ്ഞിന്റെ ചലനങ്ങൾ അറിയാതെ തന്റെ പരിചരണവും സ്നേഹവും കൊതിക്കുന്നവളെ ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ ഒൻപതു
മാസങ്ങൾ കടന്നു പോയിരിക്കുന്നു. ഫോണിലൂടെ മാത്രമായി ഒതുങ്ങിയ തങ്ങളുടെ സ്നേഹത്തിനു വീണ്ടും വീണ്ടും ശക്തി പ്രാപിച്ചുകൊണ്ടിരുന്നു.

ഇപ്പോൾ അവൾ വേദന കടിച്ചമർത്തി ലേബർ റൂമിൽ തന്നെയും കാത്തു കിടക്കുന്നു. ഒന്ന് കാണാൻ പോലും തനിക്കാവില്ല. അവൻ ഇരുന്നിടത്തു നിന്നും എണീറ്റപ്പോളാണ് ഫോൺ റിങ് ചെയ്തത്. അമ്മയാണ് വിളിക്കുന്നത്. ആകാംഷയോടെ അവൻ ഫോൺ എടുത്തു…

“മോനെ അഭി പ്രസവിച്ചു. ആൺകുഞ്ഞാണ്. മോൻ ഉടൻ എത്തണം കേട്ടോ…”

അവനു സന്തോഷം സഹിച്ചില്ല. ലീവ് അപ്ലൈ ചെയ്യണം, അവൻ മനസ്സിൽ കരുതി. അപ്പോഴാണ് നിനച്ചിരിക്കാതെ ഒരു മെസ്സേജ് വന്നത്. അതിർത്തിയിൽ ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ട്. ഉടൻ ഫോഴ്സ് സജ്ജമായിരിക്കണം. രണ്ടാമതൊന്നു ആലോചിക്കാതെ അവൻ മിഷന് വേണ്ടി പുറപ്പെട്ടു.

ശത്രുക്കൾ തൊടുത്ത ബുള്ളറ്റ് നെഞ്ചിൽ പതിക്കുമ്പോളും അവന്റെ നെഞ്ചിൽ അവന്റെ രാജ്യത്തിന്റെ സുരക്ഷയും കൂടെ കാണാൻ പറ്റാതെ പോയ അവന്റെ കുഞ്ഞും തനിക്ക് വേണ്ടി വിധവയാകാൻ പോകുന്ന തന്റെ അഭിയും മാത്രമായിരുന്നു.

ഇതൊന്നും അറിയാതെ മറ്റൊരിടത്തു അഭി തന്റെ മകനെ നെഞ്ചോടു ചേർത്ത് പറഞ്ഞു “എന്റെ പൊന്നു മോനെ കാണാൻ അച്ഛൻ നാളെ തന്നെ എത്തും കേട്ടോ…”