അംബികേച്ചി,അഖിയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കാണുന്നത്.ആകാംഷയോടെ ഞാനാ വീഡിയോ ഓപ്പൺ ചെയ്തു.

ഞാൻ കണ്ട സ്ത്രീരത്നം – രചന: Aswathy Joy Arakkal

“Akhi singing at cousins reception”

പതിവുപോലെ ഫേസ്ബുക് പോസ്റ്റുകൾ ചെക്ക് ചെയ്യുന്നതിനിടയിലാണ് അംബികേച്ചി, അഖിയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കാണുന്നത്. ആകാംഷയോടെ ഞാനാ വീഡിയോ ഓപ്പൺ ചെയ്തു.

നോക്കുകുമ്പോൾ അഖി പാടുകയാണ്. ഏതു കല്ലിനെയും അലിയിക്കുന്ന അവന്റെയാ മാന്ത്രിക സംഗീതം…

“കാതൽ റോജാവേ, എങ്കെ നീയെങ്കെ, കണ്ണീർ വഴിയുതടി കണ്ണിൽ….”

നിഷ്കളങ്കയതോടെ അവനതിലലിഞ്ഞു പാടുമ്പോൾ പതിവുപോലെ അരികെ നിഴലായി അംബികേച്ചിയും ഉണ്ട്.

അഖി…അവൻ ഒരുപാടു മാറിയിരിക്കുന്നു. പണ്ടത്തെ ആ വണ്ണമൊക്കെ കുറഞ്ഞു. മുഖത്തെ കുട്ടിത്തമൊക്കെ മാറി. മീശയൊക്കെ വന്നു കുറച്ചു പക്വത എത്തിയപോലെ…ഇടയ്ക്കിടെ മുഖം ചുളിച്ചു ചെവിയിൽ പിടിക്കുന്ന കൈകളും…പാടുമ്പോൾ ഇടക്കു കൊഞ്ഞച്ചു പോകുന്ന ശബ്ദവും…പഴയ ആ പതിനാലു വയസ്സുകാരൻ അഖിലേഷിലേക്കു എന്നെ എത്തിച്ചു…

ഏഴു വർഷങ്ങൾക്കു മുന്നെയുള്ള ഓർമകളിലേക്കു ഞാൻ ഒഴുകി എത്തുകയായിരുന്നു…

പഠിത്തം കഴിഞ്ഞു അധികം വൈകാതെ ഡിഫറെന്റലി ഏബിൾട് ആയ കുട്ടികൾക്കായുള്ള ഹോസ്പിറ്റലിൽ ജനറ്റിക്‌സ് ഡിപ്പാർട്മെന്റിൽ ജോലി ലഭിച്ച സമയം…

ജോലിക്ക് കയറി ഏകദേശം രണ്ടാഴ്ച ആയ സമയത്താണെന്നാണ് എന്റെയോർമ്മ…മേനോൻ ഡോക്ടർ ക്രോമസോം അനാലിസിസിനു എഴുതിയിരിക്കുന്ന ഒരു കുട്ടിയുടെ ക്ലിനിക്കൽ ഫീച്ചേഴ്സ് നോക്കാൻ ലാബ് ടെക്നീഷ്യൻ ആയ ഗിരിജേച്ചിയോടൊപ്പം മെയിൽ വാർഡിലെത്തിയതായിരുന്നു ഞാൻ…

പത്തിനും പതിനഞ്ചിനും ഇടയിൽ ഉള്ള കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന വാർഡിലേക്കാണ് ഞങ്ങൾ പോയത്. ഞാൻ തുടക്കകാരി ആയതു കൊണ്ട് കേസ് ഫയൽ നോക്കിയാൽ പോരാ പേഷ്യന്റ്‌സിനെ നേരിട്ട് കണ്ടു ഡീറ്റെയിൽസ് കളക്ട് ചെയ്യണം എന്നുള്ളത് HOD ആയ മനോജ്‌ സാറിന് നിർബന്ധമായിരുന്നു.

എങ്കിലും ഓട്ടിസം, ഡൌൺ സിൻഡ്രോം തുടങ്ങി മെന്റൽ റീട്ടാർഡേഷൻ വരെയുള്ള കുട്ടികൾ ആണ് സൂക്ഷിച്ചു ഇടപെടണം എന്ന മുന്നറിയിപ്പും അദ്ദേഹം തന്നിരുന്നു.

അഖിലേഷ് /14yrs C/O ASD (Autism spectrum Disorder ) file no: ******

ഇങ്ങനെ എഴുതിയ ഒരു വൈറ്റ് പേപ്പറും പിടിച്ചു ഞാൻ ഗിരിജേച്ചിയോടൊപ്പം നടന്നു. വാർഡിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അതിനകത്തു നിന്നു വലിയൊരു ബഹളം കേൾക്കുന്നത്…

പെട്ടന്ന് ഗിരിജേച്ചി എന്റെ കയ്യിൽ പിടിച്ചു. അപ്പോഴേക്കും വാർഡ് അറ്റൻഡർ മണിയേട്ടൻ വന്നു ഞങ്ങളോടായി പറഞ്ഞു…മോളെ ഇപ്പോൾ അകത്തേക്ക് വരണ്ട…ഒരു കുട്ടി കുറച്ചു വൈലന്റാണ്…കുറച്ചു നേരം കഴിഞ്ഞു വാ…അവനൊന്നു നോർമൽ ആകട്ടേ എന്ന്…

പെട്ടന്ന് ഒരു 35 വയസ്സു പ്രായം തോന്നിക്കുന്ന സ്ത്രീ ഓടി വാർഡിലേക്ക് പോകുന്നതും കണ്ടു…

അഖിലേഷ് ആണല്ലേ മണിയേട്ടാ…ഗിരിജേച്ചി ചോദിച്ചു.

അതെ ഗിരിജേ…എന്തൊക്കെയോ ടെസ്റ്റുകൾ ചെയ്യാൻ ഇന്നലെ മേനോൻ സാർ അഡ്മിറ്റ്‌ ചെയ്തതാ…ഇന്നു രാവിലെ ആയപ്പോ അവനു വല്ലായ്മ തുടങ്ങി…ആ സ്ത്രീയുടെ ഒരു കഷ്ടപ്പാട്…നെടുവീർപ്പോടെ അതും പറഞ്ഞു മണിയേട്ടൻ അകത്തേക്ക് പോയി.

ഞാനും ഗിരിജേച്ചിയും വാർഡിനു പുറത്തു നിരത്തിയിരിക്കുന്ന രണ്ടു കസേരകളിലായി ഇരുന്നു…അതാരാ ഗിരിജേച്ചി…

കുട്ടി ഡീറ്റെയിൽസ് കളക്ട് ചെയ്യാൻ വന്നില്ലേ, അഖിലേഷ് അവന്റെ കാര്യാ മണിയേട്ടൻ ഇപ്പൊ പറഞ്ഞതു. അഖിയുടെ അമ്മയാണ് ഇപ്പൊ അകത്തേക്ക് കയറിപ്പോയ ആ സ്ത്രീ…അംബികാദേവി…

തെക്കു എങ്ങോ ഉള്ള വല്യൊരു കുടുംബത്തിലെയാ അവര്…ഭർത്താവ് ബാങ്കുദ്യോഗസ്ഥൻ ആണ്…വിശ്വനാഥൻ സാറ്…അവരുടെ ഒരേയൊരു മോനാണ് അഖിലേഷ്…അഖി…

ഞങ്ങളങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴേക്കും നേരത്തെ അകത്തേക്ക് പോയ സ്ത്രീ…ഒരു പയ്യനെയും കൂട്ടി പതുക്കെ പുറത്തേക്കു നടക്കുന്നുണ്ടായിരുന്നു. ഒപ്പം മണിയേട്ടനും ഉണ്ട്…

പതിനാലു വയസ്സാണെന്നു പറഞ്ഞെങ്കിലും, ആ സ്ത്രീയുടെ ഇരട്ടി വണ്ണം അവനുണ്ടായിരുന്നു. താളം തെറ്റിയ മനസ്സിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചു കൊണ്ട് അമ്മയുടെ ദേഹത്ത് ചാരി നടക്കുന്ന അവനെ വളരെ പ്രയാസപ്പെട്ടാണ് ഒരു നാല്പത്തഞ്ചി കിലോയ്ക്കപ്പുറം ഭാരമില്ലാതെ ആ സ്ത്രീ താങ്ങി നടത്തി കൊണ്ട് പോകുന്നത്.

അവര് നടന്നു നീങ്ങിയപ്പോൾ ഞാൻ ഗിരിജേച്ചിയെ നോക്കി…ബാക്കി കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന എന്റെ മനസ്സു വായിച്ചപോലെ ചേച്ചി പറഞ്ഞു തുടങ്ങി…

അഖിക്കിപ്പോ 14 വയസ്സുണ്ട്…ആറു വർഷങ്ങൾക്ക് മുൻപ് അവനു എട്ടു വയസ്സുള്ളപ്പോഴാണ് അംബികയും, ഭർത്താവും അഖിയുമായി ഇവിടെ എത്തുന്നത്. അന്ന് അഖിയുടെ അവസ്ഥ ഇതിനേക്കാളൊക്കെ വളരെ മോശമായിരുന്നു. ഹൈപ്പർ ആക്റ്റീവ്…എല്ലാവരെയും ഉപദ്രവിക്കും…

ദേഷ്യം വന്നാൽ അവൻ എല്ലാം തീർക്കുന്നത് അമ്മയോടാണ്. അവരുടെ മുടി പിടിച്ചു വലിക്കും. ഇടിക്കും അങ്ങനെ അവരെ ഉപദ്രവിക്കുന്നതിനു കണക്കില്ല. അതുപോലെ സ്നേഹപ്രകടനവും അമ്മയോട് തന്നെയാണ്. ചുരുക്കത്തിൽ
അവന്റെ ലോകത്തു അമ്മ മാത്രമേ ഉള്ളു എന്നു തോന്നും…

പിന്നെ എന്തൊക്കെ കാട്ടികൂട്ടിയാലും മോളെ…അവന്റെ പാട്ടു…പാടുന്നത് കേട്ടാൽ ഇങ്ങനെ പ്രോബ്ലെംസ് ഉള്ള കുട്ടിയാണ് അവൻ എന്നു പറയുകയേ ഇല്ല…അത്രയ്ക്ക് നന്നായി ആ കുട്ടി പാടും…

കുറെ നാളത്തെ മേനോന് ഡോക്ടറുടെ ട്രീറ്റ്മെന്റ…പിന്നെ തെറാപ്പി സെഷൻസ് എല്ലാമായപ്പോൾ അവനു ചെറിയ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി…

ആദ്യമൊക്കെ അവര് ആഴ്ചയിൽ ഒരിക്കൽ ട്രീറ്റ്മെന്റ്നായി വന്നു പോവുക ആയിരുന്നു…പിന്നീട് അഖിക്കു ചേഞ്ച്‌സ് കണ്ടു തുടങ്ങിയപ്പോൾ ഡോക്ടർ പറഞ്ഞു, ഇങ്ങനെ ആഴ്ചയിൽ ഒരു ദിവസം വരുന്നതിനേക്കാൾ ഇവനെ അഡ്മിറ്റ്‌ ചെയ്തു ട്രീറ്റ്മെന്റ് എടുത്താൽ കുറച്ചു കൂടെയൊരു ഇമ്പ്രൂവ്മെന്റ് വരുമെന്ന്….

അവനെ അങ്ങനെ ഇവിടെ നിർത്തി പോകാൻ മനസ്സില്ലാത്തതു കൊണ്ടോ എന്തോ ഇവിടെ അടുത്തൊരു വീട് വാടകക്ക് എടുത്തു അമ്മയും മോനും ഇവിടെ താമസം തുടങ്ങി…ഇടയ്ക്കു വിശ്വനാഥൻ സാറും വരും…ഇപ്പൊ ദിവസവും വന്നു തെറാപ്പിയും കാര്യങ്ങളുമൊക്കെ ആയി ഹോസ്പിറ്റലിൽ തന്നെയാണ് രണ്ടുപേരും…

അവന്റെ തെറാപ്പി സെഷൻ കഴിഞ്ഞാലും അവർ ഇവിടെ തന്നെ കാണും…മറ്റു അമ്മമാരുമായി സംസാരിച്ചും…കളിച്ചും…ചിരിച്ചും…വന്ന സമയത്തെ അപേക്ഷിച്ചു ഒരുപാടു ചേഞ്ച്‌ ഉണ്ട് അവന്…പക്ഷെ ഇതുപോലെ ഇടക്കൊക്കെ…ഒരു ദീർഘനിശ്വാസത്തോടെ ഗിരിജേച്ചി നിർത്തി…

അവർക്കു വേറെ മക്കളും ഇല്ലല്ലോ അല്ലേ…? കഷ്ടം…കുറച്ചു സഹതാപത്തോടെ ഞാൻ പറഞ്ഞു.

വേറെ മക്കളില്ലാത്തതു അല്ല അനു…അവര് വേണ്ടെന്നു വെച്ചതാ…ഒരു കുഞ്ഞു കൂടെ ഉണ്ടായാൽ ഇവന് കൊടുക്കുന്ന സമയവും, കരുതലും കുറഞ്ഞു പോകുമോ എന്നുള്ള പേടിയാണവർക്ക്…

അതു മാത്രല്ല കലാക്ഷേത്രയിലൊക്കെ പഠിച്ച മികവുറ്റ നർത്തകിയാണവര്. സ്വന്തമായൊരു ഡാൻസ് സ്കൂൾ ഒക്കെ ഉണ്ടായിരുന്നു. എല്ലാം വേണ്ടെന്നു വെച്ചത് അഖിക്കു വേണ്ടിയാണ്…ഇപ്പൊ ഇവിടെ ഹോസ്പിറ്റൽ വക വല്ല പ്രോഗ്രാംമൊക്കെ വരുമ്പോ അവരുടെ ഡാൻസ് കാണണം നമ്മള് നോക്കി നിന്നു പോകും…

സത്യം പറയാലോ അനു അവരൊരു അത്ഭുത സ്ത്രീയാണ്, ഉള്ള് എത്ര വിഷമിച്ചാലും ചിരിച്ചുകൊണ്ടല്ലാതെ അവരെ കാണാൻ സാധിക്കില്ല…നമ്മളൊക്കെ ഒരു കുഞ്ഞു സങ്കടം വരുമ്പോഴേക്കും ഡൗൺ ആയി പോകില്ലേ…പ്രത്യേകിച്ച് മക്കളുടെ കാര്യത്തില്…ഇതവര് ജീവിക്കുന്നത് അഖിക്കു വേണ്ടി മാത്രമാണ്…

ഇങ്ങനെയൊരു കുഞ്ഞാണെന്നു കരുതി അവരൊരിക്കലും അവനെ അടച്ചിട്ടു വളർത്തിയില്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ, അവനെ പറ്റുന്നിടത്തെല്ലാം കൊണ്ട് നടക്കും…

ചിലപ്പോഴൊക്കെ പെട്ടന്ന് വയലന്റ് ആയി അവൻ അവരുടെ മുഖത്തടിക്കുന്നതും ഉപദ്രവിക്കുന്നതൊക്കെ കാണുമ്പോൾ നമുക്ക് തന്നെ വിഷമാകും. പക്ഷെ അവരതൊക്കെ കൂൾ ആയി നേരിടും…ഒരു വല്ലാത്ത ധൈര്യത്തോടെ…

കഷ്ട്ടം തോന്നുക എപ്പോഴാണെന്ന് അറിയോ കുട്ടി…അതു അഖിയുടെ പ്രവർത്തി കാണുമ്പോൾ അല്ല…നമ്മളിൽ ചിലരുടെ പ്രവർത്തി കാണുമ്പോഴാ…അങ്ങനെയൊരു കുഞ്ഞിനെ കൊണ്ട് നടക്കുക എന്നുള്ളതു എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നു ഊഹിക്കാവുന്നതല്ലേ ഉള്ളു…

ചിലരുണ്ട്…ഇവര് കുഞ്ഞുമായി നടക്കുന്നത് കാണുമ്പോൾ ഒരു അത്ഭുത ജീവിയെ കാണുന്ന പോലെ തുറിച്ചു നോട്ടവും, കളിയാക്കി ചിരിയും…എന്തുതരം മനുഷ്യരാണ് ഇതൊക്കെ എന്നു അറിയില്ല കുട്ടി…അംബികക്ക് അതൊക്കെ താങ്ങാനും…അതിജീവിക്കാനും കരുത്തുണ്ട്.

പക്ഷെ ഇതൊക്കെ കാണുമ്പോൾ തകർന്നു പോകുന്ന എത്ര അമ്മമാര് ആണെന്നറിയോ ഇവിടെ കരഞ്ഞു കൊണ്ട് വരാറ്…എന്തൊക്ക ആണെങ്കിലും സ്വന്തം മക്കളെ ആരെങ്കിലും പരിഹസിക്കുന്നത് കാണാൻ ഏതു അമ്മക്കാണ് സാധിക്കാ…

പലപ്പോഴും അവർക്കൊക്കെ കരുത്തായും അംബിക നിൽക്കുന്നത് കാണാറുണ്ട്…അങ്ങനൊരു പ്രത്യേക ജന്മമാണ് അവര്…ഗിരിജേച്ചി കുറച്ചു ബഹുമാനം കലർത്തി പറഞ്ഞു.

ഇരുന്നിടത്തു നിന്നും എണിറ്റു പതുക്കെ ഞാൻ പുറത്തേക്കു നടന്നു. അവിടെ അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു മനോഹരമായി പാടുന്ന അഖിയെയും അതുകേട്ടു സ്വർഗം കിട്ടിയ സന്തോഷത്തോടെ നിറഞ്ഞു ചിരിക്കുന്ന ദൈവത്തെപോലുള്ള അമ്മയെയും ഞാൻ നോക്കി നിന്നു.

ചെറിയ കാര്യങ്ങൾക്കു പോലും വിഷമിച്ചു വിധിയെ പഴിക്കാറുള്ള ഞാൻ വല്ലാത്തൊരു ബഹുമാനത്തോടെ കണ്ണു നിറഞ്ഞവരെ നോക്കി നിന്നു. പിന്നെയും പലവട്ടം അവരെ ഞാൻ കണ്ടു.

അഖി ജീവിതവഴിയിൽ ഓരോ ചെറിയ ചെറിയ പടികൾ കയറുമ്പോഴും മിട്ടായിയുമായി സന്തോഷം പങ്കിടാൻ അംബികേച്ചി വരുമായിരുന്നു. എത്ര ബുദ്ധിമുട്ടിയാലും അവിടെ നടക്കുന്ന ഓരോ പ്രോഗ്രാമിലും അവർ അഖിയെ പങ്കെടുപ്പിക്കും. അവനെയൊരു ഭാരമായി കാണാതെ അവനെ പറ്റുന്നിടത്തൊക്കെ അവർ കൊണ്ട് നടക്കും.

സ്വന്തമായൊരു ദുഃഖം കൊണ്ട് നടക്കുമ്പോഴും സമാന സ്ഥിതിതിയിലുള്ള മറ്റു കുഞ്ഞുങ്ങളുടെ അമ്മമാർക്ക് ധൈര്യവും, ആത്മവിശ്വാസവും പകർന്നു കൊണ്ട് ഹോസ്പിറ്റൽ വരാന്തയിൽ മിക്കപ്പോഴുമവരെ കാണാം…

അഖി പലപ്പോഴും വല്ലാതെ വയലെന്റെയി കാണാറുണ്ട്. അപ്പോഴൊക്കെ അവരുടെ മനശക്തി, മുഖത്തെ ആ പുഞ്ചിരി ഒട്ടും മായാതെ പ്രവർത്തിക്കാറുണ്ട്. അതെ ചുണ്ടിൽ വിരിയുന്ന ആ പുഞ്ചിരി കൊണ്ട് ഉള്ളിലെ കടലിനെ മായ്ച്ചു കളയുന്ന ദേവത…

അവിടുന്ന് റിസൈൻ ചെയ്തു പോന്നിട്ടു ഇപ്പൊ വർഷങ്ങൾ കഴിഞ്ഞു. എങ്കിലും അഖിയുടെ ഓരോ വളർച്ചയും ഫേസ്ബുക്കിലൂടെ ഞാൻ ശ്രദ്ധിക്കാറുണ്ട്…

ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ…I love you chechy…എന്നൊരു മെസ്സേജ് അയക്കാൻ ആണ് തോന്നിയത്…love you too molu…എന്നൊരു മറുപടിയും ചിരിക്കുന്നൊരു സ്മൈലിയും വന്നു ആ ചിരിക്കുടുക്കയുടെ വക…

ചിലരങ്ങനെയാണ് എന്തൊക്കെ പ്രശ്നങ്ങളിലൂടെ കടന്നു പോയാലും ഒരു ചിരി കൊണ്ട് എല്ലാം മായ്ക്കാൻ അവർക്കു സാധിക്കും…

അതുകൊണ്ടാണല്ലോ…അവരുടെ കൈയിൽ ആ മോൻ സുരക്ഷിതർ ആണെന്നുള്ള പൂർണ വിശ്വാസം ഉള്ളത് കൊണ്ടാണല്ലോ ആ കൈകളിലേക്ക് ദൈവം ആ മോനെ വെച്ചു കൊടുത്തത്…

ഈയിടെ ടീവിയിൽ കണ്ടൊരു വാചകം ഞാൻ കടമെടുക്കുകയാണ്…ഇങ്ങനെയുള്ള മക്കളെ വളർത്തുന്ന അച്ഛനമ്മമാരെയാണ് ആദരിക്കേണ്ടത്. പലരും മക്കളെ വളർത്തുന്നത് നാളെയൊരു കാലത്ത്…വയസ്സുകാലത്തു അവരൊരു തുണയാകും എന്ന പ്രതീക്ഷയിൽ അല്ലേ…പക്ഷെ ഇവരൊ…

ഒരു പ്രതിഫലവും ഇച്ഛിക്കാതെ…നാളെ കാലശേഷം ആ മക്കളുടെ അവസ്ഥ എന്താകുമെന്നുള്ള പേടിയോടെ…ഇവർക്കൊരു ആശ്വാസം ആകാൻ സാധിച്ചില്ലെങ്കിലും പരിഹസിക്കാതെയും അതിലുടെ അവരെ തകർക്കാതിരിക്കാനെയും നമുക്ക് ശ്രമിക്കാം…തുറിച്ചു നോട്ടങ്ങളും, അനാവശ്യ സഹതാപ പ്രകടനങ്ങളും ഒഴിവാക്കാം…

എല്ലാവരെയും പോലെ ഭൂമിയിൽ ജീവിക്കാൻ അവകാശവും, അധികാരവും ഉള്ളവർ ആണ് അവരും…

ഇതുപോലുള്ള പൊന്നുമക്കളെ പ്രാണനായി കൊണ്ട് നടക്കുന്മാ അച്ഛനമ്മമാർക്കായി…