ഒരിത്തിരി ശബ്ദം – രചന: ദിവ്യ അനു അന്തിക്കാട്
എന്താണെന്ന് അറിയാത്ത വിധം മനസ്സ് തളർന്നിരിക്കുന്നു. ചെറുപ്പം തൊട്ടേ ഒരാള് പോലും എന്നോടിങ്ങനെ പറഞ്ഞിട്ടില്ല. അല്ല അതിനിപ്പോ ഞാനെന്ത് തെറ്റാ ചെയ്തേ…?
ഊണ് കഴിക്കുമ്പോ ചവക്കണ ശബ്ദം ഇത്തിരി പുറത്തേക്ക് കേൾക്കും, വെള്ളം കുടിക്കുമ്പോ ഇത്തിരി ശബ്ദം ഇതൊക്കെ ഒരു തെറ്റാണോ…?
ഒന്നൂല്ലെലും ഒരു കുടുംബം മുഴുവൻ പോറ്റുന്നോനല്ലേ…? കല്യാണം കഴിഞ്ഞിട്ട് ആദ്യത്തെ വിരുന്നിനു പോകുമ്പോ തന്നെ അവളെന്നോട് പറഞ്ഞത് ഇത്തിരി കൂടി പോയി, “ഭക്ഷണം കഴിക്കുന്നതൊക്കെ കൊള്ളാം, ശബ്ദമില്ലാണ്ട് ഇത്തിരി മാനേഴ്സിൽ കഴിക്കണം എന്ന്…”
അല്ല ഭക്ഷണം കഴിക്കുമ്പോ ആസ്വദിച്ചു കഴിക്കണം എന്നാണ്. ഇക്കണ്ട നിലം മുഴുവനും പാട്ടത്തിനെടുത്തു വൻ നഷ്ടത്തിലും മെഷീൻ പാലക്കാടുന്നു വരുത്തിച്ചാ കൊയ്ത്ത് നടത്താറുള്ളത്…ഇത് വല്ലോം സീറ്റീല് വളർന്ന അവൾക്കറിയോ…?
ഓരോ അരിമണീം എന്റെ അധ്വാനം ആണ്. അപ്പൊ കഴിക്കാൻ നേരം ഇത്തിരി ശബ്ദം ഒക്കെ ഉണ്ടായെന്നു വരും…അല്ല പിന്നെ…എന്തായാലും ഉണ്ടെന്ന് വരുത്തി കൈകഴുകി എണീറ്റ് പോന്നു.
വീട്ടിലെത്തിയിട്ടും മനസ്സിന്റെ ദെണ്ണം മാറുന്നില്ല. അവൾ ചായ കൊണ്ട് വന്നപ്പോൾ വേണ്ടെന്നു പറഞ്ഞു വിട്ടതുകൊണ്ടാവണം അമ്മ ചായേം കൊണ്ട് വന്നു. ഇത്രയും കാലത്തിനിടക്ക് അമ്മയോട് ദേഷ്യപ്പെട്ട ചരിത്രമില്ല, എന്നിട്ടും കൊണ്ട് പൊയ്ക്കോളാൻ ഉച്ചത്തിൽ പറഞ്ഞു പോയി.
അമ്മ എന്താണ് സംഭവിച്ചേ എന്നറിയാതെ സങ്കടപ്പെട്ട് അകത്തേക്ക്…അത്താഴം ഉണ്ണാൻ ചെല്ലാത്തോണ്ട് എല്ലാവരും പട്ടിണിയിലാണ്. പാവം അമ്മയെന്ത് പിഴച്ചു…ചീത്ത വിളിച്ചതിന് ക്ഷമ ചോദിച്ചു, എങ്ങനെ ഒക്കെയോ രണ്ടു പ്ലാവില കഞ്ഞി കുടിപ്പിച്ചു. അമ്മയോട് ഉറങ്ങിക്കോളാൻ പറഞ്ഞു.
എന്റെ സങ്കടം ആരോട് പറയാൻ…നല്ല വിഷമം ഉണ്ട്. ഒന്നാമത് ഭക്ഷണ രീതി ഓരോരുത്തരുടെ ഇഷ്ട്ടങ്ങളല്ലേ…? പഠിപ്പും പത്രാസും ഇല്ലാത്തതു ഇതിനൊരു കാരണം അല്ല. ഇനി എന്നെ അവൾക്ക് ശരിക്കും ബോധിച്ചു കാണില്ലേ…?
എന്തായാലും ഒന്നും ചോദിക്കണ്ട, ഇപ്പൊ അത്താഴം കഴിക്കട്ടെ അവൾ. ഒന്നൂല്ലെലും എന്റെ കൈപിടിച്ച് കേറി വന്നിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ, പട്ടിണി കിടക്കണ്ട…
മുറിയിൽ വെളിച്ചം ഉണ്ടാരുന്നു, ഉറങ്ങിയിട്ടില്ല അപ്പൊ…”ടോ താനുറങ്ങിയില്ലേൽ വാ നമുക്ക് വല്ലതും കഴിക്കാം, എനിക്ക് നല്ല വിശപ്പുണ്ട്…” വിളിച്ചതും ആളിറങ്ങിവന്നു കഞ്ഞി വിളമ്പി…
കുടിക്കാതെ ഇരിക്കണ കണ്ടപ്പോ ഒന്ന് നിർബന്ധിച്ചതാ…ഒരൊറ്റ കരച്ചിൽ… “ടോ താനെന്തിനാ കരയുന്നെ, കാര്യം പറ…?”
“അത് ചേട്ടാ…ഒരു കാര്യം പറഞ്ഞ ചിരിക്കരുത്. എനിക്ക് പണ്ട് തൊട്ടേ ഭക്ഷണം ചവക്കുമ്പോ ഉച്ചത്തിൽ ശബ്ദം ഉണ്ടാകും. ചായ കുടിക്കുമ്പോളും എന്ന് വേണ്ട എന്ത് കഴിച്ചാലും ശബ്ദം ഉണ്ടാകും. ഒരാഴ്ചയായി മാനേഴ്സ് നോക്കി കഴിക്കുവാരുന്നു, ഇവിടുള്ളോർക്ക് ഒന്നും തോന്നാണ്ടിരിക്കാൻ…എന്റമ്മ എന്നെ അടിച്ചിട്ട് വരെ ഉണ്ട് ശബ്ദമുണ്ടാക്കാതെ ഭക്ഷണം കഴിക്കാൻ വേണ്ടി, അപ്പൊ വീട്ടിൽ വിരുന്നിനു പോകുമ്പോൾ എന്നെ കെട്ടിയ ചേട്ടനും ഒരേ പോലെ ആണെന്ന് പറഞ്ഞു ആരും കളിയാക്കണ്ടിരിക്കാനാ ഞാൻ അന്നേരം അങ്ങനെ ഒക്കെ പറഞ്ഞെ…”
“ചിരിച്ചു..ചിരിച്ചു..കഞ്ഞി തൊണ്ടയിൽ കുടുങ്ങി എന്നതാണ് സത്യം…”എന്തായാലും ഈനാംപേച്ചിക്ക് അല്ലെങ്കിൽ വേണ്ട ഒരു ശബ്ദത്തിനു മറ്റൊരു ശബ്ദം കൂട്ടിന് അത് മതി….