രചന: ആര്യ ബാല
“എടീ, അന്ന കൊച്ചേ…നീ മര്യാദയ്ക്ക്
എബിനുവായിട്ടുള്ള മിന്നുകെട്ടിന് സമ്മതിച്ചോ…”
“ഒന്ന് പോയെ മമ്മീ…ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, എൻ്റെ ശ്രീയെ അല്ലാതെ ഞാൻ വേറെ ആരേം കെട്ടില്ലാ…”
“അമ്മച്ചി പറയണത് മോള് കേൾക്കണം. അപ്പൻ്റെ മനസ്സിലത്രേം ദണ്ണമിണ്ട്. പക്ഷെ ആ മനുഷ്യൻ നിന്നോട് പറയുകേലാ, നിന്നെ ആത്രേം പുന്നാരിച്ച് വളത്തിയതല്ലേ…നീ വിഷമിക്കുന്ന കാണാൻ അങ്ങേർക്ക് പറ്റില്ലാ…”
ആലീസിൻ്റെ വാക്കുകൾ അവളെ തളർത്തി. ഒരോന്ന് ചിന്തിക്കെ നിറഞ്ഞ് വന്ന കണ്ണുകൾ അമർത്തി തുടച്ച് ഹാളിലേക്ക് നടന്നു. അവിടെ സോഫയിലായി പപ്പയിരിപ്പുണ്ട്…
“പപ്പ…എന്നോട് ക്ഷമിക്കണം എനിക്കവനില്ലാതെ പറ്റണില്ലാ. അവനെന്നെ അത്രേം സ്നേഹിക്കണ്ട്. പിന്നെ അന്ന് അവൻ്റെ അമ്മ വന്ന് പ്രശ്നമുണ്ടാക്കിയത്, അത് കാര്യമക്കണ്ടാ നമ്മൾ ഒരുമിച്ച് സംസാരിച്ചാൽ തീരും അതെല്ലാം. പ്ലീസ് പപ്പാ ന്നെ ഒന്ന് കൊണ്ട് പോവോ…”
അയാളുടെ കാലിൽ മുഖം ചേർത്തവൾ വിതുമ്പി. അയാൾ അവളുടെ തലയിൽ തഴുകി…”മോൾക്ക് അവനെ അത്രയ്ക്ക് ഇഷ്ടമാണേൽ പോയ്ക്കോ…പക്ഷെ പപ്പ വരില്ലാ…വീണ്ടും കണ്ണുകൾ നിറഞ്ഞു. പ്രതീക്ഷയെന്നോണം ഒന്നൂടെ അയാളെ നോക്കി, നിരാശയായിരുന്നു.
“ഞാൻ വരാം കൂടെ…”
വാതിൽക്കൽ നിന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയതും തന്നെ നോക്കി നിൽക്കുന്ന എബിനെ കണ്ടു. അവൻ്റെ മുഖത്തെ ഭാവമെന്തെന്ന് തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ലാ…
പപ്പേടെ ഉറ്റ സുഹൃത്തിൻ്റെ മകൻ. വർഷങ്ങളായി തന്നെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവൻ. പക്ഷെ ഒരിക്കലും ആ സ്നേഹം മനസ്സിലാക്കാൻ ശ്രമിച്ചില്ലാ…അപ്പോഴേക്കും ശ്രീ മനസ്സിൽ കയറി പറ്റി…തങ്ങളുടെ ചില പ്രണയനിമിഷങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടും ഒരു കളങ്കവുമില്ലാതെ തന്നെ പ്രണയിക്കുന്നവൻ…ഒരു പക്ഷെ ശ്രീ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ….
കയ്യിൽ ഒരു നനുത്ത സ്പർശമേറ്റതും, ചിന്തകളിൽ നിന്നും മുക്തയായി. എബിൻ കാറിനരുകിലേക്ക് കൂട്ടികൊണ്ട് പോയി.
****************************
കാറിലെ യാത്രക്കിടയിലും അന്നയുടെ മനസ്സ് മുഴുവൻ ശ്രീയായിരുന്നു…കോളേജ് കാലം…എല്ലവരുടെം ശ്രീഹരി ആയപ്പോൾ അന്നയുടെ മാത്രം ശ്രീ ആയി…
പാലക്കാട് അഗ്രഹാരത്തിലെ ആയിരുന്നു അവൻ. എല്ലാവരോടും ഒത്തിരി സംസാരിക്കുന്ന പ്രകൃതക്കാരൻ…സ്പോർട്സ് ക്യാപ്റ്റൻ, പാട്ടുകാരൻ…അതിലാണ് താനും വീണ് പോയത്. അതോർക്കവേ ചുണ്ടിലൊരു ചിരി വിരിഞ്ഞു.
തൻ്റെ സീനിയർ എബിനും അവനും ഒരു ക്ലാസ്സിലായിരുന്നു. വെറുമൊരു സൗഹൃദത്തിൽ തുടങ്ങി, പിന്നീട് പ്രണയമായി മാറി. ഓരോ ക്ലാസ്സുകളും, ചുമരുകളും തങ്ങളുടെ പ്രണയത്തിൻ സാക്ഷികളായ്…ഒരോരുത്തരും അസൂയയോടെ നോക്കിയ മതത്തിൻ്റെ അതിർവരമ്പുകൾ തകർത്തൊരു പ്രണയം…
ഇതിനിടയിൽ എബിൻ്റെ മനസ്സും ഞങ്ങളറിയതെ പോയി….
ശ്രീ നമ്മുടെ വീട്ടുകാരെതിർത്താൽ എന്ത് ചെയ്യും…? ചോദ്യം മുഴുവിക്കും മുന്നേ അവൻ അടുക്കലേക്ക് നടന്ന് വന്നു…ചുമരിൽ തട്ടി നിന്നതും ഇരുവശങ്ങളിലായി കൈകൾ വച്ചു, മുഖം താഴേക്കടുപ്പിച്ചു. ആ നിശ്വാസം മുഖത്ത് തട്ടിയതും ഉള്ളിലൊരു തരിപ്പ് അനുഭപ്പെട്ടു.
മെല്ലെ അവൻ അധരങ്ങളിൽ അമർത്തി ചുംബിച്ചു. ഇരുവരും ആവേശത്തോടെ അധരം കവർന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതും കുസൃതി ചിരിയിയോടെ അകന്ന് മാറിയവൻ മിഴികളിൽ ചുംബിച്ചു.
“നീ എന്നാൽ എനിക്ക് ഞാൻ തന്നെയാണ് ൻ്റെ അന്ന…ഒരു മതത്തിൻ്റേം പേരിൽ നിന്നെ വിട്ടു കൊടുക്കില്ല. സ്വന്തമാക്കും…”
പക്ഷെ ശ്രീഹരിയെ അന്വേഷിച്ച് വന്ന എബിന് ആ രംഗങ്ങൾ കാണേ നെഞ്ച് പൊടിഞ്ഞു…
*******************
ഓർമകളുടെ വേലിയേറ്റത്താൽ മിഴികൾ നിറഞ്ഞു തുളുമ്പി.
“ഇവിടന്നിനിയെങ്ങോട്ടാ..?” എബിൻ്റെ ചോദ്യത്തിൽ മുഖം അമർത്തി തുടച്ചു.
“വലിയമംഗലത്തില്ലം” മറുപടി പറഞ്ഞ് കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി. മനസ്സ് വല്ലാതെ വേദനിക്കുന്നു.
*********************
നാല് കെട്ടിന് മുന്നിൽ കാറ് നിന്നതും കുറച്ചേറെ ആളുകൾ കൂടിയിട്ടുണ്ട്. ഉള്ളിലൊരു ഭയം നിറഞ്ഞു. ആളുകളെ വകഞ്ഞ് മാറ്റി അകത്തേക്ക് ഓടി…മുന്നിലെ കാഴ്ച കണ്ട് കണ്ണുകൾ നിറഞ്ഞു…കാലുകൾ നിശ്ചലമായി…കണ്ണിലേക്ക് ഇരുട്ട് പടരുന്ന പോലെ…ആശ്രയത്തിനായ് അടുത്ത തൂണിൽ പിടിച്ചു…കൊട്ട്മേളങ്ങളും മന്ത്രങ്ങളുമെല്ലാം അവ്യക്തമായി കേട്ടു…
നവവരൻ്റെ വേഷമണിഞ്ഞ ശ്രീഹരി…ഇടത് വശംചേർന്നിരിക്കുന്ന ഒരു പെൺകുട്ടി…
കൺമുന്നിലന്നയെ കണ്ടതും അവൻ ചാടിയെഴുന്നേറ്റു. കൊട്ട്മേളം നിലച്ചു കണ്ട് നിന്നവരെല്ലാം സ്തംബ്ധരായി…
“അന്ന…എന്നോട് താൻ ക്ഷമിക്കണം. എനിക്ക് ഇതല്ലാതെ വേറെ വഴി…” മുഴുവിക്കും മുൻപേ കൈകൾ ഉയർത്തി തടഞ്ഞു…കണ്ണിൽ നീർച്ചാലുകൾ ഉറവെടുത്തു.
“മോളെല്ലാം മറക്കണം. ഒരന്യമതത്തിൽ പെട്ട പെണ്ണിനെ മകൻ്റെ ഭാര്യയായി സ്വീകരിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലാ…അതു കൊണ്ട് അവൻ്റെ മുറ പെണ്ണുമായി കല്യാണം നടത്തുവാ…മോളവനെ ശപിക്കരുത്…” അവൻ്റെ അമ്മ അരികിലേക്ക് വന്ന് പറഞ്ഞു.
“അമ്മയുടെ മകനെ ഞാൻ സ്നേഹിച്ചത് മതം നോക്കിയല്ല. അവനെ ആത്മാർത്ഥമായി സ്നേഹിച്ചതിനും വിശ്വസിച്ചതിനും കിട്ടി. പിന്നെ അമ്മയുടെ മകനെ മറക്കാനോ വെറുക്കാനോ എന്നിക്ക് കഴിയല്ലാ…”അമ്മയുടെ കൈകൾ കൂട്ടിപിടിച്ച് ഏങ്ങി കരഞ്ഞു.
“മോളിനി അവരുടെ ജീവിതത്തിൽ ഒരു ശല്യമായി വരരുത്…” സ്വന്തം മകൻ്റെ ജീവിതമോർത്തുള്ള വേവലാതി ആ അമ്മയുടെ വാക്കുകളിൽ നിറഞ്ഞിരുന്നു. ശ്രീയെ നോക്കിയപ്പോൾ കുറ്റബോധത്താൽ തല താഴ്ന്നിരുന്നു.
“നിന്നെ ഈ ജന്മം മറക്കാൻ കഴിയില്ലടാ, അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്…പക്ഷെ വിധിയില്ലാ…ഒരു വാക്കെങ്കിലും നേരത്തെ പറഞ്ഞിരുന്നേൽ വിഢിയായി ഇത്രേം ദൂരം വരില്ലയിരുന്നു. നിനക്ക് നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കാം. ആ കുട്ടിയെ വേദനിപ്പിക്കരുത്….” അത് പറയുമ്പോൾ തൊണ്ടയിടറിയിരുന്നു…
“എന്താ പേര്..?”
“മീനാക്ഷി…” ആ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.
“താൻ പേടിക്കണ്ട…തൻ്റെ ശ്രീഹരിയെ ഞാൻ തട്ടിയെടുക്കില്ലാ…മറ്റുള്ളവരുടെ സ്വന്തമായതിനെ ഒന്നു അന്ന ആഗ്രഹിക്കാറില്ല. അത് കൊണ്ട് തന്നെ ചങ്ക് പറിയുന്ന വേദയോടെ വിട്ട് തരുവാ…”
നിറഞ്ഞ തങ്ങിയ കണ്ണുകൾ ശാസനയോടെ പിടിച്ച് നിർത്തി മീനാക്ഷിയെ നോക്കി പുഞ്ചിരിച്ചു ശിരസ്സിൽ ചുംബിച്ചു. കവിളിൽ തലോടി അനുഗ്രഹിച്ചു. താലികെട്ടുന്നത് കാണാനുള്ള ശക്തിയില്ലാത്തത് കൊണ്ട് പുറത്തേക്ക് ഇറങ്ങി.
വരാൻ പാടില്ലായിരുന്നു ഇങ്ങോട്ട്…അവരുടെ സന്തോഷം കൂടി താൻ കാരണം…കാർമേഘങ്ങൾ ഉരുണ്ട് കൂടി മഴ പെയ്യും പോലെ മിഴികൾ നിർത്താതെ ചെയ്തു. താനാണ് വിഢി അർഹതയില്ലാതെ ആഗ്രഹിച്ചു. എല്ലാം വെറുതെയായിരുന്നു എന്ന് ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. കാറിൽ കയറിയതും കണ്ണുകളടച്ച് ചാഞ്ഞു….
“ഇറങ്ങ്….”എബിൻ്റെ ശബ്ദം കേട്ടതും അവനെ ഒന്ന് നോക്കി പൊട്ടിക്കരഞ്ഞ് കൊണ്ടാ നെഞ്ചിലേക്കമർന്നു. മനസ്സിൽ അടക്കിവച്ചതെല്ലാം അവിടെ ചെയ്ത് തീർത്തു.
എബിൻ അന്നയെ പൊതിഞ്ഞ് തനിക്കരുകിലേക്ക് ചേർത്ത് പിടിച്ചു. ആ കരുതൽ അവളും ആഗ്രഹിച്ചിരുന്നു….
*********************
രണ്ട് വർഷങ്ങൾക്ക് ശേഷം….റോഡിലൂടെ കാർ വേഗത്തിൽ പായിക്കുവാണ് എബിൻ….
“അമ്മച്ചി എന്നാ പറ്റിയെ” കിതച്ച് കൊണ്ട് ചോദിച്ചതും മുകളിലോട്ട് കണ്ണുകൾ പായിച്ചു. വേഗത്തിൽ സ്റ്റെപ്പുകൾ ഓടിക്കയറി റൂമിൽ എത്തിയതും ആരെയും കണ്ടില്ലാ…
ബാൽക്കണി വാതിൽ തുറന്ന് കിടക്കുന്ന കണ്ട് അങ്ങോട്ട് നടന്നു “അന്ന കൊച്ചേ…” പുറകിൽ ന്ന് പുണർന്ന് കൊണ്ട് ഭീതിയോടെയവൻ വിളിച്ചു.
“എന്തിനാ വേഗം വരാൻ പറഞ്ഞെ…എനിക്ക് ഓഫീസിൽ മീറ്റിംങ്ങുണ്ട്. ഇതിപ്പോ പപ്പ കാണാതെ മുങ്ങിയതാ….” അവൻ പറഞ്ഞതും അവൾ തിരിഞ്ഞു നിന്നു.
“എനിക്ക് ഇച്ചായനെ കാണാൻ തോന്നി, അതാ വിളിച്ചേ…” കള്ളച്ചിരിയോടെ ചെറുതായി വീർത്ത വയറിൽ തഴുകിയവൾ പറഞ്ഞതും അവളെ ഇടുപ്പിലൂക്കെടെ ചേർത്ത് പിടിച്ചു. പതിയെ കുനിഞ്ഞ് ടോപ്പ് പൊന്തിച്ച് അവളുടെ വയറിൽ അമർത്തി ചുംബിച്ചു. കുഞ്ഞൊന്നനങ്ങി…
നിവർന്ന് അവളുടെ അധരത്തിലും ചുണ്ടുകൾ ചേർത്തു. “അതെ…മെല്ലെ ഇച്ചായ ൻ്റെ കുഞ്ഞിന് ശ്വാസം മുട്ടും…” അവൾ കള്ള ചിരിയോടെ പറഞ്ഞതും അവൻ അവളെ ഇറുകെ പുണർന്നു….
ചില സന്തോഷങ്ങൾ നമ്മളിൽ നിന്നും തട്ടിയകറ്റുന്നത് അതിലും കൂടുതൽ തിരികെ തരാൻ ആയിരിക്കും…തന്നെ ജീവന് തുല്യം സ്നേഹിച്ച എബിൻ്റെ സ്നേഹം അന്ന തട്ടിയെറിഞ്ഞില്ലാ…അവർ ജീവിക്കട്ടെ അവരുടെ പുതിയ അതിഥിയുമൊത്ത്…
ആദ്യ കഥയ്ക്ക് തന്നെ ഇത്രയും സ്നേഹവും പ്രോത്സാഹനവും തന്ന് കൂടെ നിന്ന വായനക്കാർക്ക് ഹൃദയം നിറഞ്ഞ സ്നേഹം…..