ഭാര്യയും കുഞ്ഞും ആയിക്കഴിഞ്ഞപ്പോളാണോ പ്രേമിക്കാൻ കമ്പം കൂടിയത്.ഒന്നുമറിയാതെ ഉറങ്ങുന്ന ഭർത്താവിനോട് അവൾക്ക് പുച്ഛം തോന്നി

നീലാംബരിയുടെ നോവുകൾ – രചന: ശാലിനി മുരളി

ഒച്ച വളരെ ഉയർന്നപ്പോൾ കുഞ്ഞു പേടിച്ച് അവളുടെ തോളിലേയ്ക്ക് മുഖമമർത്തി. അവൾ അവനെ തന്നിലേക്ക്
ചേർത്ത് പിടിച്ചു.

സന്ധ്യ ഇരുണ്ടപ്പോൾ വാതിലിൽ ആരോ മുട്ടിവിളിച്ചു. രണ്ട് മൂന്ന് പുരുഷന്മാരും ഒരു പ്രായം ചെന്ന സ്ത്രീയും പുറത്ത് കാത്തുനിൽക്കുന്നു. അകത്തേക്ക് കയറിയ അവർ വാതിൽ വലിച്ചടച്ചപ്പോൾ വല്ലാതൊന്ന് ഭയന്നു.

പിന്നെയൊരാക്രോശമായിരുന്നു. “നീയെന്താ കരുതിയത്…? ഞങ്ങടെ കൊച്ചിനെ കുറിച്ച് അപഖ്യാതി പറഞ്ഞുണ്ടാക്കിയാൽ ഞങ്ങൾ കയ്യും കെട്ടി നോക്കിയിരിക്കുമെന്നു
കരുതിയോ നീ…”

പൊക്കം കുറഞ്ഞ ഒരാൾ കയ്യും ചൂണ്ടി വീറോടെ അടുത്തപ്പോൾ കൂടെയുണ്ടായിരുന്ന സ്ത്രീ അയാളെ തടഞ്ഞു. “എടാ നീയൊന്ന് അടങ്ങ്…ആരെങ്കിലുമൊക്കെ കേൾക്കും”

“പിന്നെ…അമ്മ മിണ്ടാതിരി അവിടെ…എന്റെ പെങ്ങടെ ജീവിതം തകർന്നാലുണ്ടല്ലോ ഞാൻ എല്ലാത്തിനെയും കത്തിച്ചു കളയും…”

കാര്യങ്ങൾ മെല്ലെ മെല്ലെയാണ് പുക മഞ്ഞിലൂടെയെന്ന വണ്ണം തെളിഞ്ഞത്. ഓഹോ ! ഇതവളുടെ വീട്ടുകാർ ആണല്ലേ…പിന്നെ ഒന്നും നോക്കാനില്ലായിരുന്നു. കാര്യങ്ങളും കാരണങ്ങളും നിരത്തി നീലാംബരി ഒരു സംഹാര രുദ്രയായി മാറി.

കുഞ്ഞ് പലവട്ടം പേടിച്ചു കരഞ്ഞു. അയാളുടെ അമ്മ നയത്തിൽ അവളുടെ കയ്യ് പിടിച്ചൊന്ന് അമർത്തി.

“മോള് കരുതുമ്പോലല്ല കാര്യങ്ങൾ…അവൾ അബുദാബിയിൽ പോയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ…അവരുടെ വീട്ടിൽ ആകെ പ്രശ്നം ആണ്. മോളിത് ഒന്ന് പരിഹരിച്ചു തരണം.”

അവരുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ നീലാംബരിയിലൊരു ചലനം സൃഷ്ടിച്ചു. ഒന്നും മിണ്ടാതെ നിന്ന അവളുടെ നേരെ ഒരു മൊബൈൽ ഫോൺ നീട്ടിയിട്ട് അയാൾ ആജ്ഞാപിച്ചു.

“ഉം..വിളിക്ക്. വിളിച്ചിട്ട് അവരോടു പറ അവൾക്കിങ്ങനെ ഒരു ബന്ധം ഇല്ലെന്നും നിനക്ക് ആളു മാറിപ്പോയതാണെന്നും…”

ഒരു നിമിഷം അവൾ സംശയിച്ചു. താനായിട്ട് ഒരു കുടുംബജീവിതം ഇല്ലാതാക്കണോ…ഇനി അതിന്റെ ശാപം കൂടി എന്റെ കുഞ്ഞിന് വേണ്ട. അവൾ മൊബൈൽ വാങ്ങി കാതോട്ചേർത്തു. മറുപുറത്തു കേട്ട ശബ്ദം നീലാംബരി തിരിച്ചറിഞ്ഞു…

“ഹലോ…”

പറയേണ്ട വാചകങ്ങൾ അടുക്കിപ്പെറുക്കിയത് പോലെ പറയുമ്പോൾ സ്വയം ആത്മാവ് നഷ്ട്ടപ്പെട്ട അവസ്ഥയിലായിരുന്നു. തിരിച്ചിങ്ങോട്ട് അവരുടെ ശാപഗ്രസ്തമായ വാക്കുകളിൽ അവൾ ഭയന്നില്ല…തെറ്റ് ചെയ്യുന്നവർ ഭയന്നാൽ മതിയല്ലോ…താൻ കണ്മുന്നിൽ നടന്ന ഒരു തെറ്റ് ചൂണ്ടി കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ…

“ചുമ്മാ മര്യാദക്ക് ജീവിക്കുന്ന പെങ്കൊച്ചുങ്ങളെ പറ്റി ഇല്ലാ വചനങ്ങൾ പറഞ്ഞാലുണ്ടല്ലോ നീയൊന്നും ഗതി പിടിക്കില്ല…” ബാക്കി കേൾക്കാൻ വയ്യാതെ ഫോൺ തിരിച്ചു കൊടുത്തു.

“മോളെ കാര്യങ്ങളൊക്കെ എനിക്കറിയാം. പക്ഷേ അവളൊന്നു രക്ഷപെട്ടാലെ ഞങ്ങടെ കുടുംബം പച്ച പിടിക്കൂ…മോളൊന്നും വിചാരിക്കരുത്…” ആ പാവം സ്ത്രീയിൽ അവൾ സ്വന്തം അമ്മയെ കൂടിയാണ് കണ്ടത്…

“ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടായാലാ…നിന്നെയൊക്കെ കോടതി കയറ്റും..പറഞ്ഞേക്കാം…”

ഭീഷണി മുഴക്കി ഇറങ്ങിപ്പോയ ആളിന്റെ പിറകെ മറ്റുള്ളവരും യാത്രയായി. ചുറ്റിനും കുറെ ഇരുട്ട് മാത്രം അവശേഷിച്ചു…കുഞ്ഞ് തോളിൽ കിടന്നു മയങ്ങിയിരുന്നു. തൊട്ടിലിൽ കിടത്തി മെല്ലെയാട്ടുമ്പോൾ എന്തൊക്കെയാണ് ഇതുവരെ നടന്നതെന്ന് ഒരിക്കൽ പോലും ഓർത്തെടുക്കാൻ അവളിഷ്ടപ്പെട്ടില്ല.

നേരം കുറേ ഇരുട്ടിയാണ് അയാൾ വന്ന് കേറിയത്. ഒന്നും ചോദിക്കാതെയും കഴിക്കാതെയും നേരെ കേറി കിടന്നു. അല്ലെങ്കിൽ ത്തന്നെ ഇനിയെന്ത് ചോദിക്കാൻ…ചോദ്യവും പറച്ചിലുമെല്ലാം ഇപ്പോൾ കഴിഞ്ഞതല്ലേയുള്ളൂ…എവിടെയൊക്കെയോ ചുരുണ്ടു കൂടി കിടന്നു.

പുലർച്ചെ അവൾ അയാളെ തട്ടി വിളിച്ചു. “കുറച്ചു ദിവസം നമുക്ക് ഇവിടുന്ന് മാറി നിന്നാലോ…” അയാൾ സമ്മതത്തോടെ തലയാട്ടി. ഇരുൾ മാഞ്ഞു തുടങ്ങുന്ന പാതയിലൂടെ കുഞ്ഞിനേയും അടക്കിപ്പിടിച്ച് അവൾ ബൈക്കിൽ അയാളുടെ പിറകിലിരുന്നു. മറ്റെങ്ങോട്ടും പോകാനില്ലല്ലോ…അയാൾ ഭാര്യയുടെ വീട്ടിലേക്കു തന്നെ വണ്ടി തിരിച്ചു.

രണ്ടു ദിവസത്തേയ്ക്ക് ഒരു സ്വസ്ഥത മാത്രമേ ആഗ്രഹിച്ചുള്ളൂ. താനായി വരുത്തി വെച്ച പ്രശ്നം സ്വന്തം ഭർത്താവിന്റെത് കൂടിയായിട്ടും അവൾക്ക് അയാളെ കയ്യൊഴിയാൻ മനസ്സ് വന്നില്ല. ഒരിക്കൽ ക്ഷമിച്ചാൽ പിന്നെയങ്ങോട്ട് അത് തന്നെ അവർത്തിക്കേണ്ടി വരുമെന്ന നിഗമനകളിലൊന്നും അവൾക്ക് വിശ്വാസവും ഉണ്ടായിരുന്നില്ല.

വീട്ടിൽ ആരോടും ഒന്നും പറഞ്ഞില്ല…വെറുതെ എന്തിനു അവരുടെ മനസ്സിലൊരു വെറുപ്പിന്റെ കരിനിഴൽ വരുത്തിവെയ്ക്കണം. ഒരിക്കലെപ്പോഴോ അവിചാരിതമായി ഭർത്താവിന്റെ ഫോൺ നോക്കാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു പോയി.

ഒരു പെണ്ണിന്റെ കുറെ മെസ്സേജുകളും കോളുകളും കണ്ടപ്പോൾ അറിയാതെ ശ്രെദ്ദിച്ചുപോയി…ദിവസവും ഭർത്താവും അവളും തമ്മിലുള്ള ചാറ്റിങ്ങുകളും സ്നേഹ സന്ദേശങ്ങളും വായിക്കുമ്പോൾ അറിയാതെ ഒരു മിന്നൽ അവളുടെ നെഞ്ചു കീറിപ്പാഞ്ഞു. ഒന്നും താനിതുവരെ അറിഞ്ഞതില്ലല്ലോ എന്ന് അന്ധാളിച്ചു പോയി.

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല…അതോടുകൂടി ഫോൺ ലോക്ക് ആക്കുകയും ചെയ്തു. വീണ്ടും ഇടയ്ക്കെപ്പോഴോ ഒരു രാത്രിയിൽ ബെല്ലടിക്കുന്നതു കേട്ട് നോക്കിയപ്പോൾ ലീന എന്ന പേര് കണ്ട് പെട്ടെന്നെടുത്തു. പക്ഷേ തന്റെ സ്വരം കേട്ടതും അവൾ ഒന്നും മിണ്ടാതെ ഫോൺ കട്ടാക്കി. അറിയാതെ ഫോണിലെ സമയം നോക്കിയപ്പോൾ പതിനൊന്നര !!

ഒന്നുമറിയാതെ ഉറങ്ങുന്ന ഭർത്താവിനോട് അവൾക്ക് പുച്ഛം തോന്നി. ഭാര്യയും കുഞ്ഞും ആയിക്കഴിഞ്ഞപ്പോളാണോ പ്രേമിക്കാൻ കമ്പം കൂടിയത് !!

ലീന എന്ന പേരിനെക്കുറിച്ചു കൂടുതൽ അറിയണമെന്ന് തോന്നി. അങ്ങനെയാണ് ഒരിക്കൽ അവൾ വീട്ടിൽ ആയിരുന്ന ഒരു ദിവസം അയാളുടെ ഡയറിയിൽ നിന്ന് കുറിച്ചെടുത്ത നമ്പറിലേക്ക് വിളിച്ചത്. പക്ഷേ ഫോണിലൂടെ കേട്ട സ്വരം പ്രായമുള്ള ഒരു സ്ത്രീയുടേതായിരുന്നു !!

ഒന്നും അറിയാത്തപോലെ ഓരോന്നും ചോദിച്ചു. ലീനയുടെ കൂട്ടുകാരി ആണെന്ന് പറഞ്ഞപ്പോൾ അവർ സ്വാതന്ത്ര്യത്തോടെ പലതും പറഞ്ഞു. മകന്റെയൊപ്പം ലീന ഗൾഫിൽ പോയിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ. അവൾ അവിടെ നഴ്സ് ആണെന്നും…കൊച്ചുമകനെ നോക്കുന്നത് അവരാണെന്നും പറഞ്ഞപ്പോൾ ഒരു പെണ്ണിന്റേതായ അല്ലെങ്കിൽ ഒരു ഭാര്യയുടേതായ അവകാശത്തോടെ ചോദിക്കാതിരിക്കാനായില്ല…

“എന്നിട്ടാണോ അവളിപ്പോഴും ഒരാളുമായിട്ട് അടുപ്പത്തിൽ ആണല്ലോ..എപ്പോഴും ഫോൺ വിളിയുമുണ്ട്.”

അതവർക്ക് പെട്ടെന്ന് പിടികിട്ടിയില്ലെന്ന് തോന്നി. “അതേ മോളേ. അവൾക്ക് രാത്രിയിൽ എപ്പോഴും ഫോൺ വരാറുണ്ടായിരുന്നു. ഞാൻ അപ്പൊ വിചാരിക്കും മോൻ വിളിക്കുന്നതായിരിക്കുമെന്ന്….”

കൂടുതൽ ഒന്നും പറയാനും കേൾക്കാനും ഇല്ലാതിരുന്നത് കൊണ്ട് ഫോൺ പെട്ടന്ന് വെച്ചു. ആ ഒരു ഫോൺ വിളിയിൽ നിന്ന് ആയിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്. ലീനയുടെ വീട്ടുകാരെ വിളിച്ച് അമ്മായിഅമ്മ കുറെ എന്തൊക്കെയോ പറഞ്ഞു.

അതോടെ ഉശിര് കേറിയ ആങ്ങളമാർ വിളിച്ച നമ്പർ കണ്ട് പിടിച്ചു. പോരെങ്കിൽ പെങ്ങളുടെ അവിഹിതമായ പ്രേമം അറിയാവുന്ന വീട്ടുകാർക്ക് കാര്യങ്ങൾ പിടിച്ചെടുക്കാൻ പ്രയാസമുണ്ടായിരുന്നില്ല. അയല്പക്കത്തെ കാമുകന്റെ ഭാര്യയെ കണ്ടുപിടിക്കാൻ അതുകൊണ്ട് തന്നെ എളുപ്പവും ആയിരുന്നു !!

സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ഭർത്താവ് അവളെ ഒരു സംശയ രോഗിയാക്കിയ വിവരം പക്ഷേ അവളറിഞ്ഞതേയില്ല…മറ്റുള്ളവരുടെ മുന്നിൽ തന്റെ മേൽവിലാസം മാറിയത് വീട്ടിൽ വന്നു കയറിയവരുടെ സംഭാഷണങ്ങളിൽ നിന്ന് മാത്രമായിരുന്നു അവളറിഞ്ഞത് !!

ദിവസങ്ങളുടെ ചൂടും ചൂരും കുറഞ്ഞപ്പോൾ തിരികെ വീട്ടിലേക്കു തന്നെ അവർ മടങ്ങി, പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ തന്നെ…അതിനെ കുറിച്ച് പിന്നീട് ഒന്നും തന്നെ പറയാനോ ഓർക്കാനോ അവൾ ആഗ്രഹിച്ചില്ല. കുറ്റപത്രങ്ങൾ എഴുതിയും വായിച്ചും വിധി പറഞ്ഞിട്ട് ഇനിയെന്തിനാണ്…

മനസ്സിനുള്ളിലെ വിശ്വാസം പോയിക്കഴിഞ്ഞാൽ പിന്നെ അവിടെ വെറും ശൂന്യത മാത്രമാണെന്ന് ഇതിനോടകം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു ! ഒരു വെറും യന്ത്രത്തെ പോലെ പണിയെടുത്തും കുഞ്ഞിനെ നോക്കിയും അവൾ കടന്നു പോകുന്ന ഓരോ ദിനങ്ങളെയും നിസ്സംഗതയോടെയും നിശബ്ദതയോടെയും യാത്രയയച്ചു…

ഒരുപകൽ നേരം തന്നെ കാണാനായി വന്ന വെളുത്തു തടിച്ച ആ മനുഷ്യനെ അവൾക്ക് മനസ്സിലായതേയില്ല…

“ഞാൻ ലീനയുടെ ഹസ്ബൻഡ് ആണ്…” അയാൾ മുഖവുര ഒന്നും കൂടാതെ സ്വയം പരിചയപ്പെടുത്തി. പെട്ടന്ന് വല്ലാത്ത ഒരു പരിഭ്രമം തോന്നി…ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊരു വരവ്…

“ഞാൻ കുറച്ചു ദിവസമായി നാട്ടിൽ എത്തിയിട്ട്…” അയാൾ വാക്കുകൾക്കായി പരതുന്നത് പോലെ…

“എന്നെ അവൾ ചതിക്കുമെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു. പക്ഷേ
നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ അവൾ കാരണമായതിൽ ഞാൻ ക്ഷമ ചോദിക്കുന്നു…”അയാളുടെ കൂപ്പിയ കൈയിലേക്കു നോക്കാനൊന്നറച്ചു.

“അവൾ നമ്മളെ രണ്ടു പേരെയും ഒരുപോലെ ചതിക്കുകയായിരുന്നു. ഇതിന് ഞാൻ മാപ്പ് കൊടുക്കാൻ തീരുമാനിച്ചിട്ടില്ല…”

മറുപടി പറയാൻ വാക്കുകളൊന്നും കിട്ടിയില്ല. അല്ലെങ്കിൽ തന്നെ എന്തിന് മറുപടി കൊടുക്കണം. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ. താൻ ഒരാൾ ക്ഷമിച്ചതു കൊണ്ട് മറ്റൊരാൾക്ക്‌ അങ്ങനെ ക്ഷമിക്കേണ്ട ആവശ്യമില്ലല്ലോ…

പക്ഷേ അന്യനാട്ടിൽ ജോലിക്ക് പോയി ഉറ്റവർക്കുവേണ്ടി കഷ്ട്ടപ്പെടുന്ന, താലി ചാർത്തിയവനെ മറന്നു ജീവിക്കുന്നവർ വിശ്വാസം എന്ന വാക്കിനെ കളങ്കപ്പെടുത്തുകയല്ലേ ചെയ്യുന്നത്…

ആ വിശ്വാസ വഞ്ചന മറ്റുള്ള സ്ത്രീകൾക്ക് കൂടി പേരുദോഷം വരുത്തിവെയ്ക്കുമ്പോൾ കുടുംബം എന്നത് വെറുമൊരു സത്രമായി മാറുന്നു. വഞ്ചനകളും ചതികളും പൊയ്മുഖങ്ങളും ഇനിയും ഇവിടെ അഴിഞ്ഞാടുക തന്നെ ചെയ്യും. തിരുത്താൻ ആർക്കും അവകാശമില്ലാതെ….