ആനി ടീച്ചർ ഞെട്ടിപ്പോയി. ഞാൻ ആരോടും പറയാത്ത കാര്യം ഇച്ചായൻ എങ്ങനെ അറിഞ്ഞു…?

ഒറ്റനക്ഷത്രം – രചന: Manoj Rajam Nair

അങ്ങനെ സ്കൂളിലെ ഈ വർഷത്തെ അവസാന ക്ലാസും കഴിഞ്ഞു. ഇനി കുറെ ദിവസങ്ങൾ വീട്ടിൽ ഇരിക്കണമല്ലോ എന്നോർത്തപ്പോൾ ആനി ടീച്ചറിന് ആകെ വേവലാതി ആയി.

മകന്റെ ഭാര്യ ജാൻസിയും കൊച്ചുമകൻ ജോയും വീട്ടിൽ ഉണ്ട്. പേരക്കുട്ടി ഒരു ആശ്വാസമാണ്. പക്ഷെ ടീച്ചറിന് അവനെ അടുത്ത് കിട്ടുന്നത് വിരളമാണ്. അവനെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കാനുള്ള തത്രപ്പാടിലാ ജാൻസി. മോനേ പ്ലേ സ്കൂളിൽ വിട്ടു അവൾ എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ പോകുന്നുണ്ട്.

ടീച്ചറിന്റെ മകൻ ഏലിയാസ് അമേരിക്കയിൽ ആണ്. ഈ വക്കേഷൻ കഴിഞ്ഞാൽ ജാൻസിയും മോനും അമേരിക്കക്ക് പോകും. ഇനിയും ഒരു വർഷം കൂടി സർവീസ് ഉണ്ട് ടീച്ചറിന്…അതിനു ശേഷം അമേരിക്കയിലേക് ചെല്ലണം എന്നാണ് ഏലീയാസിന്റെ അഭിപ്രായം.

ഏകദേശം 20 മിനുട്ടുകൾ നടക്കാൻ ഉണ്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക്…അമ്മച്ചിക്ക് അവിടുന്നു ഒരു ഓട്ടോ പിടിച്ചു പോന്നുകൂടെ എന്ന് ജാൻസി എന്നും ചോദിക്കും. പക്ഷെ നടക്കുന്നതാണ് ടീച്ചറിന് ഇഷ്ടം. ആ നടത്തത്തിനു ഏകദേശം 30 വർഷങ്ങളുടെ പഴക്കം ഉണ്ട്.

സ്കൂളിൽ ജോയിൻ ചെയ്ത് രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ജോസിച്ചായനെ കാണുന്നത്. എന്നും രാവിലെയും വൈകിട്ടും പിന്നാലെ കൂടും. സംസാരിക്കാൻ ടീച്ചറിന് പേടിയായിരുന്നു.

അമരത്തെ ഔസേപ്പിന്റെ ഒറ്റ മകൾ. അവൾക്കു 2 വയസുള്ളപ്പോൾ അമ്മ പോയി. പിന്നെ അപ്പച്ചൻ തന്നെ ആണ് അവളെ വളർത്തിയത്‌. 12 വയസു വരെ അമ്മാമ്മ കൂടെ ഉണ്ടായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞാൽ കെട്ടിച്ചു വിടും എന്നാണ് ഔസേപ്പ് ആനിയോട് പറയാറുണ്ടായിരുന്നത്.

എന്നാൽ ഒരു അധ്യാപിക ആകണം എന്നുള്ള അവളുടെ ആഗ്രഹത്തിന് അങ്ങേരു എതിര് നിന്നില്ല. പഠിത്തം കഴിഞ്ഞു പള്ളിവക കോൺവെന്റ് സ്കൂളിൽ ജോലിയും ആയി.

ഒരു ദിവസം ജോസിച്ചായൻ പിന്നാലെ വീട്ടിലേക്കു വന്ന് ആനിയെ കെട്ടിച്ചു തരുമോ എന്ന് ഔസേപ്പിനോട് നേരിട്ട് ചോദിച്ചു. തങ്ങളുടെ വീട്ടിൽ ദത്തു നിൽക്കണം എന്ന ഒറ്റ ഡിമാൻഡ് ആണ് ഔസേപ്പ് ജോസിക്കു മുന്നിൽ വച്ചത്. അയാൾ അത് സമ്മതിച്ചു. അങ്ങനെ ഒന്നാന്തരം കൃഷിക്കാരൻ ആയ ജോസി ആനി ടീച്ചറിന് മിന്നു കെട്ടി…

ഓരോന്ന് ഓർത്ത് വീടെത്തിയത് അറിഞ്ഞില്ല. അവിടെ ചെന്നപ്പോൾ അയല്പക്കത്തെ ഗീത ഉണ്ട് വീട്ടിൽ. അമേരിക്കയിലേക്ക് പോകുന്ന കാര്യം മാത്രമേ ജാൻസിക്ക് പറയാൻ ഉള്ളു…ഇനി ടീച്ചറും കൂടി അടുത്ത വർഷം പോയാൽ ഈ തറവാട് പൂട്ടി ഇടേണ്ടി വരുമല്ലോ എന്ന് ഗീത…അതിനുള്ള ഉത്തരം ഒരു ചിരിയിൽ ഒതുക്കി ടീച്ചർ അകത്തേക്ക് പോയി.

കാര്യം അവർ പോകാൻ ഇനിയും രണ്ടു മാസങ്ങൾ ഉണ്ടെങ്കിലും ടീച്ചറിന് ഇപ്പോഴേ താൻ ഒറ്റപെട്ടതായി തോന്നി.

ജോസിച്ചയാന് ആദ്യത്തെ അറ്റാക്ക് വന്നപ്പോ പറഞ്ഞു…ടീച്ചറെ, എനിക്ക് എന്തേലും തട്ടുകേട് വന്നാൽ ടീച്ചർ വേറെ ഒരു കല്യാണം കഴിച്ചു ജീവിച്ചോണം. അല്ലാതെ വയസാം കാലത്ത് മകൻ നോക്കും എന്ന് കരുതരുത്. നമ്മുടെ ജീവിതത്തിനു കുറച്ചു കൂടി പകിട്ടും ആനന്ദവും തരാനാണ് ദൈവം മക്കളെ തരുന്നത്. അവർ മുതിർന്നാൽ നമ്മൾ വളർത്തിയ കണക്കും പറഞ്ഞു അവരുടെ പിന്നാലെ പോകല്ലേ എന്ന് ഇടയ്ക്കു ടീച്ചറിനോട് പറയും. ആനിയെ ടീച്ചർ എന്നാണ് ജോസി വിളിച്ചിരുന്നത്.

രാത്രിയിൽ ഉറക്കം വരാതെ മുറ്റത്ത്‌ ഇറങ്ങി കുറച്ചു നടക്കാമെന്നു കരുതി. ജോ ഓടി വന്ന് ചോദിച്ചു, അമ്മാമ…യൂ ആർ നോട്ട് സ്ലീപ്പിങ്…?

ജാൻസിയുടെ ട്യൂഷൻ കൊള്ളാം. അവൻ അത്യാവശ്യം കുറച്ചു ഇംഗ്ലീഷ് ഒക്കെ പറയുന്നുണ്ട്. അമ്മാമ കുറച്ചു കഴിഞ്ഞേ ഉറങ്ങുന്നുള്ളു…മോൻ അകത്തേക്കു പൊക്കോ…ഇവിടെ കൊതുക് ഉണ്ട്. ടീച്ചർ പറഞ്ഞതും അവൻ ഓടി പോയി.

ഇത്തവണ ചൂട് കൂടുതൽ ആണ്. ആകാശത്തു ഒറ്റ മേഘവും കാണാനില്ല. ഒരു ഒറ്റ നക്ഷത്രം തന്നെ നോക്കി ചിമ്മുന്നതായി ടീച്ചറിന് തോന്നി. ജോസിച്ചായൻ അല്ലെ അത്…? പെട്ടെന്ന് ആ നക്ഷത്രം ടീച്ചറിനോട് സംസാരിക്കാൻ തുടങ്ങി…

ടീച്ചറെ, മക്കൾ ഉടനെ വിമാനം കയറും. ടീച്ചറിന് ഇവിടം വിട്ടു പോകാൻ ഇഷ്ടം ഇല്ലല്ലോ…? അപ്പോ നമ്മുടെ ശ്രീധരൻ മാഷ് പറഞ്ഞ കാര്യത്തെ കുറിച്ച് ആലോചിച്ചു കൂടെ…?

ആനി ടീച്ചർ ഞെട്ടിപ്പോയി. ഞാൻ ആരോടും പറയാത്ത കാര്യം ഇച്ചായൻ എങ്ങനെ അറിഞ്ഞു…?

നക്ഷത്രങ്ങൾക്ക് എല്ലാം കാണാം, അറിയാം ടീച്ചർ…ഒറ്റ നക്ഷത്രം പറഞ്ഞു…

അമ്മച്ചി, പുറത്തു നല്ല ചൂടല്ലേ കൊതുകും ഉണ്ട്. അകത്തു വന്ന് കിടക്കു എന്ന് ജാൻസി വിളിച്ചു പറഞ്ഞു.

ടീച്ചറിനെ നോക്കി നക്ഷത്രം വീണ്ടും കണ്ണ് ചിമ്മി.

നാളെ ആണ് അവർ പോകുന്നത്. കുറച്ചു ദിവസം ആയി നല്ല തിരക്കായിരുന്നു. അവർക്ക് കൊണ്ട് പോകാൻ ഉള്ള അച്ചാറും മറ്റും ഉണ്ടാക്കുന്ന തിരക്ക്. ടീച്ചർ പെട്ടി പാക്ക് ചെയ്യാൻ തുടങ്ങി.

അമ്മാമ്മ, ആർ യൂ ആൾസോ കമിങ് വിത്ത്‌ അസ്…? ജോയാണ്.

ഇല്ല മോനേ…അമ്മാമ വേറെ ഒരു സ്ഥലത്തേക്ക് ആണ് പോണേ…

ഇതു കേട്ടു ജാൻസി അകത്തേക്ക് വന്നു. അമ്മച്ചി എന്തിനാ ഈ രാത്രിയിൽ ബാഗ് ഒക്കെ പാക്ക് ചെയ്യുന്നേ…?

ടീച്ചർ ഉത്തരം ഒന്നും പറഞ്ഞില്ല. എന്തോ പന്തികേട് മണത്ത അവൾ ഗീതയെ ഫോൺ ചെയ്ത് വരുത്തി.

ടീച്ചർ…ഈ രാത്രിയിൽ എവിടെക്കാ പോണേ…? ഗീത ചോദിച്ചു.

അതിനു ഉത്തരമായി ടീച്ചർ ഗേറ്റിലേക്ക് നോക്കി. ഒരു കാർ ഗേറ്റ് കടന്നു വന്നു. ശ്രീധരൻ മാഷ് പുറത്തു ഇറങ്ങി. ടീച്ചറിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി. ടീച്ചർ ജോയെ എടുത്തു ഉമ്മ വച്ചു, അവനെ ജാൻസിയെ ഏല്പിച്ചു.

ടീച്ചർ പറഞ്ഞു…ഇതു ശ്രീധരൻ മാഷ്…ഇദ്ദേഹവും ഒറ്റക്കാണ്…ഞാൻ ഇദ്ദേഹത്തിനൊപ്പം പോകാ…ഏലിയാസ് വിളിക്കുമ്പോ നീ പറഞ്ഞേക്ക്…ടീച്ചർ പുറത്തേക്കു ഇറങ്ങി.

അമ്പരപ്പ് മാറാതെ ജാൻസിയും ഗീതയും…ആകാശത്തേക്ക് നോക്കിയ ടീച്ചർ കണ്ടു…തന്നെ നോക്കി ചിരിച്ചു കണ്ണ് ചിമ്മുന്ന ആ ഒറ്റനക്ഷത്രം..