രചന: ദിവ്യ അനു അന്തിക്കാട്
അമ്മെ പ്ലീസ്, അമ്മെ കാല് പിടിക്കാം. അമ്മ അച്ഛനോടൊന്നു പറയ്. ഞാൻ ഇവിടെ തന്നെ ഏതേലും കമ്പനീൽ ജോലിക്ക് കേറിക്കോളാം.
നടക്കില്ല വിച്ചു, കൊല്ലം രണ്ടായി തേരാപാരാ നടക്കാൻ തുടങ്ങീട്ട്. എഞ്ചിനീയറിംങ് കഴിഞ്ഞു ഇത്രേം നാളായി ജോലിക്കുപോകാതെ ആരേലും ഇരിക്കോ…? ഇതിപ്പോ വേറെവിടെക്കും അല്ലല്ലോ നിന്റെ സ്വന്തം പെങ്ങളും അളിയനും ഉള്ളോടത്തേക്കല്ലേ വിളിക്കുന്നെ…അതും ജോലി വരെ ശരിയാക്കിട്ട് വിളിക്കുന്നു.
അമ്മെ സിംഗപ്പൂർ പോയിട്ട് എനിക്ക് ദേ മ്മടെ തൃശൂർ വിട്ട് ഒരടി വാക്കാൻ പറ്റണില്ല്യ. നെഞ്ചു വേദനിക്യ….
ആ സാരല്യ ഞങ്ങടെ നെഞ്ചും കുറെ വേദനിച്ചതാ. ഇപ്പൊ മോൻ പാക്ക് ചെയ്യാൻ നോക്ക്. മറ്റന്നാ പോവേണ്ടത….
എവിടുന്നു തൊടങ്ങും എനിക്കൊന്നും അറിയാൻ മേലാ, എന്റെ ജീവന്റെ ജീവനായ പൊതിയെടുത്തു. അതിലെ ബാലരമ മുതൽ നാന വരെ എന്നെ നോക്കി സങ്കടപെടുന്നു. അത്രപോലും ദെണ്ണം വീട്ടുകാർക്കില്ലല്ലോ ദൈവേ…
എത്രനേരം മുറിയടച്ചിട്ടെന്നറിഞ്ഞൂടാ. പതുക്കെ വെളിയിലേക്കൊന്നിറങ്ങി. കരഞ്ഞുകരഞ്ഞു കണ്ണൊക്കെ വന്നു വീർത്തിരുന്നു. പെരുമഴത്തു പോലും അമ്പലകൊളത്തിലെ കുളി മുടക്കാറില്ല. എന്റെ കുളം, വൈകീട്ടത്തെ ക്രിക്കറ്റ് കളി…ഒക്കെ അവസാനിക്കാൻ പോവാ…
മൊബൈലിൽ മാത്രം ലോകം കണ്ട കൂട്ടുകാരെ മുഴുവനും എന്റെ ഒറ്റ നിർബന്ധത്തിൽ ക്രിക്കറ്റ് കളിക്കാനും അമ്പലത്തിന്റെ അരമതിലിൽ കുറച്ചുനേരം സൊറപറയാനും സമയം കണ്ടെത്തി തുടങ്ങിയത്. ഇപ്പൊ അവന്മാർ വരെ അത്രത്തോളം അതൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങി, എന്നിട്ട് അതൊക്കെ തുടങ്ങിവച്ച ഞാൻ തന്നെ പോവാന്ന് വച്ചാൽ….
ഇവിടെ തന്നെ ജോലിക്കു ശ്രമിക്കാം എന്ന് പറഞ്ഞാ കേൾക്കാത്തതെന്തേ ആരും…?
നാടിനൊരു വിലയും ഇല്ല. വിവാഹകമ്പോളത്തി മാർക്കറ്റ് കുറയുമെന്ന് വച്ചിട്ടാകും. പക്ഷെ കൂലിപ്പണിക്കാരും പെണ്ണുകെട്ടുന്നില്ലേ…? അന്തസ്സായി ജീവിക്കുന്നില്ലേ…? ഗമ കാണിക്കാൻ തന്നെ, അല്ലാണ്ടൊന്നുമല്ല….
ഒരൊറ്റ പൂരം മുടക്കിയിട്ടില്ല ഇതുവരെ. ഒരൊറ്റ പുലികളി കാണാതിരുന്നിട്ടില്ല. രാഗത്തിൽ ഇറങ്ങുന്ന ഓരോ സിനിമയും ആദ്യം തന്നെ കാണാറുള്ളതല്ലേ ഞാൻ. ഇനിയതൊക്കെ എങ്ങനെ…? സങ്കടംകൊണ്ട് കണ്ണൊന്നും കാണാത്തപോലെ…
അമ്മെ ഇങ്ങോട്ടൊന്നു വന്നേ…ദേ ഏട്ടന്റെ പെട്ടിയിൽ എന്തൊക്കെ എന്നൊന്ന് നോക്കിക്കേ…ബാലരമ, ബാലമംഗളം…അയ്യേ ആ ചേച്ചീനെ കൂടെ നാണം കെടുത്താൻ. ഇങ്ങോട്ട് താ ചേട്ടാ അതൊക്കെ…
നീ പോടീ ഭാരിച്ച കാര്യം അന്വേഷിക്കാണ്ട്. ഞാൻ പോയിക്കഴിഞ്ഞ എന്റെ മുറി സ്വന്തമാക്കാം എന്നാവും ഉദ്യേശം, നടക്കില്ല പൂട്ടി താക്കോൽ ഞാൻ കൊണ്ടോവും നോക്കിക്കോ നീ….
എന്റെ വിച്ചു, പോവാൻ ഒരുദിവസം കൂടല്ലേ ഉള്ളു എന്തിനാ നീ വഴക്കുണ്ടാക്കുന്നെ…?
എല്ലാര്ക്കും ഞാൻ ഒന്ന് പോയികിട്ടിയ മതിയല്ലോ ല്ലേ…മോനെ ആർക്കും വേണ്ട ആയിക്കോ എനിക്കൊന്നും ഇല്ല….
രാവിലെ തന്നെ എണീറ്റ് കുറെ നേരം കുളത്തിൽ പോയി കിടന്നു. അമ്പലത്തിന്റെ നടയിൽ പോയി നോക്കി നിന്നു, രാഗത്തിൽ പോയി കണ്ട സിനിമ തന്നെ ഒരിക്കൽ കൂടി കണ്ടു. വായനശാലയിലെ ബുക്ക് തിരികെ കൊണ്ട് കൊടുത്തു. നിധിപോലെ സൂക്ഷിച്ച ക്രിക്കറ്റ് ബാറ്റ് അടുത്തവീട്ടിലെ മോനുട്ടന് കൊടുത്തു. എല്ലാം കഴിഞ്ഞു തിരികെ വന്നു കിടന്നു.
അമ്മ എന്തൊക്കെയോ അച്ചാർ ഇട്ട് മേശമേൽ കൊണ്ട് വച്ചിട്ട് ഇതൂടെ പാക്ക് ചെയ്യാൻ പറഞ്ഞു. ഉറങ്ങിയ പോലെ മിണ്ടാണ്ട് കണ്ണടച്ച് കിടന്നു. അവരുടെ ഒരച്ചാർ. ഇവിടെ കണ്ണീന്നു രക്തം വരാ…സങ്കടം കൊണ്ട് ഇതുവല്ലോം അറിയുന്നുണ്ട…അല്ല പിന്നെ…
രാവിലെ ഒമ്പതു മണിക്കാണ് ഫ്ലൈറ്റ്. കണ്ണടച്ച് കിടന്നു ഉറക്കം വരുന്നില്ല.
അമ്മെ അമ്മേ ഏട്ടനില്ലട്ടോ മുറിയിൽ. ഞാൻ എല്ലാടോം നോക്കി, കാണുന്നില്ല…
ഞാനപ്പഴേ നിന്റച്ഛനോട് പറഞ്ഞതാ അവനിഷ്ടമില്ലേൽ വിടണ്ടന്ന്…ഇതിപ്പോ എന്റെ കുട്ടി വല്ല അവിവേകം കാണിക്കോ ആവോ…? എന്റെ ഭഗവതി അവനെങ്ങും പോവണ്ട. ഒരാപത്തും ഇല്ലാണ്ട് തിരിച്ചു വന്ന മതിയാരുന്നു.
സമയം പതിനൊന്നു കഴിഞ്ഞു സിംഗപ്പൂർ ഫ്‌ളൈറ്റ് പോയി. വിച്ചു പക്ഷെ വീട്ടിലെത്തിയിട്ടില്ല..
ഉച്ചയോടടുത്തപ്പോ ആരോ വന്നു പറഞ്ഞു അമ്പലത്തിന്റെ ഊട്ടുപുരയിൽ ആൾ ഇരിപ്പുണ്ടെന്നു. അങ്ങനെ അമ്മ പോയി നിർബന്ധിച്ചു വിളിച്ചോണ്ട് വന്നു.
നീ എങ്ങും പോവണ്ട മോനെ ഇത്രക്കും വിഷമം ആണേൽ…നിന്റെ നന്മ കരുതി പറഞ്ഞതാ ഞങ്ങൾ…
എനിക്ക് സാധാരണ ഒരു കൊച്ചിനെ കെട്ടിയ മതി അമ്മെ. വല്യേ ആഡംബരം ഒന്നും വേണ്ട . അതോണ്ട് ഞാൻ ഇവിടെ എന്റെ ഈ മുറിയിൽ ഈ നാട്ടിൽ ഇങ്ങനെ ജീവിച്ചോളാം. ജോലി ഞാൻ ഈ ആഴ്ച തന്നെ എവിടേലും കേറിപറ്റിക്കോളം. എനിക്ക് എന്റെ പഴമയെ വിടാൻ വയ്യാഞ്ഞിട്ട അമ്മെ….